സത്യദർശിയായ മഹാത്മാവാണ് ശ്രീനാരായണ ഗുരുദേവൻ. മഹാത്മാഗാന്ധി സത്യം ദൈവമാണെന്ന് ഉപദേശിക്കുന്നു. സത്യദർശിയായ ഗുരുദേവനും സത്യാന്വേഷിയായ ഗാന്ധിജിയും തമ്മിൽ സന്ധിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുകയാണ്. സത്യത്തെക്കുറിച്ച് ഗുരുദേവൻ ശ്രീനാരായണ സ്മൃതിയിൽ ഉപദേശിക്കുന്നത്, 'സത്യം സനാതനമായ ബ്രഹ്മമാകുന്നു; ലോകം നിലനിൽക്കുന്നത് സത്യത്തിലാണ്; ആരും സത്യത്തിൽ നിന്ന് വ്യതിചലിക്കരുത്" എന്നാണ്. ഗുരുദേവന്റെ ഈ ഉപദേശം പോലെ തന്നെ ജീവിക്കാൻ ശ്രമിച്ച മഹാത്മാവാണ് ഗാന്ധിജി.
സത്യം ദൈവമാണെന്നു പറഞ്ഞ ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകൾ ചരിത്രപ്രസിദ്ധമാണ്. സത്യദർശിയായ ഗുരുദേവനെ ശിവഗിരിയിൽ വന്നു ദർശിക്കാൻ സാധിച്ചത് മഹത്വപൂർണമായിത്തന്നെ ഗാന്ധിജി വിലയിരുത്തി. ഗാന്ധിജിയുടെയും ഭാരതത്തിന്റെയും ചരിത്രത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചതാണ് ഇരുവരുടെയും സമാഗമം. ഗുരുദേവന്റെ മഹാസമാധിക്കു ശേഷം രണ്ടു തവണ കൂടി ഗാന്ധിജി ശിവഗിരി സന്ദർശിക്കുന്നുണ്ട്. ഗുരുദേവൻ ഗാന്ധിജിയിൽ ചെലുത്തിയ സ്വാധീനമാണല്ലോ ഇതിന് നിദാനം. ഗുരുദേവന്റെ സാർവലൗകിക മനോഭാവത്തിൽ താൻ ആകൃഷ്ടനായെന്ന് ഗാന്ധിജി പിന്നീട് തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ശിവഗിരിയിൽ
മൂന്നു തവണ
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായുള്ള സന്ദർശന വേളയിലാണ് ഗാന്ധിജിയുടെ ശിവഗിരി സന്ദർശനം. ടി.കെ. മാധവന്റെ ശ്രമഫലമായിരുന്നു വൈക്കം സത്യഗ്രഹവും ഗാന്ധിജിയുടെ ശിവഗിരി സന്ദർശനവും. ഗുരുദേവനെ സന്ദർശിക്കാൻ മഹാത്മാഗാന്ധി ശിവഗിരിയിൽ എത്തിയത് 1925 മാർച്ച് 12- നാണ്. എം.കെ. ഗോവിന്ദദാസിന്റെ 'ഗാന്ധ്യാശ്രമം" എന്ന ഭവനത്തിലാണ് കൂടിക്കാഴ്ചയ്ക്കുള്ള ഏർപ്പാടുകൾ ചെയ്തിരുന്നത്. ഗാന്ധിജി മൂന്ന് പ്രാവശ്യം ശിവഗിരി മഠം സന്ദർശിച്ചിട്ടുണ്ട്. 1925 മാർച്ച് 12 ലെ പ്രഥമസന്ദർശനം പ്രശസ്തമായി. 1934-ലും 1936-ലുമായിരുന്നു അടുത്ത രണ്ട് സന്ദർശനങ്ങൾ.
ആദ്യ സന്ദർശനത്തിൽ വർക്കലയിലെത്തിയ ഗാന്ധിജി, പകൽ പത്തു മണിയോടെ മുസാവരി ബംഗ്ലാവിലെത്തി വിശ്രമിച്ചു. ആദ്യം റീജന്റ് റാണിയെ സന്ദർശിക്കാനായി വർക്കല കൊട്ടാരത്തിലേക്കു പോയി. അതൊരു രഹസ്യ സന്ദർശനമായിരുന്നു ഏതാണ്ട് ഒന്നരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ഗാന്ധിജി വീണ്ടും മുസാവരി ബംഗ്ലാവിലെത്തി. അന്നത്തെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസായ മുസാവരി ബംഗ്ലാവാണ് ഇന്ന് വർക്കല ഗവണ്മെന്റ് ആയുർവേദ ആശുപത്രിയായി പ്രവർത്തിക്കുന്ന കെട്ടിടം. അവിടെ നിന്ന് കുറച്ചു ഫർലോങ് അകലെയുള്ള ശിവഗിരി മഠത്തിലേക്ക് വൈകിട്ട് നാലുമണിയോടെ ഗാന്ധിജി എത്തുമെന്ന വാർത്ത പരന്നതോടെ ശിവഗിരി ജനനിബിഡമായി.
സമാഗമത്തിന്
ഉത്സവച്ഛായ
ശിവഗിരി ഗാന്ധിയെ വരവേൽക്കാൻ തയ്യാറെടുത്തിരുന്നു. പരിസരമാകെ കമാനങ്ങളും തോരണങ്ങളുംകൊണ്ട് വർണ്ണാഭമായി. ശാരദാമഠം, വൈദിക മഠം, സ്വാമി മഠം ഇവയുടെ മുറ്റം, മുമ്പേ വെള്ളമണൽ വിരിച്ചിരുന്നത് വീണ്ടും ഒന്നുകൂടി മണൽവിരിച്ച് ഭംഗിയാക്കി. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി ജനപ്രവാഹത്തെ നിയന്ത്രിച്ചു. ഗുരുദേവന്റെ ഗൃഹസ്ഥ സംന്യസ്ത ശിഷ്യന്മാരായ ടി.കെ. മാധവൻ, സി.വി കുഞ്ഞുരാമൻ, പി.സി. ഗോവിന്ദൻ, എൻ. കുമാരൻ, ബോധാനന്ദ സ്വാമി, സത്യവ്രത സ്വാമി, പൂർണാനന്ദ സ്വാമി തുടങ്ങിയവരെല്ലാം നേരത്തേ തന്നെ എത്തിച്ചേർന്നിരുന്നു.
ഗുരുദേവ-ഗാന്ധിജി സമാഗമത്തിന് ആദ്യം വേദിയായത് വനജാക്ഷി മന്ദിരമാണ്. ഗുരുദേവ ശിഷ്യനായ ആലുംമൂട്ടിൽ ഗോവിന്ദദാസ്, മകൾ വനജാക്ഷിയുടെ സ്മരണാർത്ഥം പണികഴിപ്പിച്ച് സ്വാമി തൃപ്പാദങ്ങളിൽ സമർപ്പണം ചെയ്ത മന്ദിരമാണ് വനജാക്ഷി മന്ദിരം. ഇന്ന് ശിവഗിരി പ്രസ് പ്രവർത്തിക്കുന്നത് ഇവിടെയാണ്. അന്ന് 'ഗാന്ധ്യാശ്രമം" എന്നപ പേരിട്ട വനജാക്ഷി മന്ദിരത്തിൽ ഗുരുദേവനെ നേരത്തേ തന്നെ ആനയിച്ച് ഇരുത്തിയിരുന്നു. ജനക്കൂട്ടം ഒഴുകിയെത്തി. ടി.കെ. മാധവൻ ശ്രദ്ധയോടെ സകല കാര്യങ്ങൾക്കും നേതൃത്വം നല്‍കി ഉത്സാഹത്തോടെ എവിടെയും ഓടിനടക്കുകയായിരുന്നു.
സമയം മൂന്നരയോട് അടുത്തു. ഒരുസംഘം വളന്റിയർമാർ ഗുരുദേവനും ഗാന്ധിജിക്കും ജയ് വിളിച്ച് സ്തുതിഗാനങ്ങൾ പാടി, ഗാന്ധ്യാശ്രമത്തിനു (വനജാക്ഷി മന്ദിരം) മുന്നിലെത്തി. റോഡിന്റെ ഇരുവശങ്ങളിലുമായി കൈകോർത്തുപിടിച്ച് ഗാന്ധിജിക്ക് വരാനുള്ള വഴിത്താര സജ്ജമാക്കി. ഗുരുദേവനും ഗാന്ധിജിക്കും വിശിഷ്ടാതിഥികൾക്കും കരുതിയിരുന്ന ഇരിപ്പിടങ്ങൾ ഖദർ വസ്ത്രങ്ങൾ വിരിച്ചു മനോഹരമാക്കിയിരുന്നു. എൻ. കുമാരൻ, സി. വി. കുഞ്ഞുരാമൻ, കെ. അയ്യപ്പൻ, ഡോ. പി.എൻ.നാരായണൻ മുതലായവർ മഹാത്മാഗാന്ധിയുടെ ആഗമനം പ്രതീക്ഷിച്ച് സന്ദർശനഹാളിൽത്തന്നെ നിലയുറപ്പിച്ചു. ബോധാനന്ദ സ്വാമിയും സത്യവ്രതസ്വാമിയും പൂർണാനന്ദ സ്വാമിയും മറ്റും പൂമുഖത്ത് കാത്തുനിന്നു.
ചരിത്രം പിറന്ന
ആ നിമിഷം
ആദ്യമെത്തിയ കാറിൽ സി. രാജഗോപാലാചാരി ആയിരുന്നു. കൃത്യം നാലുമണിക്ക് ഗാന്ധിജിയുടെ കാർ ആശ്രമത്തിലെ വനജാക്ഷി മന്ദിരത്തിനു മുന്നിലെത്തി. ടി.കെ. മാധവൻ അതിഥിയെ സന്ദർശനഹാളിലേക്ക് നയിച്ചു. ആ സമയം മുറിയിൽ വിശ്രമത്തിലായിരുന്ന ഗുരുദേവൻ പുറത്തിറങ്ങി ഗാന്ധിജിയെ സ്വീകരിച്ചു. തുടർന്ന് സന്ദർശനഹാളിൽ സജ്ജമാക്കിയിരുന്ന ഇരിപ്പിടത്തിൽ ഗുരുദേവനും മറ്റൊന്നിൽ ഗാന്ധിജിയും ഉപവിഷ്ടരായി. പിന്നാലെ മറ്റൊരു കാർ കൂടി എത്തിയതിൽ രാമസ്വാമി നായ്കർ, രാംദാസ് ഗാന്ധി, മഹാദേവ് ദേശായി, രാമനാഥൻ എന്നിവരായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ ഗുരുദേവനും ഗാന്ധിജിയുമായുള്ള സംഭാഷണം ആരംഭിച്ചു.
ഈ സംഭാഷണം ടി.കെ. മാധവൻ ദേശാഭിമാനിയിൽ പ്രസാധനം ചെയ്തു. ഗുരുവും ഗാന്ധിയുമായി നടന്നത് ഒരു കൂടിക്കാഴ്ചയായിരുന്നതിനാൽ അതിൽ പങ്കെടുത്ത മുഴുവൻ പേരുടെയും വിവരങ്ങൾ നാമിന്ന് അറിയുന്നില്ല. ചില ഇംഗ്ലീഷ് ദിനപത്രങ്ങളുടെ റിപ്പോർട്ടർമാർ ഉണ്ടായിരുന്നുവെങ്കിലും അവരെ ആരെയും മുറിയിലേക്ക് കടത്തി വിട്ടിരുന്നില്ലെന്ന് സഹോദരൻ അയ്യപ്പൻ രേഖപ്പെടുത്തിയിട്ടുണ്ട്. 'സ്വാമിക്ക് ഇംഗ്ലീഷ് അറിയില്ല, അല്ലേ" എന്ന ചോദ്യത്തോടെയായിരുന്നു സംഭാഷണത്തിന്റെ തുടക്കം. അതിന് ഗുരു നല്‍കിയ മറുചോദ്യം, 'ഗാന്ധിജിക്ക് സംസ്കൃതം വശമുണ്ടോ?" എന്നാണെന്ന് രേഖപ്പെടുത്തിക്കാണുന്നു.
അതേസമയം, 'ഗാന്ധിജിക്ക് നമ്മുടെ ഭാഷ വശമുണ്ടോ" എന്നായിരുന്നു ഗുരുവിന്റെ ചോദ്യമെന്ന് മഠത്തിലെ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഗുരുദേവ ശൈലി അനുസരിച്ച് അതാകാനാണ് സാദ്ധ്യത. 'നമ്മുടെ ഭാഷ" എന്നതിന്, ഭാരതീയരുടെ ഭാഷ സംസ്കൃതമെന്ന് ധരിച്ചതാവാം. വിദേശത്തുള്ളതെല്ലാം ബഹിഷ്കരിച്ച് സ്വദേശിയാകണമെന്ന് ഗാന്ധിജി ഉപദേശിക്കുന്നു. ഗാന്ധിജി ചോദിച്ചത്, 'വിദേശഭാഷ" അറിയാമോ എന്നാണ്. ഗുരുവിന്റെ പ്രത്യുക്തിയിൽ ഈ വിരോധാഭാസം ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഗുരുദേവനെപ്പോലെയുള്ളവർ അതിവിശദ സ്മൃതിയാൽ അതീത വിദ്യാനിധി തെളിഞ്ഞു കിട്ടിയവരാണ് ആ അനുഭവത്തിൽ.
അന്നത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എൻ. കുമാരനായിരുന്നു ഇരുവർക്കുമിടയിലെ ദ്വിഭാഷി. ഗുരുദേവൻ മലയാളത്തിൽ പറയുന്നത് ഗാന്ധിജിക്ക് തർജ്ജമ ചെയ്തുകൊടുക്കും. ഗാന്ധിജി ഇംഗ്ലീഷിൽ പറയുന്നത് മലയാളത്തിലേക്കും. അയിത്തോച്ചാടനം, മതപരിവർത്തനം, വൈക്കം സത്യഗ്രഹം, അധ:സ്ഥിതരുടെ പുരോഗതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ചർച്ച നടന്നു. ദൗർഭാഗ്യവശാൽ അതെല്ലാം പൂർണമായി രേഖപെടുത്തിയിട്ടില്ല എന്നതാണ് സത്യം.
ഗുരുവിന്റെ
ഹൃദയഭാഷ
സംഭാഷണം തുടങ്ങി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഗുരുവിന് തർജ്ജമയുടെ ആവശ്യം വന്നില്ലെന്ന് അന്ന് അതിന് ദൃക്‌സാക്ഷിയായിരുന്ന പി.കെ. ഭാനു (സ്വാമി ധർമ്മാനന്ദജി) 'ശ്രീനാരായണ പരമഹംസൻ" എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി ഇംഗ്ലീഷിൽ പറഞ്ഞാലുടൻ തന്നെ ഗുരുദേവൻ മലയാളത്തിൽ ഭാഷണം ചെയ്യും. ഗുരുവിന് തർജ്ജമ ചെയ്തുകൊടുക്കേണ്ടി വന്നില്ല. ഗാന്ധിജിക്ക് തർജ്ജമയുടെ ആവശ്യം വേണ്ടിവരികയും ചെയ്തു. എൻ. കുമാരന്റെ തർജ്ജമയിൽ തെറ്റുവന്നാൽ, 'നാം അങ്ങനെ പറഞ്ഞില്ലല്ലോ... ഇങ്ങനെ പറയൂ" എന്ന് ഗുരു തിരുത്തി പറയുമായിരുന്നു. ഒരു ജ്ഞാനിയുടെ ഭാഷാപരിജ്ഞാനം ഇവിടെ അനുഭവപ്പെടുകയായിരുന്നു. അടുത്തകാലത്ത് ഇറങ്ങിയ 'യുഗപുരുഷൻ" എന്ന സിനിമയിൽ ഇത് നല്ലവണ്ണം ചിത്രീകരിച്ചിട്ടുണ്ട്.
ഗുരുവും ഗാന്ധിയുമായി സംഭാഷണം നടന്ന വനജാക്ഷി മന്ദിരത്തിന് ആ ദിവസത്തേക്ക് 'ഗാന്ധ്യാശ്രമം" എന്ന് പേരു നൽകുകയായിരുന്നു. കൂടിക്കാഴ്ചയ്ക്കു ശേഷം ഗുരുദേവൻ മഹാത്മജിയെയും സംഘത്തെയും ശിവഗിരിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് ശിവഗിരിയിലെത്തിയ ഗാന്ധിയും സംഘവും ശാരദാമഠത്തിൽ തൊഴുതു നമസ്കരിച്ചു. അനന്തരം, മുന്നിലെ വനജാക്ഷി മണ്ഡപത്തിൽ ഗുരുദേവനും ഗാന്ധിജിയും ഉപവിഷ്ടരായി. (വനജാക്ഷി മണ്ഡപവും ആലുംമൂട്ടിൽ ഗോവിന്ദദാസ് മകളുടെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച് സമർപ്പിച്ചതാണ്. ഈ മണ്ഡപം ഇപ്പോൾ ഇല്ല).
ഇവിടെവച്ചാണ് ജാതിയുടെ നിരർത്ഥകത ബോദ്ധ്യമാക്കികൊണ്ടുള്ള പ്രസിദ്ധമായ സംഭാഷണം നടന്നത്. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള സംഭാഷണമദ്ധ്യേ, ജാതി ഉണ്ടെന്നു സ്ഥാപിക്കുവാൻ മഹാത്മാഗാന്ധി ഒരു ശ്രമം നടത്തി. അടുത്തുനിന്ന മാവിലേക്കു ചൂണ്ടി, 'ഇതിന്റെ ഇലകൾ വ്യത്യസ്തങ്ങളാണ്. ഈ വ്യത്യാസം പ്രകൃതിയിൽ ഉണ്ടായതാണ്. അതുപോലെ മനുഷ്യർക്കിടയിലും ജാതിവ്യത്യാസമുണ്ട്. മനുഷ്യജാതി ഒന്ന് എന്നുള്ള സ്വാമിയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല" എന്ന് ഗാന്ധിജി പറഞ്ഞു.
ഭിന്നപ്രകൃതിയിലെ
ഏകസാരം
മാവിന്റെ ഇലകൾക്കുള്ള വ്യത്യാസം ഉൾക്കൊണ്ടുതന്നെ ഗുരുദേവൻ പ്രതിവചിച്ചത് ഇങ്ങനെ: 'വിഭിന്നങ്ങളെന്ന് തോന്നാവുന്ന ഓരോ ഇലയും പറിച്ച് രുചിച്ചു നോക്കിയാൽ ഒരേ രസമായിരിക്കും!" അതുപോലെ എല്ലാവരുടെയും ജാതി ഒന്നായിരിക്കും! കറുത്തവരിലും വെളുത്തവരിലും ബാഹ്യപ്രകൃതികൊണ്ട് വിഭിന്നമെന്ന് തോന്നാവുന്ന എല്ലാവരിലുമുള്ളത് ഒരേയൊരു ഗുണമാണ്- മനുഷ്യത്വം എന്ന ഗുണം. അതാണ് മനുഷ്യന്റെ ജാതി. അത് ഏകമാണ്. ഗാന്ധിജിക്ക് ഗുരുദേവന്റെ യുക്തി മനസിലായി.
ഗാന്ധിജിയിൽ അത് നവ്യമായ ചലനങ്ങൾ സൃഷ്ടിച്ചു. ഗാന്ധിജി ശിവഗിരിയിൽ ഒരു ദിവസം താമസിക്കുവാൻ തീരുമാനമെടുത്തു. തിരുവനന്തപുരത്ത് രാജാവിന്റെ അതിഥിയായി താമസിക്കുവാനായിരുന്നത്രേ നേരത്തേയുള്ള തീരുമാനം. എന്നാൽ ശിവഗിരിയിലെ ആശ്രമപ്രകൃതി ഗാന്ധിജിയെ ഏറെ ആകർഷിച്ചു. ബോധാനന്ദ സ്വാമി, സത്യവ്രത സ്വാമി, ടി. കെ. മാധവൻ, സഹോദരൻ അയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ തുടങ്ങിയ ശിഷ്യന്മാർ ഏറെ ആഭിമുഖ്യം പുലർത്തിയാണ് ഗാന്ധിജിയെ എതിരേറ്റത്.
മുൻനിശ്ചയമനുസരിച്ച് സഹോദരൻ അയ്യപ്പനുമായി സംസാരിക്കുവാൻ ഗാന്ധിജി പ്രത്യേകം സമയം അനുവദിച്ചിരുന്നു. നിശ്ചിത സമയത്ത് സഹോദരൻ ആദരവോടുകൂടി ഗാന്ധിജിയുമായി സംഭാഷണത്തിലേർപ്പെട്ടു. ഭഗവദ്ഗീത ആയിരുന്നു സംഭാഷണ വിഷയം. ഭഗവദ്ഗീതയിൽ വിധിച്ചിട്ടുള്ള യുദ്ധവും സംഹാരവും ബുദ്ധനെയും ഗുരുവിനെയും ആദർശപുരുഷന്മാരായി സ്വീകരിച്ചിരുന്ന സഹോദരൻ അയ്യപ്പന് രുചിച്ചിരുന്നില്ല. അദ്ദേഹം തുടക്കത്തിൽത്തന്നെ ഗാന്ധിജിയോട് വെട്ടിത്തുറന്ന് ചോദിച്ചു: 'നിങ്ങളുടെ കൃഷ്ണൻ ഒരു കൊലപാതകിയല്ലേ?" അയ്യപ്പന്റെ ചോദ്യം ഗാന്ധിജിയെ ചൊടിപ്പിച്ചു. 'നോൺസെൻസ്" എന്നായിരുന്നു ഉത്തരം. ആ സംഭാഷണം തുടർന്നോ എന്നറിയില്ല.
ദൈവദശകം
എന്ന ഗംഗ
വൈദിക മഠത്തിൽ വച്ച് സന്ധ്യയ്ക്ക് പ്രാർത്ഥനാ യോഗമുണ്ടായിരുന്നു. ഗുരുദേവൻ എടുത്തു വളർത്തി പഠിപ്പിച്ച കുട്ടികളും മഠത്തിലെ മറ്റ് അന്തേവാസികളും ചേർന്ന് പ്രാർത്ഥന ചൊല്ലി. ഗുരുദേവനും ഗാന്ധിജിയും പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തു. ഉപനിഷദ് പാഠങ്ങളും ഈശാവാസ്യോപനിഷത്ത് സംസ്കൃതം മൂലവും ദൈവദശകവും ആയിരുന്നു പ്രധാന പ്രാർത്ഥനകൾ. ഏറ്റവും അധ:കൃതരായി മുദ്രകുത്തപ്പെട്ടിരുന്ന പുലയ- പറയ വിഭാഗത്തിൽപ്പെട്ട കുട്ടികൾ അക്ഷരസ്ഫുടതയോടെ വേദമന്ത്രങ്ങൾ ചൊല്ലുന്നതു കേട്ട് ഗാന്ധിജി ആശ്ചര്യപ്പെട്ടു. അക്ഷരം പഠിക്കുന്ന ശൂദ്രനെ അകറ്റി നിറുത്തണമെന്നും, അവന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണമെന്നുമുള്ള സ്മൃതിവചനം ശക്തമായിരിക്കുന്ന രാജ്യത്ത് ശൂദ്രനും താഴെയുള്ള പഞ്ചമന്മാരിലെ അധ:സ്ഥിതർ വേദമന്ത്രങ്ങൾ ചൊല്ലുന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താത്തത്!
കുട്ടികൾ 'ദൈവദശകം" ചൊല്ലികേട്ടപ്പോൾ അത് ആരെഴുതിയതാണെന്നും, അർത്ഥം എന്താണെന്നും ചോദിച്ചറിഞ്ഞ മഹാത്മജി, ആ വിശ്വപ്രാർത്ഥനയുടെ മഹത്വം ഊന്നിപ്പറഞ്ഞു. അസ്പൃശ്യരെന്നു കരുതി തള്ളിക്കളഞ്ഞിരുന്ന കുട്ടികളെ ഗുരുദേവൻ വളർത്തിയെടുത്തതറിഞ്ഞ് ഗാന്ധിജി ഏറെ സന്തോഷിച്ചു. അവരെ പുണർന്ന് അനുഗ്രഹിച്ചു. അന്നു രാത്രി ഗാന്ധിജി വൈദികമഠത്തിലെ ഒരു മുറിയിൽ വിശ്രമിച്ചു. പിറ്റേന്ന് ശാരദാമഠത്തിനു സമീപം വീണ്ടുമൊരു സമ്മേളനം നടന്നു. ആ സമ്മേളനത്തിൽ ഗാന്ധിജി നടത്തിയ പ്രസംഗം നമുക്ക് ലഭ്യമാണ്. ഗുരുവിന്റെ ചില സന്ദേശങ്ങളോടുള്ള ആഭിമുഖ്യവും മറ്റു ചില സന്ദേശങ്ങളോടുള്ള വിയോജിപ്പും എടുത്തുപറയുന്നുണ്ട്. ശിവഗിരിയിൽ നൂൽ നൂൽക്കാമെന്നും ഖദർ ധരിക്കാമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടത് ഗുരു സമ്മതിച്ചതായും ഗാന്ധിജിയുടെ പ്രസംഗത്തിലുണ്ട്. രാവിലെ പത്തുമണിയോടെ ഗാന്ധിജി ശിവഗിരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |