
വൈസ്ചാൻസലർ നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചെങ്കിലും അതിനുള്ള സാദ്ധ്യത തെളിയുന്നില്ല. വി.സി നിയമനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ അതേപടി അംഗീകരിക്കാനാവില്ലെന്ന് ഗവർണറും, ഗവർണർ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു. സമവായത്തിനുള്ള വഴിയടഞ്ഞതോടെ, വി.സി നിയമനം സുപ്രീംകോടതി ഏറ്റെടുക്കുന്ന സ്ഥിതിയാണ്. നേരത്തേ ബംഗാളിൽ മുഖ്യമന്ത്രി- ഗവർണർ തർക്കത്തെ തുടർന്ന് വി.സി നിയമനങ്ങൾ സുപ്രീംകോടതിയാണ് നടത്തിയത്.
മുഖ്യമന്ത്രി കൈമാറിയ പട്ടികയിലുള്ളതുപോലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനം നടത്താൻ ഗവർണർ ആർ.വി.ആർലേക്കർ തയ്യാറല്ല. ഗവർണർ നിർദ്ദേശിച്ച ഡോ.സിസാതോമസ് അയോഗ്യയാണെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ നിയമനം സുപ്രീംകോടതി നടത്തുമെന്നാണ് മുൻഉത്തരവ്. ബംഗാളിലെപ്പോലെ കേരളത്തിലും വി.സിനിയമനം സുപ്രീംകോടതി നടത്താനാണിട.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിയുടെ പട്ടികയിൽ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ച് പുതിയ പട്ടികയാണ് നിയമനത്തിനായി ഗവർണർക്ക് കൈമാറിയത്. ധൂലിയ സമിതിയുടെ പട്ടികയിൽ സാങ്കേതിക സർവകലാശാലയിലേക്ക് ഡോ.ബിന്ദുഗോവിന്ദറാം, ഡോ.സി.സതീഷ്‌കുമാർ, ഡോ.സിസാതോമസ്, ഡോ.പ്രിയാചന്ദ്രൻ, ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ.സിസാതോമസ്, ഡോ.ജിൻജോസ്, ഡോ.പ്രിയാചന്ദ്രൻ, ഡോ.രാജശ്രീ, ഡോ.സജിഗോപിനാഥ് എന്നിങ്ങനെയായിരുന്നു മുൻഗണന. ഇതിൽ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ച് പട്ടിക പുതുക്കി. ആ പട്ടികയിൽ സാങ്കേതികസർവകലാശാലയിൽ ഡോ.സതീഷ് കുമാർ, ഡോ.ബിന്ദു, ഡോ.പ്രിയാചന്ദ്രൻ, ഡോ.സിസാതോമസ് എന്നിങ്ങനെയായി. ഡിജിറ്റലിൽ ഡോ.സജി ഗോപിനാഥ്, ഡോ.രാജശ്രീ, ഡോ.ജിൻജോസ്, ഡോ.പ്രിയാചന്ദ്രൻ, ഡോ.സിസാതോമസ് എന്നിങ്ങനെയാക്കി. സിസയെ നിയമിക്കരുതെന്ന് പ്രത്യേകം കുറിപ്പും നൽകി.
നിയമനാധികാരി താനാണെന്നും മുഖ്യമന്ത്രിയുടെ പട്ടിക അംഗീകരിക്കാനാവില്ലെന്നുമാണ് ഗവർണറുടെ നിലപാട്. സാങ്കേതിക സർവകലാശാലയിൽ ഡോ.ബിന്ദുവിനെയും ഡിജിറ്റലിൽ ഡോ.സിസയെയും വിസിയായി നിയമിക്കാമെന്ന സത്യവാങ്മൂലമാണ് സുപ്രീംകോടതിയിൽ നൽകിയത്. ഇതിൽ ഉറച്ചുനിൽക്കുകയാണെന്നും സുപ്രീംകോടതി നിയോഗിച്ച ധൂലിയ സമിതിയുടെ ശുപാർശയിലെ ഒന്നാംപേരുകാരെയാണ് താൻ നിയമിക്കാൻ തീരുമാനിച്ചതെന്നുമാണ് ഗവർണറുടെ വാദം.
അതേസമയം, ചാൻസലർക്കെതിരേ സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിക്കും. മുൻപ് അച്ചടക്ക നടപടിയടക്കം നേരിട്ടതിനാൽ ഡോ.സിസാതോമസ് അയോഗ്യയാണ്. സാങ്കേതിക സർവകലാശാലയിലെ മിനുട്ട്സ് മോഷണം പോയതിന് കേസുണ്ട്. ഡിജിറ്റൽ സർവകലാശാലയിൽ സി.എ.ജി അന്വേഷണത്തിനടക്കം ആവശ്യപ്പെട്ട് സർവകലാശാലയുടെ സത്പേര് ഇല്ലാതാക്കി. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗത്തിനിടെ ഇറങ്ങിപ്പോയെന്നും ചൂണ്ടിക്കാട്ടും.
സുപ്രീംകോടതി നേരിട്ട് വി.സി നിയമനം നടത്തിയാൽ വിശാലബഞ്ചിൽ പുനപരിശോധനാ ഹർജി നൽകാനും ഗവർണർ ഒരുങ്ങുന്നുണ്ട്.വി.സി നിയമനാധികാരി ചാൻസലറാണെന്നും അത് കോടതി ഏറ്റെടുക്കുന്നത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാവും ഹർജി. നിയമനത്തിനായി താൻ ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടില്ലെന്നും സർക്കാർ പറയുന്നിടത്ത് ഒപ്പിടാനാവില്ലെന്നും ഗവർണർ നിലപാടെടുക്കും. മുഖ്യമന്ത്രിയുടെ ശുപാർശയിൽ നിയമന വിജ്ഞാപനമിറക്കാതെ ഗവർണർ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചെന്നും ഗുരുതരമായ സ്ഥിതിയാണിതെന്നും സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിയമനത്തിനുള്ള മുൻഗണനാക്രമം നിശ്ചയിച്ചതെങ്ങനെയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും സെർച്ച് കമ്മിറ്റി അദ്ധ്യക്ഷൻ ജസ്റ്റിസ് സുധാൻഷു ധൂലിയയും മറുപടി നൽകിയിട്ടില്ലെന്നും അതിനാലാണ് തീരുമാനമെടുക്കാനാവാത്തതെന്നാണ് ഗവർണറുടെ നിലപാട്. സെർച്ച് കമ്മിറ്റി, വി.സി നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കാനുമാണ് സുപ്രീംകോടതി ഉത്തരവ്. സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. പാനലിൽ പേരുള്ളവരെ എങ്ങനെ തിരഞ്ഞെടുത്തെന്നും എന്താണ് മാനദണ്ഡമെന്നും അഭിമുഖത്തിൽ എത്ര വീതം മാർക്ക് കിട്ടിയെന്നുമടക്കം പരിശോധിക്കാൻ രേഖകളെല്ലാം കൈമാറാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി നിയോഗിച്ച റിട്ട.ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച്കമ്മിറ്റി തയ്യാറാക്കിയ പാനൽ മാത്രമേ കൈവശമുള്ളൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രേഖകൾ ആവശ്യപ്പെട്ട് ജസ്റ്റിസ് ധൂലിയയ്ക്ക് ഗവർണർ കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.
നിയമനാധികാരിയായ തനിക്ക് രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാനാവില്ലെന്നാണ് ഗവർണറുടെ നിലപാട്.
നിയമിക്കേണ്ടവരുടെ ബയോഡേറ്റ പോലും ലഭിച്ചിട്ടില്ല. സെർച്ച്കമ്മിറ്റി പാനലും യോഗത്തിന്റെ മിനുട്ട്സും മാത്രം വച്ച് തനിക്ക് നിയമനം നടത്താനാവില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പിടുന്ന റബ്ബർസ്റ്റാമ്പ് ആവാനില്ലെന്നും ഗവർണർ സുപ്രീംകോടതിയെ അറിയിക്കും. സാങ്കേതിക സർവകലാശാലയിലേക്ക്-39, ഡിജിറ്റലിലേക്ക്-30 പേരാണ് മാസ്കോട്ട് ഹോട്ടലിൽ നടത്തിയ 4ദിവസത്തെ അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് മൂന്നുവീതം പേരുകളുള്ള പാനലുണ്ടാക്കിയത്. സുപ്രീംകോടതി ഉത്തരവുപ്രകാരം പാനലിൽ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചാണ് ഗവർണർക്ക് കൈമാറിയത്. അതേ മുൻഗണനാക്രമത്തിൽ ഗവർണർ നിയമനം നടത്തണമെന്നും എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയെ അറിയിക്കണമെന്നുമാണ് ഉത്തരവ്.
നിയമയുദ്ധം തുടരും
നിയമനത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമുണ്ടാവരുതെന്ന് ആവശ്യപ്പെട്ടും സെർച്ച്കമ്മിറ്റിയിൽ യു.ജി.സിയുടെ പ്രതിനിധിയില്ലാത്തത് ചൂണ്ടിക്കാട്ടിയും ഗവർണർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഈ കേസിൽ യു.ജി.സിയും കേസിൽ കക്ഷിചേർന്നിട്ടുണ്ട്. ധൂലിയസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഗവർണറുടെ ഹർജി പരിഗണിക്കാമെന്നാണ് സുപ്രീംകോടതി നിലപാട്.
മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ച് ഗവർണർ നിയമനം നടത്തിയില്ലെങ്കിൽ ബംഗാളിൽ ചെയ്തതുപോലെ സുപ്രീംകോടതി വി.സി നിയമനം നടത്തിയേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |