ശബരിമലയിലെ സ്വർണ വഴിപാടുകളുമായി ബന്ധപ്പെട്ട് വർഷങ്ങളായി തുടരുന്ന കള്ളക്കളിയുടെ ഒരറ്റം മാത്രമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും സ്വർണം പൂശാൻ കൊണ്ടുപോയതിലെ പൊരുത്തക്കേടുകളുടെ സർവ ഉത്തരവാദിത്വവും ഒരു പോറ്റിയുടെ മേൽ കെട്ടിവയ്ക്കാൻ ബന്ധപ്പെട്ട പല ഉന്നതരും വെമ്പൽ കൊള്ളുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എന്നാൽ ഇത് അവിടെ നിൽക്കില്ലെന്ന് ഹൈക്കോടതിക്കു തന്നെ ബോദ്ധ്യമായ സ്ഥിതിക്ക് ബോർഡിന്റേയും ഉദ്യോഗസ്ഥരുടേയും 'വെള്ളപൂശൽ' ശ്രമങ്ങൾക്ക് ഏറെ ആയുസ്സുണ്ടാകില്ല. പറയേണ്ടിടത്ത് ഉത്തരം പറയേണ്ടിവരും.
ഉണ്ണികൃഷ്ണൻ പോറ്റി ദുരൂഹ വ്യക്തിത്വമാണ്... പോറ്റി വഞ്ചിച്ചു... പോറ്റിയേയും ബന്ധുവിനെയും പ്രതിയാക്കും... സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പിലേയും ബോർഡിലേയും ഉന്നതരിൽ നിന്ന് ഇപ്പോൾ ഉയരുന്ന ജല്പനങ്ങളാണിത്. ശബരിമല സ്വർണപ്പാളി വിവാദത്തിലെ സോൾ വില്ലൻ തിരുവനന്തപുരത്തുകാരൻ പോറ്റിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ അരിയാഹാരം കഴിക്കുന്നവരാരും ഇത് വെള്ളം തൊടാതെ വിഴുങ്ങില്ല. കാരണം ശബരിമലയിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ടുള്ള പൊരുത്തക്കേടുകൾ പലതും ഹൈക്കോടതി ഡീ കോഡ് ചെയ്തെടുത്തു കഴിഞ്ഞു. സത്യം സമ്പൂർണമായും പുറത്തുകൊണ്ടുവരാൻ ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് അന്വേഷണം തുടരുകയാണ്. മാത്രമല്ല, ക്ഷേത്രത്തിൽ കാണിക്ക കിട്ടുന്ന വിലപ്പെട്ട വസ്തുക്കൾ റിട്ട. ജഡ്ജിയുടെ മേൽനോട്ടത്തിൽ കണക്കെടുപ്പു നടത്താനും കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചാരി തലയൂരാനുള്ള ഉന്നതരുടെ ശ്രമങ്ങൾ, സ്വയം മുങ്ങിത്താഴാതിരിക്കാനുള്ള കൈകാലിട്ടടിക്കൽ മാത്രമായേ കാണാനാകൂ. പോറ്റിയെന്ന അവതാരത്തെ ആരാണ് പാൽ കൊടുത്ത് വളർത്തിയതെന്നും തിരിച്ചറിയാനുണ്ട്.
പാളികളിൽ പാളിയതാർക്ക്?
ശബരിമല സ്പെഷ്യൽ കമ്മിഷണർ ആഴ്ചകൾക്ക് മുമ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് ദുരൂഹതകളിലേക്ക് വെളിച്ചം വീശിയത്. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും പൊതിഞ്ഞിരുന്ന സ്വർണം പൂശിയ ചെമ്പുപാളികൾ ഇളക്കിയെടുത്ത് ചെന്നൈയിലെ ഒരു വർക്‌ഷോപ്പിലേക്ക് കൊണ്ടുപോയത് അനുമതിയില്ലാതെയാണെന്നും മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും പരിശോധിക്കണമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സന്നിധാനത്തെ വിലപ്പെട്ട വസ്തുക്കൾ അറ്റകുറ്റപ്പണി ചെയ്യുന്നതിന് 2023ൽ തന്നെ കോടതി മാർഗനിർദേശങ്ങൾ നൽകിയിരുന്നു. തിരുവാഭരണങ്ങളായ യോഗദണ്ഡും ജപമാലയും മറ്റും അറ്റകുറ്റപ്പണി നടത്താൻ പുറമേയ്ക്ക് കൊണ്ടു പോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്. ഇത്തരം വസ്തുക്കൾ സന്നിധാനത്തു വച്ചുതന്നെ അറ്റകുറ്റപ്പണി നടത്തണമെന്നും സ്പെഷ്യൽ കമ്മിഷണറുടെ അനുമതി വേണമെന്നും അന്ന് ഹൈക്കോടതി നിഷ്കർഷിച്ചു. ദേവസ്വം മാന്വൽ മുൻനിർത്തിയായിരുന്നു കോടതി വിധി. അതിന്റെ ലംഘനമാണ് സ്വർണപ്പാളിയുടെ കാര്യത്തിൽ ഉണ്ടായത്. എന്നാൽ 2019ൽ ദ്വാരപാലക ശില്പങ്ങൾക്ക് സ്വർണം പൂശി നൽകിയ അതേ സ്പോൺസറും കമ്പനിയുമാണ് ഇപ്പോഴും മുന്നോട്ടുവന്നിട്ടുള്ളതെന്നും പൊതുഖജനാവിന് ചെലവ് വരുന്നില്ലെന്നുമാണ് ദേവസ്വം ബോർഡ് ആദ്യം വാദിച്ചത്. മൊത്തത്തിൽ ഒരു ഫൗൾ മണത്തതോടെയാണ് കോടതി മുൻകാല രേഖകളടക്കം പിടിച്ചെടുത്ത് പരിശോധിച്ചത്. അടിമുടി പൊരുത്തക്കേടുകളും വീഴ്ചകളും കണ്ടെത്തി വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിച്ചതും. വാസ്തവത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി 2023ൽ ദേവസ്വത്തിൽ നിന്നയച്ച ഇ മെയിലിൽ നിന്നാണ് തുടക്കം. ദ്വാരപാലക ശില്പങ്ങളുടെ നിറം മങ്ങിയെന്നും കേടുപാടുണ്ടായെന്നും സൗജന്യമായി വീണ്ടും സ്വർണം പൂശി നൽകാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ ഇരിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠങ്ങളും തന്നയച്ചാൽ അതിൽ നിന്നുള്ള സ്വർണം കൂടി എടുക്കാമെന്നും ചെലവ് ചുരുക്കാമെന്നും ഒരു വാചകം കൂടി കത്തിലുണ്ടായിരുന്നു. അവിടെയാണ് ദുരൂഹതകളുടെ തുടക്കം. ഹൈക്കോടതി നിയോഗിച്ച വിജിലൻസ് സംഘത്തിന് ഇത്തരം പഴയ ശില്പങ്ങൾ സ്ട്രോംഗ് റൂമിൽ നിന്ന് കണ്ടെടുക്കാനായില്ല. ഇത് സംബന്ധിച്ച വിവരങ്ങൾ ദേവസ്വം രജിസ്റ്ററിലും ഇല്ല.
ബോർഡിനോടുള്ള
ചോദ്യങ്ങൾ
എല്ലാം സ്പോൺസറുടെ പിഴവാണെന്ന് വരുത്താനുള്ള വ്യഗ്രതയിലാണല്ലോ ഇപ്പോൾ ദേവസ്വം വകുപ്പും ബോർഡും. അപ്പോൾ ചോദ്യങ്ങൾ ഒരുപാട് ഉയരുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി ഓടിളക്കി വന്നതൊന്നുമല്ല. ഉദ്യോഗസ്ഥരുടെ ക്ലിയറൻസോടു കൂടിയാണ് സ്വർണപ്പാളികൾ ഇളക്കി മാറ്റിയത്. സംഭവം സ്പെഷ്യൽ കമ്മിഷണർ മുൻകൂട്ടി അറിയരുതെന്ന് നിഷ്കർഷിച്ചതാരാണ്? സ്വർണപ്പണികൾ അറ്റകുറ്റപ്പണിക്ക് ചെന്നൈയ്ക്ക് കൊണ്ടുപോകണമെന്ന നിർദ്ദേശത്തെ തിരുവാഭരണം കമ്മിഷണർ ആദ്യം എതിർത്തതാണ്. എന്നാൽ ദേവസ്വം തലപ്പത്ത് നിന്നുള്ള ആവശ്യപ്രകാരം സ്പോൺസറുമായി സംസാരിച്ചതോടെ അദ്ദേഹം മലക്കം മറിഞ്ഞു. സ്വർണപ്പാളികൾക്ക് ചെന്നൈയിലേക്ക് അകമ്പടി പോവുകയും ചെയ്തു. തിരുവാഭരണം കമ്മിഷണർക്കൊപ്പം ശബരിമല അസി. എക്സിക്യൂട്ടീവ് ഓഫീസർ, വിജിലൻസ്, സായുധ പൊലീസ് അംഗങ്ങൾ, ദേവസ്വം ഗാർഡുകൾ ഒക്കെയുണ്ടായിരുന്നതായാണ് കോടതിയെ അറിയിച്ചത്. എങ്കിൽ ഇതാടൊപ്പമുണ്ടായിരുന്ന സ്വർണ പീഠങ്ങൾ എങ്ങനെ പോറ്റിയുടെ തിരുവനന്തപുരത്തുള്ള സഹോദരിയുടെ വീട്ടിലെത്തി? പഴയ ദ്വാരപാലക ശില്പങ്ങൾ സ്ട്രോംഗ് റൂമിൽ കാണാത്തതെന്ത്? അവ സാങ്കൽപികം മാത്രമാണോ? ഇതിനെല്ലാം ബോർഡ് തന്നെയാണ് ഉത്തരം നൽകേണ്ടത്. 2019ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് കോടതി തന്നെ പല ചോദ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സ്വർണപ്പാളികൾ അന്ന് വർക്ക്ഷോപ്പിലെത്താൻ ഒരു മാസത്തിലധികം വൈകിയതിനേക്കുറിച്ച്. തൂക്കം നാലരക്കിലോ കുറഞ്ഞതിനെക്കുറിച്ച്. ചെമ്പു പാളികളാണ് കൊണ്ടു പോയതെന്ന് രേഖപ്പെടുത്തുകയും സന്നിധാനത്തെത്തിച്ചപ്പോൾ തൂക്കം രേഖപ്പെടുത്താതിരിക്കുകയും ചെയ്തത്. പലതും വെളിച്ചത്തു വരാതിരിക്കാനാകണമെന്നും കോടതി ഉത്തരവിലുണ്ട്. 1998-99ൽ കൊടിമരമടക്കം പൊതിയാൻ 30.3 കിലോ സ്വർണമാണ് വിജയ് മല്യ സ്പോൺസർ ചെയ്തിതിരുന്നത്. അതിന്റെ കണക്കുകളടക്കം ദേവസ്വം സൂക്ഷിച്ചിട്ടില്ല. സ്വർണപ്പാളികൾ കാട്ടി ഉണ്ണികൃഷ്ണൻ പോറ്റി പണം പിരിച്ചെന്നും മുമ്പ് സിനിമാ നടന്റെ വീട്ടിലടക്കം എത്തിച്ച് പൂജനടത്തിയെന്നുമുള്ള വാർത്തകൾക്കം ഇപ്പോൾ പുറത്തുവരുന്നുണ്ട്. ശബരിമലയിൽ മുമ്പ് ശാന്തിക്കാരന്റെ സഹായിയായിരുന്നു എന്നത് മാത്രമാണ് പോറ്റിയുടെ ട്രാക്ക് റെക്കോഡ്. വിഷയം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ്. വിജിലൻസ് അന്വേഷണം തുടരുകയാണ്. ജസ്റ്റിസ് കെ.ടി. ശങ്കരൻ കമ്മിറ്റിയുടെ കണക്കെടുപ്പും വരാനിരിക്കുകയാണ്. അതുകൊണ്ട് പോറ്റിയെ മാത്രം ചാരി തലയൂരാനാകില്ലെന്ന് ഉത്തരവാദികൾ ഓർമ്മിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |