ഈ വർഷത്തെ ബഡ‌്ജറ്റിനോടൊപ്പം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഇക്കണോമിക് സർവേ, മാനസിക ആരോഗ്യവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വ്യക്തിയുടെ കാര്യക്ഷമത കുറയ്ക്കുകയും, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത കുറയ്ക്കുകയും, അതുവഴി രാജ്യത്തിന്റെ സമ്പദ‌്‌വ്യവസ്ഥയെത്തന്നെ ബാധിക്കുകയും ചെയ്യുന്നതായി സർവേ വ്യക്തമാക്കുന്നു. ഇതോടൊപ്പം, അമിതമായ ഡിജിറ്റൽ അടിമത്തം കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും സർവേ വിശദമാക്കുന്നു.
സ്‌കൂളുകൾ അടച്ചിരിക്കുന്ന വേനലവധിക്കാലത്ത് കുട്ടികൾ അമിതമായി മൊബൈൽ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഈ അവധിക്കാലത്ത് സംഭവിക്കുന്ന ഡിജിറ്റൽ അടിമത്തം അതിന്റെ ദൂഷ്യഫലങ്ങൾ പ്രദർശിപ്പിക്കുന്നത് ജൂൺ മാസത്തിൽ സ്‌കൂൾ തുറന്നതിനു ശേഷമായിരിക്കും. അമിത ഡിജിറ്റൽ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ശ്രദ്ധക്കുറവും പെരുമാറ്റ പ്രശ്നങ്ങളും അക്രമവാസനയും ഒക്കെ യുവതലമുറയെ വല്ലാതെ ബാധിക്കുന്ന ആധുനിക കാലത്ത് ഇതിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും ധാരാളമായി നടക്കുന്നു.
കളിക്കാനുള്ള
അവകാശം
ഈയൊരു പശ്ചാത്തലത്തിലാണ് ഓൺലൈൻ ഗെയിമുകൾക്കു പകരം വീടിനു പുറത്തുള്ള കളികളും കായിക വ്യായാമങ്ങളും പ്രോത്സാഹിപ്പിക്കുക വഴി കുട്ടികളുടെ മാനസിക, സാമൂഹിക വികാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്തകളും ഉയർന്നുവരുന്നത്. ഐക്യരാഷ്ട്ര സഭയുടെ ബാലാവകാശ കൺവെൻഷന്റെ (UNCRC) 31-ാം അനുച്ഛേദം, കുട്ടികളുടെ കളിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് പ്രസ്താവിക്കുന്നുണ്ട്. കേവലം വിനോദം എന്നതിലുപരി കുട്ടിയുടെ സർവതോമുഖമായ വികാസത്തിന്
അത്യാവശ്യമാണ് കളിക്കാനുള്ള അവസരങ്ങൾ. കുട്ടികളുടെ മന:ശാസ്ത്രത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ഷോൺ പിയാഷെ, വൈഗോട്സ്‌കി, സിഗ്‌മണ്ട് ഫ്രോയിഡ് എന്നിവരെല്ലാം കുട്ടിയുടെ മാനസിക, സാമൂഹിക വികാസത്തിൽ കളിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ചെറുപ്രായത്തിൽ ഒറ്റയ്ക്കിരുന്ന് കളിക്കുമ്പോൾ കുട്ടികൾ തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ചെറിയ തോതിൽ മനസിലാക്കാൻ തുടങ്ങുന്നു.. വസ്തുക്കളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഇതിലൂടെ കുട്ടികൾക്ക് സ്വായത്തമാകും. തുടർന്ന് സമപ്രായക്കാരായ മറ്റു കുട്ടികളുമായി ചേർന്നുള്ള കളികളിലൂടെ ആശയവിനിമയവും വ്യക്തിബന്ധ വികസനവും പ്രശ്നപരിഹാരവും അടക്കമുള്ള ജീവിത നിപുണതകൾ
അനുഭവാത്മക പാഠത്തിലൂടെ കുട്ടികൾ മനസിലാക്കുന്നു. പരസ്പരം സഹകരിച്ച് മുന്നേറേണ്ടതിന്റെ പ്രാധാന്യവും ഇക്കാലത്താണ് കുട്ടികൾ തിരിച്ചറിയുന്നത്.
കളിക്കളത്തിലെ
സാമൂഹ്യപാഠം
സാമൂഹിക ശ്രേണികളെക്കുറിച്ചും അധികാര വ്യവസ്ഥിതികളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ഒക്കെ കുട്ടികൾക്ക് ധാരണയുണ്ടാകാൻ കളികൾ ഏറെ സഹായകമാണ്. തന്റെ മുൻപിൽ അവതരിപ്പിക്കപ്പെടുന്ന ഒരു വിവരത്തിന്റെ ശരി തെറ്റുകൾ വിവേചിച്ചറിയാൻ ആവശ്യമായ ഗുണദോഷ യുക്തിവിചാരം വളർത്തിയെടുക്കുന്നതിനും കളികളും അതിലൂടെ സ്വായത്തമാക്കുന്ന സാമൂഹിക ബന്ധങ്ങളും സഹായകമാകുന്നു. കളികളിലെ ജയങ്ങളും പരാജയങ്ങളുമൊക്കെ താത്കാലികമാണെന്ന തിരിച്ചറിവ് ജീവിതത്തിലെ പരാജയങ്ങളെ നേരിടാനുള്ള പ്രാപ്തി വർദ്ധിപ്പിക്കാനും ഉതകുന്നു.
കൗമാരപ്രായത്തിലേക്കു കടക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു നൽകുന്ന അമിത പ്രാധാന്യം അവരുടെ ജീവിതത്തിൽ കളികളുടെ സ്വാധീനം കുറയ്ക്കാൻ ഇടയാക്കുന്നു. ബ്രിട്ടനിലെ വെയിൽസിലും തായ്‌വാനിലും സ്കാൻഡിനേവിയൻ രാജ്യങ്ങളിലുമൊക്കെ കളി എന്നത് കുട്ടിയുടെ മൗലികാവകാശമാണ് എന്ന വസ്തുത ഊട്ടിയുറപ്പിക്കുന്ന നിയമനിർമാണങ്ങളും അവയുടെ പ്രായോഗികവത്കരണവും നടന്നു കഴിഞ്ഞു. ലോകത്തിലേറ്റവും കൂടുതൽ സന്തോഷമുള്ള മനുഷ്യർ കഴിയുന്ന സ്ഥലങ്ങളായി കരുതപ്പെടുന്ന നോർവേയിലും സ്വീഡനിലുമൊക്കെ കുട്ടികൾക്ക് സുരക്ഷിതമായ കളിക്കളങ്ങളുടെ സൗകര്യം ഉറപ്പുവരുത്തുക എന്നത് ഭരണകൂടങ്ങൾ തന്നെ ഉത്തരവാദിത്വമായി സ്വീകരിച്ചു കഴിഞ്ഞു. സ്‌കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും ഭാഗമായുള്ള കളിക്കളങ്ങൾ സ്‌കൂൾ സമയത്തിനു ശേഷവും കുട്ടികൾക്ക് യഥേഷ്ടം സുരക്ഷിതമായി രീതിയിൽ ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നിടുന്ന സംസ്‌കാരം അവിടെ ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളും ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് അടിപ്പെട്ടുപോകാതെ പുറത്തേക്കു പോയി കളിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
ആയുസ് നൽകുന്ന
സൗഹൃദങ്ങൾ
ഈ അവധിക്കാലത്തെങ്കിലും കുട്ടികളുടെ കളിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള മനോഭാവപരമായ ഒരു മാറ്റം നമ്മുടെ സമൂഹത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ കായിക വ്യായാമങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം, സ്‌കൂൾ സമയത്തിനു ശേഷം കുട്ടികൾക്ക് കളിക്കാനുള്ള സമയം ഒരുക്കുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമായി മാറുന്ന സാഹചര്യവും ഉണ്ടാകേണ്ടതുണ്ട്. ഇതിലൂടെ കളിക്കുകയെന്ന മൗലികാവകാശം കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമാക്കാനും, അതുവഴി ഇന്നത്തെ യുവതലമുറ നേരിടുന്ന സാമൂഹിക വിച്ഛേദനം എന്ന ദുരന്തത്തിനു കൂടി പരിഹാരം കണ്ടെത്താനും നമുക്ക് സാധിക്കും.
കുട്ടികൾ അവരവരുടെ ഡിജിറ്റൽ ലോകത്തേക്ക് ഒറ്റപ്പെട്ടു പോകാതെ മറ്റുള്ളവരോടൊപ്പം ഇടപെട്ട് ഒരു സാമൂഹികജീവിയായി മാറി സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള ശേഷിയും, പരാജയങ്ങളുമായി പൊരുത്തപ്പെടാനുള്ള നിപുണതകളും ആർജ്ജിച്ചടുക്കാനും, ആരോഗ്യകരമായ സൗഹൃദങ്ങളുടെ തണലിൽ സ്വന്തം ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്ന അവസ്ഥ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും വികസിപ്പിക്കുന്ന വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരമാണ് ഒരു മനുഷ്യന്റെ ആയുർദൈർഘ്യം
ഏറ്റവും കൂടുതൽ വർദ്ധിപ്പിക്കുന്നതെന്ന് ഹാർവാർഡ് മനുഷ്യ വികസന പഠനം വെളിപ്പെടുത്തുന്നു. ഈ ആശയം ഉൾക്കൊണ്ട്, നമ്മുടെ കുട്ടികൾക്കും ആരോഗ്യവും സന്തോഷവുമുള്ള ദീർഘായുസ്സ് ഉറപ്പുവരുത്താൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.
കളിച്ചു നേടാം
ബുദ്ധി, ശ്രദ്ധ!
ഒരു ട്യൂഷനിൽ നിന്ന് മറ്റൊരു ട്യൂഷനിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കുട്ടികളുടെ മാനസിക ആരോഗ്യം താറുമാറാകുന്നതിൽ അതിശയമില്ല. എന്നാൽ ദിവസേന ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശംകൊണ്ട് കായിക വ്യായാമത്തിൽ ഏർപ്പെടുന്ന കൗമാരപ്രായക്കാർക്ക് ഒട്ടേറെ ഗുണങ്ങളുണ്ടാകും. തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തു വർദ്ധിക്കുന്നതു മൂലം ഇവരുടെ ശ്രദ്ധയും ഏകാഗ്രതയും മെച്ചമായിരിക്കും. തലച്ചോറിലെ എൻഡോർഫിനുകളുടെ അളവ് കൂടുതലാകുന്നതിനാൽ അവർ കൂടുതൽ ഉല്ലാസവന്മാരായിരിക്കും.
തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതു മൂലം അവർ കൂടുതൽ ഊർജ്ജസ്വലരായിരിക്കും. നിരന്തരം സൂര്യപ്രകാശം കൊള്ളുന്നതു മൂലം രക്തത്തിലെ വൈറ്റമിൻ ഡി- യുടെ അളവ് കൂടി നിൽക്കുന്നത് അവരുടെ കായികക്ഷമതയും രോഗപ്രതിരോധശേഷിയും വിജ്ഞാന വിശകലനശേഷിയും വർദ്ധിക്കാൻ കാരണമാകുകയും ചെയ്യും. ആധുനിക ലോകത്തിന്റെ ഭാഗമായ നഗരവൽക്കരണവും അതിന്റെ ഫലമായി ഉണ്ടായ അന്തരീക്ഷ മലിനീകരണവും, പൊതു ഇടങ്ങളുടെ കുറവും ഡിജിറ്റൽ വിപ്ലവത്തിന്റെ സ്വാധീനവുമൊക്കെ കുട്ടികളുടെ ജീവിതത്തിൽ കളിയുടെ സ്വാധീനം കുറയ്ക്കാൻ കാരണമായിട്ടുണ്ട്.
(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |