ആശാ പ്രവർത്തകരുടെ സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. അവരുടെ കാര്യത്തിൽ ദുരഭിമാനം വെടിഞ്ഞ് പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരശ്രമം നടത്തുകയാണ് വേണ്ടത്. ഓണറേറിയം 7,000 രൂപ എന്നത് 21,000 രൂപയാക്കുക, അത് എല്ലാ മാസവും അഞ്ചിനു മുമ്പ് വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക, പെൻഷൻ തുടങ്ങി ന്യായമായ ആവശ്യങ്ങളാണ് ആശാ പ്രവർത്തകർ ഉന്നയിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് ഇവരുടെ ജോലിഭാരം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. തുടക്കത്തിൽ രണ്ടോ മൂന്നോ മണിക്കൂർ മാത്രം ജോലി ചെയ്താൽ മതിയായിരുന്ന ഇവർക്ക് ഇപ്പോൾ 14 മണിക്കൂർ വരെ ജോലി ചെയ്യേണ്ടുന്ന സാഹചര്യമുണ്ട്. ഇവരുടെ ഔദ്യോഗിക പ്രവൃത്തികൾ കണക്കിലെടുത്താൽ ഇപ്പോഴത്തെ ഓണറേറിയം തികച്ചും അപര്യാപ്തമാണ്. വൈദ്യുതി ചാർജ്, വീട്ടുകരം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, പെട്രോൾ, ഡീസൽ വിലവർദ്ധന തുടങ്ങി നിരവധി കാര്യങ്ങൾ പരിശോധിക്കുമ്പോൾ വെറും 7,000 രൂപകൊണ്ട് ഇവർ എങ്ങനെ ജീവിക്കുമെന്നെങ്കിലും സർക്കാർ ചിന്തിക്കേണ്ടതല്ലേ?
നിർഭാഗ്യവശാൽ, സമരക്കാരെ അപമാനിക്കാനും സമരത്തെ അടിച്ചമർത്താനുമാണ് സർക്കാരിന്റെ ശ്രമം. സി.പി.എമ്മിനും സി.ഐ.ടി.യുവിനും മാത്രമേ സംസ്ഥാനത്ത് സമരം നടത്താൻ പാടുള്ളൂ എന്നാണോ? സമരക്കാരെ ആട്ടിപ്പായിച്ചു കൊണ്ടുവന്നതാണെന്നും, ചില അരാജക സംഘടനകൾ ഇവരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണെന്നും, മാദ്ധ്യമശ്രദ്ധ കിട്ടിയപ്പോൾ സമരക്കാർക്ക് ഹരമായെന്നും മറ്റും ആക്ഷേപിക്കുമ്പോൾ ഏതു ലോകത്താണ് ഈ നേതാക്കൾ ജീവിക്കുന്നതെന്ന് സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചുപോകും.
സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാന ധന, ആരോഗ്യ വകുപ്പ് മന്ത്രിമാർ. സംസ്ഥാന സർക്കാരിന് ആശാ വർക്കർമാർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിക്കാവുന്നതേയുള്ളൂ. അതിന് ഉദാഹരണമാണ്, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഇവരുടെ ഓണറേറിയം ആദ്യമായി വർദ്ധിപ്പിച്ചത്. അത് ഞാൻ ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ്. പ്രതിമാസ ഓണറേറിയം കാലാനുസൃതം വർദ്ധിപ്പിക്കുന്നതും വിരമിക്കൽ ആനുകൂല്യം നൽകുന്നതും അടമുള്ള കാര്യങ്ങൾ ചെയ്യേണ്ടത് സംസ്ഥാന സർക്കാരാണ്. ആന്ധ്രാ ഗവൺമെന്റ് ഓണറേറിയം വർദ്ധിപ്പിക്കുകയും ഗ്രാറ്റ്യുവിറ്റിയായി ഒന്നരലക്ഷം രൂപ അനുവദിക്കുകയും പ്രസവാവധി 180 ദിവസമായി അനുവദിക്കുകയും ചെയ്തത്, ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന വാദത്തെ ഖണ്ഡിക്കുന്നതാണ്.
ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും നിയമിക്കപ്പെടുന്ന സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. അതത് പ്രദേശത്തെ സ്ത്രീകളെയാണ് ഇങ്ങനെ നിയമിക്കുന്നത്. മാതൃ, ശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക, പകർച്ചവ്യാധികൾ തടയുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുക, ജീവിതശൈലീ രോഗങ്ങൾ തടയാൻ സമൂഹത്തെ സജ്ജമാക്കുക, കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കുക... ഇങ്ങനെ ആരോഗ്യപരിപാലനത്തിൽ വളരെയേറെ സേവനങ്ങൾ ഇവർ നിർവഹിക്കുന്നു. പൊതുജനങ്ങളും ആരോഗ്യവകുപ്പും തമ്മിലുള്ള പ്രധാന കണ്ണിയാണ് ആശാ വർക്കർമാർ.
ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇവർക്ക് പിന്തുണ അർപ്പിച്ച് വലിയ സമരപരിപാടികൾ സംസ്ഥാനത്ത് നടക്കുന്നു. ആശാ പ്രവർത്തകർക്ക് ഇങ്ങനെയൊരു സമരം നടത്തേണ്ടിവന്നു എന്നത് ഇടതുസർക്കാരിനെ സംബന്ധിച്ചിടത്തോളം അപമാനമാണെന്ന് കവിയും കേരള സാഹിത്യ അക്കാഡമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദൻ അടക്കമുള്ളവർ അഭിപ്രായപ്പെട്ടു. ആശാ വർക്കർമാർക്ക് കേന്ദ്രത്തിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കേണ്ടതുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കടുംപിടിത്തം വെടിഞ്ഞ് സമരക്കാരുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |