SignIn
Kerala Kaumudi Online
Saturday, 23 August 2025 5.28 PM IST

സ്വരാജ് പോൾ സ്വപ്‌നങ്ങളുടെ നിത്യസ്‌മാരകം

Increase Font Size Decrease Font Size Print Page

as

കാലത്തിന്റെ തിരമാലകൾക്കിടയിൽ ചില പേരുകൾ എന്നും തെളിഞ്ഞു നിൽക്കും. ലോർഡ് സ്വരാജ് പോൾ അത്തരത്തിലുള്ള ഒരാളായിരുന്നു. പഞ്ചാബിന്റെ മണ്ണിൽ ജനിച്ചു. കൊൽക്കത്തയിൽ വളർന്ന്, പിന്നീട് ലണ്ടൻ നഗരം തന്റെ ജീവിതത്തിന്റെ വേദിയാക്കിയ അദ്ദേഹം ഒരു വ്യവസായി മാത്രമല്ല, മനുഷ്യസ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു. കപ്പറോ ഗ്രൂപ്പ് എന്ന സ്റ്റീൽ- എൻജിനിയറിംഗ് സാമ്രാജ്യത്തിന്റെ സ്ഥാപകനായ സ്വരാജ് പോൾ, നാല്പതിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിന് തൊഴിൽജീവികളുടെ ജീവിതത്തിന് കരുത്തായി.

ലോകവ്യാപകമായി ബില്യൺ ഡോളറുകൾ വരുമാനം നേടിക്കൊണ്ടിരുന്നെങ്കിലും, അദ്ദേഹത്തിന്റെ മനസിൽ വാണിജ്യലാഭത്തിനു പുറമെ മനുഷ്യസേവനത്തിനായുള്ള ഒരു പ്രത്യേക ഇടം എന്നും നിലനിന്നിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് ലോർഡ്സ് അംഗമായും പിന്നീട് ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ച അദ്ദേഹം, ഇന്ത്യൻ മണ്ണിന്റെ ഗന്ധം ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരം നേടി.

കേരളവുമായി അദ്ദേഹത്തിന്റെ ബന്ധം, നമുക്ക് അഭിമാനപൂർണമായ ഓർമ്മയാണ്. 2001-ൽ, മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോൾ, സംസ്ഥാനത്തെ വളർച്ചയുടെ വഴികൾക്കായി നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. യൂറോപ്യൻ നിലവാരത്തിലുള്ള നഴ്സിംഗ് പരിശീലനകേന്ദ്രം, എൻജിനിയറിംഗ് ഉപകരണ നിർമ്മാണ യൂണിറ്റ്- ഇവ രണ്ടും കേരളത്തിന്റെ ഭാവി സ്വപ്നങ്ങളായി അദ്ദേഹം കണ്ടു. അവ നടപ്പാകാതെ പോയെങ്കിലും, സ്വരാജ് പോളിന്റെ മനസിൽ കേരളം ഒരിക്കലും അകലെയോ അന്യമോ ആയിരുന്നില്ല.
അദ്ദേഹത്തിന്റെ കേരള സന്ദർശനം വളരെ വിജയകരമാക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി ഇ. കെ. നായനാർ, വ്യവസായ മന്ത്രി സുശീലാ ഗോപാലൻ എന്നിവരെയും അന്നത്തെ വ്യവസായ വകുപ്പ് സെക്രട്ടറി കെ. മോഹൻ ദാസിനെയും പ്രത്യേകം ഓർമ്മിക്കുന്നു എല്ലാത്തിനും പുറമെ ഒരു ആതിഥേയ സ്ഥാപനമെന്ന നിലയിൽ നേതൃത്വം നൽകിയ 'കിൻഫ്ര" എന്ന സ്ഥാപനത്തിലെ എല്ലാ ജീവനക്കാരെയും, ലേഡി അരുണാ പോളിനെ ചേർത്തുപിടിച്ച് അവിസ്മരണിയമായ സന്ദർശനമാക്കാൻ സഹായിച്ച 'കിൻഫ്ര"യിലെ ഉദ്യോഗസ്ഥരുടെ സഹധർമ്മിണികളെയും ഓർക്കുകയാണ്.
ലോർഡ് പോളിന്റെ ജീവിതം സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സമന്വയമായിരുന്നു. നാലാം വയസfൽ നഷ്ടപ്പെട്ട മകൾ അംബിക പോളിന്റെ ഓർമ്മയ്ക്കായി, ലണ്ടൻ സൂ നിലനിറുത്താൻ അദ്ദേഹം നൽകിയ ഒരു മില്യൺ പൗണ്ട് ലോകം കണ്ട അപൂർവമായ പിതൃസ്‌നേഹത്തിന്റെ സാക്ഷ്യമായി. പിന്നീട് ആ മൃഗശാല തന്നെ 'അംബിക പോൾ സൂ" എന്ന പേരിൽ അറിയപ്പെട്ടു. 2022-ൽ പ്രിയപ്പെട്ട ഭാര്യ അരുണാ പോളും, 2015-ൽ മൂത്തമകൻ അങ്കദ് പോളും വിട പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസിനെ ജീവിതം വീണ്ടും പരീക്ഷിച്ചു. എന്നിരുന്നാലും, അദ്ദേഹം പതറാതെ മുന്നോട്ടു നടന്നു.

ഇന്ന്, അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇളയമകൻ ആകാശ് പോൾ, ഭാര്യ നിഷ, മകൻ ആരുഷ് എന്നിവരാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങളുടെയും പാരമ്പര്യത്തിന്റെയും പാത പിന്തുടരുന്നത്. കേരളത്തെ 'നമ്മുടെ സ്വന്തം" എന്നു കരുതി സ്‌നേഹിച്ച സ്വരാജ് പോളിന്റെ വിയോഗം,​ നമുക്ക് ഒരു സ്വകാര്യവ്യഥയായി തോന്നുന്നു. നമ്മുടെ മണ്ണിന്റെ പുരോഗതിക്കായി അദ്ദേഹം കാത്തുവച്ചിരുന്ന സ്വപ്നങ്ങൾ സഫലമാകാതെ പോയെങ്കിലും, ആ സ്വപ്നങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ അനശ്വരസ്മാരകങ്ങൾ. ലണ്ടനിൽ നിന്ന് നിത്യയാത്രയായ ലോർഡ് സ്വരാജ് പോൾ, തന്റെ മഹത്വത്തിന്റെ വെളിച്ചം ലോകത്തിന് വിട്ടുകൊടുത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരവിന്റെ സ്‌മൃതിപുഷ്പങ്ങൾ.

(ലേഖകൻ കിൻഫ്ര എം.ഡിയും FACT, KELTRON, RIAB തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയർമാനും ആയിരുന്നു)

TAGS: SWARAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.