വന്യജീവി സംഘർഷം രൂക്ഷമായി തുടരുമ്പോഴും, എന്തുകൊണ്ട് ഇവ കാടിറങ്ങുന്നു എന്നതു സംബന്ധിച്ച് വനംവകുപ്പിന് വ്യക്തമായ ഉത്തരമില്ല. കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല. വന്യജീവികളെ അകറ്റിനിറുത്താൻ പരമ്പരാഗതമായി ആദിവാസികൾ സ്വീകരിച്ചിരുന്ന മാർഗങ്ങളും മറ്റ് ശാസ്ത്രീയ രീതികളും പഠിക്കുന്നതിന് രണ്ട് കർമ്മപദ്ധതികൾക്ക് രൂപം നൽകിയിരുന്നെങ്കിലും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ശാശ്വത പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന ശാസ്ത്രീയ അടിത്തറയിലുള്ള പദ്ധതികളൊന്നും രൂപീകരിച്ചിട്ടുമില്ല. സംഭവങ്ങൾ ആവർത്തിക്കുമ്പോൾ നേരത്തേ നടപ്പാക്കിയ തട്ടിക്കൂട്ട് പദ്ധതികളാണ് വീണ്ടും പ്രഖ്യാപിക്കുന്നതെന്നും ആരോപണമുണ്ട്.
വനത്തിനുള്ളിൽ മതിയായ ഭക്ഷണം ലഭ്യമല്ലെന്നും അതിനാലാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സ്വാദിഷ്ടമായ ഭക്ഷണം നാട്ടിൽ സുലഭമായതിനാലാണ് ഇവ കാട്ടിലേക്ക് മടങ്ങാത്തത്. നെല്ല്, കരിമ്പ്, ചക്ക, പൈനാപ്പിൾ, കശുഅണ്ടി എന്നിവയുടെ സ്വാദ് ഇഷ്ടപ്പെടുന്ന കാട്ടാനകൾ സ്ഥലത്തു നിന്ന് മാറില്ല. മരച്ചീനി, കിഴങ്ങുവർഗങ്ങൾ എന്നിവ ലഭിക്കുന്നതിനാൽ കാട്ടുപന്നിയും കൃഷിയിടങ്ങൾ വിട്ടുപോകില്ല. സസ്യഭുക്കുകളായ മൃഗങ്ങൾ കൂടുതലും ജനവാസ മേഖലയിലായതിനാൽ കടുവ അടക്കമുള്ള മാംസഭുക്കുകളും ഈ പ്രദേശങ്ങളിലേക്ക് അടുക്കാൻ കാരണമാണ്. ഇവ കൂടാതെ നഗരങ്ങളിൽ നിന്ന് കൊണ്ടുവന്ന് തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങൾ വന്യജീവികൾക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മുമ്പ് വനപ്രദേശമായിരുന്ന ഭാഗങ്ങൾ ഇപ്പോൾ ജനവാസ മേഖലയായെങ്കിലും മൃഗങ്ങൾ തങ്ങളുടെ ആവാസ മേഖലകൾ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ഇവയെല്ലാം കണക്കിലെടുത്താണ് പത്ത് കർമ്മ പദ്ധതികൾക്ക് രൂപം നൽകിയത്. വനത്തിനുള്ളിൽ വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനും കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിനും അപകട സാദ്ധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള പദ്ധതികളാണവ. ഇവ മിക്കവയും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നവയാണ്. എന്നിരുന്നാലും വനാതിർത്തികളിൽ സോളാർ ഫെൻസിംഗ് (സൗര വേലി) സ്ഥാപിക്കൽ, വേലികെട്ടൽ, കിടങ്ങുകൾ കുഴിക്കൽ തുടങ്ങിയവ അടിയന്തര പ്രാധാന്യത്തോടെയാണ് നടപ്പാക്കുന്നതെന്നും അധികൃതർ വിശദമാക്കുന്നു.
കാടുകയറ്റാൻ
പദ്ധതി വേണം
കാടിറങ്ങിയ മൃഗങ്ങളെ തിരികെ എങ്ങനെ കാടുകയറ്റുമെന്നതു സംബന്ധിച്ച് ശാസ്ത്രീയമായ രീതിയിൽ പഠനം നടത്തുകയും ഹ്രസ്വ, ദീർഘകാല പദ്ധതികൾ നടപ്പാക്കണമെന്നുമാണ് പ്രധാന ആവശ്യം. കാടുവിട്ട് ജനവാസ കേന്ദ്രങ്ങളിൽ ജീവിക്കുന്ന വന്യജീവികളുടെയും പതിവായി കാടിറങ്ങി ആക്രമണം നടത്തുന്നവയുടെയും സ്വഭാവവും രീതികളും, അവ ഉയർത്തുന്ന ഭീഷണികളും വ്യത്യസ്തമാണ്. അതിനനുസൃതമായ പദ്ധതികൾ ആസൂത്രണം ചെയ്യണം. വനാതിർത്തികളിലെ കൃഷിയാണ് പ്രശ്നമെങ്കിൽ ബദൽ മാർഗങ്ങൾ കണ്ടെത്തി നിർദ്ദേശിക്കണം.
പെരിയാർ ടൈഗർ റിസർവിലെ പമ്പാവാലി, കോരുത്തോട് മേഖലയിൽ വന്യജീവി സംഘർഷം രൂക്ഷമായപ്പോഴാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രഗതി ഇനത്തിൽപ്പെട്ട മഞ്ഞൾ കൃഷി ചെയ്തത്. 30- 40 കിലോമീറ്റർ ദൂരമുള്ള ജനവാസ മേഖലയിൽ 16.45 ഏക്കറിലാണ് മുന്നൂറോളം കുടുംബങ്ങളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്. ഇവിടം സ്വൈരവിഹാരത്തിന് ഇടമാക്കിയിരുന്ന കാട്ടാന, കാട്ടുപന്നി, മ്ലാവ്, കാട്ടുപോത്ത് എന്നിവ മഞ്ഞൾ വളർന്നതോടെ ഇതുവഴിയുള്ള കാടിറക്കം കുറഞ്ഞു. പരീക്ഷണം വിജയം കണ്ടതോടെ അടുത്ത 20 ഏക്കറിലും മഞ്ഞൾക്കൃഷിയിറക്കാനാണ് പെരിയാർ കടുവാ സങ്കേതം വെസ്റ്റ് ഡിവിഷന്റെ തീരുമാനം. ഇതേ രീതിയിലുള്ള ബദൽ കൃഷികൾ പ്രോത്സാഹിപ്പിക്കാനാണ് നടപടികൾ ഉണ്ടാകേണ്ടത്.
അധിനിവേശ
സസ്യങ്ങൾ
തേക്ക്, സെന്ന (മഞ്ഞക്കൊന്ന), യൂക്കാലി, അക്കേഷ്യ തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപിച്ചതോടെയാണ് വനത്തിനുള്ളിൽ പച്ചപ്പും വന്യജീവികൾക്ക് ആഹാരവും ഇല്ലാതായത്. ഇത് പൂർണമായി നീക്കം ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. അക്കേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന എന്നിവ നീക്കം ചെയ്യാൻ നടപടിയുണ്ടെങ്കിലും ഫലം കാണുന്നില്ല. റവന്യു വരുമാനം വർദ്ധിപ്പിക്കാനാണെങ്കിലും തേക്ക് തോട്ടങ്ങൾ പുതുതായി ഉണ്ടാക്കരുത്. 25 ശതമാനത്തിലധികം സ്വാഭാവിക വനമായി മാറിയ തേക്കിൻ തോട്ടങ്ങൾ നിലനിറുത്തുകയും ബാക്കിയുള്ളവ സ്വാഭാവിക വനങ്ങളാക്കുന്നതിനുള്ള നടപടികളുണ്ടാവുകയും വേണം.
വന്യജീവി സംഘർഷം രൂക്ഷമായതിന് മറ്റൊരു കാരണമാണ് വനം കയ്യേറ്റവും കൊള്ളയും. അനധികൃതമായി മരംമുറിച്ച് കടത്തിയതും വന്യജീവികളെ വേട്ടയാടിയതുമായ സംഭവങ്ങൾ നിരവധിയാണ്. ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ പങ്ക് വിശദമാക്കുന്ന അന്വേഷണ റിപ്പോർട്ടുകളും ഉന്നത ഉദ്യോഗസ്ഥർക്കു മുന്നിലുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി അടക്കമുള്ള സംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്.
വീട്ടു പറമ്പുകളിലും മറ്റിടങ്ങളിൽ നിന്നും പിടികൂടുന്ന വിഷപ്പാമ്പുകളെ ചില വനപാലകരുടെ പിന്തുണയോടെ കള്ളക്കടത്ത് സംഘങ്ങൾക്ക് കൈമാറുന്നുവെന്ന കണ്ടെത്തൽ വനംവകുപ്പിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇക്കാര്യത്തിൽ വനം ഇന്റലിജൻസും വിജിലൻസും പല റിപ്പോർട്ടുകൾ നൽകിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. വിഷമില്ലാത്ത 'ഇരുതലമൂരി" അടക്കം പാമ്പുകളെ കടത്തുന്ന സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്ക് ചില വനപാലകർ പിന്തുണ നൽകുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുഗന്ധഗിരി, കോന്നി, മുട്ടിൽ മരംമുറി കേസുകളിലും ചില വകുപ്പുതല നടപടികളുണ്ടായതൊഴിച്ചാൽ കേസ് ഏറക്കുറെ നിലച്ച മട്ടാണ്. ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്നാണ് കേസുകൾ അട്ടിമറിക്കപ്പെട്ടതെന്നും ആരോപണമുണ്ട്.
(അവസാനിച്ചു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |