കണ്ണൂർ: കോൺഗ്രസിന്റെ സമര സംഗമത്തിന്റെ പ്രചാരണ പോസ്റ്ററിൽ കെ. സുധാകരന്റെ ചിത്രം വയ്ക്കാത്തതിൽ അണികളുടെ പ്രതിഷേധം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.പി.സി.സി നിർദ്ദേശ പ്രകാരം കണ്ണൂരിൽ സംഘടിപ്പിച്ച സമര സംഗമ വേദിയിലായിരുന്നു പ്രതിഷേധം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, രാജ്മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയവർ വേദിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.
പരിപാടിക്ക് മുൻപ് സുധാകരന്റെ ഫോട്ടോയുള്ള കൂറ്റൻ ഫ്ളക്സും സ്ഥാപിച്ചു. സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി എന്നിവരുടെ ചിത്രമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. പോസ്റ്ററിൽ സുധാകരന്റെ ചിത്രമില്ലാത്തത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയകളിൽ സുധാകര അനുകൂലികൾ പോസ്റ്റിടുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് സുധാകരനെ ഉൾപ്പെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിരുന്നു. ചികിത്സയിലായതിനാൽ സുധാകരന് പരിപാടിക്ക് എത്താനാകില്ലെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
തൃത്താലയിലെ നേതൃ തർക്കം:
പരസ്യ പ്രതികരണം
വിലക്കി കെ.പി.സി.സി
പാലക്കാട്: തൃത്താലയിലെ വി.ടി.ബൽറാം -സി.വി.ബാലചന്ദ്രൻ തർക്കം പരിഹരിക്കാൻ കെ.പി.സി.സി ഇടപെടൽ. പരസ്യ പ്രതികരണം വേണ്ടെന്ന് ഇരുനേതാക്കൾക്കും മുന്നറിയിപ്പ് നൽകി. തൃത്താല കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന മണ്ഡലമാണെന്നും അനാവശ്യ വിവാദമുണ്ടാക്കി സാദ്ധ്യത ഇല്ലാതാക്കരുതെന്നും നേതൃത്വം വ്യക്തമാക്കി.
മുതിർന്ന നേതാവ് സി.വി.ബാലചന്ദ്രൻ മുൻ എം.എൽ.എ വി.ടി.ബൽറാമിനെതിരെ പാർട്ടി വേദിയിൽ കടുത്ത വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിഭാഗീയത മറനീക്കി പുറത്തു വന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചേരിപ്പോരെന്നാണ് ആരോപണം. സി.പി.എമ്മിനു മണ്ഡലത്തിൽ സാദ്ധ്യത കുറഞ്ഞതോടെ ,ബാലചന്ദ്രൻ അവസരം ഒരുക്കി കൊടുക്കുകയാണെന്ന് ബൽറാം പക്ഷം. പ്രവർത്തകരുടെ വിമർശനമാണ് താൻ ഉന്നയിച്ചതെന്ന് സി.വി.ബാലചന്ദ്രൻ..
കഴിഞ്ഞ ദിവസം കൊഴിക്കരയിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രൻ ബൽറാമിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. നൂലിൽ കെട്ടിയിറക്കിയ നേതാവാണ് ബൽറാമെന്നും പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രൻ പറഞ്ഞു.
ഇതിന് , ചാലിശ്ശേരി ആലിക്കരയിലെ കുടുംബസംഗമത്തിൽ വി.ടി ബൽറാം മറുപടി നൽകി. കേരളം മുഴുവൻ മാറ്റത്തിന് തയാറെടുക്കുമ്പോൾ പിന്നിൽ നിന്ന് കുത്തരുത്. മാറ്റത്തിന് വേണ്ടി തൃത്താല തയാറാകുമ്പോൾ നമ്മുടെ ഇടയിൽ നിന്നുള്ള പ്രശ്നങ്ങൾ ഇതിന് തടസ്സമാകരുതെന്നും ബൽറാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |