
ദുരന്തഭീതി ഉണർത്തുന്ന രീതിയിൽ ശബരിമലയിൽ തുടക്കത്തിൽത്തന്നെയുണ്ടായ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിൽ സംഭവിച്ച പാളിച്ച ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ വീഴ്‌ച തന്നെയാണ്. ഇതൊക്കെ മുൻകൂട്ടിക്കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏകോപനത്തോടെ നിർവഹിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നതാണ്. അയ്യപ്പന്റെ കൃപാകടാക്ഷത്താൽ മാത്രമാണ് നിയന്ത്രണാതീതമായ തിരക്ക് ഒരു വലിയ ദുരന്തത്തിന് വഴിവയ്ക്കാതിരുന്നത്. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കഴിവില്ലായ്മ ഇതിനേക്കാൾ വ്യക്തമായി ഇനി ജനങ്ങൾക്ക് ബോദ്ധ്യപ്പെടാനില്ല. കുടിവെള്ളം പോലും കിട്ടാതെ എട്ട് മണിക്കൂറിലേറെ ദർശനത്തിനു നിന്ന് ഭക്തജനങ്ങളിൽ പലരും കുഴഞ്ഞുവീണു. തമിഴ്‌നാട്ടിൽ നിന്നെത്തിയ ചില ഭക്തസംഘങ്ങൾ ദർശനം നടത്താതെ പന്തളത്തെത്തി തിരുവാഭരണം കണ്ട് വണങ്ങി ഇരുമുടിക്കെട്ട് സമർപ്പിച്ച് മടങ്ങിപ്പോയി. തിരുവണ്ണാമലയിൽ നിന്നെത്തിയ കുട്ടികളടക്കമുള്ള കന്നി അയ്യപ്പന്മാരുടെ നാല്പതംഗ സംഘമാണ് നിരാശയോടെ മടങ്ങിയത്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് എത്തിയവരായിരുന്നു അവരെല്ലാം. കേരളത്തിന്റെ എല്ലാ നേട്ടങ്ങളെയും താഴ്‌ത്തിക്കെട്ടാൻ പോരുന്ന നാണക്കേടാണിത്.
ശബരിമലയിൽ വരുന്ന ധനത്തിൽ മാത്രം ശ്രദ്ധപതിപ്പിക്കുമ്പോഴുണ്ടാകുന്ന പാകപ്പിഴയാണിത്. ദേവസ്വം ബോർഡിനും പൊലീസിനും സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും ഒരേപോലെയാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഉത്തരവാദപ്പെട്ട വിവിധ വിഭാഗങ്ങൾ അവരവർക്ക് തോന്നിയ വിധത്തിൽ സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നുവേണം അനുമാനിക്കാൻ. കേന്ദ്രീകൃതമായൊരു ഏകോപനം അവിടെ സംഭവിച്ചിട്ടില്ല. അതിനാൽത്തന്നെ ആരും ആരുടെയും വാക്ക് അനുസരിക്കാതെ ബോധിച്ചതു പോലെ പ്രവർത്തിക്കുകയാണെന്നു വേണം അനുമാനിക്കാൻ. ജനസഹസ്രങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നായും മറ്റും എത്തുമ്പോൾ അവർക്കായി നമ്മൾ ഒരുക്കിവച്ചത് ഒരു നാഥനില്ലാത്ത കളരിയാണെന്നത് മാപ്പർഹിക്കാത്ത തെറ്റു തന്നെയാണ്.
രണ്ടോ മൂന്നോ മണിക്കൂറിലധികം ക്യൂ നിൽക്കാതെ ഒരു ദിവസം പരമാവധി എത്രപേർക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന കണക്കാണ് ആദ്യം തയ്യാറാക്കേണ്ടത്. കമ്പ്യൂട്ടറിൽ അത് സെറ്റ് ചെയ്താൽ അതിൽ കൂടുതൽ ഒരാൾക്കുപോലും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാൻ കഴിയില്ല. സ്പോട്ട് ബുക്കിംഗിനും അതനുസരിച്ചുള്ള ക്രമീകരണം ഏർപ്പെടുത്തണം. അതിൽ കൂടുതൽ വരുന്ന ഭക്തജനങ്ങളെ പമ്പയിലും നിലയ്ക്കലും മറ്റും തടയുകയും, അവരെ എപ്പോൾ കയറ്റിവിടാനാകുമെന്ന് ആധികാരികമായി അറിയിക്കുകയും വേണം. ഭക്തജനങ്ങളെ തടയുന്നതിനൊപ്പം ദേവസ്വം ബോർഡും സർക്കാരും ചില ഉത്തരവാദിത്വങ്ങളും നിറവേറ്റേണ്ടതുണ്ട്. ഭക്തർക്ക്, അവർ തടയപ്പെടുന്ന സ്ഥലങ്ങളിൽ വിരിവയ്ക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണം. കോടിക്കണക്കിന് ജനങ്ങൾ പങ്കെടുത്ത കുംഭമേള എത്ര ഭംഗിയായാണ് യു.പി സർക്കാർ നടത്തിയത്. അവിടെ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ചെലവാക്കിയതിന്റെ എത്രയോ ഇരട്ടിയാണ് തിരിച്ചുകിട്ടിയത്. ദേവസ്വം ബോർഡിനെക്കൊണ്ട് പറ്റില്ലെങ്കിൽ വലിയ തീർത്ഥാടനങ്ങൾ നടത്തി പരിചയമുള്ള വിദഗ്ദ്ധരെ വിളിച്ച് ചുമതലയേൽപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്.
എല്ലാം ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്വമാണെന്നു പറഞ്ഞ് സർക്കാരിന് മാറിനിൽക്കാനാവില്ല. ശബരിമലയിൽ സംഭവിക്കുന്ന ഓരോ പാളിച്ചയുടെയും ശരങ്ങൾ പായുന്നത് സർക്കാരിന്റെ നെഞ്ചത്തേക്കു കൂടിയാണെന്ന് മറക്കരുത്. അതുപോലെ തന്നെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം കൂടുന്നതിന് ഇലക്‌ഷൻ കമ്മിഷൻ അനുമതി നിഷേധിച്ച നടപടിയും ശരിയല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞാൽപ്പിന്നെ എല്ലാം നിശ്ചലമാകണമെന്നത് പഴഞ്ചൻ കാഴ്ചപ്പാടാണ്. വോട്ടർമാരെ സ്വാധീനിക്കുന്ന നടപടികളും തീരുമാനങ്ങളുമുണ്ടാകാൻ പാടില്ലെന്നേ ഉള്ളൂ. ശബരിമലയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ അവലോകനം ചെയ്യുന്ന യോഗവും വോട്ടർമാരുമായി എന്തു ബന്ധമാണുള്ളത്? അയ്യപ്പസംഗമത്തിന്റെ സംഘാടനത്തിന് ചെലവഴിച്ച ഊർജ്ജത്തിന്റെയും ധനത്തിന്റെയും പകുതി ശബരിമലയിലെ മണ്ഡലകാല മുന്നൊരുക്കങ്ങൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ ഭക്തരുടെ ദുഃഖം ശബരിമലയിൽ സംഭവിക്കില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |