അരപ്പാന്റിട്ട അങ്കിളുമാരുടെയും ആന്റിമാരുടെയും കൂടെ നടക്കാനിറങ്ങുന്ന ശ്വാനസുന്ദരന്മാരും സുന്ദരിമാരുമുണ്ടാക്കുന്ന ഗുലുമാലുകൾ കൂടിവരുന്നു. അലക്‌സാണ്ടർ, നെപ്പോളിയൻ എന്നൊക്കെയാണ് പട്ടിക്കുട്ടന്മാരുടെ പേരെങ്കിലും സ്വഭാവം മാറാത്തതാണ് പ്രശ്‌നം. വികൃതി കാട്ടുന്ന 'കുട്ടന്മാരെ" ആരെങ്കിലും എന്തെങ്കിലും പറഞ്ഞുപോയാൽ ആന്റിമാരുടെ വിശ്വരൂപം കാണാം. എറണാകുളം നഗരത്തിൽ സായാഹ്ന സവാരിക്കിറങ്ങിയ ഒരു ആന്റിക്കൊപ്പം ഉണ്ടായിരുന്ന പട്ടിക്കുട്ടന് ഓട്ടോസ്റ്റാൻഡിൽ എത്തിയപ്പോൾ ഒരു 'ശങ്ക". സ്വാഭാവികം. ആർക്കും എവിടെവച്ചും ശങ്കയുണ്ടാകാം. കുട്ടനൊട്ടും വൈകിയില്ല, കാൽ ചെരിച്ചുവച്ച് ആദ്യംകണ്ട ഓട്ടോയിൽ ഒരൊന്നൊന്നര പ്രയോഗം നടത്തി. തുടച്ചു വെടിപ്പാക്കിയിട്ടിരുന്ന ഓട്ടോയിൽ 'കുട്ടന്റെ" പനിനീരഭിഷേകം കണ്ട് ചങ്കു തകർന്ന ഓട്ടോക്കാരൻ ഗർജിച്ചുകൊണ്ട് എടുത്തുചാടി. അടുത്തുള്ള തട്ടുകടയിലിരുന്ന കക്ഷി ചായയും ഉണ്ടമ്പൊരിയും തട്ടുകയായിരുന്നു. ചാട്ടത്തിനിടെ രണ്ടും വഴിയിൽ ഉപേക്ഷിച്ചു. ഇതിനിടെ ഒരു 'സംസ്‌കൃത" പദത്തിന്റെ അകമ്പടിയോടെ ശ്വാനസുന്ദരനെ പട്ടീ എന്നു നീട്ടിവിളിക്കാനും മറന്നില്ല. അതോടെ ആന്റി പുപ്പുലിയായി. നെപ്പോളിയനെ പട്ടിയെന്നു വിളിക്കുന്നോ എന്നായി ചോദ്യം. പൊക്കം കുറഞ്ഞ ഇനത്തിൽപ്പെട്ട 'നെപ്പോളിയൻ" ശങ്കതീർത്താൽ ഓട്ടോയുടെ ഉള്ളിലെത്തില്ലെന്നായിരുന്നു നിരീക്ഷണം. ലേശം മൂത്രമല്ലേയുള്ളൂ, ഒരു ടിഷ്യൂ പേപ്പർകൊണ്ട് തുടച്ചാൽ പോരേയെന്നും വിശദീകരിച്ചു. അതോടെ കൺട്രോളുപോയ ഓട്ടോക്കാരൻ കല്ലെടുത്ത് പട്ടിക്കുട്ടനെ ഉന്നംവച്ചതും ആന്റി ഫോണെടുത്ത് ആരെയോ വിളിക്കാൻ തുരുതുരെ 'കുത്താൻ" തുടങ്ങി. പൊലീസിനെയാണോ എന്നു ശങ്കിച്ച് ഓട്ടോക്കാരൻ കല്ല് താഴെയിട്ടു. പ്രശ്‌നം നീണ്ടുപോയാൽ ഓട്ടം മുടങ്ങുമെന്ന് മറ്റ് ഓട്ടോക്കാർ ഉപദേശിച്ചു. ഒരു കപ്പ് വെള്ളമെടുത്ത് കക്ഷി ഓട്ടോ കഴുകാൻ തുടങ്ങിയതോടെ ആന്റിയും പട്ടിക്കുട്ടനും ഹാപ്പിയായി. ഇതിലേതാണ് പട്ടിയെന്ന ഓട്ടോക്കാരന്റെ ആത്മഗതം ആന്റി കേട്ടതായി ഭാവിച്ചില്ല. അതാണ് മാന്യ വനിതകളുടെ പ്രത്യേകത.
ഗൾഫിൽ
ഗജകേസരിയോഗം
ഗൾഫിലെ ചില മലയാളി കുടുംബങ്ങളിലും രാജയോഗമുള്ള ശ്വാനസുന്ദരിമാരെയും സുന്ദരന്മാരെയും കാണാം. ഫുട്പാത്തിൽ ഇവ കാര്യം സാധിച്ചാൽ ഉടൻ ക്ലീൻ ചെയ്യാൻ ആന്റിമാരുടെ കൈയ്യിൽ ടിഷ്യൂ പേപ്പറും സ്‌പ്രേയുമുണ്ട്. കുരയ്ക്കുന്ന ഉടമകളോ കടിക്കുന്ന നായ്ക്കളോ അവിടെയില്ല. ശ്വാനന്മാർക്കും ഗൾഫുകാരുടെ അതേസ്വഭാവം. പ്രതികരണം തീരെയില്ല. ആരെക്കണ്ടാലും വാൽ താഴേക്കു വളച്ചു ബഹുമാനം കാണിച്ചുകളയും. നായ്ക്കളുടെ ക്ഷീണമകറ്റാൻ സാൻവിച്ച്, ചിപ്‌സ്, ബൂസ്റ്റിട്ട പാൽ തുടങ്ങിയവ കൊണ്ടുവരുന്നവരുമുണ്ട്. പിന്നിൽ ഇതെല്ലാം കണ്ട് കൊതിയോടെ ഭർത്താക്കന്മാരും.
കഠിന പരീക്ഷണങ്ങൾ നേരിടുന്നവരാണ് ഗൾഫിലെ അങ്കിളുമാർ. ബാച്ചിലർ ജീവിതമെന്ന രാജയോഗം വിവാഹത്തോടെ തീർന്നതായി പലരും സ്വകാര്യ സദസുകളിൽ പരിതപിക്കാറുണ്ട്. മുന്നോട്ടു കുതിക്കുന്ന കുടവയറിനു പിന്നാലെ ഓടുന്ന അങ്കിളുമാരെ നന്നാക്കിയെടുക്കാൻ ആന്റിമാർ കർശന നടപടികൾ സ്വീകരിക്കുന്നു. ഭക്ഷണം വെട്ടിച്ചുരുക്കുക, രാവിലെ ഓടിക്കുക, ജിമ്മിൽ പറഞ്ഞയയ്ക്കുക എന്നിവയാണ് ക്രൂരവിനോദങ്ങൾ.
പീഡനം സഹിക്കാനാവാതെ പതിവ് ഓട്ടക്കാരായ അങ്കിളുമാർ ഒരു തീരുമാനമെടുത്തു. ഓട്ടം വെട്ടിച്ചുക്കി ഹോട്ടലിൽനിന്ന് നന്നായി ഭക്ഷണം കഴിച്ച് ഒന്നുമറിയാത്തപോലെ വീട്ടിലെത്തുക. സംഭവം വൻവിജയമായി. അങ്ങനെ വൈകുന്നേരങ്ങളിലും ഓട്ടം തുടങ്ങി. ഓട്ടത്തിനുശേഷം വീര്യമുള്ള ലേശം പാനീയം സേവിച്ച് ഹോട്ടലിൽ നിന്നു കാര്യമായി ഭക്ഷണം കഴിച്ച് വീട്ടിലെത്തിയവർ ഒന്നും കഴിക്കാതെ കിടക്കുന്നതു കണ്ട് പല ആന്റിമാരും സങ്കടപ്പെട്ടു. ആരോഗ്യകാര്യത്തിൽ ഇങ്ങനെയുണ്ടോ ശുഷ്‌കാന്തി എന്നു വീട്ടുകാരെ അറിയിച്ചവരുമുണ്ട്. ഇങ്ങനെ പോയാൽ അതിയാൻ എല്ലും തോലുമായിപ്പോകുമോ എന്ന് ആശങ്കപ്പെട്ടവരുമേറെ. പക്ഷേ, ആശങ്ക വെറുതെയായി.
മാസങ്ങളോളം ഓടിയിട്ടും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ കുടവയർ കൂടുതൽ ജിമ്മനായി. ഇതിന്റെ ഗുട്ടൻസ് അറിയാൻ ആന്റിമാർ സഭകൂടി ഒടുവിൽ ഒരു വഴി കണ്ടെത്തി. അങ്കിളുമാർക്കൊപ്പം ഓടുക. ഒരു ബലത്തിന് പട്ടിക്കുട്ടന്മാരെയും ഒപ്പംകൂട്ടി. ഈ കൂട്ടയോട്ടം രസകരമായ കാഴ്ചയായിരുന്നു.
കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഓട്ടമൊരു രസമുള്ള ഏർപ്പാടല്ലെന്നു മനസിലായി. അതോടെ ഒരു റൗണ്ട് ഓടിയശേഷം സിമന്റുബെഞ്ചുകളിലിരുന്ന് ആന്റിസഭ നാട്ടുവിശേഷങ്ങൾ പങ്കുവച്ചു. ഈ ഗ്യാപ്പിൽ അങ്കിളുമാർ ഗ്രൗണ്ടിന്റെ മറുവശത്തുള്ള ഹോട്ടലിൽനിന്ന് വേണ്ടെതെല്ലാം കഴിച്ച് ഡബിൾ സ്ട്രോംഗ് ആയി. കുശാലായി ഭക്ഷണം കഴിച്ച് തളർന്നെത്തുന്ന ഭർത്താക്കന്മാരുടെ സിംഗിൾ പായ്ക്ക് ബോഡി പിന്നീടവർക്കൊരു കുറവായി തോന്നിയില്ല. പ്രേംനസീറിനു പോലും ഉണ്ണിക്കുടവയർ ഉണ്ടായിരുന്നു എന്നു നിരീക്ഷിച്ച ആന്റിമാരുണ്ടത്രേ. ഇതൊക്കെയാണെങ്കിലും ഒരു കാര്യവും ശാശ്വതമല്ല എന്ന പ്രപഞ്ചസത്യം ബാക്കി നിൽക്കുന്നു. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരുന്നില്ലെങ്കിൽ പിടിവീഴും. സ്‌നേഹത്തിലും ത്യാഗത്തിലുമെല്ലാം പുരുഷന്മാർ ഒരുപടി മുന്നിലാണെന്ന് ഈ അങ്കിളുമാർ തെളിയിച്ചു. കുടവയറിന്റെ പേരിൽ ഭാര്യയെ ഒരിക്കൽപ്പോലും കളിയാക്കിയിട്ടില്ലെന്ന് വീര്യമുള്ള സഭകളിൽ ഇവർ പരസ്പരം മനസുതുറന്ന് പൊട്ടിക്കരഞ്ഞു. പറഞ്ഞിരുന്നെങ്കിൽ അങ്കിളുമാരുടെ ശിക്ഷ ഓട്ടത്തിൽ ഒതുങ്ങുമായിരുന്നില്ല.
കടിക്കാത്ത സത്യങ്ങൾ
മക്കളെല്ലാം വിദേശത്തായ കാലത്ത് നായ്ക്കളുടെ സ്ഥാനം പട്ടിക്കൂട്ടിൽനിന്ന് വീട്ടിലേക്കു മാറി. ദേഷ്യപ്പെട്ടാലോ തല്ലിയാലോ കുരയ്ക്കുകയോ കടിക്കുകയോ ഇല്ല. നായ്ക്കൾക്ക് മക്കളായി സ്ഥാനക്കയറ്റംകിട്ടി. ടോയ്‌ലറ്റ് അറ്റാച്ച്ഡ് ബെഡ്‌റൂമുള്ള പരിഷ്‌കാരികളുമുണ്ട്. വീട്ടുകാരോടൊപ്പം പതിവായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഭാഗ്യശാലികളും കുറവല്ല. വിദേശ ബ്രീഡുകളുടെ കടന്നുകയറ്റത്തിൽ കുടിയിറക്കപ്പെട്ട നാടൻ നായ്ക്കൾക്കും പ്രിയമേറുകയാണ്. എന്തും കഴിക്കുമെന്നതിനാൽ പരിചരണത്തിന് ചെലവ് കുറവ്. സ്‌നേഹത്തിൽ ഒരു കുറവുമില്ലതാനും. പൂച്ചകളുടെ ഗ്ലാമർ ലേശം കുറഞ്ഞെന്നാണ് റിപ്പോർട്ട്. വീട്ടുകാർക്ക് പ്രത്യേകിച്ചൊരു ഗുണവും ഇല്ലെങ്കിലും കാരണവരുടെ ഭാവമാണത്രേ. ഞാനും പുലിച്ചേട്ടനും ഒരു ഫാമിലിയാണന്നാണ് ഭാവം. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ കടിയോ മാന്തലോ കിട്ടിയേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |