പുണ്യനഗരമായ അയോദ്ധ്യയിൽ നൂറ്റാണ്ടുകളായി മന്ത്രിക്കപ്പെട്ട പ്രാർത്ഥന ഒടുവിൽ, 2024 ജനുവരിയിലെ ഒരു പ്രഭാതത്തിൽ ഫലപ്രാപ്തിയിലെത്തി. ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ മതപരമായ നാഴികക്കല്ലു മാത്രമായിരുന്നില്ല; നാഗരികതയുടെ പുനരുജ്ജീവന നിമിഷം കൂടിയായിരുന്നു അത്. നൂറ്റാണ്ടുകളുടെ അധിനിവേശം, കോളനിവാഴ്ചയുടെ മുറിവുകൾ, രാഷ്ട്രീയ കാലതാമസം എന്നിവയ്ക്കു ശേഷമാണ് അവിടെ ക്ഷേത്രമുയർന്നത്. അതൊരു വാസ്തുവിദ്യ മാത്രമായിരുന്നില്ല, മുറിവേറ്റ ആത്മാവിന്റെ രോഗശാന്തി കൂടിയായിരുന്നു.
ഏതാനും മാസങ്ങൾക്കു മുമ്പ്, ഇന്ത്യയുടെ പുരാതന ചൈതന്യത്തിന്റെ മറ്റൊരു പ്രതീകവും നിശബ്ദമായി ശരിയായ ഇടത്തേക്ക് തിരികെയെത്തി. പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ സ്ഥാപിക്കുകയുണ്ടായി. 1947ൽ തമിഴ് അധീനങ്ങൾ ജവഹർലാൽ നെഹ്റുവിന് ധാർമ്മിക അധികാരക്കൈമാറ്റം അടയാളപ്പെടുത്തുന്നതിനായി സമ്മാനിച്ച പവിത്രമായ ചെങ്കോലാണത്. പതിറ്റാണ്ടുകളായി അത് വിസ്മരിക്കപ്പെടുകയും തെറ്റായി രേഖപ്പെടുത്തുകയും 'ഊന്നുവടി'യായി അവഗണിക്കപ്പെടുകയും ചെയ്തു. അതിന്റെ പുനഃസ്ഥാപനം ഓർമപ്പെടുത്തൽ മാത്രമായിരുന്നില്ല; മറിച്ച്, ഇനി മറ്റൊന്നിന്റെ കണ്ണുകളിലൂടെ സ്വയം വീക്ഷിക്കില്ലെന്ന കരുത്തുറ്റ പ്രഖ്യാപനം കൂടിയായിരുന്നു.
സാമ്രാജ്യത്തിന്റെ ശേഷിപ്പുകളിലല്ല, പകരം, നീതിയിൽ നങ്കൂരമിട്ട ഭരണത്തെയാണ് ചെങ്കോൽ പ്രതിനിധാനം ചെയ്യുന്നത്. കോളനിവാഴ്ചയ്ക്കുശേഷമുള്ള ലോകക്രമത്തിൽ വളരെക്കാലമായി അവഗണിക്കപ്പെട്ട ഇന്ത്യയുടെ സ്വന്തം രാഷ്ട്രതന്ത്രത്തിന്റെയും ആത്മീയ പാരമ്പര്യങ്ങളുടെയും നിർണായകമായ ചേർത്തുപിടിക്കലായിരുന്നു അത്.
ഈ നിമിഷങ്ങൾ ഒന്നിച്ചുചേർന്ന്, 11 പരിവർത്തന വർഷങ്ങളിലൂടെ വികസിച്ച ആഴത്തിലുള്ള സാംസ്‌കാരിക പുനരുജ്ജീവനത്തെ, പൗരമുന്നേറ്റത്തെ, അടയാളപ്പെടുത്തി. 2014-ൽ മോദി ഗവൺമെന്റിന്റെ തുടക്കം മുതൽ സംസ്‌കാരം വെറും അലങ്കാരമായിരിക്കില്ലെന്നും, അത് അടിസ്ഥാനപരമായിരിക്കുമെന്നും വ്യക്തമായിരുന്നു.
വീണ്ടെടുത്ത
പൈതൃകം
ആയുഷ് മന്ത്രാലയം വഴി പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളുടെ പുനരുജ്ജീവനത്തിന് സ്ഥാപനപരമായ ശക്തി നൽകിയത് ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയെ ദേശീയ- ആഗോള വേദികളിലേക്ക് ഉയർത്തി. സമാന്തരമായി, സംസ്‌കൃതം, തമിഴ്, പാലി, പ്രാകൃത് തുടങ്ങിയ ശ്രേഷ്ഠഭാഷകളെ സംരക്ഷിക്കുന്നതിനും, കൈയെഴുത്തു പ്രതികളുടെ ഡിജിറ്റൽ രൂപാന്തരം പ്രോത്സാഹിപ്പിക്കുന്നതിനും ഗവണ്മെന്റ് നടപടി സ്വീകരിച്ചു. ഉസ്താദ്, ഹമാരി ധരോഹർ തുടങ്ങിയ പദ്ധതികൾക്കു കീഴിൽ മൺമറഞ്ഞു പോകുമായിരുന്ന നാടോടി കലകളെയും കരകൗശലങ്ങളെയും പിന്തുണയ്ക്കുന്നതിനുമുള്ള ദൗത്യങ്ങൾക്കും തുടക്കം കുറിച്ചു.
ഇന്ത്യയുടെ സ്മാരകങ്ങൾക്കും നവോന്മേഷം ലഭിച്ചുതുടങ്ങി. 2018-ൽ നടന്ന ഏകതാ പ്രതിമയുടെ അനാച്ഛാദനം, ദേശീയ ആഖ്യാനത്തിന്റെ പുനരുജ്ജീവനമായിരുന്നു. വളരെക്കാലം മറച്ചുപിടിക്കപ്പെട്ടിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേലിനെ ദേശീയ സ്മരണയുടെ കേന്ദ്രത്തിലേക്കു കൊണ്ടുവരാൻ അതിനായി. രാജ്പഥിന്റെ പേര് കർത്തവ്യ പഥ് എന്ന് പുനർനാമകരണം ചെയ്തത് കോളനിവാഴ്ചയുടെ അടയാളങ്ങളിൽ നിന്ന് തദ്ദേശീയ ഉത്തരവാദിത്വത്തിലേക്കുള്ള നിർണായക മാറ്റം പ്രതിഫലിപ്പിച്ചു. ഇന്ത്യയുടെ പുതുതായി രൂപപ്പെട്ട ഈ ആത്മവിശ്വാസം ഏറ്റവും ശക്തമായി പ്രകടമായത് 2019-ൽ തമിഴ്നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടന്ന അനൗപചാരിക ഉച്ചകോടിയിലാണ്.
ഡൽഹിയുടെ ഇടനാഴികളിൽ നിന്ന് വളരെയകലെ പല്ലവ രാജവംശവും ഇൻഡോ- ചൈനീസ് സമുദ്രബന്ധങ്ങളും അഭിവൃദ്ധി പ്രാപിച്ച കേന്ദ്രമായിരുന്ന ഈ പുരാതന തുറമുഖ നഗരം രണ്ടു നാഗരികതകൾ തമ്മിലുള്ള സംഭാഷണത്തിന്റെ പശ്ചാത്തലമായി. ഈ സാംസ്‌കാരിക ധർമചിന്ത ഇന്ത്യയുടെ ആഗോള നയതന്ത്രത്തിലേക്ക് മറ്റു വഴികളിലൂടെയും ഒഴുകിയെത്തി. പട്ടചിത്ര പെയിന്റിംഗുകൾ മുതൽ കുട്ടികൾക്കുള്ള തദ്ദേശീയ കളിപ്പാട്ടങ്ങൾ വരെയുള്ള തനതു സമ്മാനങ്ങൾ ലോക നേതാക്കൾക്കു നൽകിയ പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ കരകൗശല വിദഗ്ദ്ധരുടെയും കാലാതീതമായ പാരമ്പര്യങ്ങളുടെയും ഗാഥകൾ അതിർത്തികൾക്ക് അതീതമാക്കി.
സംസ്കാരത്തിന്റെ
ആഘോഷം
2023-ലെ ജി 20 അദ്ധ്യക്ഷപദം മറ്റൊരു സാംസ്‌കാരിക നാഴികക്കല്ലായിരുന്നു. ഡൽഹിയിലെ നയതന്ത്ര ഹാളുകളിൽ ഒതുങ്ങുന്നതിനു പകരം ഈ ഉച്ചകോടി സാംസ്‌കാരിക സ്വത്വത്തിന്റെ അഖിലേന്ത്യാ ആഘോഷമായി മാറി. ഗോത്ര കലാപ്രദർശനങ്ങൾ മുതൽ സംഗീത, നൃത്താവതരണങ്ങൾ വരെ, ഇന്ത്യ അതിന്റെ നയപരമായ ആഴം മാത്രമല്ല, ചൈതന്യവും പ്രദർശിപ്പിച്ചു. ഓരോ പ്രതിനിധിസംഘവും രാജ്യത്തിന്റെ വർണങ്ങളിലും പാചകരീതിയിലും കരകൗശലങ്ങളിലും ഉണർവിലും ഭാഗഭാക്കായി. സന്ദേശം വ്യക്തമായിരുന്നു: ഇന്ത്യ ഭൂതകാലത്തിലെ നാഗരികതയല്ല; ജീവസുറ്റ, ചലനാത്മകമായ, ആത്മവിശ്വാസമുള്ള ആഗോള സംസ്‌കാരമാണ്.
ഈ വർഷങ്ങളിൽ, വിഗ്രഹങ്ങൾ, ശില്പങ്ങൾ, കൈയെഴുത്തുപ്രതികൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിന്നു കടത്തിയ 600-ലധികം പുരാവസ്തുക്കൾ വിദേശ മ്യൂസിയങ്ങളിൽ നിന്ന് തിരികെ കൊണ്ടുവന്നു. ഓരോ തിരിച്ചുവരവും കലയുടെ മാത്രമല്ല, ആത്മാഭിമാനത്തിന്റെയും പുന:സ്ഥാപനമായിരുന്നു. അതുപോലെ, ഗുരു ഗോവിന്ദ് സിംഗിന്റെ പുത്രന്മാരുടെ രക്തസാക്ഷിത്വം അനുസ്മരിക്കാൻ വീർ ബാൽ ദിവസ് ആചരിക്കാൻ തുടങ്ങി. ജൻജാതീയ ഗൗരവ് ദിവസ് ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. മഹാമാരിക്കാലത്തും ഈ സാംസ്‌കാരിക ജ്വാല മങ്ങിയില്ല. വെർച്വൽ കച്ചേരികൾ, ഡിജിറ്റൽ മ്യൂസിയം പര്യടനങ്ങൾ, 'മൻ കി ബാത്" എന്നിവയിലൂടെ, ലോക്ക്ഡൗണുകളുടെ ഏകാന്തതയിൽ കലകളും കഥകളും സാംസ്‌കാരിക പ്രൗഢിയും അഭിവൃദ്ധി പ്രാപിക്കുന്നത് തുടരുന്നുവെന്ന് പ്രധാനമന്ത്രി ഉറപ്പുവരുത്തി.
വികസനവും
പാരമ്പര്യവും
വികസനവും പാരമ്പര്യവും എന്ന മുദ്രാവാക്യമായി ഇതെല്ലാം യോജിക്കുന്നു. സാമ്പത്തിക വളർച്ച സാംസ്‌കാരിക പ്രൗഢിയുമായി കൈകോർക്കണമെന്ന ആഹ്വാനമാണ് ഈ മുദ്രാവാക്യം പകർന്നു നല്കിയത്. ജി.ഡി.പി വളർച്ച, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധ നവീകരണം എന്നിവയും ക്ഷേത്ര പുനരുദ്ധാരണം, ഗോത്ര അഭിമാനം, സാംസ്‌കാരിക ആഖ്യാനങ്ങൾ തുടങ്ങിയവ കൂട്ടായി നിലകൊള്ളുന്ന പുതിയ കാഴ്ചപ്പാടിനെ അത് നിർവചിച്ചു. ഇന്ത്യ ഇന്ന് അതിന്റെ സ്വത്വത്തിൽ മാത്രമായി നിലകൊള്ളാതെ, ആത്മവിശ്വാസത്തോടെ, ആധുനികതയിലൂന്നി മുന്നോട്ടു കുതിക്കുകയാണ്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ദിശാസൂചികയിൽ, സംസ്‌കാരം എന്നത് അനുബന്ധമല്ല; മറിച്ച് അച്ചുതണ്ടാണ്.
ഈ പതിനൊന്നു വർഷങ്ങളിൽ, മോദിയുഗം സാംസ്‌കാരിക നയത്തിന് മേൽനോട്ടം വഹിക്കുക മാത്രമല്ല; സാംസ്‌കാരിക അവബോധത്തെ ഉണർത്തുകയും ചെയ്തു. പുനഃസ്ഥാപനമായി ആരംഭിച്ചത് നവോത്ഥാനമായി മാറി. ഒരിക്കൽ ഗൃഹാതുരത്വമായി തള്ളിക്കളഞ്ഞത് ഇപ്പോൾ ദേശീയ സ്വത്വത്തിന്റെ കേന്ദ്രമായി മാറി. രാമക്ഷേത്രവും ചെങ്കോലും പ്രതീകാത്മക ചിഹ്നങ്ങളായി തുടരും. എന്നാൽ ഇന്ത്യയുടെ ഭാവി എവിടെ നിന്നാണ് വന്നതെന്ന് സ്മരിക്കുമ്പോൾ ശോഭനമാകുന്നു എന്ന കൂട്ടായ തിരിച്ചറിവിലാണ് ആഴമേറിയ പൈതൃകം. നാം നീണ്ട ചരിത്രമുള്ള രാജ്യം മാത്രമല്ല; ദീർഘകാല സ്മരണകളുള്ള ജീവസുറ്റ സംസ്‌കാരം കൂടിയാണ്. ആ ഓർമയിൽ, ധർമത്തിന്റെ കാവലിൽ, ഇന്ത്യ വീണ്ടും അതിന്റെ ശബ്ദം കണ്ടെത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |