വടക്കാഞ്ചേരി മുളളത്ത് ഗോവിന്ദൻകുട്ടിനായരുടേയും അണ്ടേങ്കാട്ടിൽ കാർത്ത്യായനി അമ്മയുടേയും മകനായി ജനിച്ച സി.വേണുഗോപാൽ, തൃശൂർ നഗരത്തിന്റെ സാംസ്കാരികലോകത്ത് നിലയുറപ്പിച്ചപ്പോൾ ചേറൂരിൽ താമസമാക്കുകയായിരുന്നു. തൃശൂർ വടക്കാഞ്ചേരി ഗവ.ബോയ്സിൽ നിന്ന് എസ്.എസ്.എൽ.സി യും കേരളവർമ്മ കോളേജിൽ നിന്ന് പ്രീഡിഗ്രിയും സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എസ്.സി മാത്തമാറ്റിക്സും പാസായ ശേഷം ട്യൂട്ടോറിയൽ കോളേജുകളിലെ അദ്ധ്യാപകനാവുകയായിരുന്നു വേണു. ഇരുപത്തിയൊന്നാം വയസിൽ വടക്കാഞ്ചേരിയിൽ ആൽഫ ക്ളാസസ് എന്ന ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു. അന്ന് ഏഴ് അദ്ധ്യാപകരുണ്ടായിരുന്ന കോളേജിന്റെ പ്രിൻസിപ്പലായിരുന്നു ഇരുപത്തിയൊന്ന് വയസുകാരനായ വേണു. വടക്കാഞ്ചരിയിലെ പരിസരപ്രദേശങ്ങളിൽ ഒരു സ്ഥാപനത്തിന്റെ തന്നെ എട്ടോളം ശാഖകളിൽ അദ്ധ്യാപകനായി അദ്ദേഹം തുടർന്നു. ഗണിതവും സാഹിത്യവും ഇഴചേർത്ത് ക്ളാസുകൾ നടത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു പുതിയ അനുഭവമായി. പുസ്തകങ്ങൾ നിരന്തരം വായിച്ചപ്പോൾ കഥയെഴുത്തിന് വെളിച്ചമായി. മുൻനിര പ്രസിദ്ധീകരണങ്ങളിൽ കഥകൾ മഷിപുരണ്ടപ്പോൾ വേണുഗോപാലിനെ സാഹിത്യലോകം ശ്രദ്ധിക്കാൻ തുടങ്ങി.
സൗഹൃദ വഴിയിലൂടെ
പ്രവാസ ജീവിതത്തിലേക്ക്
ജോലി തേടി ആദ്യം മുംബെെയിലേക്കായിരുന്നു യാത്ര. നാട്ടുകാരനും ആത്മസുഹൃത്തുമായിരുന്ന പ്രഭ വഴി ബഹറിനിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി കിട്ടി ഗൾഫിലേക്ക് കുടിയേറി. ബഹ്റിനിൽ കേരളീയസമാജത്തിലെ കലാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ആറു വർഷത്തെ ബഹ്റിൻ ജീവിതത്തിനിടെ, നാടകാവതരണങ്ങളും കലാപ്രവർത്തനങ്ങളുമായി വേണുഗോപാൽ തുടർന്നു. വിവാഹശേഷം ബഹ്റിനിൽ പോയെങ്കിലും നിർഭാഗ്യവശാൽ ജോലിയിൽ തുടരാനായില്ല.
നാട്ടിൽ മടങ്ങി എത്തിയതിനു ശേഷം സൗദിഅറേബ്യയിലേക്ക് പോകാൻ അവസരം ലഭിച്ചു. അവിടെ, അൽമറായ് എന്ന ലോകപ്രശസ്തമായ കമ്പനിയിലാണ് ജോലി ലഭിച്ചത്. ആ കമ്പനിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു വേണുഗോപാൽ. പശുഫാമും പാലുൽപ്പന്നങ്ങളുടെ നിർമ്മാണവും നടത്തുന്ന ആ പ്രശസ്തമായ കമ്പനിയിലേക്ക് നിരവധി മലയാളികളെ വേണുഗോപാൽ ജോലിയ്ക്കായി എത്തിച്ചു. 32 വർഷം ജോലി ചെയ്ത്, നാൽപതിനായിരത്തോളം ജീവനക്കാരുടെ ശമ്പളം മാസം തോറും തയ്യാറാക്കാൻ ചുമതലയുള്ള ഗ്രൂപ്പ് പേറോൾ മാനേജറായാണ് വിരമിച്ചത്.
'സിനിമയുടെ കാൽപാടുകൾ"
ചലച്ചിത്രനിർമ്മാതാവും സാംസ്കാരികപ്രവർത്തകനുമായിരുന്ന ശോഭനാപരമേശ്വരൻ നായരുടെ കലാജീവിതം വേണുഗോപാലിന് നൽകിയ പ്രചോദനങ്ങളേറെയായിരുന്നു. അറുപതുകളിൽ സിനിമ രൂപംകൊണ്ടിരുന്നത് എങ്ങനെയായിരുന്നുവെന്നും അന്നത്തെ കൂട്ടായ്മകൾ സിനിമയ്ക്ക് എന്തൊക്കെ സംഭാവനകൾ നൽകിയെന്നും അദ്ദേഹത്തിന്റെ കാല്പാടുകളെ പിന്തുടരുമ്പോൾ അനുഭവപ്പെടും. സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് രക്ഷപ്പെടണം സിനിമ എന്നാഗ്രഹിച്ച ഒരാൾ. ഇടവഴികളും ഇല്ലിമുളം കാടുകളും പുഴവക്കും ഒക്കെ സിനിമയെടുക്കാൻ പറ്റിയ സ്ഥലങ്ങളാണെന്ന് കാണിച്ചുതന്ന ഒരാൾ. അതായിരുന്നു പരമുവണ്ണൻ. അദ്ദേഹത്തിന്റെ ജീവിതം ഓർമ്മച്ചിത്രങ്ങളായി കുറിച്ചിട്ടത് കെ.ജെ.ജോണിയും സി.വേണുഗോപാലും ചേർന്നായിരുന്നു. അദ്ദേഹത്തെക്കുറിച്ച് 'സിനിമയുടെ കാൽപാടുകൾ" എന്ന ഡോക്യുമെന്ററി നിർമ്മിച്ചതിലൂടെ വേണുഗോപാൽ മലയാളസിനിമയ്ക്ക് വിലപ്പെട്ട ഒരു സംഭാവന നൽകുകയായിരുന്നു. ശോഭനാപരമേശ്വരൻ നായരുമായുള്ള വർഷങ്ങളായുള്ള സുഹൃത്ബന്ധമാണ് ഇങ്ങനെയൊരു സംരംഭത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് വേണുഗോപാൽ പറയുന്നു. തൃശൂരിലെ തന്റെ ആത്മസുഹൃത്ത് സി.എ മേനോനാണ് ആദ്യം ഈ വിഷയം അവതരിപ്പിക്കുന്നത്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ എം. ആർ. രാജൻ സംവിധാനം ചെയ്യാമെന്ന് സമ്മതിച്ചു. 1981ൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ നാടക മത്സരത്തിൽ ഏറ്റവും നല്ല നടനുള്ള പുരസ്കാരം നേടിയ കാലത്തിന് മുൻപും ശേഷവും അഭിനയവും സിനിമയും വേണുഗോപാലിന് ഹരമായിരുന്നു. 'സിനിമയുടെ കാൽപാടുകൾ" എന്ന പുസ്തകം പ്രകാശനം ചെയ്തത് എം.ടി.വാസുദേവൻനായരായിരുന്നു. വേദിയിൽ തന്റെ വാക്കുകൾക്ക് എം.ടി. നൽകിയ കയ്യടി വേണു ഇന്നും മറന്നിട്ടില്ല. ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകൻ കെ.ജി. ജയനായിരുന്നു. 1950 കൾ മുതൽ 70 കൾ വരെയുള്ള മലയാള സിനിമയുടെ ഭാഗിക ചരിത്രം ആലേഖനം ചെയ്യാൻ 'സിനിമയുടെ കാല്പാടുകൾ' എന്ന ഡോക്യുമെന്ററിയ്ക്ക് കഴിഞ്ഞു. ചുരുങ്ങിയ കാലത്തേക്കാണെങ്കിലും പരമു അണ്ണന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിന്റെ ഓർമ്മ തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്ന് വേണുഗോപാൽ പറയുന്നു. പരമുവണ്ണനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാൻ അവസരമുണ്ടായത് തന്റെ ഏറ്റവും വലിയ ഭാഗ്യമായി വേണു കണക്കാക്കുന്നു.
പി. ജയചന്ദ്രനുമൊത്തുള്ള ഷൂട്ട് സമയത്ത് വേണു നാട്ടിലുണ്ട്. ചുരുക്കം ദിവസങ്ങളിലെ ഒത്തു ചേരലുകൾ ഒരിക്കലും മറക്കാൻ വയ്യ. തൃശൂരിലും തിരുവനന്തപുരത്തും പ്രദർശനങ്ങൾ നടന്നപ്പോഴും വേണു പങ്കെടുത്തു. രണ്ട് സ്ഥലത്തും പ്രമുഖർ അടക്കം ധാരാളം ആളുകൾ എത്തിയിരുന്നു. ഒരു ഡോക്യുമെന്ററിക്കും കിട്ടാത്ത മാദ്ധ്യമശ്രദ്ധ 'കാൽപ്പാടുകൾ"ക്ക് കിട്ടുകയുണ്ടായി. റിയാദിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയം, ജിദ്ദ, ബഹറിൻ എന്നിവിടങ്ങളിലും 'സിനിമയുടെ കാല്പാടുകൾ' പ്രദർശിപ്പിക്കുകയുണ്ടായി.
എം.ടിയുടേയും ഗോപിയാശാന്റേയും
പെരുവനത്തിന്റേയും കൈപിടിച്ച്...
എം.ടി.വാസുദേവൻനായരുടേയും കലാമണ്ഡലം ഗോപിയാശാന്റേയും പെരുവനം കുട്ടൻമാരാരുടേയും െെകപിടിച്ച് സി.വേണുഗോപാൽ നിൽക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെ ചുവരിലുണ്ട്. അനുഗ്രഹത്തിന്റേയും ആത്മബന്ധത്തിന്റേയും സാക്ഷ്യപത്രങ്ങളാണ് ആ നിമിഷങ്ങളെന്ന് വേണുഗോപാൽ വിശ്വസിക്കുന്നു. ഇതിഹാസസമാനമായ അനശ്വരകഥകൾ എഴുതിയ എം.ടിയുടെ വിരലുകളും ഭാവതീവ്രമായ മുദ്രകൾ പകരുന്ന ഗോപിയാശാന്റെ വിരലുകളും ഇലഞ്ഞിത്തറമേളത്തെ അനുഭൂതികളുടെ െെശലത്തിലെത്തിച്ച പെരുവനത്തിന്റെ വിരലുകളും പിടിച്ചുനിൽക്കാൻ കഴിഞ്ഞത് സുകൃതമാണെന്നും അദ്ദേഹം പറയുന്നു. ഭാവഗായകൻ പി. ജയചന്ദ്രൻ, വിദ്യാധരൻ മാസ്റ്റർ മുതലായവരുമായും ഗാഢമായ സൗഹൃദമുണ്ട്.
മേളവാദ്യങ്ങളുടെ പെരുമയിൽ...
മേളവാദ്യങ്ങൾ വേണുഗോപാലിന് എന്നും ജീവിതത്തിന്റെ ഭാഗമായിരുന്നു. ഉത്രാളിപൂരം ജീവിതലഹരിയാക്കി മാറ്റിയ വടക്കാഞ്ചേരിയിലെ നിരവധി പേരിൽ ഒരാളാണ് വേണുഗോപാൽ. 42 വർഷം പ്രവാസ ജീവിതം നയിച്ച വേണുഗോപാലിന് ഉത്രാളി പൂരമെന്നാൽ വലിയ ആവേശവും, ഹൃദയവികാരവുമാണ്. വിദേശത്ത് ഉന്നത ജോലിയിൽ കഴിയുമ്പോഴും നാട്ടിലെ സുഹൃത്തുക്കൾ വഴി പൂരത്തിന്റെ പെരുമയിൽ അദ്ദേഹം അലിഞ്ഞുചേരും. പ്രവാസകാലത്ത് കത്തിലൂടെയായിരുന്നു പൂരം ആസ്വദിച്ചിരുന്നതെന്ന് വേണുഗോപാൽ പറയുന്നു. പൂരത്തിന് ചുക്കാൻ പിടിച്ചിരുന്ന മുൻ കാല ഭാരവാഹികളായ അന്തരിച്ച സി.എ. മേനോൻ, രാമകൃഷ്ണനാശാൻ, കുട്ടേട്ടൻ എന്നിവരെല്ലാമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
പെരുവനം കുട്ടൻമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങി കേരളത്തിലെ മികച്ച വാദ്യ കലാകാരന്മാരുമായി അടുത്ത ബന്ധം വെച്ച് പുലർത്താറുണ്ട് അദ്ദേഹം. പെരുവനം കുട്ടൻ മാരാരുടെ മേളകലയോടുള്ള ആരാധനയാണ് 'പ്രണതി"എന്ന പേരിൽ ഒരു ഡോക്യുമെന്ററി പുറത്തിറക്കാൻ വഴിതെളിച്ചത്.
കേളി രാമചന്ദ്രൻ സംവിധാനം ചെയ്ത 'പ്രണതി"യുടെ ആദ്യപ്രദർശനം തൃശൂർ സംഗീത നാടക അക്കാഡമിയിൽ വെച്ചായിരുന്നു. പ്രണതിക്ക് സംസ്ഥാന ടെലിവിഷൻ അവാർഡിൽ പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. ഉത്രാളിക്കാവ് പൂരത്തിലെ വടക്കാഞ്ചേരി ദേശത്തിന്റെ മുഖ്യരക്ഷാധികാരികളിൽ ഒരാളാണ് വേണു. വടക്കാഞ്ചേരി കഥകളി ക്ളബ് പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന് കഥകളിയോടുളള കമ്പവും ചെറുതല്ല. കലാമണ്ഡലം ഗോപിയാശാൻ അടക്കമുളള കഥകളി ആചാര്യൻമാരെ അദ്ദേഹം ആരാധനയോടെക്കാണുന്നു. തൃശൂർ ഭരതൻ സ്മൃതിയുടെ ഭാരവാഹിയായും പ്രവാസികളുടെ സംഘടനയായ തൃശൂർ എൻ.ആർ.ഐസ് എന്ന സംഘടനയുടെ സ്ഥാപകപ്രസിഡന്റായും, പി.എൻ.എസ്.സി.ഒയുടെ ഉപദേശക സമിതി അധ്യക്ഷനായും നിലകൊളളുന്ന വേണുഗോപാലിന്റെ വീട്ടിൽ നിറയെ കലാകാരൻമാരുടെ ഫോട്ടോകൾ കാണാം. ഭാര്യ: ഉഷാകുമാരി. മകൻ വിഷ്ണു , സി.എ. പഠനം പൂർത്തിയാക്കി തൃശൂരിൽ പ്രാക്ടീസ് ചെയ്യുകയാണ്. മരുമകൾ അംബിക സി.എ.ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ്. കൊച്ചുമകൾ വാമിക. മകൾ ഇന്ദുലേഖയും ഭർത്താവ് അച്യുതും അമേരിക്കയിലെ സിയാറ്റിലാണ്. ഭാര്യാമാതാവ് സരസ്സമ്മ, റിട്ട. അധ്യാപികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |