SignIn
Kerala Kaumudi Online
Sunday, 22 February 2026 7.26 PM IST

ടി.കെ. ദിവാകരൻ ഓർമ്മയായിട്ട് ഇന്ന് 49 വർഷം, അസ്‌തമിക്കാത്ത കർമ്മസൂര്യൻ

Increase Font Size Decrease Font Size Print Page
tk

നമ്മുടേതായ ശ്രമങ്ങളൊന്നും വേണ്ടാതെ നമ്മുടെ മനസിലേക്കെത്തുന്ന ചില ഓർമ്മകളുണ്ട്. അങ്ങനെ സ്വയമേവ കടന്നെത്തുന്ന സ്‌മൃതിയാണ് ടി.കെ. ദിവാകരന്റേത്. അപൂർവം പേരുടെ കാര്യത്തിലേ ഇങ്ങനെ സംഭവിക്കൂ. അക്കൂട്ടരാവട്ടെ, കാലത്തിനു മായ്ക്കാനാവാത്ത സ്നേഹത്തിന്റെ, കരുതലിന്റെ പടവുകൾ കയറി നമ്മുടെ മനസിൽ ജീവിച്ചിരുന്ന ഘട്ടത്തിൽത്തന്നെ കുടിപാർത്തവരാവും. വ്യക്തിഗതമായ ഇത്തരം മൂല്യങ്ങൾക്കൊപ്പം അസാധാരണമായ നേതൃപാടവം, ഭരണ നൈപുണ്യം, കർമോത്സുകത എന്നിവ കൂടിയായാലോ? അങ്ങനെയുള്ളവർ നമ്മുടെ മനസുകളിൽ മാത്രമല്ല, നാടിന്റെ ചരിത്രത്തിൽക്കൂടി സ്ഥാനമുറപ്പിക്കും. ഈ വിധത്തിൽ മനുഷ്യരുടെ മനസുകളിലും സംസ്ഥാനത്തിന്റെ ചരിത്രത്തിലും മായ്ക്കാനാവാത്ത വിധം സ്വന്തം സ്ഥാനമുറപ്പിച്ച മഹത്വമാർന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ടി.കെ. ദിവാകരൻ.

ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായിരുന്ന സഖാവ് ടി.കെ. ദിവാകരൻ വിടവാങ്ങിയിട്ട്, ഇന്ന് 49 വർഷങ്ങൾ പിന്നിടുകയാണ്. അദ്ദേഹത്തിന്റെ ഭൗതികമായ അസാന്നിദ്ധ്യം മാത്രമേ കേരള രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ളൂ. അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങൾക്കും പ്രവർത്തനരീതികൾക്കും പിന്നീടുള്ള കാലത്ത് വലിയ പ്രാധാന്യം കൈവരുന്നതാണ് നമ്മൾ കണ്ടത്. മരണപ്പെടുമ്പോൾ 56 വയസു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഒരു മനുഷ്യായുസ് എന്നു വിശേഷിപ്പിക്കാവുന്ന വർഷങ്ങൾ മുഴുവൻ ജീവിച്ചുതീർന്നിരുന്നെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളെ ഇപ്പോഴുള്ളതിനേക്കാൾ വലിയ രീതിയിൽ സ്വാധീനിക്കുന്ന വ്യക്തിത്വമായി അദ്ദേഹം മാറിയേനെ.

ഇടതുപക്ഷ നേതാവ്, സമർത്ഥനായ ട്രേഡ് യൂണിയൻ സംഘാടകൻ, വാഗ്മി, പാർലമെന്റേറിയൻ, മികച്ച മന്ത്രി എന്നീ നിലകളിൽ പേരെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആ ജീവിതം പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും മാതൃക തന്നെയാണ്. നൈരന്തര്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. താൻ ഏറ്റെടുക്കുന്ന ഏതൊരു പ്രവർത്തനവും പൂർത്തീകരണത്തിലേക്ക് എത്തിക്കുന്നതിനായി അദ്ദേഹം അഹോരാത്രം യത്നിച്ചിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ സമരോത്സുക ജീവിതം.

നിശ്ചയത്തിന്റെ

നൈരന്തര്യം

സ്വാതന്ത്ര്യസമര ഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അദ്ദേഹം ജയിലിൽ പോയി. സ്വാതന്ത്ര്യം ലഭിച്ച ഘട്ടത്തിൽ പല പുരോഗമന- നവോത്ഥാന പ്രസ്ഥാനങ്ങളും സ്വാഭാവികമായി പിൻവാങ്ങാൻ തുടങ്ങി. അധിനിവേശം അവസാനിച്ചതുകൊണ്ട് ഇനി എല്ലാം തനിയേ ശരിയാകുമെന്ന് ആ പ്രസ്ഥാനങ്ങളിൽ പലതും കരുതി. എന്നാൽ കാര്യങ്ങൾ വിചാരിച്ച ദിശയിലേക്കല്ല നീങ്ങിയത്. പട്ടിണിയും കൂലിയടിമത്തവും ഒരു വശത്ത്, സാമൂഹിക ഉച്ചനീചത്വങ്ങലും വിവേചനങ്ങളും മറുവശത്ത്, അതിന്റെ അസ്വസ്ഥതകൾ തിരുവിതാംകൂറിലും നിറഞ്ഞുനിന്നു. അതിനെതിരെ പ്രതിഷേധങ്ങളുണ്ടായി. പുന്നപ്ര- വയലാർ സമരം അതിന്റെ ഭാഗമായിരുന്നല്ലോ. ആ സമരത്തിന്റെ പേരിൽ ഒന്നരവർഷത്തോളം ജയിലിൽ കഴിയേണ്ടിവന്നിട്ടുണ്ട്, ടി.കെ. ദിവാകരന്.

സ്വന്തം സന്തോഷങ്ങളോ ജീവിത സുരക്ഷിതത്വമോ നോക്കിയായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിൽ സഹനത്തിന്റെ, യാതനയുടെ, പീഡനാനുഭവങ്ങളുടെ കനൽപ്പാത വിട്ടു നടന്നേനേ, അദ്ദേഹം. എന്നാൽ തന്റെ വഴി ഏതെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. മഹാഭൂരിപക്ഷം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ തന്റെ ജീവിത താത്പര്യങ്ങൾ മാറ്റിവച്ച് അവരുടെ ജീവിത താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിനിറങ്ങുക എന്നതാണ് കരണീയം എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്.

ഗുരുദർശനം

വഴികാട്ടി

1920-ൽ കൊല്ലത്തെ ഒരു സാധാരണ തൊഴിലാളി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ആ ഘട്ടത്തിൽത്തന്നെയാണ് ശ്രീനാരായണീയ ആശയങ്ങൾക്ക് കൊല്ലം ജില്ലയിൽ ആഴത്തിൽ വേരോട്ടമുണ്ടാകുന്നത്. ഈ സാമൂഹികമാറ്രം ടി.കെയുടെ ജീവിതത്തെയും ജീവിതദർശനത്തെയും സ്വാധീനിച്ചിട്ടുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടാണല്ലോ, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമായും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഒരുപോലെ യോജിച്ചു പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്.

സ്കൂൾ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച ടി.കെ. ദിവാകരൻ പക്ഷേ, ഏതൊരു മഹാമനീഷിയെക്കാളും ഉജ്ജ്വലനായ വാഗ്മിയായിരുന്നു, അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളും പൊതു പ്രസംഗങ്ങളും ഇന്നും മികവുറ്റ റഫറൻസ് ഫയലുകളാണ്. പ്രതിപക്ഷ ബഹുമാനത്തോടെ അദ്ദേഹം നടത്തിയ ആശയദൃഢത നിറഞ്ഞ സഭാപ്രസംഗങ്ങൾ പിന്നീട് പല സഹപ്രവർത്തകരും സ്മരിച്ചിട്ടുണ്ട്. ഈ നിലയിലേക്ക് മികച്ച പ്രഭാഷകനായി അദ്ദേഹത്തെ വളർത്തിയതാകട്ടെ, വായനയായിരുന്നു. വായന ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് ടി.കെ. ദിവാകരനെന്ന് പലരും അനുസ്മരിച്ചിട്ടുണ്ട്. കൈയിലൊരു പുസ്കവുമായാണ് മിക്കപ്പോഴും അദ്ദേഹത്തെ കാണാനാവുമായിരുന്നത്.

കേരളത്തിലെ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിക്ക് രൂപം നൽകി വളർത്തിയ ത്രിമൂർത്തികളിൽ ഒരാളായിരുന്നു ടി.കെ. ദിവാകരൻ. കൊല്ലം പട്ടണത്തിന്റെ സമഗ്ര വികസനത്തിന് വലിയ സംഭാവനകൾ അദ്ദേഹം നൽകി. കൊല്ലം മുനിസിപ്പൽ ചെയ‌ർമാനായും പിന്നീട് കൊല്ലം നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയായും അദ്ദേഹം പ്രവർത്തിച്ചു. കൊല്ലം പബ്ലിക് ലൈബ്രറി, ഗാന്ധിപാർക്ക്, നെഹ്റു പാർക്ക്, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിങ്ങനെ ടി.കെ. ദിവാകരന്റെ കൈയൊപ്പു പതിഞ്ഞ എത്രയോ നിർമ്മിതികളുണ്ട്, കൊല്ലം നഗരത്തിൽ. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുമ്പോഴും വികസനത്തിന് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ തടസമാകരുതെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്.

സ്നേഹത്തിന്റെ

പ്രഫുല്ലത

പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഘട്ടത്തിൽ അരുവിപ്പുറത്തെ പാലം നിർമ്മിക്കാൻ അദ്ദേഹമെടുത്ത മുൻകൈ സ്മരണീയമാണ്. ചട്ടപ്പടി പ്രവർത്തനങ്ങളിൽ കുടുങ്ങാതെ ഒരു വികസന പദ്ധതി എങ്ങനെ യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം നമുക്കു കാട്ടിത്തന്നു. നീണ്ടകര പാലം പണികഴിപ്പിക്കുന്നതിലും കൊല്ലം ബൈപ്പാസിന്റെ ആശയം അവതരിപ്പിക്കുന്നതിലുമെല്ലാം ടി.കെ. ദിവാകരൻ വഹിച്ച പങ്ക് നിസ്തുലമാണ്. 1967-ലാണ് അദ്ദേഹം ഇ.എം.എസ് മന്ത്രിസഭയിൽ അംഗമാകുന്നത്. പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് ആൻഡ് കോർപ്പറേഷൻ, ടൂറിസം, പ്രിന്റിംഗ് വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ടൂറിസം രംഗത്തെ വളർച്ചയ്ക്ക് അടിത്തറ പാകിയ പല മുൻകൈകളും ഈ ഘട്ടത്തിലാണ് ഉണ്ടായത്. വനാന്തരങ്ങളെയും കടൽത്തീരങ്ങളെയും ടൂറിസം കേന്ദ്രങ്ങളാക്കി വളർത്തുന്നതിനുള്ള വ്യക്തമായ പദ്ധതി മുന്നോട്ടുവച്ചത് അദ്ദേഹമായിരുന്നു.

ഗതാഗതരംഗത്തെ വിപ്ലകരമായ മാറ്റങ്ങൾക്ക് അടിത്തറ പാകിയ വ്യക്തിയായിരുന്നു ടി.കെ. ദിവാകരൻ. മന്ത്രിയായിരുന്ന ചുരുങ്ങിയ കാലം കൊണ്ടുതന്നെ മുപ്പതോളം പ്രധാന പാലങ്ങൾ പണിയുന്നതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിച്ചു. നാഷണഷൽ ഹൈവേ വികസനത്തിന് ചുക്കാൻ പിടിച്ചു. റോഡുകളുടെ ശൃംഖല തന്നെ സ്ഥാപിച്ചു. ഇതെല്ലാം കേരളത്തിന്റെ ഗതാഗത വികസനരംഗത്തെ നാഴികക്കല്ലുകളായി മാറി. 1976-ൽ മന്ത്രിയായിരിക്കെയാണ് ടി.കെ. ദിവാകരൻ നമ്മെ വിട്ടുപിരിഞ്ഞത്.

'കൗമുദി" പത്രാധിപരായിരുന്ന കെ. ബാലകൃഷ്ണൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'സ്നേഹത്തിന്റെ പ്രഫുല്ലത"എന്നായിരുന്നു. ആ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത്, 'സൂര്യൻ വീണ്ടും ഉദിക്കുമോ എന്നെനിക്ക് സംശയമാണ്' എന്ന പ്രസ്താവനയോടെയാണ്. അതിനുമപ്പുറമൊരു വിശേഷണം ടി.കെ. ദിവാകരന് ലഭിക്കാനില്ല. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ പരിണാമ ദിശയിൽ സമുന്നതമായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ ടി.കെ. ദിവാകരൻ എന്നും സ്മരിക്കപ്പെടും.

(മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവാണ് ലേഖകൻ)

TAGS: TK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.