ശബരിമല, വീണ്ടുമൊരു മണ്ഡല- മകരവിളക്കു കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകമെമ്പാടും നിന്ന് അയ്യപ്പദർശനം തേടി തീർത്ഥാടകരെത്തുന്ന വിശുദ്ധിയുടെ വ്രതകാലം. ശബരിമലയിലെത്തുന്ന മുഴുവൻ തീർത്ഥാടകർക്കും എല്ലാ സൗകര്യങ്ങളുമൊരുക്കുക എന്നതാണ് സർക്കാരിന്റെ നയം. സംതൃപ്തമായ ഒരു മണ്‌ഡല- മകരവിളക്ക് തീർത്ഥാടന കാലം ഒരുക്കുന്നതിനാണ് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും പരിശ്രമിക്കുന്നത്.
ശബരിമല ക്ഷേത്രം പൂർണമായും പെരിയാർ ടൈഗർ റിസർവ് വനത്തിനുള്ളിലാണ്. ഇവിടെ അതിവിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് ഒട്ടേറെ പരിമിതികളുണ്ടെങ്കിലും ബേസ് ക്യാമ്പ് ആയ നിലയ്ക്കലിൽ പുതുതായി 2500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം കൂടി ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലയ്ക്കലിൽ മാത്രം പതിനായിരത്തിലേറെ വാഹനങ്ങൾ പാർക്ക് ചെയ്യാം.
വെർച്വൽ ക്യൂവിന് പ്രാധാന്യം നൽകുമ്പോൾത്തന്നെ, ബുക്കിംഗ് കൂടാതെയെത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ബുദ്ധിമുട്ടു കൂടാതെയും സുരക്ഷിതമായും ദർശനം നിർവഹിക്കാനുള്ള പൂർണ ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
പുണ്യനദിയുടെ
ശുദ്ധി കാക്കാം
തീർത്ഥാടകരുടെ പൂർണ സഹകരണം വേണ്ടുന്ന മറ്റൊന്നാണ് പുണ്യ നദിയായ പമ്പയുടെ സംരക്ഷണം. ധരിച്ചിരിക്കുന്ന വസ്ത്രം പമ്പാ സ്നാനത്തിനു ശേഷം നദിയിൽ ഉപേക്ഷിക്കുന്നത് ആചാരമാണെന്നു തെറ്റിദ്ധരിച്ച് നിരവധി ഭക്തർ പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് പമ്പാ മലിനീകരണത്തിന് ഇടയാക്കും. അത്തരമൊരു ആചാരം നിലവിലില്ല.
പമ്പ മുതൽ ശബരിമല വരെയുള്ള പരമ്പരാഗത പാത ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അധികമായി ഏർപ്പെടുത്തിയിട്ടുള്ള അറുപത് ചുക്കുവെള്ള വിതരണ കൗണ്ടറുകൾക്കു പുറമേ, ഭക്തർക്ക് ഔഷധജലം നൽകുന്നതിനായി പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിൽനിന്ന് സ്റ്റീൽ കുപ്പികളിൽ ഔഷധജലം നിറച്ചുനൽകുകയും ചെയ്യും.
പ്രസാദ ശേഖരം,
അന്നദാനം
ഭക്തർക്ക് വിതരണത്തിനുള്ള അപ്പം, അരവണ പ്രസാദങ്ങളുടെ കരുതൽ ശേഖരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ നേരത്തേ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ മണ്ഡല മകരവിളക്കു കാലത്ത് 15 ലക്ഷം അയ്യപ്പഭക്തർക്കാണ് സന്നിധാനത്ത് അന്നദാനം നൽകിയത്. ഇത്തവണ 20-25 ലക്ഷം പേർക്ക് അന്നദാനം നൽകുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിവരുന്നു. വലിയ നടപ്പന്തൽ ഉൾപ്പടെയുള്ള 12 നടപ്പന്തലുകളിലായി എണ്ണായിരത്തോളം പേർക്ക് വിരിവയ്ക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
നിലയ്ക്കലിൽ എത്തുന്ന ഭക്തർക്ക് വിരിവയ്ക്കാനായി ടാറ്റ നിർമ്മിച്ചു നൽകിയ വലിയ പന്തലുകളിലായി 5000 പേർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്.
വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്നിന് നട തുറക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് തുടക്കമാകും. മണ്ഡല- മകരവിളക്കു കാലത്ത് പുലർച്ചെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും, ഉച്ചയ്ക്കു ശേഷം മൂന്നു മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. 18 മണിക്കൂർ ദർശനത്തിന് അവസരമുണ്ടാകും. ഈ വർഷത്തെ മണ്ഡല പൂജ ഡിസംബർ 26-നും മകരവിളക്ക് ജനുവരി 14-നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |