ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ അധിപതി ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മൂന്നു മാസങ്ങളായി, ഒന്നിനുപിറകെ മറ്റൊന്നായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന തീരുവ തിട്ടൂരങ്ങളെക്കുറിച്ച് ബ്രസീലിന്റെ പ്രസിഡന്റായ ലുല ഡിസൽവ പറഞ്ഞ വാക്കുകൾ മറ്റു രാജ്യങ്ങളുടേതു കൂടിയാണ്- 'ലോകത്തിനൊരു ചക്രവർത്തിയുടെ ആവശ്യമില്ല. നമ്മളെല്ലാവരും പരമാധികാര രാഷ്ട്രങ്ങളാണ്. അമേരിക്കയെപ്പോലൊരു രാജ്യത്തെ പ്രസിഡന്റ് മറ്റു വേദികൾ വെടിഞ്ഞ്, സോഷ്യൽ മീഡിയയിലൂടെ തീരുവ ഭീഷണികൾ മുഴക്കിക്കൊണ്ടിരിക്കുന്നത് ഉത്തരവാദിത്വമില്ലാത്ത ചെയ്തിയാണ്."
അമേരിക്കൻ വിരുദ്ധ സംഘമാണ് ബ്രിക്സ് എന്നും അതിനോട് കൂട്ടുകൂടുന്നവരുടെ മേൽ 10 ശതമാനം പിഴത്തീരുവ ചുമത്തുമെന്നുമുള്ള ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ബ്രിക്സിന്റെ അധ്യക്ഷൻ കൂടിയായ ഡിസൽവയുടെ പ്രതികരണം.
ചുങ്കക്കഥ
ഇതുവരെ
അമേരിക്കയുമായി കയറ്റുമതി- ഇറക്കുമതി കണക്കിൽ മിച്ചം കാണിക്കുന്ന രാജ്യങ്ങളുടെ മേൽ അധികചുങ്കം ചുമത്തുമെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽത്തന്നെ ട്രംപ് വാഗ്ദാനം നൽകിയിരുന്നു. അധികാരമേറ്റ് (2025 ജനുവരി 20) രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളിന്മേൽ അധിക ചുങ്കം പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നു വരുന്ന ഉരുക്ക്, അലുമിനിയം എന്നീ ഉത്പന്നങ്ങളിന്മേൽ 25 ശതമാനം തീരുവയും ചുമത്തി. പിന്നീട് മെക്സിക്കോയുടെയും കാനഡയുടെയും മേലുള്ള തീരുവയ്ക്ക് അവധി പ്രഖ്യാപിച്ചുവെങ്കിലും ചൈനയുടെ മേലുള്ള 10 ശതമാനം അധിക ചുങ്കത്തിനും ഉരുക്ക്, അലുമിനിയം തീരുവകൾക്കും ആ സൗജന്യം അനുവദിച്ചില്ല.
എന്നാൽ, ഏപ്രിൽ രണ്ടിന് ലോകരാഷ്ട്രങ്ങൾക്കെല്ലാം ബാധകമായിട്ടുള്ള പകരത്തിനു പകരമെന്ന ചുങ്കം പ്രഖ്യാപിച്ചു. ആ ഉത്തരവിന് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു: ഒന്ന്, അമേരിക്കയിലേക്കുള്ള അന്യരാജ്യ കയറ്റുമതികളിന്മേൽ ഒരേപോലെ ബാധകമായുള്ള 10 ശതമാനം തീരുവ (പ്രാബല്യം ഏപ്രിൽ 5 മുതൽ); രണ്ട്, ഓരോ രാജ്യത്തിനും വെവ്വേറെയുള്ള പകര ചുങ്കം (പ്രാബല്യം ഏപ്രിൽ 9 മുതൽ). ഇതിൽ ആദ്യത്തേത് നടപ്പിലാവുകയും അതുവഴി ഖജനാവിലേക്ക് വലിയ സംഖ്യ ഒഴുകിയെത്തുകയും ചെയ്തുവെങ്കിലും, രണ്ടാമത്തേതിന് ചർച്ചകൾക്കായി 90 ദിവസത്തെ അവധി പ്രഖ്യാപിക്കുകയാണുണ്ടായത്.
90 രാജ്യങ്ങൾ തങ്ങളുമായി തീരുവ ചർച്ചകളിൽ ഏർപ്പെട്ടുവെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, അവസാന തീയതിയായ ഏപ്രിൽ 9നു മുമ്പ്, ഭാഗികമായെങ്കിലും കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് ഇംഗ്ലണ്ടിനും വിയറ്റ്നാമിനുമായിരുന്നു. അവയൊക്കെ, ഏതാണ്ട് ഒരു കീഴടങ്ങൽ ഉടമ്പടികളായിരുന്നു. അമേരിക്കയിൽ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള മിക്ക ഇറക്കുമതികളുടെയും തീരുവ 10 ശതമാനമായി കുറച്ചു; ബാക്കിയുള്ളവയുടേത് 25 ശതമാനമായി നിജപ്പെടുത്തി. അമേരിക്കയിൽ നിന്നുള്ള എഥ്നോൾ, ബീഫ് എന്നിവയുടെ മേലുള്ള തീരുവ എടുത്തുകളയുകയും, ഇവയുടെ മേൽ ഏർപ്പെടുത്തിയിരുന്ന മറ്റു നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തു. വിയറ്റ്നാം, അമേരിക്കയിൽ നിന്നു വരുത്തുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളുംചുങ്കരഹിതമാക്കി . പക്ഷേ ആ രാജ്യം അമേരിക്കയിലേക്ക് അയയ്ക്കുന്ന ഉത്പന്നങ്ങളുടെ തീരുവ 20 ശതമാനമായി നിജപ്പെടുത്തി.
തൊണ്ണൂറാം ദിനത്തിൽ അവധി കഴിയുമ്പോൾ ഉടമ്പടിയിലേക്ക് എത്താൻ കഴിയാത്ത 14 രാജ്യങ്ങളുടെ ചുങ്കം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവുകൾ വന്നു. ഇതിൽ അമേരിക്കയുടെ ഉറ്റ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണകൊറിയയ്ക്കും മേൽ ചുമത്തിയത് 25 ശതമാനം ചുങ്കമാണ്. മറ്റ് 12 രാജ്യങ്ങളുടെത് 25 ശതമാനത്തിനും 45 ശതമാനത്തിനുമിടയിൽ. എന്നാൽ പുതിയ തീരുവകൾ നടപ്പാക്കുന്നത് ഓഗസ്റ്റ് ഒന്നു വരെ നീട്ടിവയ്ക്കുകയും. അതുവഴി മറ്റു രാജ്യങ്ങളെ ഉടമ്പടിയിൽ എത്തിക്കാനുമുള്ള സമ്മർദ്ദം ചെലുത്താനുമാണ് അമേരിക്ക ശ്രമിക്കുന്നത്.
ജാഗ്രതയോടെ
ഇന്ത്യ
ട്രംപ് അധികാരത്തിലേറിയാൽ വലിയ തീരുവകൾ വരുമെന്ന ധാരണയുണ്ടായിരുന്ന ഇന്ത്യ തുടക്കത്തിലൽത്തന്നെ അനുരഞ്ജനത്തിന്റെ വഴിയാണ് തേടിയത്. ഈ നിലപാടിനു പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകങ്ങൾ ഇനി പറയുന്നവയാണ്. വികസിതരാജ്യം എന്ന ഇന്ത്യൻ സ്വപ്നം, സ്വന്തം ദേശത്തെ ഉത്പാദനവും ഉപഭോഗവും കൊണ്ടു മാത്രം സഫലമാക്കാൻ കഴിയില്ലെന്ന ലോക സാമ്പത്തിക ചരിത്രപാഠം നാം ഉൾക്കൊണ്ടിരുന്നു. ഇന്നേവരെ ഒരു രാജ്യത്തിനും അമേരിക്കൻ ഉപഭോക്താക്കളെ വെല്ലാൻ കഴിഞ്ഞിട്ടില്ല. 2023-ൽ അമേരിക്കയിലെ കുടുംബങ്ങൾ ചെലവിട്ടത് 19 ലക്ഷം കോടി ഡോളറായിരുന്നു. ഈ സംഖ്യ യൂറോപ്യൻ യൂണിയൻ ചെലവിന്റെ ഇരട്ടിയും, ചൈനയുടേതിന്റെ മൂന്ന് മടങ്ങുമായിരുന്നു!
അതുപോലെ തന്നെ, വിദേശ വ്യാപാരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയായ അമേരിക്കയിലേക്ക് 2024- 25 ൽ കയറ്റിയയച്ചത് 8651 കോടി ഡോളറിന്റെ ഉത്പന്നങ്ങളായിരുന്നു; അവിടെ നിന്നുള്ള ഇറക്കുമതി 4569 കോടി ഡോളറിന്റേതും. ഇക്കാരണങ്ങൾകൊണ്ടു തന്നെ പകര ചുങ്കം കടുപ്പിക്കുന്നതിന് മുമ്പുതന്നെ അനുരഞ്ജനത്തിന്റെ സന്ദേശം അമേരിക്കയ്ക്കു നൽകാൻ ഇന്ത്യ ശ്രമിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട നമ്മുടെ കേന്ദ്ര ബഡ്ജറ്റിൽ മോട്ടോർസൈക്കിളുകൾ അടക്കമുള്ള ചില അമേരിക്കൻ ഉത്പന്നങ്ങളിലുള്ള തീരുവകൾ വെട്ടിക്കുറച്ചിരുന്നു. അതിനുശേഷം ചോളത്തിൽ നിന്ന് അമേരിക്ക നിർമ്മിക്കുന്ന ബർബൻ വിസ്‌കിയുടെ തീരുവയിലും കുറവു വരുത്തി.
പക്ഷേ ഇതുകൊണ്ടൊന്നും ട്രംപ് സംപ്രീതനായില്ലെന്നത് മറ്റൊരു കാര്യം. ഏപ്രിൽ രണ്ടിന് അന്യരാജ്യങ്ങൾക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയ പകര ചുങ്കങ്ങളിൽ ഇന്ത്യയ്ക്കു മേൽ ചുമത്തിയത് 26 ശതമാനം തീരുവയായിരുന്നു. പൂർണമായൊരു സ്വതന്ത്ര വ്യാപാര കരാറിന് രണ്ടു രാജ്യങ്ങളും നേരത്തേ നിശ്ചയിച്ചിരുന്ന കാലാവധി ഈ വർഷം നവംബറായിരുന്നെങ്കിലും, ഇപ്പോഴത്തെ സമയപരിധിയായിരുന്ന ജൂലായ് 9-നുള്ളിൽ ഉടമ്പടിയുടെ ആദ്യ ഭാഗമെങ്കിലും തയ്യാറാക്കണമെന്ന ചിന്തയിലുള്ള ചർച്ചകൾ തകൃതിയായി നടന്നെങ്കിലും ഫലം കണ്ടില്ല.
ജീവസന്ധാരണ
മേഖലകൾ
ഇപ്പോഴത്തെ ഉടമ്പടി ചർച്ചകളിൽ അമേരിക്കയുടെ പൊതുവിലുള്ള ആവശ്യം, അവിടെനിന്നുള്ള ഉത്പന്നങ്ങളിൽ തീരുവകൾ ഗണ്യമായി കുറയ്ക്കുകയോ എടുത്തുകളയുകയോ വേണമെന്നതാണ്. രണ്ടു കാരണങ്ങളാണ് അവർ ഇതിനായി പറയുന്നത്. ഒന്ന്, അമേരിക്കൻ ഉത്പന്നങ്ങളിന്മേലുള്ള ഇന്ത്യയുടെ ശരാശരി തീരുവ 17 ശതമാനം ആകുമ്പോൾ അമേരിക്ക ചുമത്തുന്നത് ശരാശരി 3.3 ശതമാനമാണ്. രണ്ട്, 2024- 25ൽ ഇന്ത്യയുമായുള്ള വ്യാപാര കണക്കിൽ 4082 കോടി ഡോളറിന്റെ കമ്മിയാണ് അമേരിക്ക വഹിക്കേണ്ടിവന്നത്. പക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന ചില വമ്പൻ വിടവുകളെ അവഗണിക്കാനാകില്ല.
2024-ലെ സ്ഥിതിയനുസരിച്ച് ഒരു അമേരിക്കക്കാരന്റെ ശരാശരി വാർഷിക വരുമാനം 65,100 ഡോളർ ആകുമ്പോൾ ഇന്ത്യക്കാരന്റേത് വെറും 2397 ഡോളറാകുന്നു! അതുപോലെ, ഇന്ത്യയിൽ കൃഷിയെ ആശ്രയിക്കുന്നവർ 44 ശതമാനമാകുമ്പോൾ അമേരിക്കയിലേത് രണ്ടു ശതമാനത്തിൽ താഴെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ കാർഷിക മേഖല തുറന്നിട്ടുകൊടുത്താൽ അത് വലിയൊരു വിഭാഗം ജനങ്ങളുടെ വയറ്റത്തടിയായി മാറും. ഉയർന്ന സാങ്കേതികവിദ്യയാലും വൻ സബ്സിഡിയാലും ശാക്തീകരിക്കപ്പെട്ട കുറഞ്ഞ വിലയ്ക്കുള്ള അമേരിക്കൻ കാർഷിക ഉത്പന്നങ്ങളോട് നമുക്ക് പിടിച്ചുനിൽക്കാനാവില്ല.
ജനിതകമാറ്റം വരുത്തിയ വിളകളുടെ പ്രവേശനകവാടം തുറക്കണമെന്നതാണ് അമേരിക്കയുടെ മറ്റൊരു ആവശ്യം. അവ ഉയർത്താവുന്ന പാരിസ്ഥിതിക ആശങ്കകളടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അതും അംഗീകരിക്കാൻ കഴിയില്ല. അതുപോലെതന്നെ, പതിനായിരങ്ങൾ ആശ്രയിക്കുന്ന ക്ഷീരമേഖലയും ഇതുവരെ ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ഒരു കരാറിന്റെയും ഭാഗമാക്കിയിട്ടില്ല. വലിയ തൊഴിലിടങ്ങളായ തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ ഉത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസപദാർത്ഥങ്ങൾ, എണ്ണക്കുരുക്കൾ, ഓട്ടോമൊബൈൽ ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണ രംഗങ്ങൾ തുറന്നുകൊടുക്കണമെന്ന അമേരിക്കൻ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന ശരിയായ നിലപാടാണ് ഇതുവരെയുള്ള ചർച്ചകളിൽ ഇന്ത്യ കൈക്കൊണ്ടത്. ഈ ചർച്ചകൾ ഫലം കണ്ടില്ലെങ്കിലും, ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് പ്രഖ്യാപിച്ചത് ഇന്ത്യയുമായി ചുങ്കക്കരാർ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയെന്നാണ്. നമ്മുടെ ജീവന്മരണ പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു കരാറിലായിരിക്കും ഇന്ത്യ ഒപ്പിടുന്നതെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |