SignIn
Kerala Kaumudi Online
Tuesday, 21 May 2024 1.52 PM IST

ഇരുപതും എ പ്ലസ്: കെ.സുരേന്ദ്രൻ

d

 രാഹുലിനെക്കൊണ്ട് വയനാടിന് ഒരു നേട്ടവുമില്ല

 ആനി രാജയ്ക്ക് വയനാടിനെക്കുറിച്ച് എന്തറിയാം?​

 അഴിച്ചുപണിയെപ്പറ്റി ഒരു ചർച്ചയും ഇപ്പോഴില്ല

 പല മണ്ഡലങ്ങളിലും സി.പി.എം- കോൺ. ഡീൽ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ വയനാട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

 സി.പി.എമ്മും ബി.ജെ.പിയുമായി ചില മണ്ഡലങ്ങളിൽ രഹസ്യ ധാരണയുണ്ടെന്നാണല്ലോ പ്രചാരണം?​

സി.പി.എമ്മുമായി ഒരു ധാരണയുമില്ല. കേരളത്തിലെ കൊച്ചുകുട്ടികൾ പോലും ഇതു വിശ്വസിക്കില്ല. എന്നാൽ,​ ബി.ജെ.പിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ സി.പി.എം- കോൺഗ്രസ് ഡീൽ ഉണ്ട്. നേരത്തെ പാലക്കാട്ടും മഞ്ചേശ്വരത്തുമെല്ലാം ഇത്തരം ധാരണ സജീവമായിരുന്നു. ഇത്തവണ ഈ കൂട്ടുകെട്ടിനെ അതിജീവിക്കുന്ന മികച്ച വിജയം എൻ.ഡി.എയ്ക്ക് കേരളത്തിലുണ്ടാകും.

 രാഹുൽ ഗാന്ധിയും ആനി രാജയുമാണല്ലോ താങ്കൾക്കൊപ്പം മത്സരത്തിന്....

വയനാടിന് ആവശ്യം വയനാടിനെ അറിയുന്ന ജനപ്രതിനിധിയെയാണ്. മാനന്തവാടി രൂപതാ ബിഷപ്പ്‌ മാർ ജോസ് പൊരുന്നേടം പോലും ഇക്കാര്യമാണ് വ്യക്തമാക്കിയത്. നിലവിൽ മത്സരിക്കുന്ന എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വയനാടിനെക്കുറിച്ച് ഒന്നുമറിയില്ല. വയനാടിന്റെ എം.പിയായ രാഹുൽ ഗാന്ധി പാർലമെന്റിന് അകത്തും പുറത്തും വയനാടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. എൽ.ഡി.എഫിന്റെ ആനി രാജയും ദീർഘകാലം ഡൽഹിയിലായിരുന്നു. അവർക്ക് വയനാടിനെക്കുറിച്ച് എന്തറിയാം! ഞാൻ അങ്ങനെയല്ല; വയനാട് മണ്ഡലത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

 വയനാടുമായുളള താങ്കളുടെ ബന്ധം‌?


പത്തു വർഷത്തോളം എന്റെ പ്രവർത്തന മണ്ഡലം കൽപ്പറ്റയായിരുന്നു. ജോലിയുടെ ആവശ്യത്തിന് കൽപ്പറ്റയിലെത്തിയ ഞാൻ സംഘടനാ പ്രവർത്തനത്തിൽ അക്കാലത്ത് സജീവമായിരുന്നു. ഒരാളും പറഞ്ഞുതരാതെ തന്നെ വയനാട്‌ നേരിടുന്ന എല്ലാ പ്രശ്നങ്ങളും എനിക്കറിയാം. വയനാട് മെഡിക്കൽ കോളേജും വന്യമൃഗശല്യവുമെല്ലാം വയനാടിന്റെ പ്രശ്നങ്ങളാണ്. ഇതിനെല്ലാം പരിഹാരം കാണാൻ എനിക്കു കഴിയും; തീർച്ച.

 എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി പരാജയമായിരുന്നു എന്നാണോ?

അന്താരാഷ്ട്ര തലത്തിൽ വരെ അറിയപ്പെടുന്ന ഒരു ജനപ്രതിനിധി വയനാട്ടിൽ ഉണ്ടായിട്ടും ജനങ്ങൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. വയനാട്ടിലെ എൽ.ഡി.എഫ് - യു.ഡി.എഫ് മത്സരം തമാശയാണ്. ഇന്ത്യ മുന്നണിയിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നാണ് രാഹുൽ ഗാന്ധിയെ പറയുന്നത്. അവരുടെ തന്നെ ദേശീയ നേതാവാണ് ആനി രാജ. ഇവർ തമ്മിൽ വയനാട്ടിൽ മത്സരിക്കുന്നു എന്ന തമാശ ജനം ചിരിച്ചുതള്ളും. ആനി രാജയുടെ ഭർത്താവും സി.പി.ഐ ദേശീയ സെക്രട്ടറിയുമായ ഡി. രാജ ഡൽഹിയിൽ രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കുകയാണ്. വയനാട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ രാഹുൽ ഗാന്ധിയെ നേരിടുകയും ചെയ്യുന്നു. ഇതെല്ലാം തട്ടിക്കൂട്ട് മുന്നണിയിൽ അല്ലാതെ എവിടെയാണ് നടക്കുക!

 പാർട്ടി പതാകകൾ ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?

വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത്‌ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലവാരമില്ലായ്മയാണ് ഇതു കാണിക്കുന്നത്. വർഗീയ കക്ഷിയായ ലീഗിനെ ഒപ്പം കൂട്ടിയാണ്‌ കോൺഗ്രസ് ദീർഘകാലമായി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അവരുടെ പതാക ഉപയോഗിക്കുന്നത് തോൽവിക്കു കാരണമാകും എന്നതിനാൽ തന്നെ കോൺഗ്രസിന്റെയും പതാക ഒളിപ്പിക്കുകയാണ്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന്‌ കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. ലീഗിന്റെ പതാക ഉപയോഗിച്ചാൽ തോൽവി ഉറപ്പെന്ന് അവർക്കറിയാം. സ്വന്തം പാർട്ടിയുടെ പതാക പോലുമില്ലാതെ പ്രചാരണം നടത്തേണ്ട ഗതികേടിലാണ്‌ കോൺഗ്രസ്.

 ബി.ജെ.പിയുടെ എ പ്ളസ് മണ്ഡലങ്ങൾ ഏതൊക്കെയാണ്?

ബി.ജെ.പി ഇത്തവണ കേരളത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ മണ്ഡലമല്ല കേന്ദ്രീകരിക്കുന്നത്. ഇരുപത് മണ്ഡലങ്ങളും ബി.ജെ.പിക്ക് എ പ്ലസ് മണ്ഡലങ്ങളാണ്. കേരളത്തിൽ ഇക്കുറി രണ്ടക്ക സീറ്റ്‌ ലഭിക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതിനുള്ള സാദ്ധ്യത തന്നെയാണ് നിലവിൽ കാണുന്നത്.

 സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാർത്ഥിയാകുമ്പോൾ മറ്റു മണ്ഡലങ്ങളുടെ സ്ഥിതി എന്താകും?​

ഞാൻ മത്സരിക്കുന്നുണ്ടെങ്കിലും 20 മണ്ഡലങ്ങളിലും എന്റെ ഇടപെടലും ശ്രദ്ധയുമുണ്ട്. എണ്ണയിട്ട യന്ത്രംപോലെ എൻ.ഡി.എയുടെ പ്രവർത്തനം കേരളത്തിൽ നടക്കുന്നു. നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വം ഇനിയും കേരളത്തിലെത്തും. ഏതൊക്കെ മണ്ഡലത്തിലെന്ന് ഇപ്പോൾ പറയാനാവില്ല.

 തിരഞ്ഞെടുപ്പിനു ശേഷം സംഘടനയിൽ അഴിച്ചുപണി ഉണ്ടെന്നു കേൾക്കുന്നു...

അഴിച്ചുപണിയെപ്പറ്റി ഒരു ചർച്ചയും ഇപ്പോൾ നടക്കുന്നില്ല.

 താങ്കളുടെ പേരിൽ ഇത്രയധികം കേസുകൾ എങ്ങനെയുണ്ടായി?​

സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെ പോരാട്ടം നടത്തിയതിന്റെ പേരിലാണ് കൂടുതൽ കേസ്. 242 കേസുകളാണ് എന്റെ പേരിലുള്ളത്. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയതിലൂടെയുള്ളതാണ് പല കേസുകളും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് കൂടുതൽ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടം മുന്നിൽനിന്നു നയിച്ചതിന്റെ പകപോക്കലാണ് അത്. രാജ്യത്തെ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ പേരിലും ഇത്രയധികം കേസുകളുണ്ടാവില്ല. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകളെല്ലാം പിൻവലിക്കുകയാണ്. പക്ഷേ,​ ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരെണ്ണംപോലും പിൻവലിക്കാൻ തയ്യാറാകുന്നുമില്ല!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSURENDRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.