ലണ്ടൻ: ആത്മീയ അർത്ഥത്തിൽ ഇന്ത്യയുടെ ആധുനിക ബലിഷ്ഠത ഗുരുവിൽ ഗാന്ധിജി കണ്ടു എന്ന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 100 വർഷം മുമ്പാണ് ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും കൂടിക്കാഴ്ച നടന്നത്. ഗുരുവിന്റെ ജ്ഞാനവും അതിന്റെ ആത്മീയവ്യാപ്തിയും ഗാന്ധിജിയെ ആഴത്തിൽ സ്പർശിച്ചു.
വിഭജിതവും ധ്രുവീകരിക്കപ്പെട്ടതുമായ ഇന്നത്തെ ലോകത്ത് ഗുരുവിന്റെ ഉപദേശങ്ങൾ മുമ്പെന്നത്തേക്കാളും പ്രസക്തമാണെന്നും രാംനാഥ് കോവിന്ദ് വ്യക്തമാക്കി. യു.കെയിൽ നടക്കുന്ന ശ്രീനാരായണ ഹാർമണി 2025ന്റെ ഉദ്ഘാടനം വെർച്വലായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വ്യക്തികളിലും ദൈവത്തെ കാണാനും എല്ലാത്തരം വിവേചനങ്ങളെയും നിരസിക്കാനുമാണ് ശ്രീനാരായണ ഹാർമണി ആഹ്വാനം ചെയ്യുന്നത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുവിന്റെ സന്ദേശം ധാർമ്മികമായ അനിവാര്യതയാണ്. കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള പാലമാണ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യു.കെയിലെ ശിവഗിരി ആശ്രമം എന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു.കോൺസൽ ജനറൽ ഒഫ് ഇന്ത്യ ഡോ. മുരുകൻ വെങ്കിടാചലം വിശിഷ്ടാതിഥിയായി. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ. ജി. ബാബുരാജൻ),എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഫാ. ഡേവിസ് ചിറമേൽ,ഹാർമണി കോ-ഓർഡിനേറ്റർമാരായ സതീഷ് കുട്ടപ്പൻ , ഗണേശ് ശിവൻ, എ.വി.എ ഗ്രൂപ്പ് സി.ഇ.ഒ ഡോ. എ.വി. അനൂപ്, ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ്, അഡ്വ.എബി സെബാസ്റ്റ്യൻ,ഡോ.ബിജു പെരിങ്ങത്തറ, ഡോ.സുരേഷ് കുമാർ മധുസൂദനൻ,ഡോ.വരുൺ രാധാകൃഷ്ണൻ, ഗുരുമിത്ര കൺവീനർ കലാജയൻ,ശിവഗിരി ആശ്രമം യു.കെ ബോർഡ് ട്രസ്റ്റിമാരായ സിബികുമാർ,അനിൽ ശശിധരൻ,അനിൽകുമാർ രാഘവൻ, അനീഷ് കുമാർ, ദിലീപ് വാസുദേവൻ, മധു രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ശിവഗിരി ആശ്രമം യു.കെ പ്രസിഡന്റും സേവനം യു.കെ ചെയർമാനുമായ ബൈജു പാലക്കൽ സ്വാഗതവും ആശ്രമം സെക്രട്ടറി സജീഷ് ദാമോദരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |