തുടക്കകാലത്ത് ഒരു അത്ഭുതമായിരുന്നു മൊബൈൽ ഫോൺ. മാർട്ടിൻ കൂപ്പർ എന്ന അമേരിക്കൻ എൻജിനിയർ കണ്ടെത്തിയ മൊബൈൽ ഹാൻസെറ്റ് ഇത്ര വേഗം ലോകത്തെ തന്നെ കീഴടക്കുന്ന സംവിധാനമായി മാറുമെന്ന് ഒരുപക്ഷേ അന്ന് നിനച്ചിട്ടുണ്ടാവില്ല. ഏതായാലും കാലത്തിനൊപ്പം മൊബൈൽ ഫോണും വളർന്നു. രൂപത്തിലും ഭാവത്തിലും സംവിധാനങ്ങളുടെ ധാരാളിത്തത്തിലും. മൊബൈൽ കൈയ്യിലില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് ലോകജനത മാറി. ആവശ്യത്തിനും അനാവശ്യത്തിനും കുത്തിക്കലക്കുണ്ടാക്കാനും ശത്രുതയുള്ളവർക്ക് പാരപണിയാനുമെല്ലാം ഇത്രയും 'പ്രയോജനകരമായ ' മറ്റൊരു കണ്ടുപിടുത്തം ഉണ്ടായിട്ടേയില്ലെന്ന് പറയാം.
ഇപ്പോഴിതൊക്കെ പറയാൻ കാരണം തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റായിരുന്ന പാലോട് രവിക്ക് പൊടുന്നനെ സംഭവിച്ച സ്ഥാനഭ്രംശമാണ്. പൂന്താനം രചിച്ചതുപോലെ 'കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും' ....
മൂന്ന് തവണ നെടുമങ്ങാട് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുകയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്ത് വരെ എത്തുകയും ചെയ്ത, തികച്ചും ഗാന്ധിയനായ നേതാവാണ് പാലോട് രവി. കോൺഗ്രസിന്റെ പതിവ് ശീലമായ ഗ്രൂപ്പ് പോരുകളുടെ ഭാഗമായുള്ള അഭിപ്രായ വ്യത്യാസങ്ങളൊക്കെ ചില കോണുകളിൽ നിന്നുണ്ടായിട്ടുണ്ടെങ്കിലും പൊതുവെ ആക്ഷേപങ്ങൾക്ക് വലിയ ഇടകൊടുക്കാതെ പൊയ്ക്കൊണ്ടിരുന്ന നേതാവുമാണ് അദ്ദേഹം. തികച്ചും അച്ചടി ഭാഷയിൽ സ്ഫുടതയോടും സൗമ്യമായുമാണ് അദ്ദേഹത്തിന്റെ സംസാരം. അദ്ദേഹത്തിന്റെ ഖദറിനുള്ളിൽ ഒരു കാലാകാരനുണ്ട്, നാടകാസ്വാദകനുണ്ട്, സാഹിത്യകുതുകിയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തുകാര്യം, 'വരുമോരോ ദശ', എന്നപോലെ അദ്ദേഹം ഒന്നു ഫോൺവിളിച്ചു പോയി. അത് ഡി.സി.സി പ്രസിഡന്റിന്റെ കസേര തെറിപ്പിക്കുന്ന ഫോൺവിളിയാകുമെന്ന് പാലോട് സ്വപ്നത്തിൽ പോലും നിനച്ചില്ല. ഒരു ദുഷ്ടവിചാരത്തിലും നടത്തിയ സംഭാഷണമല്ല, അദ്ദേഹത്തിന് പാരയായത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം നേടാൻ സാധിച്ചു. കോൺഗ്രസും യു.ഡി.എഫും നല്ല ഉഷാറിലാണ്. ഇനി വരുന്നത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണ്. ജില്ലയിൽ തിളക്കമാർന്ന വിജയം കിട്ടിയാൽ ആരെല്ലാം എന്തൊക്കെ പറഞ്ഞാലും അതിന്റെ ക്രെഡിറ്റ് ഡി.സി.സി പ്രസിഡന്റിന് കിട്ടും. ഇത്തരം ചിന്തകൾ അദ്ദേഹത്തിന്റെ മനോമുകുരത്തെ ഭരിച്ചപ്പോഴാണ്, ജില്ലയിൽ സംഘടനാ രംഗത്തെ ബലഹീനതകൾ തീർക്കണമെന്ന പൂതി അദ്ദേഹത്തിനുണ്ടായത്.
ഭാവി പ്രവചിക്കുന്നവന്റെ തത്ത കാർഡെടുക്കും പോലെ ഒരു നമ്പർ തിരഞ്ഞുപിടിച്ചു വിളിച്ചു. അത് ഒരു ഒന്നൊന്നര വിളിയായിപ്പോയി. സംഘടനയിൽ പ്രവർത്തകർ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ എങ്ങനെ രമ്യമായി പരിഹരിക്കണം, ചിട്ടയോടും അടുക്കോടെയും എങ്ങനെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണം, വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, ഇത്യാദി കാര്യങ്ങൾ ആമുഖമായി അദ്ദേഹം വിവരിച്ചു. അടുത്ത ഘട്ടത്തിൽ രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലിന്റെ ഭാഗമായിരുന്നു. എന്തൊക്കെ തന്ത്രങ്ങൾ അവർ മെനയുമെന്നും പണം വാരിയെറിഞ്ഞ് കോൺഗ്രസിന്റെ വോട്ടുകൾ കൊണ്ടുപോകുമെന്നും യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമൊക്കെയുള്ള കാര്യങ്ങൾ ഒരു 'മോട്ടിവേഷൻ സ്പീച്ചിന്റെ' ശൈലിയിൽ അദ്ദേഹം തള്ളിവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പു കഴിയുമ്പോൾ സ്വന്തം പാർട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴുമെന്നും മാർക്സിസ്റ്ര് പാർട്ടി ഭരണം തുടരുമെന്നുമുള്ള പ്രവചനങ്ങളും മോട്ടിവേഷൻ സ്പീച്ചിനിടയിൽ അദ്ദേഹം മുന്നോട്ടു വച്ചു. എന്ന് മാത്രമല്ല, അതോടെ പാർട്ടി 'അധോഗതിയിലാവുമെന്നു'കൂടി മുന്നറിയിപ്പു നൽകി. ഇതിനെല്ലാം പുറമെ മോട്ടിവേഷൻ സ്പീച്ചിന്റെ അവസാന ഭാഗത്തിൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത് 'എടുക്കാചരക്കായി' മാറുമെന്നൊരു കടുകട്ടി പ്രയോഗവും നടത്തി. എടുക്കാ ചരക്കിന് കൊടുക്കേണ്ടി വരുന്ന വില സുമാർ രണ്ടുമാസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു കാണും.
സത്യത്തിൽ തന്റെ പ്രാദേശിക നേതാവിനെ വീലിൽ കളർത്തി ഒന്നുഷാറാക്കാനും വരും ദിവസങ്ങളിൽ പാർട്ടി നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങൾ ഓർമ്മപ്പെടുത്താനും അതിനെ എങ്ങനെ മറികടക്കണമെന്ന് ബോധവത്കരിക്കാനുമൊക്കെയുള്ള നൂറ് ശതമാനം ആത്മാർത്ഥമായ ചിന്തയുടെ ഭാഗമായിരുന്നു പാലോടിന്റെ ഈ മോട്ടിവേഷൻ സ്പീച്ച്. പക്ഷെ ആവേശതള്ളിച്ചയിൽ അദ്ദേഹത്തിന്റെ നാവിൽ വന്നുദിച്ച ചില പ്രയോഗങ്ങൾ അത്ര രുചികരമായില്ല. ചിത്രാഞ്ജലിയിലെ റെക്കോർഡിംഗ് തിയറ്ററിലേപ്പോലെ ഇതെല്ലാം കൃത്യമായി ശബ്ദലേഖനം ചെയ്യുന്നത് പാവം പാലോട് അറിഞ്ഞുമില്ല. ചുരുക്കത്തിൽ 'ചക്കിന് വച്ചത് കൊക്കിന് കൊണ്ട 'പരുവത്തിലായി. എന്തായാലും രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും പാലോടിന്റെ സ്പീച്ച് കേട്ട പ്രവർത്തകനിൽ മോട്ടിവേഷൻ പരകോടിയിലായി. ആ മാന്യദേഹത്തിന്റെ കൈവശം വഴിയോ, അതോ കൈമറിഞ്ഞോ ഏതായാലും ഒരു ചാനലിൽ മോട്ടിവേഷൻ സ്പീച്ച് പ്രത്യക്ഷപ്പെട്ടു. പിന്നത്തെ പുകിൽ പറയേണ്ടതില്ലല്ലോ, പാലോടിന്റെ ശത്രുക്കളും മിത്രഭാവേനയുള്ള ദുഷ്ടബുദ്ധിക്കാരുമെല്ലാം ആക്ടീവായി. ഈ ഘട്ടത്തിൽ രാജിയല്ലാതെ മറ്റു വഴി ഈ ഗാന്ധിയനു മുന്നിലില്ലല്ലോ. അങ്ങനെ വിങ്ങുന്ന മനസോടെ അദ്ദേഹം രാജിക്കത്ത് എഴുതി ധാർമികത ഉയർത്തിപ്പിടിച്ചു.
അന്തരിച്ച ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ, സോളാറിന്റെ മൊത്തവിതരണക്കാരി ഇവിടെ അടക്കിഭരിച്ചത് മൊബൈൽ ഫോണിലെ സല്ലാപകുമാരന്മാരുടെ പേരു പറഞ്ഞാണ്. പാതിരാത്രിയിൽ രാമായണ കഥ പറയാൻ ഫോണിൽ വിളിച്ചവരുടെ പട്ടിക നീണ്ടുപോകുന്നത് അന്ന് നാം കണ്ടതാണ്. ശബരിമല സ്ത്രീപ്രവേശന വിവാദം കത്തി നിന്നപ്പോഴും ഗോവയിൽ തിരഞ്ഞെടുപ്പ് കാലത്തും മൊബൈൽ എങ്ങനെ ഏണിയാവുമെന്നതും കേരളം കണ്ടിട്ടുള്ളതാണ്. ഏതായാലും പാലോടിന്റെ വിളി അത്തരം വേണ്ടാതീനങ്ങളുടെ പട്ടികയിലുൾപ്പെട്ടതല്ലല്ലോ എന്നതാണ് ആശ്വാസകരം. പക്ഷെ ഇജ്ജാതി ന്യായവാദങ്ങളൊന്നും ഇത്തരുണത്തിൽ വിലപ്പോവില്ലല്ലോ.
ഇതു കൂടി കേൾക്കണേ
സമൂഹത്തിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതെങ്കിലും ഏതു നേരവും തിരിഞ്ഞു കൊത്താവുന്ന അപകടകാരിയാണ് മൊബൈൽ ഫോൺ. അത് ഉപയോഗിക്കുമ്പോൾ മിനിമം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ലല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |