അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ തെളിഞ്ഞുകണ്ട, ശ്രദ്ധേയമൊയൊരു രാഷ്ട്രീയ അസാന്നിദ്ധ്യം ലാൽ കൃഷ്ണ അദ്വാനിയുടേതായിരുന്നു. ബി.ജെ.പിയുടെ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന്, എൺപതുകളുടെ അവസാനം തുടക്കമിട്ട യാത്ര ഒടുവിൽ രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയിലൂടെ ലക്ഷ്യത്തിലെത്തുന്നതിനു തൊട്ടു മുമ്പാണ്, ചടങ്ങിലേക്ക് അദ്വാനിക്കു ക്ഷണമില്ലെന്ന ആദ്യ വിവാദം വന്നത്. അതു പരിഹരച്ചപ്പോഴേക്കും, കൊടുംശൈത്യത്തിൽ വിറയ്ക്കുന്ന ഡൽഹിയിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള യാത്ര ആരോഗ്യകാരണങ്ങളാൽ അദ്വാനി ഉപേക്ഷിച്ചതായി വാർത്ത വന്നു. അതെന്തായാലും പാർട്ടിയുടെ വളർച്ചയിലെ നാഴികക്കല്ലായ രാമക്ഷേത്രം സാക്ഷാത്‌ക്കരിക്കപ്പെട്ട മുഹൂർത്തത്തിൽ അതിനായി മുന്നിൽ നിന്നു നയിച്ച മുതിർന്ന നേതാവിനെ മനപൂർവ്വം ഒഴിവാക്കിയെന്ന വിമർശനമുണ്ടായി.
രാമക്ഷേത്രം പൂർത്തികരിച്ചതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ, ആ വിമർശനമുണ്ടാക്കുന്ന കല്ലുകടി മറികടക്കുകയാണ് അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന പ്രഖ്യാപനത്തിലൂടെ. ഒറ്റയക്കത്തിൽ നിന്ന് മൂന്നക്കത്തിന്റെ മൃഗീയ ഭൂരിപക്ഷത്തിലേക്കുള്ള ബി.ജെ.പിയുടെ വളർച്ചയുടെ നിർണായക സന്ധിയിൽ, രാമക്ഷേത്ര ശ്രീകോവിൽ തുറന്ന ദിവ്യമുഹൂർത്തിൽ ഭാരതരത്നയിലും തിളക്കമുള്ളൊരു അംഗീകാരം അദ്വാനിക്കുമില്ല.
അടൽ വാജ്‌പേയിക്കു ശേഷം പാർട്ടിയെ നയിച്ച് പ്രധാനമന്ത്രി പദവിയുറപ്പിച്ച ഘട്ടത്തിലാണ് ശിക്ഷ്യനായ നരേന്ദ്രമോദി പാർട്ടിയിൽ അദ്വാനിയെ ഓവർടേക്ക് ചെയ്‌തു മുന്നേറിയത്. 2013 ജൂണിൽ, മോദിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ പാർട്ടി നേതാക്കൾ ഗോവയിൽ യോഗം ചേർന്നപ്പോൾ, വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടിക്കണ്ടുള്ള നിരാശയിൽ അദ്വാനി യോഗത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് മോദി പാർട്ടിയുടെ പ്രചാരണ സമിതി തലവനും, തിരഞ്ഞെടുപ്പു ജയിച്ച് പ്രധാനമന്ത്രിയുമായി. 2002-ലെ കലാപത്തിന്റെ പേരിൽ നടപടി ആവശ്യമുയർന്ന ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിൽ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മുഖ്യമന്ത്രിക്കസേരയെയും സംരക്ഷിച്ചത് അദ്വാനിയായിരുന്നു എന്നത് മറ്റൊരു യാഥാർത്ഥ്യം. അതുവഴി 2014 വരെ മോദിക്ക് തൽസ്ഥാനത്ത് തുടരാനായി.
2014-ൽ തന്റെ സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് വീണ്ടും മത്സരിച്ചു ജയിച്ച അദ്വാനിക്കും മറ്റൊരു സീനിയർ ആയ മുരളീ മനോഹർ ജോഷിക്കും നരേന്ദ്രമോദി- അമിത് ഷാ നേതൃത്വം ഉപദേശക റോളാണ് (മാർഗ ദർശക് മണ്ഡൽ) നൽകിയത്. 2019-ൽ അദ്വാനിക്ക് പാർട്ടി സീറ്റ് നിഷേധിച്ച് പരോക്ഷമായി വിശ്രമവും നിർദ്ദേശിച്ചു. ആ സീറ്റിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ വിജയിച്ചതും! 1998 മുതൽ അഞ്ചു വർഷം അദ്വാനിയുടെ പേരിലാണ് ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം അറിയപ്പെട്ടിരുന്നത്.
1980കളുടെ ഒടുവിൽ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ വളക്കൂറിൽ ഹിന്ദി ബെൽറ്റിൽ വേരുപടർത്താൻ ബി.ജെ.പിക്ക് നേതൃത്വമേകിയ അദ്വാനി അങ്ങനെ തലമുറമാറ്റത്തിന് വിധേയമായി. ഒടുവിൽ രാമക്ഷേത്ര പ്രക്ഷോഭം ലക്ഷ്യം കണ്ട വേദിയിലും 'ആരോഗ്യപരമായ' കാരണങ്ങളാൽ സാന്നിദ്ധ്യമുണ്ടായില്ല.
നിർണായക ഘട്ടങ്ങളിൽ അവിചാരിതമായി നേട്ടങ്ങളും അവസരങ്ങളും കൈവിട്ട ഹതഭാഗ്യനാണ് അദ്വാനി. ജനസംഘത്തിൽ നിന്ന് ജനതാ പാർട്ടിയിലെത്തി അവിടെ നിന്ന് അടൽ ബിഹാരി വാജ്‌പേയിക്കും മറ്റുമൊപ്പം സ്ഥാപിച്ച ബി.ജെ.പിയെ അവിശ്വസനീയമായി ഇന്ത്യൻ ജനാധിപത്യത്തിലെ നിർണായക ശക്തിയായി വളർത്തിയെടുത്തതിന്റെ ക്രെഡിറ്റ് അദ്വാനിക്കുണ്ട്. അദ്ദേഹം അദ്ധ്യക്ഷനായിരിക്കെയാണ് (1986-1991) പാർട്ടി 1984-ൽ രണ്ടു സീറ്റ് എന്ന നിലയിൽ നിന്ന് 1989-ൽ 85-ലേക്ക് ഉയർന്നത്. ഹിന്ദുത്വ രാഷ്‌ട്രീയത്തിലൂടെ ബി.ജെ.പിക്ക് ഹിന്ദി ബെൽറ്റിൽ വേരൂന്നാനും കോൺഗ്രസിന്റെ വോട്ടർമാരെ, പ്രത്യേകിച്ച് സവർണ വിഭാഗത്തെ ആകർഷിക്കാനും കഴിഞ്ഞു. 1990 സെപ്റ്റംബർ 20-ന് അദ്ദേഹം ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്ന് അയോദ്ധ്യയിലേക്കു നടത്തിയ രഥയാത്ര രാമജന്മഭൂമി പ്രക്ഷോഭത്തിനും ബി.ജെ.പിയുടെ അടിത്തറയ്ക്കും ബലമേകി.
1991ലെ തിരഞ്ഞെടുപ്പിൽ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഊർജ്ജത്തിൽ ബി.ജെ.പി കോൺഗ്രസിനു പിന്നിൽ ഏറ്റവും വലിയ കക്ഷിയായി മാറിയപ്പോൾ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു അദ്വാനി. 1996-ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ഏറ്റവും വലിയ കക്ഷിയായപ്പോൾ പ്രധാനമന്ത്രിയാകാൻ യോഗ്യതയുണ്ടായിരുന്ന അദ്വാനിക്കു പക്ഷേ ജെയിൻ ഹവാലാ കേസ് ആരോപണത്തിന്റെ പേരിൽ മത്സരിക്കാനായില്ല. അങ്ങനെ വാജ്‌പേയി പ്രധാനമന്ത്രിയായി. 1998ൽ വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിയായപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു.
1999-ൽ അധികാരത്തിലേറിയ എൻ.ഡി.എ സർക്കാരിൽ, 2002-ൽ ലഭിച്ച ഉപപ്രധാനമന്ത്രി പദമാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ കരിയറിലെ ഉന്നത പദവി. 2004 തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ പരാജയം നേരിട്ടത് കരിയറിലെ വൻ തിരിച്ചടിയും. അതാണ് പ്രധാനമന്ത്രി സ്വപ്‌നങ്ങൾക്ക് വിലങ്ങായതും. വാജ്‌പേയി രാഷ്‌ട്രീയ വിശ്രമം പ്രഖ്യാപിച്ചതിനാൽ അദ്വാനിക്കായിരുന്നു സാദ്ധ്യത. 2005-ൽ പാക് രാഷ്‌ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ മതേതരവാദിയായി വിശേഷിപ്പിച്ച നാവു പിഴയ്ക്കും നൽകേണ്ടി വന്നു, വലിയ വില. വിവാദ പ്രസ്‌താവനയുടെ പേരിലാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജ്നാഥ് സിംഗിനു കൈമാറിയത്. എങ്കിലും 2009 തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അദ്വാനിയാണെന്ന് വാജ്‌പേയി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം ഗാന്ധിനഗറിൽ നിന്ന് ജയിച്ചെങ്കിലും ഭരണം കോൺഗ്രസ് ഉറപ്പിച്ചതോടെ ആ സ്വപ്‌നവും പൊലിഞ്ഞു. 2014- ൽ പാർട്ടി മോദി യുഗത്തിലേക്ക് കടക്കുകയും ചെയ്‌തു. 2016- ൽ പത്‌നി കമലയുടെ നിര്യാണവും 2019- ൽ ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതും അദ്വാനിയെ നിരാശനാക്കിയിട്ടുണ്ടെന്ന് അടുപ്പമുള്ളവർ പറയുന്നു. അവിടെ നിന്നിങ്ങോട്ട് ഡൽഹിയിലെ വസതിയിൽ രാഷ്‌ട്രീയ വിശ്രമത്തിലാണ് സമുന്നത നേതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |