SignIn
Kerala Kaumudi Online
Sunday, 06 October 2024 12.18 PM IST

ഇരട്ടി ശക്തിയിൽ വീണ്ടും ഇരട്ട വോട്ട്

Increase Font Size Decrease Font Size Print Page
k

എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുറതെറ്റാതെ ഇടുക്കിയിൽ ഉയരുന്ന വിവാദമാണ് ഇരട്ട വോട്ട്. കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടു ചെയ്യുന്നത്. പീരുമേട്, ദേവികുളം ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ.

മൂന്നു മുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുണ്ടെന്ന് കണ്ടെത്തിയ 174 പേർക്ക് റവന്യു വകുപ്പ് നോട്ടീസ് അയച്ചതോടെ ഇരട്ട വോട്ട് വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഉടുമ്പൻചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാർഡുകളിലെ 174 പേർക്കാണ് ഇരട്ട വോട്ടുകളുണ്ടെന്ന് കണ്ടെത്തിയത്. ഉടുമ്പൻചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വേട്ടേഴ്‌സ് ലിസ്റ്റുകളിലാണ് പേരുള്ളത്. രണ്ട് വേട്ടേഴ്‌സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാൻ ഹിയറിംഗിന് ഹാജരാകാനാണ് റവന്യു വകുപ്പ് നോട്ടീസ് നൽകിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഒരെണ്ണം റദ്ദാക്കും. ഉടുമ്പൻചോല, ദേവികുളം. പീരുമേട് നിയോജക മണ്ഡലങ്ങളിലാണ് ഇരട്ട വോട്ടുകൾ കൂടുതലായിട്ടുള്ളത്. ഇതോടെ മറ്റ് തോട്ടം മേഖലകളിലും ഇരട്ട വോട്ടുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ പ്രശ്‌നത്തെച്ചൊല്ലി ഇവിടെ സംഘർഷം ഉടലെടുത്തിരുന്നു. രണ്ടിടത്തും വോട്ട് ചെയ്യാൻ ശ്രമിച്ച നിരവധി പേരെ പൊലീസ് പിടികൂടിയിരുന്നു. ബന്ധപ്പെട്ട അധികൃതരും പൊലീസുമെത്തി താത്കാലികമായി പ്രശ്‌ന പരിഹാരമുണ്ടാക്കുകയാണ് ചെയ്തത്. മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി പതിനായിരക്കണക്കിന് ഇരട്ട വോട്ടുകളുണ്ടെന്നാണ് വിവരം.

ആസൂത്രിതമെന്ന്

പ്രതിപക്ഷം

ഇരട്ട വോട്ടുകൾ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ബി.ജെ.പിയും കോൺഗ്രസുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. ഇരട്ട വോട്ട് കണ്ടെത്തിയത് അതീവ ഗുരുതരമാണെന്നാണും സി.പി.എം ആസൂത്രിതമായി ചെയ്ത കാര്യമാണിതെന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറയുന്നത്. തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ മുമ്പും സി.പി.എം ഇത്തരത്തിൽ ശ്രമം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നാണ് ഡീനിന്റെ ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ വോട്ട് ഉള്ളവർക്ക് ഇവിടെയും വോട്ട് ഉണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതി റിപ്പോർട്ട് കിട്ടിയാലുടൻ തന്നെ മറ്റു നടപടികൾ തീരുമാനിക്കുമെന്ന് ഡീൻ പറഞ്ഞു. അതേസമയം ഇരട്ട വോട്ടിനെതിരായ നടപടിക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇടുക്കി ജില്ലയിൽ താമസം ഉറപ്പിച്ച തമിഴ് സംസാരിക്കുന്ന വോട്ടർമാരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പരാതി നൽകി. തലമുറകളായി ഇവിടെ ജീവിച്ചു വരുന്ന വോട്ടർമാരെ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസരം കഴിഞ്ഞതിന് ശേഷം വോട്ടർ പട്ടിക ജനുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ നടക്കുന്നത് പുതിയ വോട്ടർമാരുടെ കൂട്ടിച്ചേർക്കലുകൾ മാത്രമാണ്. വോട്ടർമാരെ കേൾക്കാതെ വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ കെട്ടിച്ചമയ്ക്കുന്ന പരാതികളുടെ മേൽ റിട്ടേണിംഗ് ഓഫീസർ ഇടപെട്ട് വോട്ടവകാശം നിഷേധിക്കുന്നത് ചട്ടലംഘനമാണ്. ഇത്തരം നടപടികളിൽ നിന്ന് ജില്ലാ കളക്ടർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാരെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് സി.പി.എം പരാതി നൽകിയിട്ടുള്ളത്.

എല്ലാവർക്കും

തുല്യപങ്ക്

യഥാർത്ഥത്തിൽ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വോട്ടർ പട്ടികയിൽ ഇടം നേടിയ പാവങ്ങളെ രാഷ്ട്രീയക്കാർ തങ്ങളുടെ ആവശ്യപ്രകാരം ഉപയോഗിക്കുകയാണ്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിൻബലമുള്ള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്‌നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്‌സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻ കാർഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നത്. ഇരട്ട വോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനും ഇല്ലെങ്കിൽ പേരുചേർക്കാനും പ്രാദേശിക നേതാക്കൾ തന്നെയാണ് മുൻകൈയെടുക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാർ ഇടപെട്ട് ഇത്തരം വോട്ടർമാരെ കണ്ടെത്തുന്നുണ്ടെങ്കിലും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉൾപ്പെടുത്തുകയാണ് പതിവ്. രേഖകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ രണ്ടു വോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഏറ്റവും കൂടുതൽ ഇരട്ടവോട്ടുകൾ രേഖപ്പെടുത്താറുള്ളത് തദ്ദേശ തിരഞ്ഞെടുപ്പുകളിലാണ്. പാർട്ടികൾ സ്വന്തമായി ചെലവുകൾ വഹിച്ചാണ് ഇരട്ട വോട്ടർമാരെ മടക്കിക്കൊണ്ടുവരുന്നത്. തോട്ടം മേഖലയിൽ നിന്ന് വിരമിച്ച് തിരികെ തമിഴ്‌നാട്ടിലേക്ക് പോവുന്നവർക്കും ഇത്തരത്തിൽ കേരളത്തിലെ റേഷൻ കാർഡും വോട്ടേഴ്‌സ് ഐഡി കാർഡും ഉള്ളതായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പിരിഞ്ഞുപോയി തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയവരെയും ഇടുക്കിയിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാൻ രാഷ്ട്രീയ പാർട്ടിക്കാർ പ്രത്യേക താത്പര്യം എടുക്കാറുണ്ട്.

കോടതി ഇടപെട്ടിട്ടും

പരിഹാരമില്ല


വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഉത്തരവ് വന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ചുരുങ്ങിയ താലൂക്കുകളിൽ ഒതുങ്ങിയതിനാൽ മറ്റിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ അവസാനിച്ചു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതി ഉയർന്നിരുന്നു. ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയപ്പോഴും ഇരട്ട വോട്ട് വിവാദം ഇരട്ടി ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. ഇനിയെങ്കിലും ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മൂക്കുകയറിടണമെന്നാണ് ഇടുക്കിക്കാരുടെ ആഗ്രഹം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FRAUD VOTE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.