കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നുണ്ടായ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണം. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് നടന്ന സംഭവത്തിനു പിന്നിലെ ഗൂഢാലോചന അതിലേറെ ഭീകരമാണ്. പരീക്ഷയ്ക്ക് തയാറാകുന്നതിനിടെ ഇത്രയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും പതിനഞ്ചു വയസുമാത്രം പ്രായമുള്ളവർക്ക് കഴിഞ്ഞു എന്നത് വിശ്വസിക്കാനാകുന്നില്ല.
ട്യൂഷൻ ക്ലാസിലെ ഫെയർവെല്ലിനിടെ നടന്ന പ്രശ്നം അവിടംകൊണ്ടും അവസാനിക്കാതെ അതിന്റെ പാരമ്യത്തിലാണ് സ്കൂളിന്റെ വിജയ പ്രതീക്ഷ കൂടിയായ വിദ്യാർത്ഥിയുടെ ജീവനെടുത്തത്. മകന്റെ നഷ്ടത്തിന്റെ തീരാവേദനയിൽ നീതിപീഠത്തിന് മുന്നിൽ മാത്രം പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഷഹബാസിന്റെ കുടുംബം. സംഭവത്തിൽ ഷഹബാസിനൊപ്പം ഒരേ ക്ലാസിലുണ്ടായിരുന്ന പഠിച്ച കുട്ടിയും പ്രതിയാണ്. കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുണ്ടെന്ന ഷഹബാസിന്റെ പിതാവിന്റെ ആരോപണവും, പ്രതികളിലൊരാളുടെ പിതാവിന്റെ ക്രിമിനൽ പശ്ചാത്തലവും പൊലീസ് ഗൗരവമായി അന്വേഷിച്ച് വരികയാണ്. കുട്ടികൾക്കിടയിൽ അവിചാരിതമായുണ്ടാകുന്ന അസ്വാരസ്യങ്ങൾ കൂട്ടത്തല്ലിലേക്കും കൊലപാതകത്തിലേക്കും എത്തുന്ന സാഹചര്യം ഒഴിവാക്കി അധികാരികളുടെ കൃത്യമായ ഇടപെടലിലൂടെ ഇത്തരം വിഷയങ്ങളെ പരിഹരിക്കണം.
ഒഴിവാക്കണം
സ്മാർട് ഫോൺ ലഹരി
മയക്കുമരുന്ന് പോലെ ലഹരിയായി മാറുന്ന സ്മാർട്ട് ഫോൺ ഉപയോഗവും കുറ്റകൃത്യങ്ങൾക്ക് പ്രേരണയാവുന്നതായുള്ള മുന്നറിയിപ്പ് വന്നിട്ട് നാളുകളായി. എന്നാൽ, കുട്ടികളെ തിരുത്താനോ പരിഹാരം കാണാനോ കുട്ടികൾക്കൊപ്പം സമയം ചെലവിടാനോ അവരെ കേൾക്കാനോ സമയമില്ലാത്ത രക്ഷിതാക്കളും ഇത്തരം കൃത്യത്തിൽ പങ്കാളിയാണ്. എതിരാളിയെ കൊന്നും ആക്രമിച്ചും വിജയം ആഘോഷിക്കുന്ന വീഡിയോ ഗെയിമുകളാണ് ഇന്നത്തെ കുട്ടികളുടെ കൂട്ടുകാർ.
അശ്ലീല വെബ്‌സൈറ്റുകളിലേക്കും ക്രൈം വീഡിയോകളിലേക്കുമെത്തുന്ന കുട്ടികളിൽ ഇത്തരം കാഴ്ചകൾ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പഠനങ്ങളുണ്ട്. നിയമസംവിധാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും കുട്ടികൾക്കുണ്ടെന്നതിന് കഴിഞ്ഞദിവസം താമരശേരിയിലുണ്ടായ ക്രൂരകൊലപാതകം ഉദാഹരണമാണ്. ആൾക്കൂട്ട കൊലപാതകമാണെങ്കിൽ കേസൊന്നുമുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കുട്ടി പ്രതികൾ. അസ്വസ്ഥമായ കുടുംബാന്തരീക്ഷവും കുട്ടികളെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന കാരണങ്ങളിലൊന്നാണ്. തങ്ങൾക്കു സഹപാഠികളിൽ നിന്ന് നേരിടേണ്ടിവരുന്ന അതിക്രൂരമായ റാഗിംഗിനെക്കുറിച്ചുപോലും കുട്ടികൾ രക്ഷിതാക്കളോട് തുറന്നുപറയുന്നില്ല. അതിനുള്ള അടുപ്പവും അവസരവും രക്ഷിതാക്കൾ നൽകുന്നില്ല.
കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുന്നുണ്ട്. ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നതും മുതിർന്നവർ തന്നെയാണ്. നിസാര കാര്യങ്ങൾക്കുവരെ കുട്ടികൾ ആത്മഹത്യയുടെ വഴി തേടുന്നതും പതിവാകുന്നു. കുട്ടികൾക്ക് തങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ തുറന്നുനൽകാൻ വേദിയില്ലാത്തും പ്രതിസന്ധിയാകുന്നുണ്ട്.
ലഹരിമരുന്ന്
ഉപയോഗത്തിലെ വർദ്ധന
സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പന കുറയുന്നുണ്ടെന്നാണ് എക്സെെസ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ 8,55,194 പരിശോധനകളിലായി എക്സൈസ് പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് രാജ്യാന്തരവിപണിയിൽ 544 കോടി രൂപ വില വരും. കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിലും ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി എം.ഡി.എം.എ ഉൾപ്പെടെ ലഹരിമരുന്നുകൾ പിടികൂടിയിരുന്നു. സ്കൂൾ പരിസരങ്ങളിൽ സുലഭമായി രാസലഹരിയടക്കം കിട്ടാനുണ്ട്. ഇക്കഴിഞ്ഞ ഒൻപതു ദിവസം സംസ്ഥാനത്ത് ഡി ഹണ്ട് എന്ന പേരിൽ നടന്ന ലഹരിവേട്ടയിൽ മാത്രം 2782 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒന്നരക്കിലോഗ്രാമോളം അതിമാരക രാസലഹരിയാണെന്നത് ഞെട്ടിക്കുന്നതാണ്. പൊലീസ്, എക്സെെസ് സംഘങ്ങൾ പരിശോധന കർശനമാക്കുന്നുണ്ടെങ്കിലും രാസലഹരിയുടെ കണ്ണികളെ അറുത്തുമാറ്റാൻ സാധിക്കുന്നില്ല. കുട്ടികളിലെ ലഹരി ഉപയോഗം തടയാനായി കുട്ടികൾ ഒത്തുകൂടുന്ന ബസ് സ്റ്റോപ്പുകൾ, ജ്യൂസുകടകൾ, കടകൾ, ഐസ്ക്രീം പാർലറുകൾ എന്നിവിടങ്ങളിൽ സംശയം തോന്നിയാൽ പ്രത്യേക പരിശോധന നടത്താൻ എക്സെെസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വേണ്ടിവന്നാൽ പൊലീസുമായി ചേർന്നുള്ള പരിശോധനയുമാകാം. യാത്രയയപ്പു ചടങ്ങിൽ ഭക്ഷണവിതരണക്കാർ എന്ന വ്യാജേന ആരെങ്കിലും എത്തുന്നതായി സംശയം തോന്നിയാൽ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്.
സിനിമയാണോ
വില്ലൻ ?
സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെ മാരക കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുന്ന സംഭവങ്ങൾ ഞെട്ടലോടെയാണ് കേരളം കാണുന്നത്. കുടുംബാംഗങ്ങളെയും ഉറ്റചങ്ങാതികളെയും ഒരു കൂസലുമില്ലാതെ കൊല്ലാൻ സാധിക്കുന്നത് എങ്ങനെയാണന്നത് ഏറെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമാണ് വഴിവെക്കുന്നത്. ഇത്തരം അക്രമ സംഭവങ്ങളിലേക്ക് യുവാക്കളെയും കുട്ടികളെയും നയിക്കുന്നത് എന്താണെന്ന ചോദ്യത്തിന് പലരും നൽകുന്ന മറുപടിയാണ് അടുത്ത കാലങ്ങളിൽ പുറത്തിറങ്ങിയ വൻതോതിൽ ലഹരി ഉപയോഗവും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ.
മലയാളത്തിൽ അടുത്തിയെ ഏറെ ഹിറ്റായ ചിത്രങ്ങളിൽ ഏറെയും വയലൻസിന് പ്രധാന്യം നൽകിയ ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങളിലെ വയലൻസ് എല്ലാ സീമകളും ലംഘിച്ചതായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞദിവസം നിയമസഭയിലും വിഷയം ചർച്ചയായി.
സിനിമാപ്രവർത്തകർ പോലും സിനിമയിലെ അമിതമായ വയലൻസിനെതിരെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കയാണ്. സിനിമയിലെ വയൻസ് രംഗങ്ങൾ മറ്റെല്ലാമെന്നപോലെ സമൂഹത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയെന്നാണ് സിനിമയുടെ നിർവചനം. സമൂഹത്തിൽ ചില കാര്യങ്ങൾ നടക്കുന്നു, അത് സിനിമയിലും എടുത്തു ചേർക്കുന്നു എന്ന് ന്യായീകരിക്കുന്നവരുമുണ്ട്. എന്നാൽ സിനിമയിലെ വയലൻസും ലൈംഗികതയും മദ്യപാനവുമൊക്കെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് സെൻസർ ബോർഡിന് കഴിയാതെ പോവുന്നതെന്ന മറുചോദ്യവുമുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയും കാര്യത്തിൽ ഉണ്ടാവുന്ന അത്രയും ജാഗ്രത, മയക്കുമരുന്നിന്റെയും വയലൻസിന്റെയും വിഷയത്തിൽ ഉണ്ടാവുന്നില്ല. വയലൻസ് പ്രധാന ആകർഷണമാകുന്ന സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |