ഷിംല: മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷമാവുകയാണ്. ഇതിനിടെ ഒരു നായയുടെ കുരകേട്ട് 67 പേരുടെ ജീവൻ രക്ഷപ്പെട്ടതിന്റെ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജൂൺ 30ന് അർദ്ധരാത്രി ഒരുമണിയോടെയുണ്ടായ പ്രളയത്തിൽ മാണ്ഡിയിലെ സിയാതി എന്ന ഗ്രാമം മുഴുവനോടെ വെള്ളത്തിനടിയിലായിരുന്നു. ഇതിനിടെ തന്റെ നായ 67 പേരുടെ ജീവൻ രക്ഷിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സിയാതിയിലെ താമസക്കാരനായ നരേന്ദ്ര.
'പ്രളയത്തിന് തൊട്ടുമുൻപായി വീട്ടിലെ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ ഉച്ചത്തിൽ കുരയ്ക്കാനും ഓരിയിടാനും ആരംഭിച്ചു. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു ഇത്. കുര കേട്ട് ഞാൻ എഴുന്നേറ്റ് നായയുടെ അരികിലേയ്ക്ക് ചെന്നു. അപ്പോഴാണ് വീടിന്റെ ചുമരിൽ വിള്ളൽ വീണിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതിലൂടെ വെള്ളം അകത്തേയ്ക്ക് വരാനും ആരംഭിച്ചിരുന്നു. തുടർന്ന് ഞാനും നായയും താഴെ എത്തി എല്ലാവരെയും വിളിച്ചുണർത്തുകയായിരുന്നു'- നരേന്ദ്ര വെളിപ്പെടുത്തി.
ശേഷം നരേന്ദ്ര മറ്റ് ഗ്രാമവാസികളെക്കൂടി വിളിച്ചുണർത്തുകയും ഗ്രാമീണർ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ഗ്രാമത്തെ ഒന്നടങ്കം വിഴുങ്ങി മണ്ണിടിച്ചിൽ ഉണ്ടായത്. 12ൽ അധികം വീടുകൾ മണ്ണിനടിയിലായി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ കഴിഞ്ഞ ഏഴ് ദിവസമായി ത്രിയംബള ഗ്രാമത്തിലെ നൈന ദേവി ക്ഷേത്രത്തിൽ അഭയം തേടിയിരിക്കുകയാണ്. ദുരന്തബാധിതർക്ക് ധനസഹായമായി 10,000 രൂപ നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |