SignIn
Kerala Kaumudi Online
Sunday, 12 October 2025 11.52 PM IST

ഹിറ്റ്ലറുടെ ഇരകൾ,​ ഇന്നത്തെ വേട്ടക്കാർ!

Increase Font Size Decrease Font Size Print Page
ramesh-chennithala

ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നിനാണ് ഗാസയിൽ ലോകം സാക്ഷ്യം വഹിക്കേണ്ടി വന്നത്. 2023 ഒക്ടോബറിൽ ഹമാസ് ഇസ്രയേലിന്റെ മണ്ണിൽ നടത്തിയ ആക്രമണം മുതൽ വെടിനിറുത്തലിന്റെ സന്തോഷവാർത്തകൾ നിറയുന്ന ഇപ്പോഴത്തെ സാഹചര്യം വരെ,​ ഗാസയിൽ ഇസ്രയേലി സൈന്യം കൊന്നൊടുക്കിയ പലസ്തീൻകാരുടെ എണ്ണം എഴുപതിനായിരം കടക്കും. യു.എസ് നേതൃത്വത്തിലുള്ള സംഘം ഈജിപ്തിൽ വച്ച് ഇസ്രയേലുമായും ഹമാസുമായും നടത്തിയ സമാധാന ചർച്ചകളെത്തുടർന്ന് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. പക്ഷേ,​ മുൻകാല വെടിനിറുത്തൽ കരാറുകൾ ഒരു തമാശ പോലെ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ബാക്കിയുള്ളത് ശുഭപ്രതീക്ഷകൾ മാത്രമാണ്. ഇരുപുറവുമുള്ള തടവുകാർ വിട്ടയയ്ക്കപ്പെടുമെന്നാണ് സൂചനകൾ. സ്ഥിരമായ വെടിനിറുത്തലിലേക്ക് ഇരുകൂട്ടരും നീങ്ങട്ടെയെന്ന് നമുക്കാശിക്കാം.

അതേസമയം,​ 2023 ഒക്ടോബറിൽ അല്ല ഇസ്രയേലിന്റെ പലസ്തീൻ കൂട്ടക്കൊലകളുടെ തുടക്കം. 1948-ൽ ബ്രിട്ടീഷ് സാമ്രാജ്യത്വം പലസ്തീനെ വെട്ടിമുറിച്ച് ജൂതർക്കായി ഇസ്രയേൽ രാഷ്ട്രം സ്ഥാപിച്ചതു മുതൽ തുടങ്ങുന്നു മദ്ധ്യപൂർവേഷ്യയുടെ രക്തരൂഷിതമായ ചരിത്രവും കണ്ണീരും. ഒരു ജനതയുടെ സമാധാനമില്ലാത്ത ജീവിതത്തിന് മുക്കാൽ നൂറ്റാണ്ടിലധികം കാലത്തെ സങ്കടങ്ങളുടെ കഥ പറയാനുണ്ട്. അമേരിക്കയും ഇസ്രയേലുമൊഴികെ ലോകം മുഴുവൻ പലസ്തീനൊപ്പമാണ്. എന്നിട്ടും സമാധാനത്തെക്കുറിച്ചല്ല ഇസ്രയേൽ സംസാരിക്കുന്നത്; ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചാണ്. ഒരു വംശത്തെയും രാഷ്ട്രത്തെയും ചോരയിൽ മുക്കി നിതാന്ത വിസ്മൃതിയിലാക്കുന്നതിനെ കുറിച്ചാണ്.

ഒരിക്കൽ ജൂതർ മാനവികതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യവേട്ടയുടെ ഇരകളായിരുന്നുവെങ്കിൽ ഇന്ന് ഇസ്രയേൽ ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും രക്തദാഹികളായ വേട്ടക്കാരായി മാറുകയാണ്. ഹിറ്റ്ലർ നയിച്ച ഹോളോകോസ്റ്റിൽ പിടഞ്ഞുമരിച്ചവരുടെ പിന്മുറക്കാരാണ് ഇസ്രയേലികൾ. അവരാണ് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് നേതൃത്വം നൽകിയത്. ജർമനിയിൽ, ഓസ്വിച്ചിൽ അടക്കമുള്ള കോൺസൻട്രേഷൻ ക്യാമ്പുകളിൽ പിടഞ്ഞുമരിച്ച ജൂതന്മാരുടെ ആത്മാക്കൾ തങ്ങളുടെ പിൻഗാമികൾ നടത്തുന്ന ഈ കൊന്നൊടുക്കൽ കണ്ട് കണ്ണീർ പൊഴിക്കുന്നുണ്ടാകും.

അങ്ങേയറ്റം വലതുപക്ഷക്കാരനും കണ്ണിൽച്ചോരയില്ലാത്തവനുമായ ഡൊണാൾഡ് ട്രംപ് എന്ന നെറികെട്ട ഭരണാധികാരിയുടെ നേതൃത്വത്തിൽ അമേരിക്ക ഈ മനുഷ്യക്കുരുതിക്ക് സമ്പൂർണ പിന്തുണയാണ് നൽകിയത്. ഇപ്പോൾ അവർ സമാധാന ചർച്ചകൾക്കു മുൻകൈയെടുത്തത് സന്തോഷകരമായ കാര്യം. അമേരിക്കൻ നിലപാടിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് പക്ഷേ യൂറോപ്യൻ രാജ്യങ്ങൾക്ക്. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയും കാനഡയും ബ്രിട്ടനും ഫ്രാൻസും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്നു. രക്തദാഹം തലയ്ക്കു പിടിച്ച ഇസ്രയേലിനും അവരെ അന്ധമായി പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ലോകം കൊടുക്കുന്ന താക്കീതാണിത്.

ഗാസയിലേക്ക് മരുന്നും അവശ്യസാധനങ്ങളും എത്തുന്നത് തടയുന്ന ഇസ്രയേലിന്റെ ഉപരോധത്തിനെതിരെ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല എന്ന പേരിൽ,​ ഗാന്ധി മാർഗത്തിൽ ആധുനിക ലോകത്തിലെ ഏറ്റവും വലിയ സിവിൽ മൂവ്മെന്റ് നടന്നിട്ട് ദിവസങ്ങളായതേയുള്ളൂ. ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവർത്തകരുമായി അമ്പതോളം ചെറുകപ്പലുകളും ബോട്ടുകളും ഇസ്രയേലിന്റെ ഉപരോധം നേരിടാനൊരുങ്ങിയെങ്കിലും ഇസ്രയേൽ നാവികസേന ആ ശ്രമം തകർത്തു. ലോകത്ത് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയർത്തിയ സ്വീഡനിലെ ആ പഴയ പതിനാറുകാരി ഗ്രെറ്റാ തുൻബർഗ് അടക്കമുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തു.

ഇറ്റലിയിൽ ട്രേഡ് യൂണിയനുകൾ ഇസ്രയേലിന്റെ മനുഷ്യക്കുരുതിക്കെതിരെ പണിമുടക്കി. കാരണം അവരുടെ രാജ്യം ഭരിക്കുന്ന വലതുപക്ഷം ഇസ്രയേലിനെ പിന്തുണയ്ക്കുന്നു. ആ സർക്കാരിനും അതിന്റെ നയങ്ങൾക്കുമെതിരെയാണ് ജനം ഉണർന്നത്. പക്ഷേ,​ ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അദ്ഭുതം തോന്നുന്നു. താരിഫ് കൊണ്ടും ഉപരോധങ്ങൾ കൊണ്ടും ദ്രോഹിക്കുന്ന അമേരിക്കയുടെ ക്രൂരമായ ഇസ്രയേൽ പിന്തുണയ്ക്കു മുന്നിൽ ഇന്ത്യൻ സർക്കാരും പ്രധാനമന്ത്രിയും പഞ്ചപുച്ഛമടക്കി നിൽക്കുന്നു. കോൺഗ്രസ് കൊണ്ടുവന്ന ഉദാരവത്കരണ നയങ്ങളെത്തുടർന്ന് ലോകത്തെ വൻശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ ഭരണാധികാരികൾക്കാണ് ഈ ഭയം!

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം ശീതയുദ്ധകാലത്ത് ഇരുചേരികളായി പിരിഞ്ഞുനിൽക്കെ പിറന്നുവീണ രാജ്യമാണ് ഇന്ത്യ. അന്ന് ഇരുപക്ഷത്തും ചേരാതെ ലോകരാജ്യങ്ങളെ സംഘടിപ്പിച്ച്,​ റഷ്യയ്ക്കും അമേരിക്കയ്ക്കും ഒപ്പം നിൽക്കാതെ ഒരു മൂന്നാം ചേരിയുണ്ടാക്കാൻ ധൈര്യം കാട്ടിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ധൈര്യത്തിനു മുന്നിൽ നമസ്കരിക്കാതിരിക്കുന്നത് എങ്ങനെ?​ 1988-ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, ഇന്ത്യയാണ് ആദ്യമായി പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളിലൊന്ന്. അക്കാലത്ത് ഇന്ത്യയിലെത്തിയ പലസ്തീൻ നേതാവ് യാസർ അരാഫത്തുമായി വ്യക്തിപരമായി ഇടപഴകാൻ ലഭിച്ച അവസരം ഇപ്പോഴും ഓർമ്മയിൽ ജ്വലിച്ചു നിൽക്കുന്നു. ലോകം പലസ്തീനോടൊപ്പം നിൽക്കേണ്ട സമയമാണ് ഇത്. പലസ്തീനിലെ കൂട്ടക്കൊല എന്നെന്നത്തേക്കുമായി അവസാനിച്ചേ പറ്റൂ. ഇപ്പോൾ നിലവിൽ വന്ന താത്കാലിക വെടിനിറുത്തൽ ശാശ്വത സമാധാനത്തിലേക്കുള്ള വാതിലാകട്ടെ.

(കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ് ലേഖകൻ)

TAGS: RAMESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.