മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമല തീർത്ഥാടനം സംബന്ധിച്ച പ്രശ്നങ്ങളും ചർച്ചയാവുകയാണ്. ഇടുക്കിയിൽ നിന്നു കാനനപാത വഴി പോകുന്നവരാണ് അസൗകര്യങ്ങൾക്കു നടുവിൽ നിൽക്കുന്നത്. പമ്പ വഴി ശബരിമലയിലെത്തി ദർശനം നടത്താൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്നതിനാൽ വണ്ടിപ്പെരിയാറിലെ സത്രം പുല്ലുമേട് വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ സന്നിധാനത്തെത്തുന്നവരുടെ എണ്ണം കഴിഞ്ഞ മണ്ഡലകാലം മുതൽ രണ്ടിരട്ടിയായിട്ടുണ്ട്.
കഴിഞ്ഞ മണ്ഡലകാലത്ത് ശരാശരി മുപ്പതിനായിരത്തിലേറെ പേരാണ് ദിവസവും ഇതുവഴി ദർശനത്തിനായി ശബരിമലയ്ക്ക് പോയത്. ഇതുവഴി മലയ്ക്ക് പോകുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും മലയാളികൾ തന്നെയാണ്. തമിഴ്നാട്, ആന്ധ്രാ എന്നിവിടങ്ങിൽ നിന്നുള്ളവരുടെ എണ്ണത്തിലും കുറവല്ല. എന്നാൽ മറ്റൊരു തീർത്ഥാടനകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സത്രം ഇപ്പോഴും അസൗകര്യങ്ങളുടെ നടുവിലാണ്. രണ്ടുവർഷം മുമ്പ് അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സത്രം സന്ദർശിച്ചപ്പോൾ ശബരിമല തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും സത്രം പ്രധാന ഇടത്താവളമാക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇനിയും ദേവസ്വം ബോർഡ് തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങളൊന്നും ഇവിടെ നടപ്പിലാക്കിയിട്ടില്ല.
അസൗകര്യങ്ങളുടെ നടുവിൽ
കാനനപാതയിൽ നിരവധി തീർത്ഥാടകർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടാകാറുണ്ട്. പലപ്പോഴും വണ്ടിപ്പെരിയാർ പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരാണ് ഇവർക്ക് സഹായകമാകുന്നത്. എന്നിട്ടും കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ കഴിഞ്ഞ തീർത്ഥാടനവേളയിൽ അഞ്ച് തീർത്ഥാടകർ ഇവിടെ ഹൃദയഘാതത്തെ തുടർന്ന് മരിച്ചിരുന്നു. വേണ്ടത്ര ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംവിധാനങ്ങൾ തീർത്ഥാടനം ആരംഭിക്കുമ്പോൾ തന്നെ സത്രത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്.
2011 ജനുവരി 14ന് പുല്ലുമേട് ദുരന്തമുണ്ടായതും ഈ പാതയ്ക്ക് സമീപം മകരവിളക്ക് കാണാനെത്തിയവർക്കിടയിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്നായിരുന്നു. പഴയ വഴിയിലൂടെ ഇപ്പോൾ പ്രവേശനമില്ലെങ്കിലും പലയിടത്തും ഓഫ് റോഡ് ജീപ്പ് പോലും എത്താനാകാത്തതാണ് പ്രശ്നം ഗുരുതരമാക്കുന്നത്. വണ്ടിപ്പെരിയാറിൽ നിന്ന് അരണക്കല്ല് വഴി സത്രം വരെ ഏകദേശം 12 കിലോ മീറ്ററോളം ദൂരം വാഹനങ്ങൾ പോകുന്ന വഴിയാണ്. ഇതുവഴി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സത്രം വരെ എത്തും. ഇവിടെ നിന്ന് രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഏകദേശം 12 കിലോ മീറ്റോളം ദൂരമാണ് ഇവിടെ നിന്ന് കൊടുംകാട്ടിലൂടെയടക്കം സന്നിധാനത്തേക്കുള്ളത്. വഴിയിൽ വന്യമൃഗങ്ങളുടെ ശല്യവും കാലാവസ്ഥയുടെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇതിനാൽ തന്നെ പലപ്പോഴും കയറ്റിവിടുന്ന ഭക്തർക്ക് കൃത്യസമയത്ത് സന്നിധാനത്ത് എത്താനുമാകില്ല. സത്രം കഴിഞ്ഞാൽ ഈ വഴിയിൽ ആകെ വെള്ളം ലഭിക്കുക നാല് സ്ഥലങ്ങളിൽ മാത്രമാണ്. കഞ്ഞി ലഭിക്കുക കഴുതക്കുഴി എന്ന സ്ഥലത്തും. അതും വനംവകുപ്പ് വിതരണം ചെയ്യുന്നത്. ഫണ്ട് പ്രശ്നമുള്ളതിനാൽ കൂടുതൽ സ്ഥലങ്ങളിൽ ഭക്ഷണം നൽകാൻ വനംവകുപ്പും തയ്യാറാകുന്നില്ല. വില കൊടുത്ത് വാങ്ങാൻ ഭക്തർ തയ്യാറാണെങ്കിലും കിട്ടാൻ വഴിയുമില്ല. ഇത് കൂടാതെ ആഹാര സാധനങ്ങൾ പ്ലാസ്റ്റിക് കവറിൽ കയറ്റി വിടില്ല. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളവും കൊണ്ടുപോകാനാകില്ല. ഇതറിയാതെ ഇവിടെ എത്തുന്ന ഭക്തരാണ് പലപ്പോഴും എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുന്നത്.
അയ്യപ്പഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സത്രം ഇടത്താവളത്തിൽ വേണ്ടത്ര സ്ഥലമില്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്ന തീർത്ഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ദേവസ്വം ബോർഡിന് ഏക്കർ കണക്കിന് സ്ഥലം വെറുതെ കിടക്കുന്നുണ്ടെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാൻ തയ്യാറാകുന്നുമില്ല. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യവും സത്രത്തിൽ പരിമിതമാണ്. ആകെയുള്ളത് ദേവസ്വം ബോർഡിന്റെ അഞ്ച് ശൗചാലയങ്ങളാണ്. ഇത് തീർത്ഥാടന കാലത്ത് ആവശ്യത്തിന് തികയുകയുമില്ല. വണ്ടിപ്പെരിയാർ പഞ്ചായത്ത് താത്കാലികമായി പണിതു നൽകിയ 20 ശുചിമുറികൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ പുതിയ ശുചിമറി നിർമ്മിച്ചാലെ ഈ തീർത്ഥാടന കാലത്ത് ഭക്തൻമാർക്ക് പ്രയോജനപ്പെടൂ. ശുദ്ധ ജല വിതരണം പലപ്പോഴും സത്രത്തിൽ തകരാറിലാകുന്നുണ്ട്. എപ്പോഴും ശുദ്ധജലവിതരണം നടത്താൻ ഒരു കുഴൽക്കിണർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അത് ഇപ്പോഴും നടപ്പിലാക്കായിട്ടില്ല. തീർത്ഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഇപ്പോഴുമായിട്ടില്ല.
കുത്തനെയുള്ള കയറ്റം
സത്രത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 1.5 കിലോ മീറ്ററോളം ദൂരം കുത്തനെയുള്ള കയറ്റമാണ്. വഴി തെളിച്ചശേഷം വടം കെട്ടിയിട്ടാണ് ഭക്തർക്ക് ഇതുവഴി കയറാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുമ്പോൾ അടുത്ത പോയിന്റ് സീതക്കുളമാണ്. ഇവിടെ വെള്ളം കുടിയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും പലരും കയറ്റം കയറി ക്ഷീണിതരാവുകയാണ്. ഈ സ്ഥലത്താണ് രണ്ട് കുഴഞ്ഞ് വീണ് മരണം ഉണ്ടായത്. ഇവിടെ നിന്നുള്ള അടുത്ത സ്ഥലം സീറോ പോയിന്റാണ്. അടുത്തത് പുല്ലുമേട് ദുരന്തമുണ്ടായ താവളമെന്ന സ്ഥലം. ഇവിടെ രണ്ടിടത്തും കുടിയ്ക്കാൻ വെള്ളം വച്ചിട്ടുണ്ട്. ഇവിടെ നിന്ന് പൂങ്കാവനം, കഴുതക്കുഴി, സന്നിധാനം. പുല്ലുമേട്ടിൽ നിന്ന് ആറ് കിലോ മീറ്റർ ദൂരമാണ് സന്നിധാനത്തേക്കുള്ളത്. സീതക്കുളം എത്തുന്നതിന് മുമ്പ് മുതൽ മരങ്ങൾ ഒന്നുമില്ലാത്ത മൊട്ടക്കുന്ന് നിറഞ്ഞ സ്ഥലമാണ് ഏകദേശം 4.5 കി. മീറ്ററോളം. ഇതിനാൽ തന്നെ ഇവിടെ നിന്ന് പൂങ്കാവനത്തിലേക്ക് പ്രവേശിക്കുന്നത് വരെ കനത്ത ചൂടാകും ഭക്തർ സഹിക്കേണ്ടി വരിക. ചെറുതായൊന്ന് വിശ്രമിക്കാൻ പോലും ഇവിടെ ഒരിടത്തും ഒരു മരണത്തണൽ പോലും ലഭിക്കില്ല. നിലവിൽ കനത്ത ചൂട് കൂടി അനുഭവപ്പെടുന്നതിനാൽ തീർത്ഥാടകർ വലയുകയാണ്. പുല്ലുമേട്ടിൽ നിന്ന് പൂങ്കാവനത്തിലേക്ക് കുത്തിറക്കമാണ്. പുല്ലുമേട്ടിൽ നിന്ന് ആറ് കിലോ മീറ്റർ കൂടി കാട്ടിലൂടെ സഞ്ചരിച്ചാലാണ് പൂങ്കാവനവും കഴുതക്കുഴിയും കടന്ന് സന്നിധാനത്ത് എത്താനാകുക. ഇതിൽ കഴുതക്കുഴിയിൽ കുടിയ്ക്കാനുള്ള വെള്ളം ഒരുക്കി വച്ചിട്ടുണ്ട്.
ഹൃദ്രോഗികൾക്ക് നല്ലത് പ്രധാനപാത
ഇതുവഴി യാത്ര ചെയ്യുന്നവർ കൃത്യമായി ആരോഗ്യം നോക്കണമെന്നും ആവശ്യത്തിന് വിശ്രമിച്ച ശേഷം മാത്രം യാത്ര ചെയ്യണമെന്നുമാണ് വണ്ടിപ്പെരിയാർ സി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം. ഭക്ഷണം, വെള്ളം എന്നിവ കൃത്യമായ കഴിയ്ക്കുകയും കുടിയ്ക്കുകയും വേണം. ഹൃദയസംബന്ധമായ രോഗമുള്ളവർ കുത്തനെയുള്ള കയറ്റം കയറുന്നത് കഴിവതും ഒഴിവാക്കുന്നതാണ് ഉത്തമം. മറ്റുള്ളവർ കൃത്യമായ വിശ്രമം എടുത്ത ശേഷം മാത്രം കയറ്റം കയറാൻ ശ്രദ്ധിക്കണമെന്നും കഴിവതും പമ്പ വഴി പോകണമെന്നും ആരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |