SignIn
Kerala Kaumudi Online
Sunday, 01 September 2024 5.27 AM IST

ഇറങ്ങിക്കളിച്ച് ഇ.ഡി

Increase Font Size Decrease Font Size Print Page
ed

തിരഞ്ഞെടുപ്പ് ആവേശത്തിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് (ഇ.ഡി) വീണ്ടും വാർത്താ താരമായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള കേന്ദ്രസർക്കാരിന്റെ ദംഷ്ട്ര എന്ന ചീത്തപ്പേരുള്ള ഇ.ഡി തിരഞ്ഞെടുപ്പിനിടെ കളത്തിലിറങ്ങിയത് ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ഹവാല, കള്ളപ്പണം, വിദേശപണമിടപാട് എന്നിവ പിടികൂടാനുള്ള കേന്ദ്ര ഏജൻസിയായ ഇ.ഡി ഉഗ്രപ്രതാപിയായി മാറിയിരിക്കുന്ന കാഴ്ചയാണ് രാജ്യം കാണുന്നത്.

ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്തുന്ന ഇ.ഡി, കേന്ദ്രസർക്കാരിന്റെയും ധനമന്ത്രാലയത്തിന്റെയും ദംഷ്‌ട്രയാണ് എന്നാണ് ഏറെക്കാലമായുള്ള ആരോപണം. അന്വേഷണം തുടങ്ങിയാൽ സംശയിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ് കണക്കെടുപ്പും കള്ളപ്പണം തേടിയുള്ള റെയ്ഡുകളും ബിനാമി ഇടപാടുകളും തേടി രംഗം കൊഴുപ്പിക്കുന്നത് ഇ.ഡിയുടെ രീതിയാണ്. ഡൽഹിയിലും കണ്ടത് അതാണ്. ക്രമക്കേടുകൾ കണ്ടെത്തിയാൽ സ്വത്തുക്കൾ കണ്ടുകെട്ടാനും ഇ.ഡിക്കാവും. ഐ.എൻ.എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻകേന്ദ്രമന്ത്രി പി. ചിദംബരത്തെ, വീടിന്റെ മതിൽ ചാടിക്കടന്ന് പിടികൂടി തീഹാർ ജയിലിലടച്ചത് ഇ.ഡി ഉദ്യോഗസ്ഥരാണ്.

സംശയമുള്ള ആരുടെയും "സാമ്പത്തിക റൂട്ട്മാപ്പ്" പരിശോധിക്കുന്നതാണ് ഇ.ഡിയുടെ രീതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമില്ലെങ്കിലും ഒത്താശ ചെയ്തെന്ന പേരിൽ ഉന്നതരെ പിടികൂടാൻ ഇ.ഡിക്ക് കഴിയും. വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയാൽ തെളിയിക്കേണ്ട ബാദ്ധ്യത കുറ്റാരോപിതനാവും. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടാതെയുമിരിക്കാം.

ബിനാമി ആക്‌ട്, ഇൻകം ടാക്‌സ് ആക്‌ട്, ആന്റി മണിലോണ്ടറിംഗ് ആക്‌ട് എന്നിങ്ങനെ വിവിധ നിയമങ്ങളുടെ പിൻബലത്തിലാണ് ഇ.ഡിയുടെ പ്രവർത്തനം. തുടരെത്തുടരെ റെയ്ഡുകളും നടപടികളുമാണ് ഇ.ഡി അന്വേഷണത്തെ വ്യത്യസ്തമാക്കുന്നത്. കേസുകൾക്കെല്ലാം വൻ മാദ്ധ്യമശ്രദ്ധ ലഭിക്കുകയും ചെയ്യും. കേസിൽ പങ്കാളിത്തമുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നത് ഇഡിയുടെ രീതിയാണ്. ഇതിന് നിയമസാധുതയുമുണ്ട്. ഒരാൾ ഇടപാടുകളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായാൽ കേസ് കടുക്കും. കേജരിവാളിനെതിരായ മദ്യനയക്കേസിലും ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. ചിദംബരത്തിനെതിരായ കേസിൽ ഐ.എൻ.എക്‌സ് മീഡിയയുടെ ഡയറക്‌ടർമാരിൽ ഒരാളായ ഇന്ദ്രാണി മുഖർജിയെ ഇ.ഡി മാപ്പുസാക്ഷിയാക്കിയിരുന്നു.

കള്ളപ്പണം ഇടപാട് നടത്തിയെന്ന് സംശയമുള്ളവരെ കാരണം പോലും പറയാതെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്താമെന്നും ചട്ടപ്രകാരമുള്ള അറസ്റ്റും സ്വത്ത് കണ്ടുകെട്ടലും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി അടുത്തിടെ വിധിച്ചതോടെ ഇ.ഡി കൂടുതൽ ശക്തരായി. കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ കുറ്റാരോപിതന് പ്രഥമവിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ നൽകേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവോടെ, മുഖ്യമന്ത്രിമാർക്കെതിരേ പോലും രഹസ്യമായി കേസെടുത്ത് അന്വേഷണം മുന്നോട്ടുകൊണ്ടുപോവാൻ ഇ.ഡിക്ക് കഴിയും. കേന്ദ്രസർക്കാരിന്റെ ആയുധമാണ് ഇ.ഡിയെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്രസർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആക്ഷേപം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) സെക്‌ഷൻ-67പ്രകാരം ഇ.ഡിയുടെ നടപടികൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരമുള്ളത്. ഇ.ഡി രേഖപ്പെടുത്തുന്ന മൊഴികൾ ഭരണഘടനയുടെ 20(3) അനുച്ഛേദ പ്രകാരമുള്ള (കുറ്റാരോപിതനെ തനിക്കെതിരേ സാക്ഷി പറയുന്നതിന് നിർബന്ധിക്കുന്നത്) സംരക്ഷണത്തെ ബാധിക്കില്ലെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ. ആർ) രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടതോടെ, ഉന്നതർക്കെതിരെ ശക്തവും രഹസ്യാത്മകവുമായ അന്വേഷണത്തിന് ഇ.ഡിക്ക് കഴിയും.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡിക്കുള്ള വിശാലമായ അധികാരങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ, അറസ്​റ്റ്, കണ്ടുകെട്ടൽ, പരിശോധന നടത്തി പണം പിടിച്ചെടുക്കൽ നടപടികൾ ഇ.ഡി ശക്തമാക്കുകയായിരുന്നു. ഓരോ കേസിലും വ്യക്തികൾക്ക് എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) നൽകണമെന്ന് നിർബന്ധമില്ലെന്നാണ് സുപ്രീംകോടതി ഉത്തരവ്. പ്രതിക്ക് ഇ.സി.ഐ.ആർ. നൽകണമെന്ന് നിർബന്ധമില്ലെന്നാണ് കോടതി ഉത്തരവ്. ഇതോടെ എന്തൊക്കെ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഒരാൾ യഥാസമയം അറിയണമെന്നില്ല. അറസ്​റ്റ് വേളയിൽ കാരണങ്ങൾ വ്യക്തമാക്കിയാൽ മതി.ആരെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താൻ ഇ.ഡിക്ക് അധികാരം നൽകുന്ന അമ്പതാം വകുപ്പും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന മൊഴികൾ കോടതിക്ക് സ്വീകരിക്കാം. തെ​റ്റായവിവരം നൽകിയാൽ ശിക്ഷ ലഭിക്കുമെന്നതിനെ, മൊഴി നൽകാൻ നിർബന്ധിക്കലായി കണക്കാക്കാനാവില്ല. അറസ്​റ്റ് ചെയ്തയാളെ ഹാജരാക്കുമ്പോൾ ഇ.ഡി. നൽകുന്ന രേഖകൾ കോടതിക്ക് പരിശോധിച്ച് അയാളെ വീണ്ടും തടവിൽ വയ്‌ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാം- ഇതാണ് സുപ്രീംകോടതി ഉത്തരവ്.

സിവിൽ കോടതിയുടെ

അധികാരം

അന്വേഷണത്തിന് പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 50 ഒരു സിവിൽ കോടതിയുടെ അധികാരം ഇ.ഡി ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. ഇ.ഡി കുറ്റപത്രം നൽകിയാൽ, കു​റ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രതിയിൽ നിക്ഷിപ്തമാക്കുന്ന വകുപ്പുകളും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. കു​റ്റം ചെയ്തിട്ടില്ലെന്നും ഭാവിയിൽ കു​റ്റം ചെയ്യില്ലെന്നും കോടതിക്ക് ബോദ്ധ്യപ്പെടണമെന്ന ഇരട്ട ജാമ്യവ്യവസ്ഥ ഉൾപ്പെടുന്ന 45ാം വകുപ്പ് യുക്തസഹമാണെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.

കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചാൽ ഏതു കെട്ടിടത്തിലും വാഹനത്തി​ലും വിമാനത്തിലും ജലയാനങ്ങളിലും പ്രവേശിക്കാം. ലോക്കറുകൾ പൂട്ടുപൊളിച്ചും പരിശോധിക്കാം. രേഖകൾ പിടിച്ചെടുക്കാം. വ്യക്തികളെ പരിശോധിക്കുന്നതിന് അധികാരമുണ്ട്. കുറ്റംചെയ്ത വ്യക്തിയെ അറസ്റ്റുചെയ്യാം. 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം തുടങ്ങിയ സവിശേഷ അധികാരങ്ങളാണ് ഇ.ഡിക്കുള്ളത്.

ശിക്ഷാ നിരക്ക്

തീരെ കുറവ്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസുകളിലെ ശിക്ഷാനിരക്ക് 0.5ശതമാനം മാത്രമാണെന്നും വിശ്വാസ്യതയില്ലാത്ത ഏജൻസിയാണെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആരോപണം. 2014 മുതൽ ഇ.ഡി നടത്തിയ റെയ്ഡുകളിൽ 95ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. 5422 കള്ളപ്പണക്കേസുകളിൽ ശിക്ഷിച്ചത് 23ൽ മാത്രം. മോഡി പ്രധാനമന്ത്രിയായ ശേഷം 127രാഷ്ട്രീയ നേതാക്കളെ ചോദ്യംചെയ്തതിൽ 24 പേർ കോൺഗ്രസിന്റേതാണ്. രാഹുൽ ഗാന്ധിയെ 50 മണിക്കൂർ ചോദ്യം ചെയ്തു. ചിദംബരത്തെ വീട് ചാടിക്കടന്ന് പിടികൂടി 100 ദിവസം ജയിലിലടച്ചു- മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.