നെന്മാറയിൽ ചെന്താമര എന്നയാൾ നടത്തിയ ഇരട്ടകൊലപാതകവും പത്തനംതിട്ടയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദ്ദിച്ചതും സഭ നിറുത്തിവച്ച് ചർച്ചചെയ്യണമെന്ന ആവശ്യവുമായി ലീഗ് അംഗം എൻ. ഷംസുദ്ദീൻ കൊണ്ടുവന്ന ഉപക്ഷേപ നോട്ടീസ് ഭരണ, പ്രതിപക്ഷങ്ങൾ തമ്മിലുള്ള കൊമ്പുകോർക്കലിലാണ് എത്തിയത്. കിട്ടാവുന്ന വടിയെല്ലാമെടുത്ത് പൊലീസിനെ തല്ലാൻ ഷംസുദ്ദീനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആത്മാർത്ഥമായി ശ്രമിച്ചു. ഒട്ടും മോശമല്ലാത്ത നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിക്കുകയും ചെയ്തു. പതിവുപോലെ വാക്കൗട്ട് നടത്തി പ്രതിപക്ഷം സമാശ്വസിച്ചു.
തല കേടാവാതിരിക്കാൻ വയ്ക്കുന്ന ഹെൽമറ്റ് കൊണ്ട് ആലപ്പുഴയിൽ പൊലീസുകാരൻ ഓട്ടോഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ചതിലെ 'അനൗചിത്യ"വും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. തുമ്പ സ്റ്റേഷനിൽ, ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങി ഹൈടെക്കായ പൊലീസിന്റെ നടപടി പരാമർശിച്ച അദ്ദേഹം, കൈക്കൂലി ഡിജിറ്റലൈസ് ചെയ്ത ക്രെഡിറ്റ് ഈ സർക്കാരിനു കിട്ടുമെന്ന് ആശീർവദിച്ചു. എന്തെല്ലാം പറഞ്ഞാലും ഇന്ത്യയിൽ ക്രമസമാധാനനില ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഒട്ടും സംശയമില്ല. കോടതിയുടെ ജാമ്യവ്യവസ്ഥ ഒരു പ്രതി ലംഘിച്ചാൽ പൊലീസിന് നടപടി സ്വീകരിക്കാനാവുമോ എന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈക്കൂലി ഡിജിറ്റലൈസ് ചെയ്തെന്നു പറഞ്ഞത് വയനാടിനെ നോക്കി പറഞ്ഞതായിരിക്കുമെന്ന് പ്രതിപക്ഷത്തിന് ഒരു കുത്തും നൽകാനും മുഖ്യമന്ത്രി മറന്നില്ല. ഗുണ്ടകളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുള്ള കേരളത്തിൽ ഗുണ്ടകൾ സമ്മേളനം നടത്തുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. പത്തനംതിട്ടയിൽ മന്ത്രി മാലയിട്ട് സ്വീകരിച്ച കാപ്പ പ്രതി, വാഹനത്തിന്റെ ബോണറ്റിൽ വച്ച് കേക്ക് മുറിച്ച് ബർത്ത് ഡേ പാർട്ടി നടത്തിയതും വിശദമാക്കി. ശരിയായ വിധത്തിൽ കേസിന്റെ റിപ്പോർട്ട് തയ്യാറാക്കാത്തതിന്റെ ഫലമാണ് കഴിഞ്ഞ ദിവസവും ലഹരികേസ് പ്രതികൾ പുറത്തുവന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ, എക്സൈസ് മന്ത്രി എം.ബി.രാജേഷിനെ ചൊടിപ്പിച്ചു. ലഹരി കേസിൽ ശതകോടീശ്വരനെ തെലങ്കാന മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നിന്ന് പിടികൂടിയതിൽ നിങ്ങൾക്ക് വിഷമം കാണുമെന്ന് മന്ത്രി പറഞ്ഞപ്പോൾ, ശുണ്ഠിപിടിച്ച പ്രതിപക്ഷ നേതാവ്, തെലങ്കാനയിൽ പിടിയിലായ ശതകോടീശ്വരൻ ഞങ്ങളുടെ അമ്മാവനാണോ എന്ന് തിരിച്ചു ചോദിച്ചത് മന്ത്രി രാജേഷിനെയും ചിരിപ്പിച്ചു.
ബഡ്ജറ്റിന്മേലുള്ള ഇന്നലത്തെ ചർച്ച തുടങ്ങിവച്ച സി.പി.എം അംഗം വി.ജോയി, വി.ഡി.സതീശന് വലിയൊരു മുന്നറിയിപ്പ് നൽകിയത് അദ്ദേഹത്തിന്റെ ആത്മാർത്ഥത കാരണമാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൈപ്പൂയ ദിവസസം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടി എടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഒന്നു ശ്രദ്ധിച്ചാൽ കൊള്ളാമെന്നുമായിരുന്നു ജോയിയുടെ മുന്നറിയിപ്പ്. വയനാട്ടിൽ ദുരിതബാധിതർക്ക് വീടു വച്ചുകൊടുക്കാൻ ബൂത്ത് അടിസ്ഥാനത്തിൽ പണം പിരിച്ചിട്ട് പുട്ടടിക്കലായിരുന്നു പ്രധാനപരിപാടി. ഉള്ളതുകൊണ്ട് സമസ്ത മേഖലയെയും തൊട്ടറിഞ്ഞ ബഡ്ജറ്റാണെന്ന പ്രശംസാവാചകം പറയാനും ജോയി മറന്നില്ല.
പതിവിൽ നിന്ന് വ്യത്യസ്തമായി ലീഗ് അംഗം പി.കെ ബഷീർ പ്രസംഗത്തിനിടയിൽ അംഗവിക്ഷേപങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ ചാക്യാർകൂത്ത് കണ്ട പ്രതീതി. 'ഉദയനാണ് താരം" സിനിമയിൽ അതുല്യ നടൻ ജഗതി ശ്രീകുമാർ അവതരിപ്പിച്ച പച്ചാളം ഭാസി, നവരസങ്ങൾക്കു പുറമെ സ്വന്തമായി രൂപപ്പെടുത്തിയതെന്നു പറഞ്ഞ് കാട്ടുന്ന രസങ്ങൾ പോലെ ചിലതു കാട്ടിയാണ് ഭരണപക്ഷത്തെ പരിഹസിച്ചത്. ആളില്ലാത്ത പോസ്റ്റിട്ട് ഗോളടിക്കുന്നതു പോലെയാണ് ബഡ്ജറ്റിന്മേലുള്ള പ്രസംഗമെന്നു പറഞ്ഞാണ് ബഷീർ തുടങ്ങിയത്. കേൾക്കാൻ ധനകാര്യ മന്ത്രിയില്ല, മറ്റു മന്ത്രിമാരുമില്ല. 'ങ്ങക്ക് എന്ത് ജനാധിപത്യബോധമാണുള്ളത്; പെൻഷൻ കുടിശിക സമയബന്ധിതമായി കൊടുക്കുമെന്നാണ് പറയുന്നത്. സമയത്ത് കൊടുക്കാത്തതിനല്ലേ കുടിശിക എന്ന് പറയുന്നത്. ആം ആദ്മി പാർട്ടി ഡൽഹിയിൽ തോറ്റു. അതിൽ നിങ്ങൾക്കെന്തിനാ സങ്കടം. അവിടെ നിങ്ങളെന്തിനാ മത്സരിച്ചത്, വൈ ഷുഡ് യു കൺടെസ്റ്റ്" എന്നുകൂടി ബഷീർ തട്ടിയപ്പോൾ സഭയിൽ ചിരിമുഴങ്ങി.
'ഒന്നാമത് ങ്ങളെ പറഞ്ഞിട്ട് കാര്യമില്ല, ആരെങ്കിലും കോൺഗ്രസീന്നു വന്നാൽ, ആരെങ്കിലും ലീഗീന്ന് പോയാൽ ഓരെ പിടിച്ച് ങ്ങള് സ്ഥാനാർത്ഥിയാക്കുന്ന ഗതികേടിലല്ലേ എത്തിയത്. ബാർബർ ഷാപ്പിലെ കല്ല് പോലെ തേഞ്ഞു തേഞ്ഞു പോയ പാർട്ടിയല്ലെ ങ്ങള്." പ്രസംഗത്തിനിടയിൽ സീറ്റുവിട്ട് എഴുന്നേറ്റ മന്ത്രി പി.രാജീവിനെ ബഷീർ ഒന്നു പുകഴ്ത്തുകയും ചെയ്തു; 'അത്യാവശ്യം ബോധമുള്ള മനുഷ്യ"നെന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |