ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും കട്ടിളയിൽ നിന്നും സ്വർണം കവർന്ന കേസിൽ സി.ബി.ഐ അന്വേഷണം വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തതൊഴിച്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെയും പങ്ക് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഗൂഢാലോചനയിൽ ദേവസ്വം ബോർഡ് അധികൃതർക്ക് പങ്കുണ്ടോയെന്നും 2019-ലെ സ്വർണക്കൊള്ള മറച്ചു വയ്ക്കാനാണോ 2025ലും പോറ്റിക്ക് സ്വർണപ്പാളികൾ പുതുക്കാൻ നൽകിയതെന്ന് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചതോടെ ബോർഡ് അന്വേഷണ പരിധിയിലായി.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് സ്വർണക്കൊള്ളയുടെ ആസൂത്രണം നടന്നതെന്നാണ് കണ്ടെത്തൽ. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളായുള്ള സ്വർണപ്പാളികൾ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെത്തിച്ചത് മുറിച്ച് വിറ്റതായാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളിൽ നിന്ന് സ്വർണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. കട്ടിളയുടെ പാളികൾ സ്വർണം പൂശിയതിനുശഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് മൊഴി. ഈ സ്വർണം കണ്ടെടുക്കക ശ്രമകരമായിരിക്കും. പഴയപാളിയുടെ പകർപ്പിൽ അച്ച് തയ്യാറാക്കി അതേപോലെ പുതിയ ചെമ്പു പാളിയുണ്ടാക്കി സ്വർണം പൂശിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. അന്യസംസ്ഥാനങ്ങളിലെ വിശദമായ അന്വേഷണത്തിലേ ഇക്കാര്യങ്ങൾ കണ്ടെത്താനാവൂ.
ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണം കവർന്നകേസിൽ ദേവസ്വം ബോർഡ് ഭരണസമിതിയെ പ്രതിയാക്കിയിട്ടുണ്ട്. ദ്വാരപാലക ശിൽപ്പത്തിലെ കവർച്ചാക്കേസിലും പ്രതിയാകുമെന്നാണ് വിലയിരുത്തൽ. ബോർഡിന്റെ മിനിട്ട്സ് ബുക്ക് പിടിച്ചെടുക്കാനും ഇതിന്റെ പകർപ്പ് ഹൈക്കോടതി റജിസ്ട്രാർ ജനറലിനും നൽകാനും ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. മുകൾത്തട്ടു മുതൽ താഴെവരെയുള്ള ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും വിശദമായി അന്വേഷിക്കണം. ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽ ബോർഡിന് നിയമപരമായ നിയന്ത്രണവും മേൽനോട്ടവും ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ട് ബോർഡ് അധികൃതർക്ക് എല്ലാ കുറ്റങ്ങളും ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാവാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ ബോർഡ് കുടുങ്ങുമെന്നുറപ്പായിട്ടുണ്ട്.
അണിയറയിൽ
വൻസ്രാവുകൾ
സ്വർണക്കൊള്ളയിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കുന്നതോടെ വമ്പന്മാർ കുടുങ്ങുമെന്നാണ് സൂചന. ക്രമക്കേടുകളുണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ബോർഡ് ചെയ്തത്. കട്ടിളപ്പാളികളിലെ സ്വർണപ്പാളികളിലുണ്ടായിരുന്ന 409 ഗ്രാം സ്വർണം സൂക്ഷിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ അനുവദിക്കുകയും അത് തിരിച്ചു പിടിക്കാതിരിക്കുകയും ചെയ്തു. സ്വർണപ്പാളികൾ കൊടുക്കുന്ന സമയത്ത് ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തുക മാത്രമല്ല, അതേ വ്യക്തിയെ തന്നെ വീണ്ടും ഈ വസ്തുവകകൾ ഏൽപ്പിക്കുകയും ചെയ്തു. 2021-ൽ പീഠം തിരികെ കൊണ്ടുവന്നപ്പോൾ അവ തിരുവാഭരണം രജിസ്റ്ററിൽ ഉൾപ്പെടുത്താതിരുന്നത് യാദൃശ്ചികമല്ല. 2024-ൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും പീഠങ്ങളിലേയും സ്വർണം പൂശിയത് മങ്ങിയിട്ടും അത് വീണ്ടും സ്വർണം പൂശുന്നത് കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിച്ചു.
ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും 1998-99 ൽ 30.291 കിലോഗ്രാം സ്വർണം കൊണ്ട് പൊതിഞ്ഞതാണ്. എന്നിട്ടും ഇത് ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചു. തിരിച്ചെത്തിച്ച വസ്തുവകകളുടെ തൂക്കം രേഖപ്പെടുത്തിയിട്ടില്ല. ഒരു മാസത്തിലേറെ ഇത് കയ്യിൽ സൂക്ഷിക്കാൻ അനുവദിച്ചു. സന്നിധാനത്തു നിന്ന് കൊണ്ടുപോയ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്നതിൽ കോടതിക്ക് ബലമായ സംശയമുണ്ട്. ഇവ തിരികെ ഘടിപ്പിക്കുന്ന സമയത്ത് തൂക്കം നോക്കാത്തതിലും അത് മഹസറിൽ രേഖപ്പെടുത്താതിലും ഉന്നതരായ ദേവസ്വം അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്. 2019ൽ സ്വർണം പൂശിയതിന് 40 കൊല്ലം വാറന്റിയുണ്ടായിരിക്കെ, 2024ൽ മങ്ങിത്തുടങ്ങി. 2019ലെ ക്രമക്കേട് മറച്ചു വയ്ക്കുന്നതിനാവാം 2025-ൽ ഇതേ ശിൽപ്പങ്ങൾ രഹസ്യമായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിക്കാൻ ബോർഡ് തീരുമാനിച്ചത്. 2025-ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശുന്നതിൽ സ്മാർട് ക്രിയേഷൻസിന് വൈദഗ്ദ്ധ്യമില്ലെന്നും അതിനാൽ പരമ്പരാഗത രീതിയിൽ ചെയ്യാമെന്നും നിലപാടെടുത്ത ദേവസ്വം കമ്മിഷണർ എട്ടുദിവസത്തിനു ശേഷം നിലപാട് മാറ്റിയതും സംശയകരമാണ്. സ്വർണം പൂശൽ വേഗത്തിലാക്കാൻ ബോർഡ് പ്രസിഡന്റ് പിന്നീട് കത്ത് നൽകി. ഇതുപ്രകാരമാണ് ശിൽപ്പങ്ങൾ പോറ്റിയെ ഏൽപ്പിച്ചത്.
തട്ടിപ്പ് മറയ്ക്കാൻ
വീണ്ടും തട്ടിപ്പ്
സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന മറ്റൊരു കൂട്ടം ദ്വാരപാലക ശിൽപ്പങ്ങൾ വിട്ടു നൽകിയാൽ അതിലെ സ്വർണം ഉപയോഗിക്കുന്നതു വഴി ചെലവ് കുറയ്ക്കാമെന്ന് 2024സെപ്തംബറിൽ ബോർഡിനെ അറിയിച്ചിട്ടുണ്ട്. 2019-ലെ സ്വർണത്തട്ടിപ്പ് മറച്ചുവയ്ക്കാനായി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യമായി ഏൽപ്പിക്കാൻ ദേവസ്വം അധികൃതർ ശ്രമിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്. ദുരൂഹ ഇടപാടുകൾ നടന്ന സമയത്തെ സ്ഥലംമാറ്റങ്ങളും ഉത്തരവുകളും സംശയാസ്പദമാണ്. രേഖകളിൽ തിരുത്തൽ വരുത്തി മേലുദ്യോഗസ്ഥരെ കബളിപ്പിച്ചോ എന്നതടക്കം അന്വേഷിക്കേണ്ടതുണ്ട്. 1998-ൽ വ്യവസായി വിജയ് മല്യ ശ്രീകോവിലിന്റെ വാതിലുകളിലും മുകളിലെ കൊത്തുപണികളിലുമായി 2.51 കിലോ സ്വർണം പൊതിഞ്ഞുനൽകിയിരുന്നു. എന്നാൽ, 2019 മാർച്ചിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം പൂശിയ പുതിയ വാതിൽ സംഭാവന ചെയ്തു. 324 ഗ്രാം സ്വർണം പൂശിയ വാതിലാണിത്.
പഴയ വാതിലിന്റെ 2 പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഏൽപിക്കുന്നു എന്ന് മഹസറിലുണ്ട്. ഇതിൽ സ്വർണം പൊതിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാക്കുന്നില്ല. ഈ വാതിൽ ശബരിമലയിലെ ലോക്കർ റൂമിലില്ലെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി കൂടും. 2019 ഓഗസ്റ്റിനും ഡിസംബറിനുമിടെ 3 പേരാണു തിരുവാഭരണ കമ്മിഷണർ സ്ഥാനത്തുണ്ടായിരുന്നത്. അടിക്കടിയുണ്ടായ ഈ നിയമനങ്ങൾ ആർക്കും കാര്യങ്ങളിൽ വ്യക്തതയുണ്ടാവരുത് എന്ന രീതിയിലുള്ള ഉന്നത ഇടപെടലാണെന്നാണ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |