രാഷ്ട്രീയത്തിലായാലും പൊതുരംഗത്തായാലും പ്രവർത്തിക്കുന്നവർക്ക് അത്യാവശ്യം വേണ്ടത് നിലപാടാണ്. എടുക്കുന്ന നിലപാട് എപ്പോഴും കുറ്റമറ്റതാവണമെന്നില്ല, ചില സന്ദർഭങ്ങളിൽ പാളിയേക്കാം. എന്നാലും അതിന് കൃത്യമായി കാര്യകാരണങ്ങളുണ്ടാവാം. യോജിക്കാവുന്നതായാലും വിയോജിക്കേണ്ടതാണെങ്കിലും ഇങ്ങനെ നിലപാടുള്ളവരാണ് നേതാക്കളായും നായകരായും അംഗീകരിക്കപ്പെടുക. പക്ഷെ, മറ്റു ചിലർക്ക് 'നില' തന്നെ പാടാണ്. അപ്പോൾ എങ്ങനെ നിലപാടുണ്ടാവാൻ. ഇത്തരത്തിൽ പെരുമാറ്റത്തിലും സ്വഭാവത്തിലും പുഴുക്കുത്തേറ്റവർ രാഷ്ട്രീയ, പൊതുരംഗങ്ങളിൽ ഇടപെടൽ നടത്തുമ്പോഴാണ് അത് തീർത്തും അരോചകമാവുന്നത്. ഇതൊന്നും ആരെയും ഉദ്ദേശിച്ച് പറയുന്നതല്ല, പൊതുവെ കാണുന്ന ചില കാര്യങ്ങളാണ്. എങ്കിലും ഈ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്ക് ഏതെങ്കിലും വ്യക്തികളോട് സാദൃശ്യം തോന്നിയാൽ അത് തീർത്തും യാദൃശ്ചികവും.
അൻവറിന്റെ രാഷ്ട്രീയ സംഭാവന
നിലമ്പൂർ ഉപതിരഞ്ഞെടുപ്പാണ് ചിന്താവിഷയം. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില കാരണങ്ങളാൽ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടിവരാറുണ്ട്. അതിന് ആരെയും പഴിക്കാനാവില്ല. വ്യക്ത്യാധിഷ്ഠിതമായ കാരണങ്ങളാൽ ഇത്തരം സന്ദർഭങ്ങൾ സംജാതമാവുന്നത് ഒട്ടും ന്യായീകരിക്കാനാവാത്തതാണ്. കാരണം തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് ജനം കൊടുക്കുന്ന നികുതി പണത്തിൽ നിന്ന് വേണം വഹിക്കേണ്ടത്. മാത്രമല്ല, സുപ്രധാനമായ റവന്യു, പൊലീസ് വകുപ്പുകൾ ഉൾപ്പെടെ എത്രയോ ജീവനക്കാരുടെ അദ്ധ്വാനമാണ് വേണ്ടിവരുന്നത്. ഇതെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പാഴ് വ്യായാമമാണ്. നിയമസഭാംഗത്വം രാജി വച്ച പി.വി അൻവർ എന്ന രാഷ്ട്രീയ നേതാവിന്റെ സംഭാവനയാണ് ഇപ്പോഴത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്.
കോൺഗ്രസിന്റെയും പിന്നെ ഡി.ഐ.സിയുടെയും പിന്നെ സി.പി.എമ്മിന്റെയും കൊടികൾ എന്തിനെന്നറിയാതെ പിടിച്ചു നടന്ന കൈത്തഴമ്പുള്ള നേതാവാണ് അൻവർ. രണ്ട് തിരഞ്ഞെടുപ്പുകളിൽ ഇടതു പക്ഷ പിന്തുണയോടെ അദ്ദേഹം നിയമസഭയിലുമെത്തി. പൊതുരംഗത്തും ബിസിനസ് രംഗത്തും ഒരുപോലെ സജീവമായി നിൽക്കുന്ന വ്യക്തിത്വം കൂടിയാണ്. മലകൾ പാറപ്പൊടിയാക്കുന്നതോ കുന്നിടിച്ച് കുളമാക്കുന്നതോ ഒന്നും അദ്ദേഹത്തിന് അത്ര പ്രയാസമുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ രീതി ഇതു തന്നെ. ഇടതു പക്ഷത്തിന്റെ നല്ല പിള്ളയായി ചമയുന്ന കാലം. യു.ഡി.എഫ് നേതാക്കൾക്കെതിരെ അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങൾ ചില്ലറയാണോ. ബംഗളൂരുവിൽ നിന്ന് ഇൻസുലേറ്റഡ് മീൻ വണ്ടിയിൽ നോട്ടുകെട്ടുകൾ ചാവക്കാട്ട് കൊണ്ടിറക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വേണ്ടി കൊണ്ടുവന്ന ഈ നോട്ടുകെട്ടുകൾ പിന്നീട് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നുമൊക്കെ, ഇപ്പം പൊട്ടും ഇപ്പം പൊട്ടും എന്ന മട്ടിലാണ് നിയമസഭയിൽ അദ്ദേഹം കഥ വർണിച്ചത്. അത്യാവശ്യം പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തുള്ള ആക്ഷേപമായിരുന്നെങ്കിലും ഭരണപക്ഷ അംഗങ്ങൾ അത് വേണ്ടവിധം ഏറ്റെടുത്തു കൊഴുപ്പിക്കാഞ്ഞിട്ടോ എന്തോ, എയറിലങ്ങു ലയിച്ചു.
പ്രതിപക്ഷാംഗങ്ങളാവട്ടെ ഉമ്മാക്കി കഥ കേൾക്കുന്ന ലാഘവത്തിൽ ചിരിച്ചു തള്ളി. ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അനല്പമായ അഭിമാനത്തോടെ സഭവിട്ടിറങ്ങിയ അൻവർ പ്രതീക്ഷിച്ച പോലുള്ള എഫക്ട് കിട്ടാത്തതിൽ നിരാശനുമായില്ല.
നിലപാടും നിലനിൽപ്പും
അങ്ങനെ ഭരണപക്ഷത്തിന്റെ പെറ്റായി പോകുന്നതിനിടെ ഒരു സുപ്രഭാതത്തിൽ അൻവറിന് ഒരു ഉൾവിളി. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വന്ന വാട്ടർ തീംപാർക്കിന്റെ പേരിൽ നടത്തിയ ക്രമക്കേടുകൾ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് ഉൾവിളിയുണ്ടായത്. എന്നാൽ ഉടനൊന്നും ബുദ്ധിമാനായ അദ്ദേഹം പ്രതികരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റിയ സംഭവം ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം കളി തുടങ്ങിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ക്രമേണ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത് കുമാറിനുമെതിരെ തുറന്ന യുദ്ധമായി. അതോടെ കാര്യങ്ങൾ കൈവിട്ടു. അജിത് കുമാറിന് നേരെ തുടങ്ങിവച്ച യുദ്ധം അതിരുവിട്ട് ചെന്നെത്തിയത് മുഖ്യമന്ത്രിയിലേക്കാണ്. പിന്നെ കാര്യങ്ങൾ വേഗത്തിലായിരുന്നു. ഒടുവിൽ അൻവർ ഇടതുപക്ഷത്തിന്റെ വലിയ ശത്രുവായി, നിയമസഭാംഗത്വവും രാജിവച്ചു.
സംഭവങ്ങളുടെ ഈ രത്നച്ചുരുക്കം പരിശോധിക്കുമ്പോൾ ബോദ്ധ്യമാവുന്നത് ഒരു കാര്യമാണ്, ഈ ഭിന്നതകളും മുന്നണിമാറ്റവും രാജിയുമൊന്നും 'നിലപാടുകളു'ടെ പേരിലായിരുന്നില്ല, അൻവർ എന്ന രാഷ്ട്രീയക്കാരന്റെ വ്യവസായങ്ങളുടെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. വന്യജീവിശല്യത്തിന്റെ പേരിലും പരിഷ്കരിച്ച വനം നിയമത്തിന്റെ പേരിലുമൊക്കെ താൻ ചെയ്യുന്ന ത്യാഗമായി നിയമസഭാംഗത്വ രാജിയെ അദ്ദേഹം സ്വയം വിശേഷിപ്പിച്ചെങ്കിലും 'ഉദരനിമിത്തം ബഹുകൃതവേഷം' എന്ന പരമാർത്ഥമാണ് ഇതിലെല്ലാം കാണാനാവുന്നത്.
ഓർക്കാപ്പുറത്ത്, ഒരു ഞായറാഴ്ച ദിവസം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ എല്ലാം ഒന്നുഷാറായി. തൃണമുൽ കോൺഗ്രസിന്റെ തോളിലേറി യു.ഡി.എഫ് ബഞ്ചിൽ ഇരിപ്പുറപ്പിക്കാമെന്ന് അൻവർ മോഹിച്ചു. അതിനുള്ള കരുനീക്കങ്ങൾ ത്രികാലജ്ഞാനിയായ അദ്ദേഹം കാലേകൂട്ടി തുടങ്ങുകയും ചെയ്തു. രാഹുൽ ഭക്തരായ കോൺഗ്രസ് ദേശാഭിമാനികൾ വേണ്ടുവോളമുള്ളപ്പോൾ തന്റെ മോഹം വ്യാമോഹമാവുമെന്നത് മനസിലാക്കാൻ രാഷ്ട്രീയവ്യവസായി ആയ അൻവറിന് കഴിഞ്ഞില്ല. ഏതു കോലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കി നിലമ്പൂരിൽ അവതരിപ്പിച്ചാലും താൻ പിന്തുണയ്ക്കുമെന്നൊക്കെ വമ്പു പറഞ്ഞെങ്കിലും അണ്ടിയോട് അടുത്തപ്പോൾ മാങ്ങായ്ക്ക് പുളിയായി. പുതിയ പുതിയ ഉപാധികളുമായി അൻവർ രംഗത്തിറങ്ങി.രണ്ട് കണ്ണുരുട്ടും ഒരു മുഖം കോട്ടലുമൊക്കെ കൊണ്ട് കാര്യങ്ങൾ സ്യൂട്ടാക്കാമെന്ന് അൻവർ ധരിച്ചെങ്കിലും ചക്ക കുഴയും പോലെയായി കാര്യങ്ങൾ. ഇനി എല്ലാം വരും ദിവസങ്ങളിൽ കാണേണ്ട കാഴ്ചകളാണ്.
ഇതു കൂടി കേൾക്കണേ
യു.ഡി.എഫ് ചുമതലപ്പെടുത്തിയതനുസരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അൻവർ വിഷയത്തിൽ നിലപാട് വിശദമാക്കി. പക്ഷെ തൊട്ടുപിന്നാലെ അതാ വരുന്നു അൻവറിന് പിന്തുണയുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും . ഇനി കൂട്ടപ്പൊരിച്ചിൽ കോൺഗ്രസിലാവുമെന്ന് സാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |