ന്യൂഡൽഹി: ഇന്ത്യയുടെ തിരിച്ചടിയിൽ വിറച്ച പാകിസ്ഥാൻ പക്ഷേ തങ്ങളുടെ വാചകമടി തുടരുന്നു. പാകിസ്ഥാന്റെ ഏരിയൽ റഡാർ സംവിധാനവും ഡ്രോണുകളും ആയുധങ്ങളും ഇന്ത്യൻ ആക്രമണത്തിൽ നിലംപരിശായെങ്കിസുപം ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ് പറയുന്നത്. 78 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതിർത്തി കടന്നെത്തിയ ഇന്ത്യയുടെ 3 പോർ വിമാനങ്ങളും 77 ഡ്രോണുകൾ ഇതുവരെ വെടിവച്ചിട്ടെന്നാണ് പാക് വാദം. എന്നാൽ ഇതിനുള്ള തെളിവ് പക്ഷേ പാകിസ്ഥാന് പുറത്തുവിടാൻ കഴിഞ്ഞിട്ടില്ല.
അതേസമയം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും കരസേന മേധാവി ജനറൽ അസിം മുനീറും എവിടെയാണ് എന്നതിനെ കുറിച്ച് കൃത്യമായ മറുപടി നൽകാൻ സർക്കാരിനും സൈന്യത്തിനും ആവുന്നില്ല. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുകയാണ് പാകിസ്ഥാൻ സർക്കാർ. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇരുവരുടെയും പ്രതികരണങ്ങൾ പുറത്തുവരാത്തതിനെ കുറിച്ചും സർക്കാരിന് മിണ്ടാട്ടമില്ല. ക്വറ്റ പിടിച്ചെടുത്തെന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ അവകാശ വാദത്തിനും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
അതിനിടെ ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വ്യോമസേന വിംഗ് കമാൻഡർ വ്യോമിക എന്നിവരായിരുന്നു വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. പാക് ആയുധങ്ങളെല്ലാം ഇന്ത്യ തകർത്തു. പാക് സൈന്യത്തിന് കനത്ത നഷ്‌ടമുണ്ടായി. പാകിസ്ഥാന്റെ ഏരിയൽ റഡാർ സംവിധാനം തകർത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |