
വികസനത്തിന് പ്രാധാന്യം നൽകുന്ന രാഷ്ട്രീയംകൊണ്ടേ ജനങ്ങൾക്ക് ഗുണമുണ്ടാവുകയുള്ളൂ. മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിലുള്ള തർക്കങ്ങൾ മുതലെടുത്ത് നേടുന്ന രാഷ്ട്രീയ ലാഭങ്ങൾ താത്‌കാലിക നേട്ടങ്ങൾ നൽകുമെന്നല്ലാതെ ദീർഘകാലാടിസ്ഥാനത്തിൽ നാടിന്റെ പുരോഗതിക്ക് ഗുണം ചെയ്യില്ലെന്നു മാത്രമല്ല, പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യും. ഭരിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന എല്ലാ വികസന പദ്ധതികളെയും എതിർക്കുന്നതാണ് പ്രതിപക്ഷത്തിന്റെ കടമ എന്ന ചിന്താഗതി രാഷ്ട്രീയ കക്ഷികൾ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഏതൊരു പദ്ധതിയുടെയും പോരായ്മകൾ ചൂണ്ടിക്കാട്ടാം. അത് പരിഹരിക്കാനായി ഒത്തൊരുമിച്ച ശ്രമമാണ് പിന്നീട് വേണ്ടത്. നിർഭാഗ്യവശാൽ കേരളത്തിൽ വികസനം സാദ്ധ്യമാക്കുന്നതിൽ രാഷ്ട്രീയ സഹകരണം അന്യസംസ്ഥാനങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്.
ഏതു സർക്കാർ ഏതൊരു പദ്ധതി മുന്നോട്ടുവച്ചാലും അതിന്റെ ദോഷവശങ്ങളെക്കുറിച്ചാവും ഏറ്റവും കൂടുതൽ ചർച്ച നടക്കുന്നത്. അത് കേൾക്കാനും കാണാനുമാണ് കൂടുതൽ പേരും താത്‌പര്യപ്പെടുന്നത്. അതിനാൽ അത്തരം വാർത്തകൾക്ക് കൂടുതൽ മാദ്ധ്യമപ്രചാരം ലഭിക്കുകയും ചെയ്യും. അതേസമയം, പദ്ധതിയുടെ നേട്ടങ്ങളോട് ഒരുതരം നിസംഗഭാവമാണ് സമൂഹം പൊതുവെ പുലർത്തുന്നത്. സിങ്കപ്പൂർ വളരെ ചെറിയ ഒരു രാജ്യമാണ്. കേരളം അതിന്റെ അമ്പതു മടങ്ങ് വലുതാണ്. പ്രകൃതിവിഭവങ്ങളും ധാതുസമ്പത്തും കേരളത്തിന് അനുഗൃഹീതമായ നിലയിലുണ്ട്. ഇതൊന്നുമില്ലാത്ത സിങ്കപ്പൂർ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിനുള്ളിൽ നേടിയ വളർച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. അത്രയൊന്നും നേടിയില്ലെങ്കിൽപ്പോലും അതിന്റെ കാൽഭാഗം വളർച്ചയെങ്കിലും നേടിയിരുന്നെങ്കിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി കേരളം മാറുമായിരുന്നു!
ചെന്നൈ നഗരത്തേക്കാൾ അല്പം കൂടി മാത്രം വലുപ്പമേ സിങ്കപ്പൂരിനുള്ളൂ. പക്ഷേ ഒരു വർഷം ഇന്ത്യ സന്ദർശിക്കുന്ന ടൂറിസ്റ്റുകളുടെ ആകെ എണ്ണത്തെക്കാൾ കൂടുതലാണ് സിങ്കപ്പൂർ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം. കേരളം ഒരിക്കലും അതിന്റെ സാദ്ധ്യതകളെക്കുറിച്ചല്ല, പരാധീനതകളെക്കുറിച്ചാണ്
സംസാരിക്കുന്നത്. കേരളത്തിന്റെ വളർച്ച മുരടിപ്പിക്കുന്ന ഈ മനോഭാവം മാറണമെങ്കിൽ രാഷ്ട്രീയ കക്ഷികൾ അതത് പാർട്ടികൾക്കുപരി സംസ്ഥാനത്തിന്റെ താത്‌പര്യത്തിന് ആദ്യ പരിഗണന നൽകുന്ന സമീപനത്തിലേക്ക് മാറേണ്ടതുണ്ട്. തുടക്കം മുതൽ കെ - റെയിൽ പദ്ധതിയെ പ്രതിപക്ഷത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും ശക്തമായി എതിർക്കുകയാണുണ്ടായത്. ഇപ്പോൾ കേരളം ഭരിക്കുന്നവരും ഇതുപോലെ നിരവധി പദ്ധതികളെ എതിർത്തിട്ടുള്ളതാണ്. വിഴിഞ്ഞം പദ്ധതി തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇന്നിപ്പോൾ അത് യാഥാർത്ഥ്യമായി വരുമ്പോൾ തുടക്കത്തിലും പിന്നീടും അതിനെ എതിർത്തിരുന്നവർ ഉയർത്തിയിരുന്ന വാദമുഖങ്ങൾ പലരും ഓർക്കുന്നു പോലുമില്ല!
കെ - റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി അത് നടക്കുമെന്നു കരുതാനാവില്ല. എന്നാൽ പദ്ധതി അപ്പാടെ ഉപേക്ഷിക്കില്ലെന്നും വേറെ വഴി നോക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞതിൽ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്. നാടിന്റെ വികസനത്തിന് അങ്ങേയറ്റം സഹായകമായ ഒന്നായിരുന്നു കെ - റെയിൽ. ഇതിന് കേന്ദ്രാനുമതി ലഭിക്കാതിരുന്നത് രാഷ്ട്രീയ നിലപാടുകൾ കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ- റെയിൽ പദ്ധതി അതേ രൂപത്തിൽ നടന്നില്ലെങ്കിലും, ട്രെയിനുകൾക്ക് ഒരു അതിവേഗ ബദൽ പാത വരുന്നത് എന്തുകൊണ്ടും കേരളത്തിന്റെ ഭാവി വികസനത്തിന് നല്ലതാണ്. കേന്ദ്രം കൂടി അനുമതി നൽകാൻ സാദ്ധ്യതയുള്ള നിർദ്ദേശങ്ങൾ കെ - റെയിലിന് എതിരായ വിമർശനങ്ങൾ ഉയർന്ന വേളയിൽത്തന്നെ മുന്നോട്ടു വച്ചിരുന്നതാണ്. അതിനാൽ കേന്ദ്ര റെയിൽവേ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഒരു ബദൽ പാതയുടെ സാദ്ധ്യതകൾ ഇനിയും ആരായാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |