ധർമ്മപ്രബുദ്ധനായ ഒരു ഭരണാധികാരി പ്രജകൾക്കുവേണ്ടി ഭരിക്കുന്ന രാജ്യമാണ് രാമരാജ്യം . സ്വാർത്ഥത തെല്ലുമില്ലാത്ത പ്രജാക്ഷേമപാലകന്റെ രാജ്യം. രാജ്യത്തിനു വേണ്ടിയുള്ള രാജനീതി! അത് അഹമഹമികയാ പരിപാലിച്ചുപോരുന്ന ശുദ്ധസ്ഫടികമായ ധർമ്മവീക്ഷണം. അതിനുവേണ്ടിയുള്ള നിരതിശായിയായ കർമ്മകുശലത. അവിടെയാണ് രാമരാജ്യത്തിന്റെ സ്ഥിതിയും ഉന്നതിയും കുടികൊള്ളുന്നത്.
"യഥാ രാജാ, തഥാ പ്രജാ" (രാജാവ് എങ്ങനെയാണോ, അതുപോലെ പ്രജകളും) എന്നാണ് പ്രമാണം. മാർഗദർശി ഉത്തമനെങ്കിൽ സഹവർത്തിയും അതിനനുസരണമായി നിൽക്കും. രാജാവ് ധർമ്മം പാലിക്കുമ്പോൾ പ്രജകളും താനേ അതു പാലിക്കും. ആ മാതൃകയും അനുകരണവും അനുസരണവുമാണ് രാജഭക്തിയും രാജ്യക്ഷേമവും സൃഷ്ടിക്കപ്പെടുന്നതിന് ആധാരം. രാജാവും പ്രജകളും തമ്മിൽ രൂഢമൂലമായ പരസ്പരധാരണ ഉണ്ടായിരിക്കണം. പ്രജകൾ രാജാവിന്റെയും രാജാവ് പ്രജകളുടെയും ക്ഷേമതല്പരരായിരിക്കണം .
വാത്മീകിയുടെ വാക്കുകളിൽ 'എവിടെ കാമമോഹിതരില്ലയോ, വിദ്യാവിഹീനരില്ലയോ, ക്രൂരബുദ്ധികളില്ലയോ, ഈശ്വരനിന്ദകരില്ലയോ അവിടമാണ് രാമരാജ്യം. ഈ ലോകത്തിൽ ധൈര്യം, വീര്യം, ശമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നിങ്ങനെ എല്ലാ ഗുണവിശേഷങ്ങളും ഒന്നിനൊന്ന് അനുഭൂതിദായകമാംവിധം ഒത്തുചേർന്ന ഒരു നരനായി വന്ന നാരായണനുണ്ടെങ്കിൽ അത് ശ്രീരാമചന്ദ്രനാണ്.
ആ രാമന്റെ കഥയാണ് രാമായണം. ഭാരതത്തെ- പാരമ്പര്യത്തിൽ അധിഷ്ഠിതമായ അതിന്റെ അതിമഹത്തായ സാംസ്കാരികസമ്പന്നതയെ- സംബന്ധിച്ചിടത്തോളം ഏറ്റവും അനുരൂപമായ, അനുഭവസിദ്ധമായ ഒരു ഭരണസമ്പ്രദായം 'രാമരാജ്യം" മാത്രമാണെന്ന് മഹാത്മജി നിഷ്കർഷിക്കുകയും അനുയായികൾക്ക് ഉപദേശം നൽകുകയും ചെയ്തിരുന്നു.
രാവണ നിഗ്രഹത്തിനു വേണ്ടി എന്നതിനപ്പുറം മർത്യശിക്ഷണത്തിനു വേണ്ടിയാണ് ശ്രീരാമ ജനനം എന്നാണ് ശ്രീമദ് ഭാഗവതം പറയുന്നത്. എന്താണ് ജീവിതമെന്ന് പഠിപ്പിച്ചുകൊടുക്കുക, അതിലൂടെ മർത്യസംരക്ഷണം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. 'നഹി തത്ഭവിതാ രാഷ്ട്രം, യത്ര രാമോ ന ഭൂപതി:, തദ്വനം ഭവിതാ രാഷ്ട്രം, യത്ര രാമോ നിവൽസ്യതി." (ശ്രീരാമൻ രാജാവല്ലാത്ത രാജ്യം ഒരു രാജ്യമല്ല. എന്നാൽ അദ്ദേഹം അധിവസിക്കുന്ന വനമാകട്ടെ, ഒരു രാഷ്ട്രത്തിന്റെ മഹത്വം അർഹിക്കുന്നു!) ഉദ്ദേശ്യശുദ്ധിയുള്ള, ഹൃദയാനുബദ്ധനായ പ്രജാപതി എവിടെ നിലനിൽക്കുന്നുവോ അവിടം, സ്വർഗസമാനം തന്നെ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |