ടിപ്പു സുൽത്താൻ പടനയിച്ച വീരഭൂമി, സപ്തഭാഷകൾ സംസാരിക്കുന്ന നാട്. ബേക്കൽ ഉൾപ്പെടെ ചരിത്രപ്രസിദ്ധമായ കോട്ടകളുടെ ദേശം. 1971- ൽ, കരുത്തനായ ഇ.കെ നായനാരെ അക്കാലത്ത് 'മീശമുളയ്ക്കാത്ത പയ്യൻ' എന്നു വിളിച്ച രാമചന്ദ്രൻ കടന്നപ്പള്ളി അട്ടിമറിച്ചതുപോലുള്ള അട്ടിമറികൾ പലതും കാസർകോടിനു പറയാനുണ്ട്. അതുവരെ പഞ്ചായത്ത് മെമ്പർ പോലും ആകാതിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ കൊല്ലത്തു നിന്നെത്തി 40,438 വോട്ട് ഭൂരിപക്ഷത്തിന് മണ്‌ഡലം പിടിച്ചത് 2019-ലെ അട്ടിമറി.
കഴിഞ്ഞ തവണ മുന്നണി വോട്ടുകളിൽ ഗണ്യമായ ചോർച്ചയുണ്ടായെന്ന് വിലയിരുത്തപ്പെട്ടെങ്കിലും, ഇക്കുറി വടക്കൻ കാറ്റ് മാറിവീശുമെന്നാണ് ഇടതു പ്രതീക്ഷ. മൂന്നര പതിറ്റാണ്ടത്തെ മണ്ഡല ചരിത്രത്തിൽ ആദ്യമായി ഇടതുകോട്ടയെ വിറപ്പിച്ച യു.ഡി.എഫ്, രാജ്‌മോഹൻ ഉണ്ണിത്താനെ തന്നെ വീണ്ടുമിറക്കിയാണ് സീറ്റ് നിലനിറുത്താൻ നോക്കുന്നത്. സിറ്റിംഗ് സീറ്റിൽ തുടർവിജയം എളുപ്പമാകുമോ എന്നതിൽ ആശങ്ക ഇല്ലാതില്ല. പുതിയ ട്രെയിനുകളും, ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകളും. എം.പി ഫണ്ട് പദ്ധതികളും അടക്കമുള്ള വികസനം തന്നെയാണ് ഉണ്ണിത്താന്റെ തുറുപ്പ്.
സി.പി.എം കോട്ടയായ മണ്ഡലം കഴിഞ്ഞ തവണ ഉണ്ണിത്താൻ പിടിച്ചത് ഇടതുമുന്നണിയെ അമ്പരിപ്പിച്ചിരുന്നു. മൂന്നു തവണയാണ് കാസർകോട്ട് യു. ഡി.എഫ് വിജയിച്ചിട്ടുള്ളത്. 1984-നു ശേഷമുള്ള 35 വർഷക്കാലം സി.പി.എമ്മിന്റെ കൈയിൽ ഭദ്രമായിരുന്നു ഈ മണ്ഡലം. പെരിയ കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തിക്ക് ഇരയായ സംഭവം 2019-ൽ യു ഡി എഫിനെ രക്ഷിക്കുകയായിരുന്നു . കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉയർന്ന ജനരോഷം പൊതുവിൽ രാഷ്ട്രീയാന്തരീക്ഷം യു.ഡി.എഫിന് അനുകൂലക്കി.
പുതിയ രാഷ്ട്രീയ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്ന ചിന്ത യു.ഡി.എഫിനെ അലട്ടുന്നുണ്ട്. കോൺഗ്രസിൽ പ്രബലമായൊരു വിഭാഗം വിയോജിപ്പുമായി രംഗത്തുണ്ടെങ്കിലും ഉണ്ണിത്താൻ തന്നെയെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. അതേസമയം, അഞ്ചുവർഷത്തെ വൺമാൻ ഷോ അല്ലാതെ എം.പി ഒന്നും ചെയ്തില്ലെന്നാണ് ഇടതു പ്രചാരണം. കോൺഗ്രസിലെ ഗ്രൂപ്പുപോര് തങ്ങൾക്ക് നേട്ടമാകുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു. മുൻ എം.പി പി.കെ. ശ്രീമതിയുടെ പേരാണ് ഏറ്റവും ഒടുവിൽ പരിഗണനയിൽ. സി.പി.എം ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ, മുൻ എം.എൽ.എ ടി.വി രാജേഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നീ പേരുകളും കേൾക്കുന്നുണണ്ട്. എൻ.ഡി.എയിൽ പി.കെ. കൃഷ്ണദാസ്, അഡ്വ. കെ. ശ്രീകാന്ത്, സി. കെ. പത്മനാഭൻ എന്നിവരുടെ പേരുകൾ ഉയരുന്നുണ്ട്. എന്നാൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് അണികളിൽ പിന്തുണ.
1957-ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ 1967 വരെയുള്ള മൂന്നുതവണയും ഏ.കെ.ജി ആയിരുന്നു കാസർകോടിന്റെ എം.പി. 1971- ലാണ് മണ്ഡലത്തിൽ ആദ്യമായി കോൺഗ്രസ് ജയിക്കുന്നത്. ഇപ്പോൾ കോൺഗ്രസ് എസ് നേതാവും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി അന്ന് ഇ.കെ. നായനാരെ അട്ടിമറിച്ച് വിജയിച്ചു. 1977- ൽ എം രാമണ്ണറെയെയാണ് കടന്നപ്പള്ളി തോൽപ്പിച്ചത്. എന്നാൽ 1980-ൽ സി.പി.എം മണ്ഡലം തിരിച്ചുപിടിച്ചു. 84-ൽ സി.പി.എമ്മിലെ കരുത്തനായ ഇ. ബാലാനന്ദനെ അട്ടിമറിച്ചാണ് കോൺഗ്രസിലെ ഐ. രാമറായി വിജയിച്ചത്. 1989-ൽ മണ്ഡലം വീണ്ടും സി.പി.എമ്മിന്റെ കയ്യിൽ. രാമണ്ണറെ ആയിരുന്നു വിജയി. 1991-ൽ കോൺഗ്രസ് കെ.സി. വേണുഗോപാലനെ ഇറക്കിയെങ്കിലും മണ്ഡലം രാമണ്ണറെ നിലനിുത്തി. 1996 മൂന്നു തവണ ടി. ഗോവിന്ദനും 2004 മുതൽ 2014 വരെ മൂന്നുതവണ പി. കരുണാകരനും സി.പി.എമ്മിൽ നിന്ന് ലോക്‌സഭയിലെത്തി. 2019-ൽ ഉണ്ണിത്താനിലൂടെ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു.
കമന്റുകൾ
.........................
35 കൊല്ലത്തിനിടെ മണ്ഡലത്തിൽ ഒരു എം.പി ഉണ്ടെന്നറിഞ്ഞത് ഉണ്ണിത്താൻ വന്നതിനു ശേഷമാണ്. മഞ്ചേശ്വരം മുതൽ കല്ല്യാശ്ശേരി വരെ എം.പി നിറഞ്ഞുനിൽക്കുന്നു. റെയിൽവെ, ദേശീയപാതാ വികസനത്തിന് നിരവധി പദ്ധതി നടപ്പിലാക്കി. മണ്ഡലത്തിൽ വെളിച്ച വിപ്ലവം സൃഷ്ടിച്ചു.
- പി.കെ. ഫൈസൽ
ഡി.സി.സി പ്രസിഡന്റ്
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ ഒന്നും ചെയ്തില്ല. കാഞ്ഞങ്ങാട് - കാണിയൂർ റെയിൽപ്പാത, റെയിൽവെ ഓവർബ്രിഡ്ജുകൾ, പാസ്പോർട്ട് സേവാകേന്ദ്രം എന്നിവയ്ക്കായി വിരലനക്കാൻ പോലും തയ്യാറായില്ല. എം പി ഫണ്ടിൽ 40 ശതമാനവും ലാപ്സാക്കി.
- എം.വി. ബാലകൃഷ്ണൻ
സി. പി. എം ജില്ലാ സെക്രട്ടറി
എം.പിയുടെ പ്രവർത്തനം വട്ടപ്പൂജ്യം. ബഡായി പറയുകയല്ലാതെ ഒന്നും നടന്നില്ല. റെയിൽവെ സ്റ്റേഷൻ വികസനം, പുതിയ ട്രെയിൻ, റോഡ്, ദേശീയപാതാ വികസനം... ഇങ്ങനെ കോടികളാണ് കാസർകോടിനി വേണ്ടി മോദി സർക്കാർ ചെലവഴിച്ചത്. അത് ഇനിയും തുടരും.
- രവീശ തന്ത്രി കുണ്ടാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
2019 ലെ വോട്ട്
രാജ്‌മോഹൻ ഉണ്ണിത്താൻ ( കോൺ ): 4,74,961
കെ.പി. സതീഷ് ചന്ദ്രൻ (സി.പി.എം): 4,34,523
രവീശ തന്ത്രി കുണ്ടാർ (ബി.ജെ.പി): 1,76,049
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |