
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭീഷണി, ഇന്ന് മനുഷ്യസമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണ്. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നത് ഭൂമിയുടെ നിലനിൽപ്പിനും ഭീഷണി ഉയർത്തുന്നുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശാസ്ത്രീയമായ നടപടികൾക്കൊപ്പം, സാമ്പത്തികപരമായി ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കാർബൺ ക്രെഡിറ്റ് എന്ന ആശയം.
ലളിതമായി പറഞ്ഞാൽ, ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് അല്ലെങ്കിൽ അതിന് തുല്യമായ ഏതെങ്കിലും ഹരിതഗൃഹ വാതകം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന, വിൽക്കാൻ കഴിയുന്ന ഒരു അനുമതിയോ സർട്ടിഫിക്കറ്റോ ആണ്. മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി നടത്തുന്ന നടപടികൾക്ക് ഇതിലൂടെ സാമ്പത്തിക അംഗീകാരം ലഭിക്കും. ഒരു മരം നടുന്നതിലൂടെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ആഗിരണം ചെയ്യുമ്പോൾ ആ പ്രോജക്റ്റിന് കാർബൺ ക്രെഡിറ്റ് ലഭിക്കും. ഈ ക്രെഡിറ്റുകൾ കുറയ്ക്കാൻ സാധിക്കാത്തതോ അല്ലെങ്കിൽ ലക്ഷ്യം കൈവരിക്കാനാകത്തതോ ആയ മറ്റ് കമ്പനികൾക്ക് പണം നൽകി ക്രെഡിറ്റ് വാങ്ങാം.
കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം
ലോകത്തെ ഏറ്റവും കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2070-ഓടെ 'നെറ്റ് സീറോ എമിഷൻ" എന്ന ദേശീയ ലക്ഷ്യം കൈവരിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ, കേവലം നിയന്ത്രണങ്ങൾക്കപ്പുറം സമഗ്രമായ സാമ്പത്തിക പരിഷ്കരണത്തിനാണ് വഴി തുറക്കുന്നത്. വ്യവസായങ്ങളുടെ വളർച്ചയും പാരിസ്ഥിതിക ഉത്തരവാദിത്വവും ഒരുമിച്ച് കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം (CCTS), രാജ്യത്തിന്റെ ഹരിത ഭാവിക്കുള്ള സുപ്രധാനമായ നയരേഖയാണ്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന്, സാമ്പത്തിക വില നിശ്ചയിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കാൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന്റെ പ്രധാന ലക്ഷ്യം. മലിനീകരണത്തിന് പണം നൽകേണ്ടി വരുമ്പോൾ, അത് കുറയ്ക്കാൻ കമ്പനികൾ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കാൻ നിർബന്ധിതരാകും. തുടക്കത്തിൽ, ഇരുമ്പ്, സ്റ്റീൽ, അലുമിനിയം, സിമന്റ്, പെട്രോളിയം റിഫൈനറികൾ, തുണിത്തരങ്ങൾ ഉൾപ്പെടെ ഒമ്പത് ഭാരമേറിയ വ്യവസായ മേഖലകളിലെ സ്ഥാപനങ്ങൾക്ക് സർക്കാർ എമിഷൻ ടാർഗെറ്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങൾ പാലിക്കാൻ കഴിയാത്ത കമ്പനികൾ, മറ്റ് പദ്ധതികളിലൂടെ എമിഷൻ കുറച്ച സ്ഥാപനങ്ങളിൽ നിന്ന് കാർബൺ ക്രെഡിറ്റുകൾ വാങ്ങണം. ഒരു കാർബൺ ക്രെഡിറ്റ് എന്നാൽ അന്തരീക്ഷത്തിൽ നിന്ന് ഒരു മെട്രിക് ടൺ ഹരിതഗൃഹ വാതകം കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതിന്റെ സാക്ഷ്യപത്രമാണ്.
സുസ്ഥിരമായ വ്യാവസായിക രീതികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഈ വിപണി രാജ്യത്തെ വ്യവസായങ്ങൾക്ക് ആഗോള വ്യാപാരത്തിൽ മുൻതൂക്കം നൽകും.
മണ്ണിൽ നിന്ന് സമ്പാദ്യം
കാർബൺ വിപണിയുടെ ശ്രദ്ധ വ്യവസായങ്ങളിലാണെങ്കിലും, ഇതിന് രാജ്യത്തെ കർഷകരെ ശാക്തീകരിക്കാനുള്ള വലിയ സാദ്ധ്യതയുമുണ്ട്. അനുവദനീയമായ അളവിൽ കൂടുതൽ കാർബൺ പുറത്തുവിടുന്ന വലിയ കമ്പനികൾ, ആ മലിനീകരണത്തിന് പരിഹാരം കാണാൻ ക്രെഡിറ്റുകൾ വാങ്ങാൻ നിർബന്ധിതരാകും. ഈ സാഹചര്യത്തിൽ, കർഷകർക്ക് കാർബൺ ക്രെഡിറ്റുകൾ നൽകുന്ന ഏജന്റുമാരായി മാറാം. സുസ്ഥിരമായ കാർഷിക രീതികളിലൂടെ കർഷകർക്ക് അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിനെ മണ്ണിലും സസ്യങ്ങളിലും സംഭരിക്കാനാകും. ഇങ്ങനെ സംഭരിക്കുന്ന ഓരോ ടൺ കാർബണിനും കർഷകർക്ക് അളക്കാവുന്ന കാർബൺ ക്രെഡിറ്റുകൾ ലഭിക്കും. ഇത് വ്യവസായങ്ങൾക്ക് വിറ്റ് കർഷകർക്ക് അധിക വരുമാനം നേടാം. ഇത് ‘പരിസ്ഥിതി സേവനങ്ങൾക്കുള്ള പ്രതിഫലം’ (Payment for Ecosystem Services) എന്ന സിദ്ധാന്തത്തിന് അനുസൃതമാണ്. അതായത്, കാർബൺ സംഭരണം പോലുള്ള പാരിസ്ഥിതിക നേട്ടങ്ങൾ നൽകുന്നതിന് കർഷകർക്ക് സാമ്പത്തികമായി നഷ്ടപരിഹാരം നൽകുന്നു. ഈ രീതികൾ മണ്ണിലെ ജൈവ പദാർത്ഥങ്ങൾ വർദ്ധിപ്പിച്ച് വിളവ് കൂട്ടാനും കൃഷിയെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും പ്രാപ്തമാക്കും.
കേരളവും കാർബൺ ന്യൂട്രൽ ലക്ഷ്യങ്ങളും
കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളം ശ്രദ്ധേയമായ ചുവടുവയ്പ്പുകൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സുപ്രധാനമായ പദ്ധതികൾ കാർബൺ ക്രെഡിറ്റ് സാദ്ധ്യതകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു.
വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്താക്കാനുള്ള പദ്ധതി വലിയ ശ്രദ്ധ നേടിയിരുന്നു. മീനങ്ങാടി മോഡലിന്റെ ചുവടുപിടിച്ച്, ഹരിതകേരളം മിഷൻ'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന വിപുലമായ ക്യാമ്പയിൻ നടത്തുന്നുണ്ട്. ഗോശ്രീ ദ്വീപുകൾ പോലുള്ള പ്രദേശങ്ങളെ കാർബൺ ന്യൂട്രൽ മേഖലകളാക്കാനുള്ള പദ്ധതി രേഖകളും തയ്യാറാക്കുന്നു. അതുപോലെ, ആലുവ സീഡ് ഫാം രാജ്യത്തെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം എന്ന പദവി നേടി. ഈ പ്രാദേശിക സംരംഭങ്ങളെല്ലാം കാർബൺ ഓഫ്സെറ്റിംഗിന്റെയും ക്രെഡിറ്റ് ജനറേഷന്റെയും വലിയ സാദ്ധ്യതകൾ തുറക്കുന്നു. കാർബൺ ക്രെഡിറ്റ് ഉത്പാദിപ്പിക്കുന്നതിൽ കാർഷിക, വനമേഖലകൾക്കും വലിയ പങ്കുണ്ട്. കേരളത്തിലെ റബ്ബർ തോട്ടങ്ങളും, മറ്റ് വനവത്ക്കരണ പദ്ധതികളും കാർബൺ ആഗിരണം ചെയ്യുന്നതിലൂടെ ക്രെഡിറ്റ് നേടാൻ സാദ്ധ്യതയുണ്ട്.
ട്രീ ബാങ്കിംഗ് പദ്ധതി: വനംവകുപ്പിന്റെ ഈ പദ്ധതി, സ്വകാര്യ ഭൂമിയിൽ മരങ്ങൾ നട്ടുപരിപാലിക്കുന്ന കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനവും, ഭാവിയിൽ കാർബൺ ക്രെഡിറ്റ് വരുമാനവും ഉറപ്പാക്കുന്നു.
സുസ്ഥിര കാർഷിക രീതികൾ: രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതും കൃഷിയിടങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കും. ഇത് കർഷകർക്ക് കാർബൺ ക്രെഡിറ്റുകൾ നേടിക്കൊടുക്കുന്നതിലൂടെ സാമ്പത്തിക നേട്ടത്തിനും വഴിയൊരുക്കും.
കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന് കീഴിൽ, പുനരുപയോഗ ഊർജ്ജം, കണ്ടൽക്കാടുകളുടെ വനവത്ക്കരണം എന്നിവയ്ക്കായുള്ള രീതിശാസ്ത്രങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്താൽ സമ്പന്നമായ കേരളത്തിന് വനവത്ക്കരണത്തിലൂടെ ക്രെഡിറ്റുകൾ നേടുന്നതിൽ വലിയ സാദ്ധ്യതകളുണ്ട്. കേരളത്തെ സംബന്ധിച്ച്, നിലവിലുള്ള പ്രാദേശിക കാർബൺ ന്യൂട്രൽ സംരംഭങ്ങളെ സി.സി.ടി.എസിന്റെ നിയമപരമായ ചട്ടക്കൂടുമായി ബന്ധിപ്പിക്കുക എന്നത് പ്രധാനമാണ്.
വെല്ലുവിളികളും സാദ്ധ്യതകളും
കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീമിന് വലിയ സാദ്ധ്യതകളുണ്ടെങ്കിലും, വെല്ലുവിളികൾ കുറവല്ല. ഏറ്റവും പ്രധാനപ്പെട്ടത് സുതാര്യതയും നിരീക്ഷണവുമാണ്. വ്യവസായങ്ങൾ അവരുടെ യഥാർത്ഥ ബഹിർഗമനം കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഗ്രീൻ വാഷിംഗ് (Greenwashing) അതായത്, പരിസ്ഥിതി സൗഹൃദമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെ തകർക്കും. കൂടാതെ, കാർബൺ ക്രെഡിറ്റുകൾക്ക് വിപണിയിൽ സ്ഥിരതയുള്ളതും ന്യായമായതുമായ ഒരു വില (Pricing) ഉറപ്പാക്കേണ്ടതുണ്ട്. വില കുറവാണെങ്കിൽ, കമ്പനികൾ മലിനീകരണം കുറയ്ക്കുന്നതിനു പകരം ക്രെഡിറ്റുകൾ വാങ്ങി രക്ഷപ്പെടാൻ ശ്രമിക്കും.
എങ്കിലും, സി.സി.ടി.എസ് പോലുള്ള സംവിധാനങ്ങൾ ഇന്ത്യയുടെ ഹരിത പരിവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഇത് സാമ്പത്തിക വളർച്ചയെയും പാരിസ്ഥിതിക സുരക്ഷയെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ഒരു പുതിയ പാത തുറക്കും. സർക്കാർ, വ്യവസായികൾ, സാധാരണ ജനങ്ങൾ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ സംരംഭത്തിന് വിജയം കാണാൻ സാധിക്കൂ. കാർബൺ ക്രെഡിറ്റുകൾ വെറും സാമ്പത്തിക ഇടപാടുകൾ മാത്രമല്ല, വരും തലമുറയ്ക്ക് ശുദ്ധമായൊരു ലോകം ഉറപ്പുവരുത്തുന്നതിനുള്ള നമ്മുടെ നയപരമായ പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ്.
(ഡോ. അഖിൽ എം. പി, ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ അസിസ്റ്റന്റ് പ്രൊഫസറും ഡോ. അപർണ മെറിൻ മാത്യു, തിരുവനന്തപുരം ആൾ സെയ്ന്റ്സ് കോളേജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |