SignIn
Kerala Kaumudi Online
Sunday, 05 October 2025 1.01 AM IST

എ.കെ. ആന്റണി മൗനം ഭഞ്ജിക്കുമ്പോൾ

Increase Font Size Decrease Font Size Print Page
ak

എ. കെ. ആന്റണി മൗനവ്രതം ഭഞ്ജിച്ചു. ദീർഘവും സംഭവബഹുലവുമായ ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം രാഷ്ട്രീയം സംസാരിക്കാനായി കഴിഞ്ഞയാഴ്ച മൗനം വെടിഞ്ഞത്. രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്തും അപൂർവമായി മാത്രം മാദ്ധ്യമങ്ങളോട് സംസാരിക്കുക എന്നതായിരുന്നു ആന്റണിയുടെ രീതി. അന്നൊക്കെ ആന്റണിയെ കണ്ടാൽ, മാധ്യമ പ്രവർത്തകർക്ക് വാർത്ത കിട്ടുക വളരെ വിരളം. ഈയുള്ളവന്, ഒരു മാദ്ധ്യമ വിദ്യാർത്ഥിയായ ശേഷം ആദ്യമായി അഭിമുഖം അനുവദിച്ചത് ആന്റണി ആദ്യം മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. രാജ് മോഹൻ ഗാന്ധി പത്രാധിപരായിരുന്ന 'ഹിമ്മത്ത്' എന്ന ഇംഗ്ലീഷ് വാരികയ്ക്കു വേണ്ടി അന്നദ്ദേഹം അനുവദിച്ച അഭിമുഖം അഭിമാനത്തോടെ ഓർക്കുന്നു.

എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പറയണമെന്ന് ആന്റണിക്ക് നന്നായി അറിയാം. അളന്നു തൂക്കിയാണെങ്കിലും, പറയണം എന്ന് നിശ്ചയിച്ചുറപ്പിച്ച കാര്യം അദ്ദേഹം പറഞ്ഞിരിക്കും. പ്രത്യാഘാതം എന്തുതന്നെ ആയാലും! അടിയന്തരാവസ്ഥ കൊടുമ്പിരി കൊള്ളുമ്പോൾ നടന്ന, എ.ഐ.സി.സിയുടെ ഗുവഹാത്തി സമ്മേളനത്തിൽ ഏവരെയും ഞെട്ടിച്ച ആന്റണിയുടെ പ്രസംഗം അതിന് ആദ്യത്തെ

ഉദാഹരണം. ഇനിയുമുണ്ട് ഉദാഹരണങ്ങൾ. കേരളത്തിൽ സംഘടിത മതന്യൂനപക്ഷങ്ങൾ പലതും നേടിയെടുക്കുന്നു എന്ന ആന്റണിയുടെ പ്രഖ്യാപനം പലരെയും പണ്ട് അത്ഭുതപ്പെടുത്തിയതാണ്. ഒപ്പമുള്ളവർ ചിലരെ അസ്വസ്ഥരുമാക്കി, അന്നത്. അതുപോലെ ഒന്നായിരുന്നു കേന്ദ്ര മന്ത്രിയായിരിക്കെ ആന്റണി നടത്തിയ മത്തായി മാഞ്ഞൂരാൻ സ്മാരക പ്രഭാഷണം.

അന്ന് അദ്ദേഹം പറഞ്ഞുവച്ചത്, ഭൂരിപക്ഷസമുദായത്തിന്റെ സന്മനോഭാവത്തെ ന്യൂനപക്ഷ സമുദായങ്ങൾ അർഹിക്കുന്ന ആദരവോടെയും അംഗീകാരത്തോടെയും വേണം കാണാൻ എന്നായിരുന്നു. ഇങ്ങനെ ഇടയ്ക്കൊക്കെ, രസിക്കാത്ത ചിലതൊക്കെ വെട്ടിത്തുറന്ന് ആന്റണി പറഞ്ഞിട്ടുണ്ട്. അതിനുള്ള വിലയും നൽകേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എഴുതിത്തുടങ്ങിയത് ആന്റണിയുടെ മൗനഭഞ്ജനത്തെ കുറിച്ചാണ്. താൻ മുഖ്യമന്ത്രി ആയിരിയിക്കെ, ശിവഗിരിയിലും മുത്തങ്ങയിലും നടത്തിയ പോലീസ് ബലപ്രയോഗത്തെപ്പറ്റി, നിയമസഭയിൽ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാനാണത്രേ അദ്ദേഹം മാദ്ധ്യമങ്ങളെ പെട്ടെന്ന് വിളിച്ചുകൂട്ടിയത്.

നിരപരാധികളോടുള്ള പോലീസ് ബലപ്രയോഗം ആരുടെ ഭരണകാലത്തായാലും ന്യായീകരിക്കാനാവില്ല തന്നെ. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് മിക്കപ്പോഴും അത് സംഭവിക്കുന്നത്. ശിവഗിരിയിലും മുത്തങ്ങയിലും നടന്നത് നിർഭാഗ്യകരം എന്ന് ആന്റണിയും സമ്മതിക്കുന്നു. ഇടതുപക്ഷ ഭരണത്തിൻ കീഴിലും ഇതൊക്ക നടക്കാറുണ്ടല്ലോ എന്നുള്ള പ്രത്യാരോപണമൊന്നും അദ്ദേഹം പക്ഷെ ഉന്നയിച്ചില്ല. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുപോലും പൊലീസ് വെടിവയ്പുണ്ടായി. അന്ന് ചന്ദനത്തോപ്പിൽ വെടിവച്ചത് തൊഴിലാളി സമരത്തെ നേരിടാനായിരുന്നു. കൂടാതെ കാട്ടാമ്പള്ളിയിലും അങ്കമാലിയിലും, വലിയതുറയിലും പോലീസ് വെടിവച്ചു. അതൊക്കെ നിൽക്കട്ടെ. തന്റെ ഭരണകാലത്ത് നടന്ന മുത്തങ്ങ, ശിവഗിരി വെടിവയ്പുകളിൽ തനിക്കും വ്യസനമുണ്ടെന്നാണ് ആന്റണി വ്യക്തമാക്കിയത്. അല്ലാതെ, വാക്കുകളിൽ മിതത്വം പാലിച്ച അദ്ദേഹം ഇതര ഭരണകാലത്തെ വെടിവയ്പിന്റെ കണക്കുകളൊന്നും ഉദ്ധരിച്ചില്ല.

പക്ഷെ, തന്റെ ഭരണവേളയിലെ പോലീസ് വെടിവയ്പുകൾ ഭരണപക്ഷം നിയമസഭയിൽ ആയുധമാക്കി ആക്രമിച്ചപ്പോൾ, തന്റെ പാർട്ടിയിലോ മുന്നണിയിലോ ഉള്ളവർ ആരും പ്രതിരോധിച്ചില്ല എന്നതിൽ ആന്റണിക്ക് വേദനയുണ്ട്. വസ്തുതകൾ അറിയാവുന്ന സഹപ്രവർത്തകർ പ്രതിപക്ഷത്തുനിന്ന് പ്രതിരോധിക്കാത്തതുകൊണ്ടാണ് അദ്ദേഹം തന്നെ നേരിട്ട് കളത്തിലിറങ്ങിയത്. കുരുക്ഷേത്ര യുദ്ധത്തിൽ ആയുധമെടുക്കില്ലെന്ന് ശപഥം ചെയ്തിരുന്ന ഭഗവാൻ കൃഷ്ണൻ, പാണ്ഡവ പക്ഷത്തിന്റെ നിർവീര്യം കണ്ട് ഗത്യന്തരമില്ലാതെ സുദർശനചക്രം കൈയിലെടുത്ത് രഥത്തിൽ നിന്ന് യുദ്ധഭൂമിയിലേക്ക് ചാടിയിറങ്ങിയതു പോലെ!

തികച്ചും അപ്രതീക്ഷിതമായിരുന്നു ആന്റണിയുടെ പൊടുന്നനെയുള്ള പരസ്യ ഇടപെടൽ. അദ്ദേഹം എന്നും ഇങ്ങനെ തന്നെയായിരുന്നു. രണ്ടുപ്രാവശ്യം മുഖ്യമന്ത്രി പദവും ഒരു പ്രാവശ്യം കേന്ദ്ര ഭക്ഷ്യമന്ത്രി പദവും രാജി വച്ചിറങ്ങിയപ്പോൾപ്പോലും ഇങ്ങനെയായിരുന്നു ആന്റണി. മന:സാക്ഷിക്ക് അനുസൃതമായി പ്രവർത്തിക്കുന്നു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ വിശദീകരണം. കെ.പി.സി.സി അധ്യക്ഷ പദവിയും ഒരിക്കൽ ഇതുപോലെ പെട്ടെന്ന് രാജിവച്ചിട്ടുണ്ട് അദ്ദേഹം. എന്നാൽ പ്രതിരോധ മന്ത്രിപദം ഏറ്റവും കൂടുതൽ കാലം, എട്ടുവർഷം, തുടർച്ചയായി വഹിച്ച വ്യക്തിയും ആന്റണിയാണ്. അസാധാരണ സാദ്ധ്യതകളുള്ള രാഷ്ട്രീയ പ്രവർത്തനമായിരുന്നു എന്നെന്നും അറക്കപ്പറമ്പിൽ കുര്യൻ ആന്റണിയുടെ രാജികൾ.

വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ് ആന്റണിയുടെ ഏഴു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതം. എഴുത്തച്ഛൻ എഴുതിയിട്ടുള്ളതുപോലെ, "ഒട്ടല്ല നിൻ കളികളിപ്പോലെ തങ്ങളിൽ വിരുദ്ധങ്ങളായവകൾ...!" ജാതി. മത ശക്തികൾ ആസൂത്രണവും ആവിഷ്കാരവും നിർവഹിച്ച വിമോചന സമരത്തിന്റെ സന്തതി എന്നാണ് ആന്റണിയെ വിമർശകർ വിശേഷിപ്പിച്ചിട്ടുള്ളത്. അതേ ആന്റണിയാണ് ഇന്ദിരാഗാന്ധി സർവശക്തയായിരിക്കെ കേരളത്തിലെത്തി ക്രൈസ്തവ മത മേലാധ്യക്ഷന്മാരെ കാണാൻ പോയപ്പോൾ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയ്ക്ക് അരമനകളിലേക്ക് ഒപ്പം പോകാൻ കൂട്ടാക്കാത്ത ഒരേയൊരു കോൺഗ്രസ്‌ നേതാവ്!

ശിവഗിരി, മുത്തങ്ങ വെടിവയ്പുകൾക്കെതിരെ ഉയർന്ന വിമർശനത്തിലുള്ള വേദന മാത്രമായിരിക്കുമോ, മനസു തുറക്കാൻ ആന്റണിയെ നിർബന്ധിച്ചത്. അതോ ജ്ഞാത, അജ്ഞാത കാരണങ്ങൾ വേറെ വല്ലതുമുണ്ടോ? ഒരു രണ്ടാംവരവിനുള്ള ആഗ്രഹവും ആരോഗ്യവും അദ്ദേഹത്തിനുണ്ടോ? കൂടുതൽ ചിലത് പറയാനുണ്ടെന്നും അത് പിന്നീടാവാമെന്നും അദ്ദേഹം പ്രസ്താവിച്ചത് രാജനൈതിക വിദ്യാർത്ഥകൾക്ക് അവഗണിക്കാനാവില്ല. പറയാൻ ബാക്കിയുണ്ടെന്ന് പറഞ്ഞത് ആന്റണി ആണെന്നതുകൊണ്ട് പ്രത്യേകിച്ച്!

TAGS: AKANTONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.