
കേരള മനസാക്ഷിയെ ഞെട്ടിച്ച കഷായക്കൊലയ്ക്ക് വിധി എന്ത് ?... അതറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. സ്നേഹിച്ച സ്വന്തം കാമുകനെ ഒഴിവാക്കാൻ വേണ്ടി ക്രിമിനൽ മനസുമായി 21കാരിയായ ഗ്രീഷ്മ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയത് അപൂർവമായ കേസ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അപൂർവങ്ങളിൽ അപൂർവ കേസാകുമോയെന്ന് കോടതി തന്നെ തീരുമാനമെടുക്കണം. അങ്ങനെയാണെങ്കിൽ വധശിക്ഷ വരെ ലഭിക്കാം. സൈനികനുമായുള്ള മെച്ചപ്പെട്ട വിവാഹ ജീവിതത്തിന് കാമുകനെ ഒഴിവാക്കാൻ പല വഴികളിലൂടെയും ശ്രമിച്ചിട്ടാണ് ഒടുവിൽ കൊലപാതകമെന്ന പദ്ധതിയിലേക്ക് എത്തിയത്. കാമുകനെ ഒഴിവാക്കാൻ ഗ്രീഷ്മ നടത്തിയ വഴികളെല്ലാം വിചിത്രമാണ്. 2021 ഒക്ടോബറിലാണ് ഷാരോൺ രാജും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി ഗ്രീഷ്മയ്ക്കു വിവാഹനിശ്ചയം നടത്തിയതിനെ തുടർന്ന് ഇരുവരും പിണങ്ങി. 2022 മേയ് മുതൽ ഗ്രീഷ്മ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി.നവംബറിൽ ഷാരോണിന്റെ വീട്ടിൽവച്ച് താലികെട്ടിയിരുന്നതായും കണ്ടെത്തി.
ബുദ്ധിയുണ്ട് പക്ഷേ
അതിബുദ്ധിയാക്കി
പഠിക്കാൻ മിടുക്കിയായിരുന്നു ഗ്രീഷ്മ. നല്ല രീതിയിൽ ഉപയോഗിക്കേണ്ട ബുദ്ധിയെ അതിബുദ്ധിയാക്കി ഉപയോഗിച്ചു. ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു എല്ലാം ചെയ്തത്. തമിഴ്നാട് എം.എസ് സർവകലാശാലയിൽ നിന്ന് നാലാം റാങ്കോടെയായിരുന്നു ബിരുദം പൂർത്തിയാക്കിയത്. ഹൊറർ സിനിമകളുടെ കടുത്ത ആരാധികായിരുന്നു ഗ്രീഷ്മ.
അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്പ്പോൾ ഷാരോണുമായുള്ള 'ദിവ്യ പ്രണയത്തെക്കുറിച്ച്' ഗ്രീഷ്മ വാചാലയായി. അത്തരത്തിൽ പ്രണയിക്കുന്ന ഒരാൾക്ക് തന്റെ കാമുകനെ എങ്ങനെ കൊല്ലാനാവും എന്ന് ഗ്രീഷ്മ ചോദിച്ചപ്പോൾ പൊലീസിനും ഉത്തരംമുട്ടി. ഗ്രീഷ്മ പറഞ്ഞതത്രയും ലോക്കൽ പൊലീസ് ഒരുവേള വിശ്വസിച്ചു.
കൊല്ലാൻ പദ്ധതിയിട്ട
ആസൂത്രണം
പാരസെറ്റമോൾ ഗുളികയുടെ അമിത ഉപയോഗത്തെക്കുറിച്ചും അത് ശരീരത്തിലുണ്ടാക്കുന്ന തകരാറുകളെക്കുറിച്ചും നിരവധി തവണ ഗൂഗിളിൽ സെർച്ച് ചെയ്തു. പാരസെറ്റമോൾ, ഡോളോ ഗുളികകൾ ഗ്രീഷ്മ വീട്ടിൽവച്ചു വെള്ളത്തിൽ ലയിപ്പിച്ച് ബാഗിൽ വച്ചു. തിരുവിതാംകോടുനിന്ന് രണ്ടു ജ്യൂസുകൾവാങ്ങിയശേഷം ഷാരോണിന്റെ കോളജിലെത്തി. ഷാരോണിന് ജ്യൂസ് കൊടുത്തെങ്കിലും കയ്പ്പായതിനാൽ കളഞ്ഞു. ഗുളിക കലർത്താത്ത ജ്യൂസ്കുടിച്ചശേഷം ഇരുവരും മടങ്ങി. 14ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടു.പിന്നീട് കഷായം കൊടുത്തു. അതിനുശേഷം കയ്പ് മാറാൻ ജ്യൂസ് കൊടുത്തു. കഷായം കുടിച്ച ഷാരോൺ മുറിയിൽ വച്ച് ഛർദിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ കഷായം തന്നെന്നും ചതിച്ചെന്നും സുഹൃത്തിനോട് ഷാരോൺ പറഞ്ഞു. ഷാരോണിന്റെ കിഡ്നി, കരൾ, ശ്വാസകോശം എന്നിവ നശിച്ചു ചികിൽസയിലിരിക്കെയായിരുന്നു മരണം. ഷാരോൺ മരിച്ചശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ തിരികെ എടുക്കാൻ കഴിയുമോ എന്നു ഗൂഗിളിലും യുട്യൂബിലും സേർച്ച് ചെയ്തുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഒരു നാൾ സത്യം
പുറത്ത് വന്നു
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ മികച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ആദ്യം തന്നെ വിഷാംശം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡിജിറ്റൽ, ഫോറൻസിക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണ മികവായിരുന്നു കേസ്. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി.ശില്പ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്. എസ്. പി എം.കെ സുൽഫിക്കർ, ഡിവൈ.എസ്പി മാരായ കെ.ജെ ജോൺസൺ, വി.ടി റാസിത്ത് , പാറശാല ഇൻസ്പെക്ടർ സജി എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഓരോ സാഹചര്യവും അന്വേഷണ സംഘം കൃത്യമായും വ്യക്തമായും കണ്ടെത്തിയിരുന്നു.
സാഹചര്യങ്ങളെ
കോർത്തിണക്കി തെളിവാക്കി
ഷാരോണും ഗ്രീഷ്മയും സ്നേഹം ആരംഭിച്ച 2021 തൊട്ടുള്ള ഫോട്ടോകളും വീഡിയോകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഫോറൻസിക്ക് സയൻസ് ലാബിലെ ദീപയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. അന്വേഷണ സംഘത്തിന്റെ അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. രാവിലെ 9ന് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി. ഉച്ചയ്ക്ക് ഒന്ന് കഴിഞ്ഞ് ഒടുവിൽ കുറ്റം സമ്മതിച്ചു.ശാസ്ത്രീയ ഡിജിറ്റൽ തെളിവുകൾ നിരത്തിയായിരുന്നു ചോദ്യം ചെയ്യൽ. ഉദ്ദേശ്യം കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്ന തെളിവുകൾ ശേഖരിക്കുന്നത് ദുഷ്കരമായിരുന്നെങ്കിൽ അതും ശേഖരിച്ചു. ജാതകം,വിവാഹ ആൽബം,പങ്കെടുത്തുവരുടെ മൊഴികൾ, ഫോട്ടോ, വീഡിയോ എല്ലാം അന്വേഷണ സംഘം ശേഖരിച്ചു. വിഷം വാങ്ങിയ സ്ഥലത്ത് അന്വേഷണം കൃത്യമായ രീതിയിൽ നടത്തി. വിഷം വാങ്ങിയ മൂന്നാം പ്രതിയായി നിർമ്മലകുമാരൻ നായരെ സ്ഥലത്ത് കൊണ്ടു പോയി. കടക്കാരൻ പ്രതിയെ തിരച്ചറിഞ്ഞതും അന്വേഷണത്തിന് നിർണായകമായിരുന്നു. ഗ്രീഷ്മ വിഷക്കുപ്പിയുടെ ലേബൽ ഇളക്കി എറിഞ്ഞിട്ടാണ് കുപ്പി കളഞ്ഞത്.ആ ലേബൽ പൊലീസ് കണ്ടെത്തി. സയന്റിക്ക് ഓഫീസറായ വിനീതിന്റെ നേതൃത്വത്തിൽ കീറികളഞ്ഞ ലേബൽ വിഷക്കുപ്പിയുടേതെന്ന് തെളിയിച്ചു.
വിധി
എന്താകും
എന്താണ് വിധിയെന്നത് കണ്ടറിയണം. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കേസ് അപൂർവങ്ങളിൽ അപൂർവ്വമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. തട്ടിക്കൊണ്ടു പോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നിവയിൽ ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് തെളിഞ്ഞിരുന്നു. പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു. ഇന്നലെ രാവിലെ 11 നാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം. ബഷീർ ഗ്രീഷ്മയോട് ചോദിച്ചു. പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസേ പ്രായമുള്ളൂ. മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. എം.എ സർട്ടിഫിക്കേറ്റും, മാർക്ക് ലിസ്റ്റും ഗ്രീഷ്മ കോടതിയിൽ ഹാജരാക്കി. പ്രതിക്ക് എങ്ങനെ വധശിക്ഷ നൽകാൻ കഴിയുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ ചോദിച്ചു. കേസിൽ സാഹചര്യ തെളിവുകൾ മാത്രമേയുള്ളൂ എന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഷാരോൺ ബ്ലാക്മെയിൽ ചെയ്തു. ഒരു സ്ത്രീയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഷാരോൺ ചെയ്തതെന്നും പ്രതിഭാഗം പറഞ്ഞു. എന്തു തന്നെയായാലും ഇനി ഇത്തരത്തിൽ സംഭവിക്കാതിരിക്കാൻ വേണ്ടി സമൂഹത്തിനുള്ള സന്ദേശമാകും വിധിയെന്നാണ് പ്രതീക്ഷിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |