പരന്നവായനയും വിപുലമായ അറിവും ചേർന്ന ചുരുക്കം നേതാക്കളിൽ ഒരാളാണ് രമേശ് ചെന്നിത്തലയെന്നാണ് രാഷ്ട്രീയരംഗത്തുള്ള പലരും പറയാറുള്ളത്. ഈ പറച്ചിലിന് അടിവരയിടാൻ മന:പൂർവം ചെയ്യുന്നതല്ലെങ്കിലും നിയമസഭയിൽ അദ്ദേഹം നടത്തുന്ന പ്രസംഗങ്ങൾ ശ്രദ്ധിച്ചാലറിയാം, പുട്ടിന് തേങ്ങ പോലെ വിജ്ഞാനത്തിന്റെയും വായനയുടെയും എന്തെങ്കിലുമൊക്കെ ചില അംശങ്ങൾ അതിൽ കാണും. സൂര്യോദയമെന്നോ ചൈനീസ് മോഡലെന്നോ ഒക്കെ വിശേഷിപ്പിച്ച്, വളരെ ക്ളേശം സഹിച്ച് രണ്ടരമണിക്കൂർകൊണ്ട് പത്തു ഗ്ളാസ് വെള്ളവും കുടിച്ച് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിനെ നിഷ്പ്രഭമെന്ന് വരുത്തിത്തീർക്കാൻ രമേശ്ജിക്ക് അധികസമയം വേണ്ടിവന്നില്ല.
വില്യം ഷേക്സ്പിയറുടെ വിഖ്യാത നാടകമായ മാക്ബത്തിൽ നിന്നുള്ള ഉദ്ധരണി തന്നെ ധാരാളം: ''ലൈഫ് ഈസ് എ ടെയിൽ ടോൾഡ് ബൈ ആൻ ഇഡിയറ്റ്, ഫുൾ ഒഫ് സൗണ്ട് ആൻഡ് ഫ്യൂറി, സിഗ്നിഫൈയിംഗ് നത്തിംഗ്!""മനസിലാകാത്തവർക്കായി പരിഭാഷയും അദ്ദേഹം അവതരിപ്പിച്ചു. നിർമ്മല സീതാരാമൻ കേന്ദ്രത്തിലും ബാലഗോപാൽ സംസ്ഥാനത്തും അവതരിപ്പിച്ച ബഡ്ജറ്റ് ഏതാണ്ട് ഇത്തരത്തിലാണെന്നുകൂടി അദ്ദേഹം പറഞ്ഞപ്പോൾ ബാലഗോപാലിന് തൃപ്തിയായി. പ്രഖ്യാപനവും വാഗ്ദാനവുമല്ലാതെ ബഡ്ജറ്രുകളിൽ ഒന്നുമില്ലെന്നു കൂടി പറയാനുള്ള മര്യാദയും ചെന്നിത്തല കാട്ടി.
പക്ഷെ, അവിടംകൊണ്ട് അവസാനിച്ചില്ല, ബഡ്ജറ്രിന്മേലുള്ള ചെന്നിത്തലയുടെ ആക്രമണം.ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുന്നു. ഭക്ഷ്യം, റവന്യൂ, കൃഷി തുടങ്ങി സമസ്ത മേഖലകളെയും തകർത്തുതരിപ്പണമാക്കി.സി.പി.എം ഉദാരവത്കരണത്തെ അനുകൂലിക്കുന്നോ എന്ന നേരിയ സംശയവും ചെന്നിത്തലയ്ക്കുണ്ട് .വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ അനുകൂലിക്കുന്നുവെങ്കിൽ ടി.പി. ശ്രീനിവാസനോട് മാപ്പുപറയണമെന്ന മിനിമം ആവശ്യവും മുന്നോട്ടുവച്ചു. എന്നിട്ട് മെല്ലെ ആക്രമണമുന മുഖ്യമന്ത്രിയിലേക്കു തിരിച്ചു. ഏഴരവർഷമായി മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെന്നോ അമിത് ഷായെന്നോ പറഞ്ഞിട്ടില്ല, പറഞ്ഞാൽ മുട്ടുവിറയ്ക്കും.
ഡൽഹിയിൽ സമരത്തിന് പോയപ്പോൾപ്പോലും ബി.ജെ.പി സർക്കാരെന്നോ മോദി സർക്കാരെന്നോ പറയാതെ യൂണിയൻ സർക്കാരെന്നാണ് മുഖ്യൻ പറഞ്ഞത്. പ്രധാനമന്ത്രിയെ കൊച്ചിയിൽ മുഖ്യമന്ത്രി സ്വീകരിക്കാൻ പോയതിനെക്കുറിച്ചുമുണ്ടായി ചെറുവർണ്ണന. ആമാടപ്പെട്ടി, കസവു നേര്യത്, ആറന്മുളക്കണ്ണാടി... എന്തായിരുന്നു മുഖ്യമന്ത്രിയുടെ ബോഡി ലാംഗ്വേജ്. പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണത്തിന് പ്രേമചന്ദ്രൻ പോയകാര്യം ഭരണപക്ഷത്തു നിന്ന് ആരോ ചോദിച്ചപ്പോൾ ചാട്ടുളി പോലെ ചെന്നിത്തലയുടെ മറുപടി: 'മുഖ്യമന്ത്രി വിളിച്ചാൽ ഞങ്ങളും വരില്ലേ?"
ബി.ജെ.പിയുടെ പുട്ടിന് തേങ്ങാ തിരുകുന്ന പണിയാണ് കോൺഗ്രസുകാർ ചെയ്യുന്നതെന്നാണ് ടി.ഐ. മധുസൂദനന്റെ പക്ഷം. 450 കോൺഗ്രസ് നേതാക്കളാണ് ബി.ജെ.പിയിലേക്കു പോയത്. ശാപ്പാട് കിട്ടിയാൽ എവിടെയും പോകുന്ന ചിലരുണ്ടെന്നു കൂടി അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് ജനങ്ങൾക്ക് എങ്ങനെ തുണയാവുമെന്ന് മധുസൂദനൻ സമർത്ഥിച്ചത് ഗുരുദേവനാൽ രചിക്കപ്പെട്ട ദൈവദശകത്തിലെ ശ്ളോകം ഉദ്ധരിച്ചാണ്, 'അന്നവസ്ത്രാദി മുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ, ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങൾക്ക് തമ്പുരാൻ.'
മൂടിവച്ചു പറയുക എന്ന വിദ്യ സമർത്ഥമായി സഭയിൽ പ്രയോഗിച്ചത് ഡെപ്യൂട്ടി സ്പീക്കർ ചിറ്രയം ഗോപകുമാറാണ്. അദ്ദേഹത്തിന് ആകെ പ്രസംഗിക്കാൻ കിട്ടുന്ന സന്ദർഭം തെറ്രില്ലാതെ പ്രയോജനപ്പെടുത്തി. ഭരണപക്ഷത്തു നിൽക്കുകയും ഭരണപക്ഷത്തെ കുത്തുകയും ചെയ്യുന്ന അസാധാരണ മെയ്വഴക്കമാണ് ചിറ്റയം കാട്ടിയത്. ഭക്ഷ്യവകുപ്പ്, കൃഷി, റവന്യൂ എന്നിവയ്ക്ക് വേണ്ടത്ര വിഹിതം കിട്ടിയില്ലെന്ന തന്റെ പാർട്ടി മന്ത്രിമാരുടെ അതൃപ്തി ഭംഗ്യന്തരേണ ചിറ്റയം അവതരിപ്പിച്ചു. അടൂരിലെ ഗാന്ധിപാർക്കിന് ധനവകുപ്പ് ഫണ്ട് അനുവദിച്ചില്ലെന്നു കൂടി നിർദ്ദയം പറഞ്ഞപ്പോൾ രോമാഞ്ചമുണ്ടായത് പ്രതിപക്ഷ ബെഞ്ചിലാണ്.
'ബഡ്ജറ്റിൽ ക്ഷേമം നന്നെ കുറവ്, ക്ഷാമം നന്നായുണ്ട്. 'ചാക്യാർ മോഡൽ ഡയലോഗ് കൂത്തു പഠിക്കാത്ത എൻ. ഷംസുദ്ദീന്റേതാണ്. ധനമന്ത്രിയുടെ പ്ളാൻ- ബിയെക്കുറിച്ചുള്ള ജിജ്ഞാസയും അദ്ദേഹം പ്രകടിപ്പിച്ചു. പ്ളാൻ- ബി കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലൊന്നുമല്ലല്ലോ, നിയമസഭയിൽ മറുപടി പ്രസംഗത്തിൽ ധനമന്ത്രി അതേക്കുറിച്ച് പറയണം. അസ്തമയ ബഡ്ജറ്റെന്ന് ഏതായാലും പറയുന്നില്ല, പക്ഷെ സൺറൈസ് ബഡ്ജറ്റെന്നു പറഞ്ഞാൽ സൂര്യഭഗവാൻ കോപിക്കുമെന്നും ഷംസുദ്ദീൻ പരിഹസിച്ചു. 'കമ്മീഷൻ കിട്ടുമെന്നതിനാൽ സർക്കാർ ആശുപത്രികൾക്ക് കെട്ടിടം നിർമ്മിക്കും; ഉപകരണങ്ങളും വാങ്ങും. പക്ഷെ മുറിവ് വച്ചുകൊട്ടാൻ ഒരു തുണ്ടു തുണികാണില്ല'- കെ.കെ.രമയുടേതാണ് പരിഹാസം. നയാപൈസയുടെ ഗതിയില്ലാത്ത സർക്കാർ ബഡ്ജറ്റിൽ ഇതിൽ കൂടുതലെന്തു പറയാൻ. ധനകാര്യമന്ത്രി സ്വപ്നത്തിൽ പ്ളാൻ എ.ബി.സി.ഡി പഠിക്കുകയാണെന്നു കൂടി, അനുവദിച്ച അഞ്ചുമിനിട്ടിനുള്ളിൽ രമ പറഞ്ഞുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |