
ടി.സി.എസിലെ ഗോപാലിനെ ഗുൽഷനാക്കി മാറ്റി
മതപരിവർത്തനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ
'എനിക്ക് മതംമാറേണ്ടി വന്നു. അത്രയധികം മാനസിക പീഡനമാണ് അനുഭവിച്ചത്. എന്റെ ഗതികേടും കുടുംബത്തിലെ കഷ്‌ടപ്പാടുകളും അവർ മുതലെടുത്തു. ഞാനിപ്പോൾ ഗോപാൽ അല്ല; ഗുൽഷനാണ്..." -പൊട്ടിക്കരഞ്ഞുകൊണ്ട് നാസിക്ക് ടി.സി.എസിലെ ജീവനക്കാരൻ പറഞ്ഞതു കേട്ട് പ്രത്യേക അന്വേഷണസംഘം ഞെട്ടി. ടി.സി.എസിലെ മതംമാറ്റ ശ്രമങ്ങൾ, ലൈംഗിക പീഡനം, അതിക്രമങ്ങൾ, ഭീഷണി എന്നിവ സംബന്ധിച്ച് ഓരോ ദിവസവും പുതിയ വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു.
വിവാഹം, കരിയർ വളർച്ച, കഷ്‌ടപ്പാടുകളിൽ നിന്നുള്ള മോചനം, മികച്ച മരണാനന്തര ജീവിതം തുടങ്ങിയ മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകിയും, കരിയറും കുടുംബവും തകർക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തിയുമാണ് 'മതപരിവർത്തന മൊഡ്യൂൾ" ടി.സി.എസിൽ പ്രവർത്തിച്ചിരുന്നത്. പന്ത്രണ്ടിലധികം ഇരകളുണ്ടെന്ന് അന്വഷണസംഘം പറയുന്നു. ആറ് അവിവാഹിതകളും, രണ്ട് വിവാഹിതകളും, ഒരു ജീവനക്കാരനും അടക്കമാണിത്. അതിലൊരാളാണ് ഗോപാൽ എന്ന ഗുൽഷൻ.
ഗോപാൽ 2022-ൽ അവിടെ ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ അറസ്റ്റിലായ തൗസിഫ് അത്തറായിരുന്നു ടീം ലീഡർ. തന്റെ കുടുംബത്തിലെ എല്ലാവരും ഹിന്ദു മതവിശ്വാസികളാണെന്ന് ഗോപാൽ വ്യക്തമാക്കി. രാംദാസ് സ്വാമിയുടെ ഭക്തരാണ്. താൻ ജപമാല ധരിച്ചിരുന്നു. ഇതു കണ്ട തൗസിഫും ഡാനിഷും ഹിന്ദുമതത്തെക്കുറിച്ച് തന്നോട് സംസാരിച്ചു തുടങ്ങി. ദൈവങ്ങൾ യഥാർത്ഥമാണോ എന്നു ചോദിച്ചു. ദൈവത്തെ കണ്ടിട്ടുണ്ടോയെന്ന് പരിഹസിച്ചു. 'ശിവതാണ്ഡവം" കള്ളമാണെന്നു പറഞ്ഞു. പുരാണകഥകളെ പുച്ഛിച്ച് സംസാരിച്ചു. സസ്യഭുക്കായ തന്നെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മാംസഭക്ഷണം കഴിപ്പിച്ചു. കുടുംബകാര്യങ്ങളും അത്രയധികം വ്യക്തിപരമായ വിശേഷങ്ങളും ചോദിച്ചു. പുരുഷ - വനിതാ ജീവനക്കാരോട് വളരെ മോശമായാണ് തൗസിഫും ഡാനിഷും അടക്കം പ്രതികൾ പെരുമാറിയത്.
2023 മാർച്ചിൽ പിതാവിന് പക്ഷാഘാതമുണ്ടായി. കുടുംബത്തിൽ അത്രയധികം പ്രശ്‌നങ്ങളായിരുന്നു. ആ സമയം ഓഫീസിലെ മതപരിവർത്തന സംഘം തന്നെ വളഞ്ഞു. വിടാതെ പിന്തുടർന്നു. എപ്പോഴും ഒരു മതത്തെക്കുറിച്ചു മാത്രം പറയാൻ തുടങ്ങി. ആ മതവുമായി ബന്ധപ്പെട്ട വീഡിയോകൾ അയച്ചുതന്നു. ആരാധനകൾ പിന്തുടരാൻ പ്രേരിപ്പിച്ചു. അവഗണിച്ചപ്പോൾ ഹെഡ് ഓഫീസിലേക്ക് പ്രതികൂല റിപ്പോർട്ട് അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഓഫീസിനുള്ളിൽ കൽമ ചൊല്ലാൻ പ്രേരിപ്പിച്ചു.
2023-ൽ റംസാൻ ദിനം തൗസിഫ് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊപ്പി വയ്‌ക്കാൻ നിർബന്ധിച്ചു. വസ്ത്രധാരണ രീതി മാറ്റിച്ചു. ഫോട്ടോയെുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. മുസ്ലിം നാമധാരിയാകാൻ നിർബന്ധിച്ചു. നിരന്തരം സമ്മർദ്ദം ചെലുത്തി. നിസ്‌കാരത്തിന് തയ്യാറാകാതിരുന്നപ്പോൾ തുടർച്ചയായി ബലംപ്രയോഗിച്ചു. പള്ളികളിലേക്ക് നിർബന്ധപൂർവം കൊണ്ടുപോയി പ്രാർത്ഥനകളിൽ പങ്കെടുപ്പിച്ചു. മതംമാറാൻ തുടർച്ചയായി ആവശ്യപ്പെട്ടു. കുടുംബത്തിന്റെ സുരക്ഷ അപകടത്തിലാകുമെന്നും ഭീഷണിപ്പെടുത്തി.
കുടുക്കിയത്
ആ ഫോട്ടോ
പൊലീസ് അറസ്റ്റു ചെയ്‌ത തൗസിഫ് അത്തറിന്റെ മൊബൈൽ ഫോണിൽ നിന്ന് ഗോപാൽ എന്ന ഗുൽഷറിനൊപ്പം നിൽക്കുന്ന ചിത്രം കണ്ടെടുത്തത് അന്വേഷണത്തിൽ നിർണായകമായി. ഫോട്ടോയിലെ വെള്ളത്തൊപ്പി വച്ചയാൾ മൊഡ്യൂളിലെ അംഗമാണെന്നാണ് അന്വേഷണ ഏജൻസികൾ ആദ്യം വിചാരിച്ചത്. എന്നാൽ, തൗസിഫിനെ വിശദമായി ചോദ്യംചെയ്‌തപ്പോഴാണ് കമ്പനിയിലെ മറ്റൊരു ജീവനക്കാരനാണെന്ന് മനസിലായത്. മതപരിവർത്തനത്തിന് വിധേയനായ ജീവനക്കാരനെ കണ്ടെത്തി മൊഴിയെടുക്കുകയായിരുന്നു. രണ്ടുവർഷം മുൻപ് മതപരിവർത്തനം നടന്നയുടൻ എടുത്ത ഫോട്ടോ ആയിരുന്നു അത്.
പ്രതികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്, സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ എന്നിവയിലെ ഡിലീറ്റ് ചെയ്‌ത ഡാറ്റ വീണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ചാറ്റുകളുടെ വിശദാംശങ്ങൾ അടക്കം ലഭിക്കുന്നതോടെ ഡിജിറ്റൽ തെളിവുകൾ നിർണായകമാകുമെന്നാണ് നിഗമനം. ഇരകളെ കണ്ടെത്തി, സ്വാധീനിച്ച്, ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും മതംമാറ്റുന്ന പാറ്റേൺ ഇവിടെ ദൃശ്യമാണെന്ന് അന്വേഷണസംഘം പറയുന്നു. ശൃംഖലയുടെ വ്യാപ്തിയും ആഴവും അറിയാനാണ് ശ്രമം.
പ്രതികൾ
എട്ടുപേർ
നാസിക്ക് ടി.സി.എസിലെ എട്ടു ജീവനക്കാരാണ് ഇതുവരെ പ്രതിപ്പട്ടികയിലുള്ളത്. ഏഴു പേരെ അറസ്റ്റ് ചെയ്‌തു. നിദാ ഖാൻ ഒളിവിലാണ്. പിടികൂടാൻ തിരച്ചിൽ ഊർജ്ജിതമായി തുടരുന്നു.
1.ഡാനിഷ് ഷെയ്ഖ്
2.തൗസിഫ് അത്തർ
3.റാസാ മേമൻ
4.ഷാരൂഖ് ഖുറേഷി
5.ആസിഫ് അൻസാരി
6.ഷാഫി ഷെയ്ഖ്
7.നിദാ ഖാൻ
8.അശ്വിനി ചനാനി
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |