അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത് എന്തിനാണെന്ന യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും പിന്നീട് പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ എൻജിനിയർമാരടക്കം വിമാനത്തിൽ പരിശോധന നടത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ സംഘവും എത്തിയിരുന്നു.
ഏറെക്കാലമായി എഫ്-35 യുദ്ധവിമാനം ഇന്ത്യയ്ക്ക് വിൽക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എഫ് 35 ഇന്ത്യയ്‌ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിലയുടെ കാര്യത്തിലും കരാർ രൂപീകരണത്തിനും വിശദമായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര നിലപാട്. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ മുന്തിയ മോഡലിന് 115 ദശലക്ഷം ഡോളർ വില മതിക്കും. നിലവിൽ നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കുമാണ് യുദ്ധവിമാനം യു.എസ് നൽകിയിട്ടുള്ളത്. ഇന്ത്യയ്‌ക്ക് വിമാനം നൽകാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാൻ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാനും എഫ്-35 അമേരിക്ക വിൽക്കുമോയെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്.
ഇതിനിടയിലാണ് അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം സുഖോയ് 57ഇ സോഴ്സ് കോഡ് സഹിതം നൽകാൻ റഷ്യ തീരുമാനിച്ചത്. യു.എസ് വാഗ്ദാനം ചെയ്ത എഫ്-35നോട് കിടപിടിക്കുന്നതാണ് എസ്.യു 57ഇ. അത്യാധുനിക റഡാറുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും. സൂപ്പർക്രൂസ് ശേഷിയുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ്-30 എം.കെ.ഐ പ്ളാറ്റ്ഫോമുമായി സംയോജിപ്പിക്കാം. ആസ്ത്ര എം.കെ1, എം.കെ 2 മിസൈലുകൾ, രുദ്രം ആന്റി-റേഡിയേഷൻ മിസൈലുകൾ, റഷ്യൻ നിർമ്മിത ആർ-77 മിസൈൽ എന്നിവയും ഘടിപ്പിക്കാം. റഷ്യ ആദ്യമായാണ് മറ്റൊരു രാജ്യത്തിന് ഈ വിമാനം നൽകാൻ സന്നദ്ധരാകുന്നത്. സുഖോയ് എസ്.യു–57ന്റെ മുഴുവൻ സോഴ്സ് കോഡും ലഭിച്ചാൽ വിമാനത്തിന്റെ സാങ്കേതിക വിദ്യയിൽ മാറ്റം വരുത്താനും അറ്റകുറ്റപ്പണികൾ സ്വന്തം നിലയ്ക്ക് നടത്താനും ഇന്ത്യയ്ക്കാകും. നിലവിൽ യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ആരും പ്രതിരോധ സാങ്കേതിക വിദ്യകളുടെ മുഴുവൻ സോഴ്സ് കോഡ് മറ്റാർക്കും കൈമാറാറില്ല. അതുകൊണ്ടു തന്നെ എഫ്–35 വാങ്ങുന്ന കാര്യത്തിൽ തീരുമാനം നീട്ടുകയാണ് ഇന്ത്യ.
ഇതിനിടയിലാണ് കേരള തീരത്തുനിന്ന് നൂറു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്.എം.എസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് ബ്രിട്ടീഷ് വ്യോമസേനയുടെ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. വിമാനത്തിന്റെ സാങ്കേതിക ക്ഷമയും പ്രത്യേകതകളും ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്താനാണ് ഈ വരവെന്നും അഭ്യൂഹങ്ങളുണ്ട്. അമേരിക്കൻ നിർമിതമായ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട എഫ് 35 ബി ലൈറ്റ്നിംഗ് 2 വിമാനമാണ് തിരുവനന്തപുരത്തുള്ളത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ യുദ്ധവിമാനങ്ങൾക്ക് 50,000 അടി ഉയരത്തിൽ വരെ പറക്കാനാവും. അത്യാധുനിക സെൻസർ സംവിധാനവുമുണ്ട്.
മത്സരം കടുക്കുന്നു
110 അത്യാധുനിക യുദ്ധവിമാനങ്ങൾ 5 വർഷത്തിനകം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതോടെയാണ് ഫ്രാൻസും റഷ്യയും യു.എസും വൻ വാഗ്ദാനങ്ങളുമായി മത്സരം തുടങ്ങിയത്. അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ വിഭാഗത്തിൽ വരുന്ന ഇരട്ട എൻജിൻ വിമാനമായ എസ്.യു 57ന് 1,500 കിലോമീറ്റർ വരെ ആക്രമണം നടത്താനാവും. 10ടൺ വരെ ഭാരം വഹിക്കാം. ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന എസ്.എച്ച്–121 റഡാർ സംവിധാനമാണുള്ളത്. ലോക്‌ഹീഡ് മാർട്ടിൻ വികസിപ്പിച്ചതാണ് യു.എസിന്റെ എഫ്–35. ഒറ്റ എൻജിൻ, സിംഗിൾ സീറ്റ് സ്റ്റെൽത്ത് വിമാനമായ എഫ്–35ന് 8,100 കിലോ ഭാരം വഹിക്കാനുള്ള ശേഷിയും 1,200 കിലോമീറ്റർ ദൂരപരിധിയുമാണുള്ളത്. 11 കോടി ഡോളറാണ് ഒരു എഫ്–35 വിമാനത്തിന്റെ വില. സുഖോയ് എസ്.യു 57ന് എട്ടു കോടി ഡോളറും.
അസാധാരണ വരവ്
അത്യാധുനിക യുദ്ധവിമാനം മൂന്നു ദിവസത്തിലേറെ വിദേശ രാജ്യത്ത് നിറുത്തിയിടുന്നത് അസാധാരണമാണ്. ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ എഫ്-35 ഉപയോഗിക്കുന്നുണ്ട്. വിമാനവാഹിനി കപ്പലുകളിലെ ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും തിരികെ ലാൻഡ് ചെയ്യാനും സാധിക്കുന്ന തരത്തിലുള്ള എഫ്-35ന്റെ നാവിക പതിപ്പാണ് ഈ വിമാനം. ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മടക്കയാത്ര മുടങ്ങിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അത്യാധുനിക സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ള കോടികൾ വിലയുള്ള വിമാനത്തിന് ഗുരുതര സാങ്കേതിക തകരാറുകൾക്ക് സാദ്ധ്യത കുറവാണെന്ന് വിദഗ്ദ്ധർ പറയുന്നു. യുദ്ധവിമാനത്തിന് സി.ഐ.എസ്.എഫ് ആണ് സുരക്ഷ നൽകുന്നത്. സി.ഐ.എസ്.എഫിന്റെ കവചിത വാഹനം എഫ് -35-ന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
കരുത്തൻ, വില 115 ദശലക്ഷം ഡോളർ
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനം
ഏറ്റവും കരുത്തുള്ളത്. വില 115 ദശലക്ഷം ഡോളർ
നാറ്റോ സഖ്യകക്ഷികൾക്കും ഇസ്രയേൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കും നൽകി
മണിക്കൂറിൽ 1200 മൈൽ വേഗതയിൽ പറക്കും
8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |