SignIn
Kerala Kaumudi Online
Wednesday, 04 March 2026 4.51 AM IST

കെ.പി. ഉണ്ണിക്കൃഷ്ണന് അന്ത്യാഞ്ജലി: രാഷ്ട്രീയത്തിലെ പാഠപുസ്തകം

Increase Font Size Decrease Font Size Print Page
s

ചില വിയോഗങ്ങൾ ഹൃദയത്തിൽ തൊടുന്നതാണ്. അത്രമേൽ പ്രിയമായിരുന്നു, കെ.പി. ഉണ്ണിക്കൃഷ്ണനെന്ന ഉണ്ണിയേട്ടനുമായുള്ള ബന്ധം. പൊടുന്നനെ അദ്ദേഹം വിടവാങ്ങുമ്പോൾ വലിയ ശൂന്യത അനുഭവപ്പെടുന്നു. പാർട്ടിയിൽ സഹപ്രവർത്തകൻ എന്നതിലുപരി ഞങ്ങൾക്കെല്ലാം അത്രമേൽ പ്രിയപ്പെട്ട സഹോദരതുല്യമായ സ്‌നേഹം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1978-ൽ കോൺഗ്രസിലുണ്ടായ ആശയപരമായ ഭിന്നിപ്പിനും അതുണ്ടാക്കിയ പിളർപ്പിനും ശേഷം കോൺഗ്രസ്- എസിൽ തുടർന്ന ഉണ്ണിക്കൃഷ്ണൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ വ്യക്തിത്വമായി മാറിയിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെതിരെ ഒരു മുന്നണി രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കും അദ്ദേഹം വഹിച്ചു.

ഓരോഘട്ടത്തിലും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പാർലമെന്റിൽ സംസാരിച്ചു. വാദഗതികൾക്ക് ഉപോദ്ബലകമായ തെളിവുകൾ നിരത്തി,​ സർക്കാരിന്റെ നയങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിമർശിച്ചുകൊണ്ട് ഒരു പാർലമെന്റേറിയൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു ഉണ്ണിക്കൃഷ്ണൻ. ബോഫോഴ്‌സ് കുംഭകോണം ഉയർന്നുവന്നപ്പോൾ ആ ആയുധ ഇടപാടിന്റെ കൃത്യമായ രേഖകൾ സഹിതമാണ് അദ്ദേഹം പാർലമെന്റിൽ സംസാരിച്ചത്. പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ രാഷ്ട്രീയ എതിരാളികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാർലമന്റിലെ സജീവ ഇടപെടലുകൾ 'ഗർജ്ജിക്കുന്ന സിംഹം" എന്ന പേര് അദ്ദേഹത്തിന് സമ്മാനിച്ചു.

ഒരു രാഷ്ട്രീയക്കാരൻ എങ്ങനെ ആയിരിക്കണമെന്നതിന്റെ പാഠപുസ്തകം കൂടിയായിരുന്നു ഉണ്ണിക്കൃഷ്ണൻ. അദ്ദേഹം നേതൃത്വം കൊടുത്ത പാർട്ടിക്കകത്ത്,​ ആ പാർട്ടിയുടെ താഴെത്തട്ടിലുള്ള ഒരു പ്രവർത്തകൻ എന്ന രീതിയിൽ പലപ്പോഴും അടുത്ത ബന്ധം പുലർത്താൻ സാധിച്ചപ്പോഴൊക്കെ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ പേര് പാർലിമെന്ററി രംഗത്ത് വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് ഉയർന്നുവന്നു. എ.സി. ഷൺമുഖദാസാണ് അന്ന് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിച്ചത്. കേരളത്തിൽ അത്ര പരിചിതനല്ലായിരുന്ന ഉണ്ണിക്കൃഷ്ണൻ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കാലമായിരുന്നു.

ലീലാ ദാമോദര മേനോന്റെ പേരിനു പകരം കെ.പി. ഉണ്ണിക്കൃഷ്ണന്റെ പേര് നിർദ്ദേശിക്കപ്പെടുകയും അങ്ങനെ ആദ്യമായി വടകരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീടങ്ങോട്ട് 1978-ലെ പിളർപ്പിനു ശേഷം അദ്ദേഹം ഇടതുമുന്നണി സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയ്തു. അദ്ദേഹത്തെ എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതായിരുന്നു 1991-ലെ 'കോ-ലീ-ബി" സഖ്യം. ആ സഖ്യത്തെ ശക്തമായി എതിരിട്ടുകൊണ്ട്, ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെട്ട മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെ ഉണ്ണിക്കൃഷ്ണൻ വിജയിച്ചു.

ഇറാഖ്- കുവൈറ്റ് യുദ്ധകാലത്ത് കുടുങ്ങിപ്പോയ ആയിരക്കണക്കിന് മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹമെടുത്ത തീരുമാനങ്ങളും പ്രവർത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും പിൽക്കാലത്ത് ചർച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് ശക്തമായ സുരക്ഷാ സംവിധാനത്തോടു കൂടി അദ്ദേഹത്തിന്റെ കണ്ണ് കെട്ടിയിട്ടാണ് സദ്ദാം ഹുസൈന്റെ രഹസ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചത്. ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി,​ മുഴുവൻ പേരെയും നാട്ടിലെത്തിച്ച ശേഷമേ ഉണ്ണിക്കൃഷ്ണൻ മടങ്ങിയുള്ളൂ!

വിദേശ രാഷ്ട്രത്തലവന്മാരുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധംകൊണ്ടാണ് ഈ ഓപ്പറേഷൻ വളരെ വിജയകരമായി പര്യവസാനിച്ചത്. കേന്ദ്രത്തിൽ ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ടെലി കമ്യൂണിക്കേഷൻ രംഗത്ത് എസ്.ടി.ഡി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വ്യാപകമായ തോതിൽ നമ്മുടെ നാട്ടിൽ വരികയും ടെലികമ്യൂണിക്കേഷൻ വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തത്.

പിന്നീട് കോൺഗ്രസുമായി ചേരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മുൻകൂട്ടി അറിഞ്ഞിരുന്നില്ല. ഡൽഹിയിൽ അദ്ദേഹം വിളിപ്പിച്ചതനുസരിച്ച് പോയിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് ദിവസം എന്നെ നാട്ടിലേക്ക് തിരിച്ചുപോകാൻ അനുവദിച്ചതേയില്ല. നാലാം ദിവസമാണ്,​ ഇങ്ങനെയൊരു താത്പര്യമുണ്ടെന്ന് പറയുന്നത്. അത് എന്നെ അത്ഭുതപ്പെടുത്തി. എന്നാൽ,​ അത്തരമൊരു തീരുമാനത്തിന് ഞാൻ കൂടെയുണ്ടാകില്ലെന്ന് വളരെ പ്രയാസത്തോടെ പറയേണ്ട സാഹചര്യമുണ്ടായി. നിങ്ങൾ വിശ്വസിക്കുന്നവരും പ്രതീക്ഷിക്കുന്നവരും കൂടെയുണ്ടാകില്ല എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.

അദ്ദേഹത്തിന്റെ ബുദ്ധിവൈഭവവും രാഷ്ട്രീയ പരിജ്ഞാനവും രാഷ്ട്രീയരംഗത്തെ കഴിവും പ്രയോജനപ്പെടുത്താൻ അദ്ദേഹം പോയ രാഷ്ട്രീയ പാർട്ടി ശ്രമിച്ചില്ല എന്നത് ഏറെ ഖേദകരമാണ്. അസമയത്ത് കയറിച്ചെന്ന ഒരതിഥിയെപ്പോലെയാണ് ഉണ്ണിക്കൃഷ്ണൻ അവിടെ പരിഗണിക്കപ്പെട്ടത്. കഴിവിനനുസരിച്ചുള്ള പ്രവർത്തനമേഖലയിൽ വ്യാപൃതനാകാനുള്ള സാഹചര്യം അദ്ദേഹത്തിന് അവിടെയുണ്ടായില്ല. ഈ വിയോഗം രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തിപരമായ വലിയ സങ്കടമാണ് ഉണ്ടാക്കിയത്.

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.