കൊച്ചി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ സർക്കാർ തകർത്തെന്ന് ആരോപിച്ച് 23ന് കളക്ടറേറ്റുകൾക്ക് മുന്നിൽ പ്രതിഷേധസംഗമം സംഘടിപ്പിക്കാൻ യു.ഡി.എഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ ആശങ്കകളിൽ ജനങ്ങളെ ബോധവത്കരിക്കുമെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി പറഞ്ഞു.
ആരോഗ്യമേഖലയെക്കുറിച്ച് വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ആരോഗ്യ കോൺക്ലേവും വിദ്യാഭ്യാസരംഗത്തെക്കുറിച്ച് വിദ്യാഭ്യാസ കോൺക്ലേവും സംഘടിപ്പിക്കും. മലയോര മേഖലയിലെ മനുഷ്യ - മൃഗ സംഘർഷം പരിഹരിക്കാനുള്ള നയരൂപീകരണത്തിന് ഏകദിന ശില്പശാല ആഗസ്‌റ്റിൽ സംഘടിപ്പിക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. പ്രശ്‌നങ്ങൾ മുൻകൂട്ടി പരിഹരിക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറു സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണം. സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിലാണ്. ഒരുവശത്ത് സംഘിവത്കരണവും, മറുവശത്ത് മാർക്‌സിസ്റ്റുവത്കരണവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |