സംസ്ഥാനത്ത് മഴ കനക്കുന്നതിനൊപ്പം ഭീതി വർദ്ധിപ്പിക്കുകയാണ് കാറ്റും ഇടിമിന്നലും. മരങ്ങൾ കടപുഴകി വീണും വെള്ളക്കെട്ടിൽ മുങ്ങിയും വെെദ്യുതാഘാതമേറ്രും നിരവധി മരണങ്ങളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഴ നിറുത്താതെ പെയ്തതോടെ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലായി നിരവധി നാശനഷ്ടങ്ങളുമുണ്ടായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ വെെദ്യുതി അപകടങ്ങളുണ്ടാകാതിരിക്കാൻ പുറത്തിറങ്ങുമ്പോഴും വീട്ടിനുള്ളിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബിയും മുന്നിട്ടിറങ്ങുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് താമരശ്ശേരി കോടഞ്ചേരിയിലാണ് സഹോദരങ്ങളായ രണ്ടു കുട്ടികൾ ഷോക്കേറ്റു മരണപ്പെട്ടത്. തോട്ടിൽ മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ വലിയ മരം ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മറിഞ്ഞു വീണതിനെ തുടർന്ന് വൈദ്യുതിലെെൻ പൊട്ടി തോട്ടിലേക്ക് വീഴുകയും അതിൽ നിന്ന് കുട്ടികൾക്ക് ഷോക്കേൽക്കുകയുമായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാദ്ധ്യതയുമുണ്ട്. അതിനാൽത്തന്നെ പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രതയും ആവശ്യമാണ്. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലേക്കും വൈദ്യുതപ്രവാഹമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്.
ജാഗ്രത കൈവിടരുത്
കാറ്റും മഴയുമുണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാദ്ധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കൃത്യമായി ഉറപ്പിച്ചു വയ്ക്കണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളോ പൊട്ടിവീഴുന്ന സാഹചര്യമുണ്ടായാൽ ഉടൻ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. മറ്റുള്ളവരുടെ സുരക്ഷയെ കരുതി പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ വർക്കുകൾ ചെയ്യാതിരിക്കുക.
പരക്കം പാഞ്ഞ് ജീവനക്കാർ
തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായത്. കോഴിക്കോട് മാത്രം ഒന്നരക്കോടിയുടെ നാശമുണ്ടായതായാണ് കണക്ക്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. വീടുകളുടെ പുറത്ത് വീണ ഇലക്ട്രിസിറ്റി വൈദ്യുത ലൈനുകൾ നീക്കം ചെയ്ത് വെെദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും കടപുഴകിയ മരങ്ങൾ നീക്കാനും അപകടകരമായി നിൽക്കുന്നവയെ മുറിച്ചുമാറ്റാനുമായി ദിവസങ്ങളായി കെ.എസ്.ഇ.ബി ജീവനക്കാർ പരക്കം പാച്ചിലാണ്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഒഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. വൈദ്യുതി തടസമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുക.
വെെദ്യുതി തടസമുണ്ടോ അറിയിക്കാം
വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെ.എസ്.ഇ.ബിയുടെ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പരിൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താം. കാറ്റിലും മഴയിലും വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും.
24 മണിക്കൂറും പ്രവർത്തിക്കുന്ന
കൺട്രോൾ റൂം നമ്പരുകൾ.
തിരുവനന്തപുരം– 9496018377
കാട്ടാക്കട – 9446008042
കൊല്ലം- 9496018381 / 9496018384
കൊട്ടാരക്കര- 9446009127 / 0474 2454558
പത്തനംതിട്ട - 9446009451
കോട്ടയം - 9496008063
പാല - 9496008230
ഹരിപ്പാട് - 9496008509
ആലപ്പുഴ - 9496008413
എറണാകുളം - 9496008862
പെരുമ്പാവൂർ - 9496008865
തൊടുപുഴ - 9496009265
തൃശ്ശൂർ- 9496009601
ഇരിങ്ങാലക്കുട - 9496009439
പാലക്കാട് - 9496009936
ഷൊർണ്ണൂർ- 9496010094
നിലമ്പൂർ- 9496012466
തിരൂർ - 9496010418
മഞ്ചേരി - 9496010273
കോഴിക്കോട് - 9496010692
വടകര- 9496010849
കൽപ്പറ്റ- 9496010625
കണ്ണൂർ - 9496011176
ശ്രീകണ്ഠാപുരം - 9496018618
കാസർകോട് - 9496011431
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |