
ന്യൂഡൽഹി: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ മൈക്രോസോഫ്‌റ്റ് 1750 കോടി യു.എസ് ഡോളർ (ഒന്നര ലക്ഷം കോടിയോളം ഇന്ത്യൻ രൂപ) നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയാണ് പ്രഖ്യാപനം നടത്തിയത്. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
ഇന്ത്യയുടെ എ.ഐ ആവശ്യങ്ങൾക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, ക്ളൗഡ് കംപ്യൂട്ടിംഗ് പഠനം, നൈപുണ്യവികസനം, എ.ഐ കേന്ദ്രീകൃത കഴിവുകൾ വികസിപ്പിക്കൽ എന്നിവയിലാകും നിക്ഷേപമെന്ന് നദെല്ല പറഞ്ഞു.
ഇന്ത്യയിൽ മൈക്രോസോഫ്റ്റിന്റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനും ക്ലൗഡ്, എ.ഐ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിട്ടാണ് നദെല്ലയുടെ വരവ്. നാലു ദിവസത്തെ സന്ദർശനത്തിനിടെ ഡൽഹിക്കു പുറമെ മുംബയിലും ബംഗളൂരുവിലും പോകും.
നദെല്ല ജനുവരിയിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ 300 കോടി യു.എസ് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. എ.ഐ അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ദ്ധ്യം എന്നിവയ്‌ക്കായാണിത്. 2030 ആകുമ്പോൾ ഇന്ത്യയിൽ ഒരു കോടി എ.ഐ പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
''സത്യ നദെല്ലയുമായുള്ള കൂടിക്കാഴ്ച ക്രിയാത്‌മകമായിരുന്നു. മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം ഇന്ത്യയിൽ നടത്തുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയിലെ യുവാക്കൾക്ക് ഈ അവസരം അനുഗ്രഹമാകും.
-പ്രധാനമന്ത്രി നരേന്ദ്ര മോദി
വർഷം രണ്ടു ലക്ഷത്തോളം തൊഴിൽ
'എച്ച് 1 ബി വിസ പ്രതിസന്ധിമൂലം ഇന്ത്യയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് അമേരിക്കയിൽ തൊഴിലവസരങ്ങൾ കുറയുകയാണ്. മൈക്രോസോഫ്റ്റിന്റെ എ. ഐ പ്രൊജക്റ്റ് വഴി പ്രതിവർഷം രണ്ടു ലക്ഷത്തോളം ബിരുദധാരികൾക്കാണ് രാജ്യത്ത് ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുക. എ.ഐ റിസർച്ച് ലാബുകൾ, ഡേറ്റ സെന്ററുകൾ എന്നിവ രാജ്യത്തു കൂടുതലായി വിപുലപ്പെടും.
-ഡോ. ടി.പി. സേതുമാധവൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |