SignIn
Kerala Kaumudi Online
Friday, 13 February 2026 2.47 AM IST

ഇന്ന് ദേശീയ പണിമുടക്ക്,​ അവകാശ നിഷേധത്തിനെതിരെ അവസാനിക്കാത്ത പോരാട്ടം

Increase Font Size Decrease Font Size Print Page

s

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലകൾ ദേശവ്യാപകമായി പടർന്ന പശ്ചാത്തലത്തിൽ ലാലാ ലജ്പത്‌റായിയുടെയും ലോകമാന്യ തിലകന്റെയും നേതൃത്വത്തിൽ ഉയർന്നുവന്ന തൊഴിലാളി വർഗ പ്രസ്ഥാനത്തിന് ബ്രിട്ടീഷ് ഭരണാധികാരികളെ ഞെട്ടിക്കാനും,​ സ്വാതന്ത്ര്യ സമരത്തിന്റെ ദിശാമുഖം തിരിച്ചുവിടാനും കഴിഞ്ഞു. ജാലിയൻ വാലാ, ചമ്പാരൻ, ചൗരിചൗര, തെലുങ്കാന, പുന്നപ്ര വയലാർ തുടങ്ങിയ എത്രയെത്ര സമരങ്ങളിൽ തൊഴിലാളികളും ബ്രിട്ടീഷ് ഭരണകൂടവും മുഖാമുഖം ഏറ്റുമുട്ടി! ഈ സമരങ്ങളിൽ ജീവൻ ബലിയർപ്പിച്ചവരുടെ എണ്ണം പോലും കൃത്യമായി രേഖപ്പെടുത്താൻ കഴിയാത്ത തൊഴിലാളി വർഗത്തിന്റെ ചരിത്രം ഇന്നും അപൂർണമാണ്.

അത്യന്തം സങ്കീർണമായ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തിരിച്ചുവിടാനുള്ള അതിശക്തമായ ഇടപെടലിന്റെ ഭാഗമായാണ് വീണ്ടും തൊഴിലാളി പ്രസ്ഥാനവും ഇതര ജനാധിപത്യശക്തികളും സംഘടിതമായ ഇടപെടലിന്റെ ഭാഗമായി ഇന്ന് ദേശവ്യാപകമായി പണിമുടക്കുന്നത്. പൊതുജനങ്ങളും,​ 'ജോലിയും കൂലിയും" നഷ്ടപ്പെട്ട ദശലക്ഷകണക്കിന തൊഴിലാളികളും ഇന്ത്യൻ കർഷക പ്രസ്ഥാനങ്ങളും അണിനിരക്കുന്ന ഈ പണിമുടക്കും ചരിത്രസംഭവമായി മാറുമെന്നതിൽ സംശയമില്ല. തൊഴിലാളിവർഗം പൊരുതിനേടിയ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കാൻ തക്കം നോക്കിയിരുന്ന കേന്ദ്രസർക്കാരിനു കിട്ടിയ സുവർണാവസരമായിരുന്നു ബീഹാർ അസംബ്ലി തിരഞ്ഞെടുപ്പ് ഫലം. ഈ പശ്ചാത്തലത്തിൽ 2019-20 പാർലമെന്റ് പാസാക്കിയ 'ലേബർകോഡ് " ബിൽ പാസാക്കി. കഴിഞ്ഞ ഏഴര ദശ്ശാബ്ദമായി ഇന്ത്യയിൽ നിലനിന്ന 29 തൊഴിൽ നിയമങ്ങളെ നാല് ലേബർ കോഡുകളാക്കിയാണ് നിയമം പാസാക്കിയത്.

തൊഴിലാളികൾക്കായി നടത്തിയ പുരോഗമനപരമായ നിയമനിർമ്മാണമായി ലേബർ കോഡുകളെ കേന്ദ്രസർക്കാർ വ്യാഖ്യാനിച്ചു. ലേബർ കോഡ് നടപ്പാക്കുന്നതോടെ 40 കോടി അസംഘടിത തൊഴിലാളികൾക്ക് 'ഫെയർവേജസിനു" പുറമെ മറ്റാനുകൂല്യങ്ങളും ലഭ്യമാകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഇതൊന്നും നിയമം പാസായി അഞ്ചുവർഷം പിന്നിടുമ്പോഴും നടപ്പിലാക്കാനായിട്ടില്ല. കർഷകരുടെ സമരഫലമായി കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവിലയും മറ്റും പുന:സ്ഥാപിച്ച അനുഭവത്തിൽ ലേബർകോഡ് പിൻവലിക്കുകയല്ലാതെ സർക്കാരിനു മുന്നിൽ മറ്റൊരു മാർഗവുമില്ല. ദേശവ്യാപകമായി പ്രവർത്തിക്കുന്ന 10 കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ വിശാലമായൊരു ട്രേഡ് യൂണിയൻ ഐക്യസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി.നേതൃത്വം നല്കുന്ന ബി.എം.എസ് എന്ന ട്രേഡ് യൂണിയൻ പണിമുടക്കിൽ പങ്കെടുക്കാൻ സന്നദ്ധരായിട്ടില്ലെങ്കിലും ബി.എം.എസിന്റെ അണികൾ പ്രാദേശികമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

നിലവിൽ നിരവധി സംസ്ഥാനങ്ങളിൽ അസംഘടിത തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മിനിമം വേജസിനെക്കാൾ കുറവാണ് ദിവസക്കൂലിക്കാർക്ക് ലേബർകോഡ് നിർദ്ദേശിക്കുന്ന പ്രതിദിനം 168 രൂപ എന്ന കൂലി. എല്ലാ തൊഴിലവകാശങ്ങളും നിഷേധിക്കുകയും തൊഴിലാളികളെ കോർപറേറ്റ് കമ്പനികളുടെ അടിമക്കൂടാരത്തിൽ എത്തിക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ 'ലേബർകോഡ്" പരിഷ്‌കാരം. പ്രാകൃതമായ ഈ തൊഴിൽനയത്തിനെതിരെയാണ് സമരം. പിരിച്ചുവിടൽ, ലേ ഓഫ്, അടച്ചുപൂട്ടൽ എന്നീ നടപടികൾ നടപ്പിലാക്കുന്നതിനു മുൻപ് സർക്കാർ അനുമതി തേടണമെന്ന നിലവിലെ നിയമത്തിൽ ലേബർകോഡ് നടപ്പിലാക്കുന്നതോടെ 100 തൊഴിലാളികൾ പണിയെടുക്കുന്ന സ്ഥാപനം എന്നത് 300 പേർ പണിയെടുക്കുന്ന സ്ഥാപനമാക്കി മാറ്റുന്നു.

ലേബർകോഡ് നടപ്പിലാക്കുന്നതോടെ ട്രേഡ് യൂണിയൻ പ്രസ്ഥാനം തൊഴിലാളികൾക്കിടയിൽ അപ്രസക്തമാകും, 'ഫയർ ആന്റ് ഹയർ" എന്ന അടിമസമ്പ്രദായം പുന:സ്ഥാപിക്കപ്പെടും. ഇന്ന് നടക്കുന്ന പൊതുപണിമുടക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല സാർവദേശീയമായും ശ്രദ്ധിക്കപ്പെടുന്നതായിരിക്കും. തൊഴിലാളികൾ, കർഷകർ, ജനാധിപത്യ പ്രസ്ഥാനങ്ങൾ തുടങ്ങി ഇന്ത്യൻ ജനതയാകെ പങ്കെടുക്കുന്നതോടെ ചരിത്രത്തിൽ ഇടം നേടുന്നൊരു ദിനമായി ഈ ദിനം രേഖപ്പെടുത്തപ്പെടുമെന്നതിൽ തർക്കമില്ല.

നിയമനിർമ്മാണങ്ങളുടെ ചരിത്രത്തിലെ ചില സുപ്രധാന സംഭവങ്ങളുടെ നാൾവഴിയാണ് ചുവടെ:

 1920: എ.ഐ.റ്റി.യു.സി രൂപീകരിക്കപ്പെട്ടു.

 1921: ബക്കിംഗ്ഹാം, കർണാട്ടിക് മിൽസ്- മദ്രാസ് തൊഴിലാളികൾ പണിമുടക്കി. വെടിവയ്പിൽ 7 തൊഴിലാളികൾ കൊല്ലപ്പെട്ടു.

 1923: ഇന്ത്യയിൽ ആദ്യമായി മെയ് ദിനാചരണം

 1926: ട്രേഡ് യൂണിയൻ നിയമം

 1936: പോണ്ടിച്ചേരിയിലെ സ്വദേശി കോട്ടൺ മില്ലിലെ 12 തൊഴിലാളികളെ ഫ്രഞ്ച് പട്ടാളം വെടിവച്ചുകൊന്നു. ഏഷ്യയിലാകെ 8 മണിക്കൂർ ജോലി സമയമായി.

 1942: ഡോ. അംബേദ്കറെ അദ്ധ്യക്ഷനാക്കി ഇന്ത്യൻ ലേബർ കോൺഫറൻസ് രൂപീകരണം

 1945-52: വർളി ആദിവാസി സമരം

 1947: വ്യവസായ തർക്കനിയമം

 1948: മിനിമം വേജസ് നിയമം
 1974 മേയ് 8: മെച്ചപ്പെട്ട വേതന വ്യവസ്ഥകൾക്കായി പത്തുലക്ഷം റെയിൽവേ തൊഴിലാളികൾ 20 ദിവസം പണിമുടക്കി

 1982 ജനുവരി 18: രണ്ടുലക്ഷം മിൽ തൊഴിലാളികൾ ഡോ. ദത്താ സമന്തെയുടെ നേതൃത്വത്തിൽ പണിമുടക്കി
 2025 നവംബർ 21: ലേബർ കോഡ് നടപ്പിലായതായി കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.