ഗാന്ധിജിയെ വരവേല്ക്കാൻ ശിവഗിരിയും പരിസരവും ഒരുങ്ങിയപ്പോൾ കരുതലോടെയും ശ്രദ്ധയോടെയും സുരക്ഷയൊരുക്കുവാനും ജനസഞ്ചയത്തെ നിയന്ത്രിക്കാനും വളണ്ടിയർ ക്യാപ്ടനായി നിയമിതനായത് ഗുരുദേവ ഭക്തനായ വർക്കല മൈതാനം മുണ്ടയിൽ പ്രഭാവതി മന്ദിരത്തിൽ രാമൻ കോൺട്രാക്ടർ ആയിരുന്നു. ആറടിയോളം ഉയരക്കാരനും അരോഗ്യദൃഢഗാത്രനും അച്ചടക്കബോധവുമുള്ള സൗമ്യനായ നാല്പത്തിയാറുകാരൻ രാമനൊപ്പം വളണ്ടിയർ സംഘത്തിൽ വിവിധയിടങ്ങളിൽ നിന്നായി നിരവധി സന്നദ്ധ പ്രവർത്തകർ അണിചേർന്നു.
കോൺഗ്രസിന്റെ ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇവരെ നയിക്കാൻ ഗാന്ധിയൻ കൂടിയായ രാമന് അവസരം ലഭിച്ചത് ഗുരുദേവന്റെ നിർദ്ദേശത്താലും അനുഗ്രഹത്താലുമാണെന്നും, സി.വി. കുഞ്ഞുരാമൻ, ടി.കെ. മാധവൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും രാമന്റെ കുടുബാംഗങ്ങൾ ഓർക്കുന്നു . റോഡിന്റെ ഇരുവശങ്ങളിലുമായി കൈകോർത്തുപിടിച്ച് ഗാന്ധിജിക്കായി വളണ്ടിയർ സംഘം വഴിത്താരയൊരുക്കി. ഗാന്ധിജിക്ക് ജയ് വിളിച്ച് സ്തുതിഗാനങ്ങൾ പാടിയാണ് രാമന്റെ നേതൃത്വത്തിൽ വളണ്ടിയർമാർ ഗാന്ധ്യാശ്രമത്തിൽ (വനജാക്ഷി മന്ദിരം) എത്തിയത്.
ഭാരത ചരിത്രത്തിൽ നവീനാദ്ധ്യായം കുറിച്ച ഗുരുദേവൻ- മഹാത്മാഗാന്ധി സംഗമത്തിൽ വളണ്ടിയർ ക്യാപ്ടനായതോടെ രാമൻ കോൺട്രാക്ടർ പിൽക്കാലത്ത് ഗാന്ധി രാമൻ എന്ന പേരിൽ അറിയപ്പെട്ടു. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ പൊതുവേദികളിൽ അഭിമാനത്തോടെയും ആദരവോടെയും സ്വാതന്ത്ര സമരസേനാനി കൂടിയായ ഗാന്ധി രാമനെക്കുറിച്ച് വാചാലരാകുമായിരുന്നു.
1957ൽ എഴുപത്തിയെട്ടാം വയസിൽ ഗാന്ധി രാമൻ അന്തരിച്ചു. നാണിയായിരുന്നു ഭാര്യ. വാസുദേവൻ, ബാലകൃഷ്ണൻ, ആനന്ദൻ, ധർമ്മദത്തൻ, പ്രഭാവതി, രോഹിണി, ഡോ. വിജയൻ , വിവേകാനന്ദൻ എന്നിങ്ങനെ എട്ടു മക്കൾ. ഇപ്പോൾ ജീവിച്ചിരിപ്പുള്ളത് ഇളയ മകൻ വിവേകാനന്ദൻ മാത്രം.
വനജാക്ഷി
മന്ദിരത്തിൽ
എ.കെ.ജിയും
വർക്കല: ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവും കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന എ.കെ. ഗോപാലൻ ചികിത്സയ്ക്കും വിശ്രമത്തിനുമായി 1962 കാലഘട്ടത്തിൽ വനജാക്ഷി മന്ദിരത്തിൽ താമസിച്ചിട്ടുണ്ട്. ഭാര്യ സുശീലാ ഗോപാലൻ, മകൾ ലൈല, സുശീലാ ഗോപാലന്റെ ജ്യേഷ്ഠത്തിയുടെ മകൾ ബാവ എന്നവരും ഒപ്പമുണ്ടായിരുന്നു.
കവി ഒ.എൻ.വി കുറുപ്പിന്റെ വല്യച്ഛനായ കൊല്ലം ചവറയിലെ തേവാടി നാരായണക്കുറുപ്പാണ് എ.കെ.ജിയെ ചികിത്സിച്ചത്.
സുശീലാ ഗോപാലന് വനജാക്ഷി മന്ദിരം നിർമ്മിച്ച ഹരിപ്പാട് മുട്ടത്തെ ആലുമൂട്ടിൽ എം.കെ ഗോവിന്ദദാസുമായും അദ്ദേഹത്തിന്റെ കുടുബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു. വർക്കലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കളും കോൺഗ്രസ് പ്രമുഖരുമെല്ലാം എ.കെ.ജിയുടെ സുഖവിവരം അന്വേഷിച്ച് വവനജാക്ഷി മന്ദിരത്തിൽ എത്തുമായിരുന്നു. സർ സി.പി രാമസ്വാമി അയ്യരുടെ മകനും അന്ന് കേന്ദ്രമന്ത്രിയുമായിരുന്ന സി.ആർ. പട്ടാഭിരാമനും എ.കെ.ജിയെ കാണുവാൻ വനജാക്ഷി മന്ദിരത്തിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |