SignIn
Kerala Kaumudi Online
Tuesday, 21 October 2025 7.13 PM IST

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് മൈതാനം ഉണരും, ചരിത്രത്തിലേക്കൊരു സുവർണക്കുതിപ്പ്

Increase Font Size Decrease Font Size Print Page
a

അറുപത്തിയേഴാം സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തലസ്ഥാന നഗരിയിൽ തുടക്കം കുറിക്കുന്ന ഈ വേള അതീവ സന്തോഷകരമാണ്. ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണ സംഘടിപ്പിക്കുന്ന ഈ മഹാമേള, തിരുവനന്തപുരം കേരളത്തിന്റെ കായിക തലസ്ഥാനം കൂടിയാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. നമ്മുടെ കായിക കേരളത്തിന്റെ ഭാവി കുറിക്കാൻ ഇരുപതിനായിരത്തോളം കായിക പ്രതിഭകളാണ് 12 സ്റ്റേഡിയങ്ങളിലായി 41 ഇനങ്ങളിൽ മാറ്റുരയ്ക്കാൻ ഒത്തുചേരുന്നത്. മുഖ്യമന്ത്രിയുടെ അഭിമാനകരമായ സ്വർണ്ണക്കപ്പിൽ മുത്തമിടാൻ ഓരോ ജില്ലയും പോരാടുമ്പോൾ, അത് ആരോഗ്യകരമായ മത്സരത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും വിജയമായി മാറുന്നു.

ഈ മേളയുടെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 'ഇൻക്ലൂസീവ് സ്‌പോർട്സ്" ഒരുക്കിയും, നമ്മുടെ തനത് ആയോധനകലയായ കളരിയെ മത്സര ഇനമാക്കിയും നമ്മൾ മാതൃകയാവുകയാണ്. യു.എ.ഇ.യിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രവാസി താരങ്ങളുടെ പങ്കാളിത്തവും മേളയുടെ മാറ്റുകൂട്ടുന്നു. നമ്മുടെ അഭിമാന താരങ്ങളായ സഞ്ജു സാംസണും കീർത്തി സുരേഷും ഈ മേളയുടെ ഭാഗമാകുമ്പോൾ അതിന്റെ ആവേശം വാനോളം ഉയരുകയാണ്. അതിലേറെ അഭിമാനകരം,​ ഈ മേളയുടെ ചരിത്രത്തിലാദ്യമായി തീം സോംഗ് പൂർണമായും സ്‌കൂൾ കുട്ടികൾതന്നെ ഒരുക്കി എന്നതാണ്. പൊതുവിദ്യാഭ്യാസ രംഗത്തിന്റെ കരുത്താണ് ഇത് വ്യക്തമാക്കുന്നത്.

ആരോഗ്യ,​ കായിക വിദ്യാഭ്യാസം

കായിക വിദ്യാഭ്യാസത്തിന് കേരളം വലിയ പ്രാധാന്യമാണ് നൽകുന്നത്. സെക്കൻഡറി തലംവരെ സംസ്ഥാനത്തു നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസ മേഖലയും പൂർണമായ നിലയിൽ പരിഷ്‌കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള ഉള്ളടക്ക മേഖലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യ, കായിക വിദ്യാഭ്യാസം ആക്ടിവിറ്റി ബുക്കുകളാണ് കുട്ടികൾക്കുവേണ്ടി തയ്യാറാക്കി വിതരണം ചെയ്തിട്ടുള്ളത്. ഈ പുസ്തകങ്ങളുടെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലുള്ള പതിപ്പുകളാണ് ഇപ്പോൾ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്.

പ്രധാനപ്പെട്ട നിരവധി ഉള്ളടക്ക മേഖലകൾ ഉൾപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ ശക്തമായ ബദൽ മാർഗമായി കായികരംഗത്തെ ഉപയോഗപ്പെടുത്തുവാനുള്ള സാദ്ധ്യതകളാണ് ഈ പുസ്തകങ്ങളിൽ വിശദമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ ഈ ഉള്ളടക്ക മേഖലകൾ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സഹായകമാകുന്ന നിലയിൽ അദ്ധ്യാപകർക്കായുള്ള ഹാൻഡ് ബുക്കുകളും സമാന്തരമായി തയ്യാറാക്കിയിട്ടുണ്ട്. ഈ ഹാൻഡ് ബുക്കിൽ കേരളത്തിലെ സ്‌കൂൾ സ്‌പോർട്സ് മാന്വലിന്റെ ഭാഗമായി ഉൾപ്പെടുന്ന കായിക ഇനങ്ങളുടെ പരിശീലന രീതി സംബന്ധിച്ച വിവരണം വളരെ കൃത്യമായി ഓരോ ക്ലാസുകളിലും ഘട്ടം ഘട്ടമായി നൽകിയിട്ടുണ്ട്.

ഹെൽത്തി കിഡ്സ്

പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ സമഗ്ര കായിക ആരോഗ്യ പരിപോഷണത്തിനായി തയ്യാറാക്കിയിട്ടുള്ള 'ഹെൽത്തി കിഡ്സ്" പുസ്തകങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ മുഴുവൻ എസ്.ഐ.ഇ.ടിയുടെ നേതൃത്വത്തിൽ ലഘു വീഡിയോകൾ തയ്യാറാക്കി നിലവിൽ സംപ്രേഷണം ചെയ്തു വരുന്നുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലും സ്‌പെഷ്യൽ സ്‌കൂളുകളിലും പഠിക്കുന്ന,​ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആരോഗ്യ കായിക വിദ്യാഭ്യാസം വളരെ മികച്ച രീതിയിൽ നിർവഹിക്കുന്നതിന് ആവശ്യമായ അനുരൂപീകരണം നടത്തിയിട്ടുള്ള വീഡിയോ പാഠങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും മികവോടുകൂടി നടക്കുന്ന,​ ലോകത്തിനു തന്നെ മാതൃകയായ ഇൻക്ലൂസീവ് കായികമേളയുടെ സ്‌പോർട്സ് മാന്വൽ വളരെ ചിട്ടയോടെ തയ്യാറാക്കുകയും പരിഷ്‌കരിക്കുകയും ചെയ്തത് എസ്.സി.ഇ.ആർ.ടി കേരളമാണ്. കൂടാതെ,​ രാജ്യത്ത് ആദ്യമായി സ്‌പോർട്സ് സ്‌കൂളുകൾക്കു വേണ്ടി പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ എസ്. സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഈ പ്രവർത്തനത്തിന്റെ ആദ്യ ഭാഗമായ 'കേരള സ്‌പോർട്സ് സ്‌കൂൾ പാഠ്യപദ്ധതി- കാഴ്ചപ്പാടും സമീപനരേഖയും" തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണങ്ങൾ ആരംഭിച്ച ഈ ഘട്ടത്തിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് നിലവിൽ അനുവദിച്ചിട്ടുള്ള രണ്ട് പീരിയഡുകളിൽ വിനിമയം ചെയ്യുവാൻ ഉതകുന്ന നിലയിലുള്ള പ്രത്യേക പാഠപുസ്തകം നിർമ്മിക്കുവാൻ ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ഹയർസെക്കൻഡറിയിൽ പതിനൊന്നാം ക്ലാസിൽ പഠിപ്പിക്കുവാൻ ആവശ്യമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പാഠപുസ്തകം ഈ അദ്ധ്യയനവർഷ അവസാനത്തോടുകൂടി തയ്യാറാക്കി വിതരണം ചെയ്യും.

പ്രിയപ്പെട്ട കുട്ടികളേ, ജയപരാജയങ്ങൾക്കപ്പുറം കായികക്ഷമതയുടെയും സാഹോദര്യത്തിന്റെയും വലിയ പാഠങ്ങൾ ഉൾക്കൊള്ളാൻ ഈ സ്‌കൂൾ കായികമേള നിങ്ങൾക്ക് അവസരമൊരുക്കട്ടെ. നാളെയുടെ ഒളിമ്പ്യന്മാർ നിങ്ങളിൽ ഓരോരുത്തരിലുമുണ്ട്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.