SignIn
Kerala Kaumudi Online
Tuesday, 29 July 2025 5.56 PM IST

വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും

Increase Font Size Decrease Font Size Print Page
k-sudhakaran

'വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം" മലയാളത്തിന്റെ മഹാകവി ഒ.എൻ.വി കുറുപ്പ് ചില്ല് എന്ന മലയാള ചിത്രത്തിന് വേണ്ടി എഴുതിയ കാവ്യാത്മകമായ ഈ വരികൾക്ക് എന്തൊരു കാലിക പ്രസക്തിയാണ്. ആറ്റുനോറ്റിരുന്ന് യാഥാർത്ഥ്യത്തിലേക്ക് എത്തിയ കെ.പി.സി.സി നേതൃമാറ്റം കഴിഞ്ഞപ്പോൾ പാടാനറിയുന്നവരും പറയാൻ മാത്രം അറിയുന്നവരും മൂളിപ്പാട്ടിൽ സായൂജ്യം കണ്ടെത്തുന്നവരുമായ എല്ലാ കോൺഗ്രസ് നേതാക്കളും ആവർത്തിക്കുന്നത് ഈ വരികളാണ്. എം.പിമാരായ ബെന്നി ബഹനാനോ ആന്റോ ആന്റണിയോ കൊടിക്കുന്നിൽ സുരേഷോ, എം.പി അല്ലാത്ത കെ.മുരളീധരനോ, എം.എൽ.എ ആയ റോജി എം. ജോണോ ആരാണ് നല്ല പാട്ടുകാരെന്നത് കോൺഗ്രസിലെ സംഗീതാസ്വാദകർക്ക് മാത്രം അറിയുന്ന കാര്യമാണ്. പക്ഷെ സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന് ഏറെ പ്രിയങ്കരം ഗർഷോം എന്ന ചിത്രത്തിന് വേണ്ടി റഫീഖ് അഹമ്മദ് രചിച്ച 'പറയാൻ മറന്ന പരിഭവങ്ങൾ' എന്ന ഗാനമാണ്. സംഗീതം പഠിക്കേണ്ട സമയത്ത് കളരി പഠിക്കാൻ പോയതിനാൽ,​ സാധകം ചെയ്യാത്ത സുധാകരൻ സാധാരണ പാടാറില്ല,​ പറയാറേ ഉള്ളു. ഇന്നലെയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം പറഞ്ഞു,​ പറയാൻ മറന്ന പരിഭവങ്ങൾ.

'തെറ്റല്ല, പക്ഷെ

ശരിയുമല്ല "

കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിലുള്ള പരിഭവങ്ങളാണ് അദ്ദേഹം വിശദമാക്കിയത്. സാധാരണഗതിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാത്രം പറയാറുള്ള വൈരുദ്ധ്യം നിറഞ്ഞൊരു സിദ്ധാന്തവും സുധാകരൻ നിരത്തി. തന്നെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയത് തെറ്റല്ല, പക്ഷെ ശരിയുമല്ല. തെറ്റിനും ശരിയ്ക്കുമിടയിലെ സങ്കീർണ്ണതയെന്തെന്ന് എത്ര ആലോചിച്ചിട്ടും കേട്ടു നിന്നവർക്ക് പിടികിട്ടിയുമില്ല. ഏറെക്കാലമായി കേൾക്കുന്നതാണ് കെ.പി.സി.സി നേതൃമാറ്റം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും എത്താനിരിക്കെ,​ സംസ്ഥാനത്ത് കോൺഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നേതൃത്വത്തിൽ ചില്ലറ മാറ്റം വരുത്തുമെന്നാണ് കേട്ടിരുന്നത്. ഇപ്പൊ ചക്ക വീഴുമെന്നും മുയലു ചാവുമെന്നും കണക്ക് കൂട്ടി കുറെക്കാലം നേതാക്കളും പ്രവർത്തകരുമിരുന്നിട്ടും ഗണപതി കല്യാണം പോലെ നീണ്ടുനീണ്ടുപോയി. ഓരോ തവണ ഉറങ്ങി ഉണർന്നു നോക്കുമ്പോഴും പ്രസിഡന്റു സ്ഥാനത്തു നിന്ന് ചാനലുകാർ തന്നെ മാറ്റുന്നതാണ് കാണാറുണ്ടായിരുന്നത്. ഒടുവിൽ സുധാകരനും മടുപ്പായി.

അങ്ങനെയിരിക്കെയാണ് ഡൽഹിയിൽ നിന്ന് ഒരു വിളി വരുന്നത്. അതും ഇവിടെ യു.ഡി.എഫിന്റെ നിർണ്ണായക യോഗം നടക്കുന്ന മുഹൂർത്തത്തിൽ. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും കെ. സുധാകരനോട് എന്താണ് പറഞ്ഞതെന്ന് അദ്ദേഹത്തിനും അവർക്കും മാത്രമേ അറിയൂ. പക്ഷെ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള സുധാകരന്റെ ശരീരഭാഷയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ അഭിപ്രായപ്രകടനങ്ങളുമെല്ലാം,​ തന്റെ കസേരയ്ക്ക് ഒട്ടും ഇളക്കമുണ്ടാവില്ലെന്ന മട്ടിലായിരുന്നു. പക്ഷെ തൊട്ടടുത്ത ദിവസം അദ്ദേഹം പറഞ്ഞ ചില വാക്കുകൾ മാറ്രത്തിന്റെ സൂചന നൽകുന്നതുമായിരുന്നു. പാർട്ടിയിൽ തന്നെ മൂലയ്ക്കിരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അവരെ തൊട്ടുകാണിക്കാം,​ പക്ഷെ ആരാണെന്ന് പറയില്ലെന്നും മറ്റുമാണ് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഏതായാലും ഈ കൂട്ടിക്കുഴയ്ക്കലുകൾക്കിടയിൽ എ.ഐ.സി.സിയുടെ പ്രഖ്യാപനം വന്നു, സുധാകര പടിയിറക്കം യാഥാർത്ഥ്യമായി. കെ.പി.സി.സി അദ്ധ്യക്ഷ കസേരയിൽ നിന്നിറക്കിയെങ്കിലും പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി കയറ്റി എന്നതാണ് സുധാകരന് കിട്ടിയ നേട്ടം.

അതോടെ കെ.പി.സി.സിയുടെ മുക്കിലും മൂലയിലും നിന്ന് ചില ഞരക്കങ്ങളും മൂളലുകളും കേട്ടു. സുധാകരനെ മാറ്റേണ്ടിയിരുന്നില്ലെന്ന് കെ. മുരളീധരനും പറയുന്നത് കേട്ടു. ഇതല്ലാതെ ദുഷ്ടബുദ്ധികൾ പ്രതീക്ഷിച്ച പോലുള്ള പൊട്ടലും ചീറ്റലും ബോധക്ഷയങ്ങളുമൊന്നും എവിടെയുമുണ്ടായില്ല. പൊടുന്നനെയുള്ള പ്രഖ്യാപനത്തിന് പിന്നാലെ സുധാകരനും അല്പം മൗനത്തിലായിപ്പോയി. അദ്ധ്യക്ഷ പദവിയിൽ നിന്ന് അദ്ദേഹത്തെ പിടിച്ചിറക്കിയതുപോട്ടെ, അദ്ദേഹത്തിന്റെ കൈവിരൽ പിടിച്ചു നടന്നയാളെ അതേ കസേരയിൽ കയറ്റി ഇരുത്തിയാൽ എങ്ങനെ താങ്ങാനാവും. ഇവിടെയാണ് വീണ്ടും സുധാകരന്റെ മനസ് വിതുമ്പിയത്.

മെച്ചപ്പെട്ട

പ്രവർത്തനകാലം

കോൺഗ്രസ് എന്നത് ദേശീയ പാർട്ടിയാണ്. അതിന് അതിന്റേതായ ചട്ടങ്ങളും രീതികളും പരിപാടികളുമൊക്കെയുണ്ട്. അതിൽ പുറമെ നിന്ന് ആരെങ്കിലും ഇടപെടേണ്ട കാര്യമില്ല, അത് ശരിയുമല്ല. പൊന്നുരുക്കുന്നിടത്ത് പൂച്ച എത്തേണ്ടതില്ലല്ലോ. പക്ഷെ എന്തു കാര്യത്തിലും സാമാന്യമായി പുലർത്തേണ്ട ചില യുക്തികളുണ്ട്.

ആരെല്ലാം എന്തെല്ലാം പറഞ്ഞാലും കോൺഗ്രസിനുള്ളിൽ വലിയ ചേരിപ്പോരുകളില്ലാതെ, അഥവാ ഉണ്ടെങ്കിൽ തന്നെ പൊതുമദ്ധ്യത്തിലേക്ക് എത്തിക്കാതെയാണ് കഴിഞ്ഞ നാലുവർഷം പോയത്. ഇതിനിടെ ഉപതിരഞ്ഞെടുപ്പും, ലോക്സഭാ തിരഞ്ഞെടുപ്പും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളും വന്നു. ഇതിലെല്ലാം തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും സാധിച്ചു. എല്ലാവരും ഒത്തൊരുമിച്ച് നിന്നതിന്റെ ഫലമാണ് അതെല്ലാം എന്നത് പരമമായ സത്യവുമാണ്. എങ്കിലും ഇതിന്റെയെല്ലാം മേൽനോട്ടക്കാരനായി ഉണ്ടായിരുന്നത് സുധാകരനായിരുന്നല്ലോ. ആ പരിഗണന വച്ച് , കുറഞ്ഞ പക്ഷം അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വരെയെങ്കിലും കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ തുടരാൻ അദ്ദേഹത്തെ അനുവദിക്കാമായിരുന്നു. വേവുവോളം ഇരിയ്ക്കാമെങ്കിൽ പിന്നെ ആറുവോളം ഇരുന്നാലെന്ത്? തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന പ്രകടനം യു.ഡി.എഫിന് നടത്താൻ സാധിച്ചാൽ അഭിമാനത്തോടെ ആയേനേ സുധാകരന്റെ പടിയിറക്കം. തിരഞ്ഞെടുപ്പ് ഫലം അഥവാ മോശമായാൽ അദ്ദേഹത്തെ മാറ്റാൻ അതൊരു കാരണവുമാക്കാമായിരുന്നു. പക്ഷെ ഇങ്ങനെ പറയാനും കേൾക്കാനും പ്രത്യേകിച്ച് ഒരു കാരണമില്ലാത്തപ്പോൾ ഒന്നും പറയാതെ അദ്ദേഹത്തെ നിഷ്കാസിതനാക്കിയത്, എന്തിന്റെ പേരിലായാലും അത്ര ഉചിതമായില്ല എന്ന് ചിന്തിച്ചാൽ തെറ്റുപറയാനാവുമോ.

പകരം വന്നവർ മോശക്കാരെന്ന് ഇതിന് അർത്ഥമില്ല. എല്ലാവരും കഴിവുള്ളവർ തന്നെയാണ്. ഈ മനോവിഷമങ്ങൾ അടക്കി വയ്ക്കാനാവാതെ സുധാകരൻ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അദ്ദേഹത്തെ പഴിക്കാനാവുമോ. ഇപ്പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ അച്ചടക്കത്തിന്റെ ഭാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ന്യായമാവുമോ. സംഘടനയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും വേണ്ടി ഏറെ പണിയെടുത്ത ജനപിന്തുണയുള്ള ഒരു നേതാവല്ലെ സുധാകരൻ.

ഇതുകൂടി കേൾക്കണേ

ഒരുപാട് പേരുടെ വിയർപ്പും അദ്ധ്വാനവും ചേരുമ്പോഴാണ് ഏതു സംഘടനയും വളരുന്നത്. പക്ഷെ ഇങ്ങനെയുള്ളവർ ഒരു ഘട്ടം കഴിയുമ്പോൾ മുഖ്യധാരയിൽ നിന്ന് നിശ്ചയമായും മാറേണ്ടിവരുന്നത് കാലത്തിന്റെ നീതി. എന്നാലും അവരുടെ സേവനങ്ങൾ അതോടെ ഇല്ലാതാവുന്നില്ലല്ലോ,

TAGS: SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.