SignIn
Kerala Kaumudi Online
Friday, 12 December 2025 2.35 AM IST

കാക ഭൂശുണ്ഡിയുടെ കഥ

Increase Font Size Decrease Font Size Print Page
ramayanam

രാമായണത്തിൽ മഹർഷിയായ ലോമശന്റെ ശാപത്തെ തുടർന്ന് കാക്കയായി മാറിയ ശ്രീരാമഭക്തനാണ് 'കാകഭൂശുണ്ഡി". രാമചരിതമനുസരിച്ച് അദ്ദേഹം ഗരുഡന് ജ്ഞാനോപദേശം നല്കുന്നുണ്ട്. പതിനാറ് രാമാവതാരങ്ങൾ കണ്ടിട്ടുള്ള മഹാജ്ഞാനിയായ ഭൂശുണ്ഡിമുനി രാമായണകഥയിലെ ഒരേടാണ്. ശ്രവണകുമാരനും ദശരഥരാജനും പിന്നീട് സീതാന്വേഷണ വേളയിൽ സമ്പാതിക്കും ജടായുവിനുമെല്ലാം ബലികർമ്മങ്ങൾ ചെയ്യുന്ന വികാരനിർഭരമായ രംഗങ്ങൾ പലയിടങ്ങളിലായി ഹൃദയസ്പർശിയായി രാമായണത്തിൽ വർണിച്ചിട്ടുണ്ട്. യഥാവിധി അന്ത്യകർമ്മങ്ങളെക്കൊണ്ട് മോക്ഷഗതി പ്രാപിക്കുന്നതിന്റെ വർണനകളുമുണ്ട്.

കാക്ക, ശനീശ്വരന്റെ വാഹനമാണ്. മംഗളകാരകനായും ചിലപ്പോൾ അശുഭ സൂചകനായും കാക്കയെ കണക്കാക്കാറുണ്ട്. 'കാകദൃദൃഷ്ടി" ഏതു സാഹചര്യത്തിലും സൂക്ഷ്മനിരീക്ഷണത്തിന്റെ സൂചനയെന്നും പറയാറുണ്ട്. പരേതരുടെ പ്രതിനിധിയായോ പ്രതിരൂപമായോ ബലിക്കാക്കയെ ഗണിച്ച് ആദരപൂർവം ശ്രാദ്ധബലിയുടെ പിണ്ഡം സമർപ്പിച്ച് ഊട്ടാറുണ്ട്. വീടിനോടു ചേർന്ന് കാക്കകൾ കരഞ്ഞാൽ അതിന്റെ ചിറകുവാൽ ഏതുഭാഗത്തേക്കാണോ ആ ഭാഗത്തുനിന്ന് അതിഥികൾ എത്തുമെന്നാണ് വിശ്വാസം. ദിവസവും ഭക്ഷണം കഴിക്കും മുൻപേ കാക്കകൾക്ക് ഭക്ഷണം നൽകുന്നത് മഹാപുണ്യമായി കരുതി ഇന്നും അത് ആചരിച്ചു പോരുന്ന എത്രയോ ഭവനങ്ങളുണ്ട്.

അയോദ്ധ്യയിൽ ശൂദ്രനായി ജനിച്ചവനാണ് കാകഭൂശുണ്ഡി. ശിവഭക്തനായ അദ്ദേഹം വിഷ്ണുവിനെയും വൈഷ്ണവരെയും എതിർത്തു. ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഗുരുവിനെ പ്രാർത്ഥനയിൽ മറന്നപ്പോൾ പരമശിവൻ ഭൂശുണ്ഡിയെ താഴ്ന്ന ജീവിയാകാൻ ശപിച്ചു. അങ്ങനെ മുനി ഒരു സർപ്പമായി മാറി. ആയിരം ശപിക്കപ്പെട്ട ജന്മങ്ങൾക്കു ശേഷം രാമഭക്തനായി മോക്ഷംനേടുമെന്ന് അനുഗ്രഹിക്കുകയുംചെയ്തു. തുടർന്ന് ബ്രാഹ്മണനായി ജനിച്ച് രാമഭക്തനായി.

ബ്രഹ്മാരാധനയ്ക്കു പകരം നിർഗുണാരാധന ഉപദേശിച്ച ലോമശ മുനിയോട് തർക്കിച്ചപ്പോൾ അദ്ദേഹം ഭൂശുണ്ഡിയെ ശപിച്ച് കാക്കയാക്കി. നേരത്തെ രാമനെ പൂജിക്കാൻ വൈമുഖ്യം കാണിച്ചതിനാലാണ് ശിവശാപമുണ്ടായതെന്നു പറയപ്പെടുന്നു. ത്രേതായുഗത്തിൽ അയോദ്ധ്യയിൽ പോയി അഞ്ചാണ്ട് രാമനെ കാക്കയായി നോക്കിനിൽക്കുമെന്ന് മുനി ഗരുഡനോട് പറയുന്നുണ്ട്. ബാലനായ രാമൻ ഈ കാക്കയെ പിടികൂടാൻ ശ്രമിച്ചപ്പോൾ കാക്കയിലെ മുനി 'രാമനെ" സംശയിച്ചു.

ബ്രഹ്മലോകത്തേക്കു പറന്ന കാക്ക ഈശ്വരന്റെ വിരലുകൾ ഒരുവിരൽ അകലത്തിലാണെന്നു കണ്ട് ഭൂമിയിൽ തിരിച്ചെത്തി. അദ്ദേഹം ഭഗവാനിൽ പ്രപഞ്ചം കണ്ടു. ശ്രീരാമൻ ഭൂശുണ്ഡിയെ അനുഗ്രഹിച്ചു. അനുഗ്രഹം കിട്ടിയ മുനി അതേരൂപത്തിൽ കാക്കയായി തുടരാൻ തീരുമാനിച്ചു. ശൈവസങ്കല്പത്തിൽ നിന്ന് വൈഷ്ണവ ആരാധനയിലേക്കു മാറുന്ന ഭൂശുണ്ഡി ബ്രഹ്മജ്ഞനായ ബ്രാഹ്മണനായി മാറി. ചിരഞ്ജീവിയായ ഭൂശുണ്ഡിമുനിയുടെ പ്രതിഷ്ഠ പുരി ജഗന്നാഥ ക്ഷേത്രത്തിൽ കാണാം.

രാമനെയും രാമായണത്തെയും ആരാധിക്കുന്ന ജ്ഞാനികൾക്ക് ഇങ്ങനെ എത്രയെത്ര കഥാനുഭവങ്ങളാണ് രാമായണം സമ്മാനിക്കുന്നത്! 'രാമായണങ്ങൾ പലതും കവിവരർ ആമോദമോടെ പറഞ്ഞു കേൾപ്പുണ്ടെ"ന്നതു തന്നെ ആദികാവ്യത്തിന്റെ പ്രസക്തി എത്രമാത്രമെന്നതിനും,​ മനുഷ്യരെ അത് എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിനും ഉത്തമോദാഹരണമാണ്.

TAGS: RAMAYANNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.