സി.പി.എം പ്രതിനിധികൾ കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പും പത്തനംതിട്ട നഗരസഭയും തമ്മിലുള്ള ശീതസമരം പരസ്യപ്പോരിലേക്ക് എത്തിയത് പാർട്ടിക്ക് തലവേദനയായി. ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ പേരിലുള്ള തർക്കങ്ങൾ കഴിഞ്ഞ ദിവസം തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ചികിത്സ വേണ്ടത് ആരോഗ്യമന്ത്രിക്കോ എതിർപക്ഷത്തെ നഗരസഭ ചെയർമാനോ എന്ന ആശയക്കുഴപ്പത്തിലാണ് പാർട്ടി ജില്ലാ നേതൃത്വം. മന്ത്രിയും ചെയർമാനും തമ്മിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൊമ്പുകോർക്കൽ ജനറൽ ആശുപത്രിയിലെ ഉദ്ഘാടന ചടങ്ങിൽ ചെയർമാന്റെ അസാന്നിദ്ധ്യം കൊണ്ട് വലിയ ചർച്ചയായി. ആശുപത്രിയിലെ പുതിയ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ ശിലാസ്ഥാപനവും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം നഗരസഭാംഗങ്ങൾ ഒറ്റക്കെട്ടായി ബഹിഷ്കരിക്കുകയായിരുന്നു. ചടങ്ങിൽ ആശംസ പറയേണ്ടിയിരുന്ന നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പരിപാടിക്ക് എത്തിയില്ല. ജനറൽ ആശുപത്രിയുടെ നടത്തിപ്പ് നഗരസഭയുമായി ആലോചിക്കാതെ ആരോഗ്യ വകുപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറിയതിൽ നഗരസഭയുടെ അതൃപ്തിയാണ് പുറത്തുവന്നത്. ഈ മാസം ആദ്യമാണ് ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറി ആരോഗ്യ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. കഴിഞ്ഞയാഴ്ച ആശുപത്രി ഭരണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു.
ആശുപത്രി നടത്തിപ്പിന്റെ കാര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും നഗരസഭയും തമ്മിൽ നേരത്തേ നിലനിൽക്കുന്ന ഭിന്നതയാണ് ആശുപത്രിയിലെ ചടങ്ങിലൂടെ പരസ്യമായത്. ആശുപത്രി മാനേജിംഗ് കമ്മിറ്റിയെയും ആശുപത്രി നടത്തിപ്പ് ചമുതലയുണ്ടായിരുന്ന നഗരസഭയെയും നോക്കുകുത്തിയാക്കി ആരോഗ്യമന്ത്രി സ്വന്തം നിലയിൽ തീരുമാനങ്ങളെടത്ത് നടപ്പാക്കുന്നതിനെതിരെ നഗരസഭ പല ഘട്ടങ്ങളിലും പ്രതികരിച്ചിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചിട്ടും സമവായ ശ്രമങ്ങളുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടെയാണ്, അപ്രതീക്ഷിതമായി ജനറൽ ആശുപത്രിയുടെ നടത്തിപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറി ഈ ഫെബ്രുവരി ആദ്യം ആരോഗ്യ വകുപ്പ് ഉത്തരവിറങ്ങിയത്. ഒരാഴ്ച മുമ്പ് ആശുപത്രി ഭരണം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്തു. ഇതിനു ശേഷം നടന്ന ആദ്യ പൊതുപരിപാടിയാണ് കഴിഞ്ഞ ദിവസം മന്ത്രി മുഖ്യാതിഥിയായി നടന്നത്.
വിവാദങ്ങൾ എന്തൊക്കെ നടന്നാലും ആശുപത്രി വികസനത്തെ ബാധിക്കില്ലെന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാറാണ്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. താൻ സ്ഥലത്തില്ലാത്തതുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ പറഞ്ഞു.
നിയപോരട്ടത്തിന്
നഗരസഭ
ഭരണ കക്ഷിയായ സി.പി.എം പ്രതിനിധികൾ നേതൃത്വം നൽകുന്ന ആരോഗ്യ വകുപ്പും നഗരസഭയിൽ തമ്മിലുള്ള ഭിന്നത നിയമപോരാട്ടത്തിലേക്ക്. ജനറൽ ആശുപത്രി ജില്ലാ പഞ്ചാെയത്തിന് കൈമാറിയ ആരോഗ്യ വകുപ്പ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ, നിലവിലെ സ്ഥിതി തുടരാൻ നിർദ്ദേശിച്ച ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ആടുത്ത മാസം ഏഴിലേക്ക് മാറ്റി. കോടതി ഉത്തരവിട്ട ദിവസത്തെ സ്ഥിതിയെന്താണോ അതു തുടരും.
ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയ തീരുമാനം കേസ് പരിഗണിക്കുന്നത് വരെ നിലനിൽക്കുമെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കുന്നത്. സി.പി.എം ഭരിക്കുന്ന വകുപ്പിന്റെ തീരുമാനത്തിനെതിരെ സി.പി.എം തന്നെ ഭരിക്കുന്ന നഗരസഭ ഹൈക്കോടതിയിൽ നിയമ പോരാട്ടം തുടങ്ങിവച്ചത് വിചിത്രമായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ. മന്ത്രി വീണാജോർജ് പാർട്ടി പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗവുമാണ്. ഇരുവരും ഏറെക്കാലമായി നിലനിൽക്കുന്ന ശീതസമരം പാർട്ടി ജില്ലാ ഘടകത്തിന്റെ ശ്രദ്ധയിൽപ്പെട്ടതാണെങ്കിലും പരിഹാര ചർച്ചകൾക്ക് നേതാക്കൾ മുൻകൈയെടുത്തിട്ടില്ല. സർക്കാർ ആശുപത്രികളുടെ ഭരണം അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറണമെന്നാണ് സി.പി.എം നയം. ജനകീയ സമിതികളുടെ മേൽനോട്ടത്തിൽ ആശുപത്രി പ്രവർത്തനം നടത്തിക്കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രി നഗരസഭയുടെ കീഴിൽ തുടരേണ്ടതായിരുന്നു. എന്നാൽ, ജില്ലാ പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള തീരുമാനം പാർട്ടി അറിയാതെയാണെന്ന് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു. നഗരസഭയുടെ പരിധിയിൽ എം.എൽ.എ എന്ന നിലയിലും ആരോഗ്യമന്ത്രി എന്ന നിലയിലും വീണാജോർജ് നടത്തുന്ന പരിപാടികൾ തങ്ങളുമായി മുൻകൂട്ടി ആലോചിക്കുന്നില്ലെന്ന പരാതി നഗരസഭയ്ക്കുണ്ട്. ആശുപത്രി, റോഡ്, പാലം ഉദ്ഘാടനങ്ങളടക്കം ഒട്ടേറെല പരിപാടികൾ നഗരസഭയുമായി ആലോചിക്കാതെ നടക്കുന്നു.
മര്യാദ
ലംഘിച്ചു
ജനാധിപത്യത്തിലെ പ്രാഥമിക മര്യാദകൾ പോലും ലംഘിച്ചാണ് ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടത്തിയതെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് പറയുന്നു. കഴിഞ്ഞ ദിവസം വരെ എച്ച്.എ.സി യുടെ വൈസ് ചെയർമാനായി പ്രവർത്തിച്ച നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനെ ഉദ്ഘാടനത്തിന് ക്ഷണിക്കാനുള്ള മാന്യത പോലും ബന്ധപ്പെട്ടവർ കാണിച്ചില്ല. എല്ലാത്തിന്റെയും പിതൃത്വം സ്വന്തമാക്കാനുള്ള ചിലരുടെ മാനസികാവസ്ഥയാണ് എല്ലാ കുഴപ്പങ്ങളുടേയും കാരണം.
മുതലെടുക്കാൻ
യു.ഡി.എഫ്
ആരോഗ്യമന്ത്രിയും നഗരസഭ ചെയർമാനും തമ്മിലുള്ള പോര് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുതലാക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. ജനറൽ ആശുപത്രിയുടെ ഭരണച്ചുമതലയുടെ പേരിൽ എൽ.ഡി.എഫിലെ പോര് വെളിച്ചത്തായെന്ന് നഗരസഭ യു.ഡി.എഫ് നേതാവ് കെ.ജാസിം കുട്ടി പറഞ്ഞു. മന്ത്രി വീണജോർജും നഗരസഭ ഭരണസമിതിയും തമ്മിലുള്ള പോര് അവസാനിപ്പിച്ച് ആശുപത്രിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |