പ്രസംഗത്തിന് ആളെക്കൂട്ടാൻ നേതാക്കളുടെ പെടാപ്പാട് എല്ലാ രാഷ്ട്രീയ പാർട്ടികളും നേരിടുന്ന കാതലായ പ്രശ്നമാണ്. എന്നാൽ ആ പേര് കേട്ടാൽ മാത്രം ആളുകൾ കൂട്ടമായെത്തുന്ന ഒരേയൊരു നേതാവേ ഉണ്ടായിരുന്നുള്ളു. കേരളീയരുടെ കണ്ണും കരളുമായിരുന്ന വി.എസ് അച്യുതാനന്ദന് മാത്രം അവകാശപ്പെട്ടതാണ് നേട്ടം. വി.എസ്. കൊല്ലത്ത് ഏത് പരിപാടിക്ക് എത്തിയാലും കൊല്ലത്തെ ഇടതു നേതാക്കൾക്ക് ആളെക്കൂട്ടാൻ ഒരിയ്ക്കലും അദ്ധ്വാനിക്കേണ്ടി വന്നിട്ടില്ല. വി.എസിന്റെ പ്രസംഗം എവിടെ ഉണ്ടായാലും പ്രത്യേകശൈലിയിലുള്ള ആ വർത്തമാനം കേൾക്കാൻ പാർട്ടിഭേദമെന്യെ ആളുകൾ ഒഴുകിയെത്തുമായിരുന്നു. 'കണ്ണേ കരളേ വി.എസേ' എന്ന വിളിയുടെ ഏറ്റുവിളിയിൽ കൊല്ലം ജനതയുടെ ശബ്ദവും ഏറെക്കാലം ഉയർന്നുനിന്നിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിനും അവകാശപ്പെടാനില്ലാത്തതാണ് അസാധാരണമായ ഈ സവിശേഷത. പാർട്ടി അച്ചടക്കത്തിന്റെ ഖഡ്ഗം വി.എസിന്റെ തലയ്ക്ക് മുകളിൽ ഉയർന്നപ്പോഴെല്ലാം ആ വിളി പലതവണ ഏറ്റു വിളിച്ചിട്ടുണ്ട് കൊല്ലം. ആ മുദ്രാവാക്യം ഏറ്റുവിളിച്ചതിന്റെ പേരിൽ കൊല്ലത്തെ അനേകം നേതാക്കൾക്ക് പാർട്ടിയിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നതും മറ്റൊരു ചരിത്രമാണ്. എന്നിട്ടും കൊല്ലത്തുകാർക്ക് അന്നും ഇന്നും വി.എസ് എന്ന നാമം ആശയും ആവേശവുമാണ്. ആലപ്പുഴക്കാരനാണ് വി.എസ് എങ്കിലും തൊട്ടുത്ത ജില്ലയായ കൊല്ലം വി.എസിന് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. സി.പി.എമ്മിൽ അജയ്യ ശക്തിയായി നിന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഉറ്റ അനുയായികളായി നിന്ന നേതാക്കളിൽ ഏറെപ്പേരും കൊല്ലത്തുകാരായിരുന്നു. പാർട്ടിയിൽ വിഭാഗീയതയുടെ പേരിൽ അസ്വാരസ്യങ്ങൾ ഉയർന്നപ്പോഴെല്ലാം ഈ നേതാക്കളാണ് വി.എസിന്റെ വിശ്വസ്തരായി നിന്നത്. സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാളും വിടവാങ്ങുമ്പോൾ ആ വേദന കൊല്ലത്തിന്റെയും വേദനയായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല. പാർട്ടി സെക്രട്ടറി, മുഖ്യമന്ത്രി, എൽ.ഡി.എഫ് കൺവീനർ, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലൊക്കെ വി.എസ് നടത്തിയ ശക്തമായ ഇടപെടലുകളിൽ പലപ്പോഴും കൊല്ലവും ഭാഗഭാക്കായിട്ടുണ്ട്. പാർട്ടി നേതാവെന്ന നിലയിൽ നടത്തിയ സമരപോരാട്ടങ്ങൾ, മുഖ്യമന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പദ്ധതികൾ തുടങ്ങിയ പരിപാടികളിലെല്ലാം വി.എസിന്റെ കൈപിടിച്ച് നിന്നവർ പിന്നീട് പാർട്ടിയിലെ നേതാക്കളും മന്ത്രിയും ഒക്കെയായി മാറി. അവരിൽ ചിലരൊക്കെ തങ്ങളുടെ നിലനിൽപ്പ് ഭീഷണിയിൽ അദ്ദേഹത്തെ കൈവിട്ട് മറുകണ്ടം ചാടാൻ നിർബ്ബന്ധിതരായെന്നതും വിസ്മരിക്കപ്പെടേണ്ടതല്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസിന് സീറ്ര് നിഷേധിക്കപ്പെട്ടെന്ന് അറിഞ്ഞതിനു പിന്നാലെ കൊല്ലത്ത് നഗര, ഗ്രാമ വേർതിരിവില്ലാതെ കടുത്ത പ്രതിഷേധമാണ് അലയടിച്ചത്. നയിക്കാൻ നേതാക്കളില്ലാത്ത ആ പ്രതിഷേധങ്ങളിലെല്ലാം വീറോടെ അലയടിച്ചത് 'കണ്ണേ കരളേ വി.എസേ' എന്ന മുദ്രാവാക്യമായിരുന്നു. ഒരുകാലത്ത് പാർട്ടിയിൽ കൊല്ലത്തെ വിശേഷിപ്പിച്ചിരുന്നത് വി.എസ് പക്ഷത്തിന്റെ ശക്തമായ ജില്ലയെന്നായിരുന്നു. 1995 ൽ കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അന്നത്തെ പ്രബല വിഭാഗമായിരുന്ന സി.ഐ.ടി.യു ഗ്രൂപ്പിനെതിരെ പട നയിച്ചത് വി.എസായിരുന്നു. ജില്ലയിലെ മിക്ക നേതാക്കളും അന്ന് വി.എസിനൊപ്പമായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. വി.എസിന്റെ അനുയായി ആയിരുന്ന പി.കെ ഗുരുദാസനെതിരെ സി.ഐ.ടി.യു നേതാവായിരുന്ന പി.കേശവൻ നായരായിരുന്നു സ്ഥാനാർത്ഥി. ഫലം വന്നപ്പോൾ 30 വോട്ട് നേടി വൻ ഭൂരിപക്ഷത്തിൽ പി.കെ ഗുരുദാസൻ വിജയിച്ചു. കേശവൻ നായർക്ക് ലഭിച്ചത് വെറും മൂന്ന് വോട്ടായിരുന്നു. കേശവൻ നായർ പിന്നീട് പാർട്ടി ബന്ധം തന്നെ ഉപേക്ഷിച്ച് ആദ്ധ്യാത്മിക നേതാവും പ്രഭാഷകനുമായി മാറുന്ന കാഴ്ചയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു. പിണറായി വിജയൻ പിന്നീട് പാർട്ടി നേതൃത്വത്തിൽ പിടിമുറുക്കിയപ്പോഴും കൊല്ലം ജില്ലയിൽ വി.എസ് പക്ഷം അജയ്യരായി നിന്നു. 2004 ലെ മലപ്പുറം സമ്മേളനം വരെയും കൊല്ലം ജില്ലയിലെ സി.പി.എം, വി.എസ് പക്ഷത്തിന്റെ കൈപ്പിടിയിലായിരുന്നു.
വി.എസിനൊപ്പം നിന്ന ഗുരുദാസൻ
മുതിർന്ന നേതാവ് പി.കെ ഗുരുദാസനും വി.എസും തമ്മിലുള്ളതുപോലെ ആത്മബന്ധം മറ്റേതെങ്കിലും നേതാക്കൾ തമ്മിലുണ്ടായിരുന്നോ എന്ന് സംശയമാണ്. വി.എസിനൊപ്പം നിന്നവരിൽ പലരും അവസരവാദ രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് വി. എസിൽ നിന്നകന്നപ്പോഴും ഗുരുദാസന്റെ നിലപാടിൽ ഒരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. ഗുരുദാസനെ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റംഗമായും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായും കൈപിടിച്ചുയർത്തിയത് വി.എസായിരുന്നു. 1986 ൽ നടന്ന കശുഅണ്ടി സമരമാണ് ഗുരുദാസന്റെ ഓർമ്മകളിൽ ഇപ്പോഴും പച്ചപിടിച്ച് നിൽക്കുന്നത്. കശുഅണ്ടി തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച കൂലി വലിയൊരു വിഭാഗം സ്വകാര്യ ഫാക്ടറി ഉടമകളും നൽകാൻ തയ്യാറായില്ല. പാവപ്പെട്ട തൊഴിലാളികളുടെ ബുദ്ധിമുട്ടറിയുന്ന തൊഴിലാളി നേതാവിന് ഇത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടിയായിരുന്ന വി.എസ് ഇതിനെതിരെ ശക്തമായ സമരം ആരംഭിക്കാൻ നിർദ്ദേശം നൽകി. ഇതിനായി കശുഅണ്ടി തൊഴിലാളികൾക്ക് പുറമെ വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെയും യോഗം കൊല്ലത്ത് വിളിച്ചു ചേർത്തു. സമരം നേരിട്ട് പാർട്ടി ഏറ്റെടുത്തതോടെ സമ്മേളനം ഉദ്ഘാടകനായെത്തിയത് വി. എസായിരുന്നു. പി.കെ ഗുരുദാസൻ, അന്തരിച്ച സുശീല ഗോപാലൻ അടക്കമുള്ള വൻ നേതൃനിരയെ സമരരംഗത്തിറക്കി. അന്ന് വി.എസിന്റെ പ്രസംഗം കേട്ട് ആകൃഷ്ടയായി തൊഴിലാളി യൂണിയൻ പ്രവർത്തനത്തിലേക്ക് വന്ന വിദ്യാർത്ഥി നേതാവായിരുന്നു ജെ.മേഴ്സിക്കുട്ടിയമ്മ. നേതാക്കളെ അടക്കം അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അറസ്റ്റ് ചെയ്യപ്പെട്ട ഒരു സി.പി.എം പ്രവർത്തകൻ പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി മരണമടഞ്ഞു. ഫാക്ടറി ഉടമകൾ സമരത്തിനെതിരെ കോടതിയെ സമീപിച്ചപ്പോൾ കേസ് നടത്തിപ്പ് ചുമതല വി.എസ് ഏറ്റെടുത്തു. മാസങ്ങളോളം നീണ്ട സമരം ഫാക്ടറി ഉടമകൾ മുട്ടുമടക്കിയതോടെയാണ് അവസാനിച്ചത്. കൊല്ലത്തെ കയർ, കശുഅണ്ടി, കൈത്തറി അടക്കമുള്ള പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങളിലെല്ലാം വി.എസ് ശക്തമായി ഇടപെട്ടിരുന്നു. ഈ വിഭാഗങ്ങളിലെ തൊഴിലാളികളുടെയെല്ലാം കണ്ണിലുണ്ണിയായി വി.എസ് മാറുകയായിരുന്നു.
പരിസ്ഥിതി സമരങ്ങളിലും വി.എസ്
ജില്ലയിലെ പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളിലും പരിസ്ഥിതി സംരക്ഷണ സമരങ്ങളിലും ഇടപെട്ട് കരുത്ത് പകർന്ന നേതാവായിരുന്നു വി.എസ്. വെളിച്ചിക്കാലയിൽ കളിമൺ ഖനനത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സമരം കൊടുമ്പിരി കൊള്ളവെ 2005 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നേരിട്ടെത്തി സമരപന്തൽ സന്ദർശിച്ചു.
അതോടെ ഇംഗ്ളീഷ് ഈസ്റ്റിന്ത്യ ക്ളേയ്സിനെതിരെ നടന്ന സമരം ശ്രദ്ധനേടി. കമ്പനിക്ക് പിന്നീട് പ്രവർത്തനം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. മുഖ്യമന്ത്രി ആയിരിക്കെ ശാസ്താംകോട്ട തടാകസംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകി. അന്ന് വി.എസ് മന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരുന്ന എൻ.കെ പ്രേമചന്ദ്രനെ ഇതിനായി ചുമതലപ്പെടുത്തി. തടാക സംരക്ഷണത്തിനായി മാനേജ്മെന്റ് ആക്ഷൻ പദ്ധതി തയ്യാറാക്കി പ്രവർത്തനം വിപുലപ്പെടുത്തി. 2012 ൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് കൊല്ലം സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചപ്പോഴും വി.എസിന്റെ ശക്തമായ ഇടപെടലുണ്ടായി. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തീരത്ത് മനുഷ്യചങ്ങല തീർത്തപ്പോൾ അതിന്റെ ഉദ്ഘാടകനായെത്തിയതും വി.എസായിരുന്നു. പിന്നീട് നടന്ന സമരപോരാട്ടങ്ങളുടെ മുന്നണിയിൽ നിന്ന് നയിക്കാൻ വി.എസിനെപ്പോലൊരു നേതാവിന്റെ അഭാവം കൊല്ലവും തിരിച്ചറിഞ്ഞിരുന്നു. അതിനിയും തുടരും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |