യു.എസിൽ ടെക്സാസിലെ ബെൽ ഹെലികോപ്ടർ കമ്പനിയാണ് നിർമ്മാതാക്കൾ. ആദ്യ പറക്കൽ 1968-ൽ. ബെൽ കമ്പനി നിർമ്മിക്കുന്ന, വാണിജ്യാവശ്യങ്ങൾക്കുള്ള കോപ്ടറുകളുടെ നിർമ്മാണം 1986-ൽ കാനഡയിലെ ക്യുബെകിലേക്ക് മാറ്റി. അസർബൈജാൻ അതിർത്തിയിൽ അപകടത്തിൽപ്പെട്ട ബെൽ-212 മോഡൽ ആദ്യം വികസിപ്പിച്ചത് കനേഡിയൻ സൈനിക ആവശ്യങ്ങൾക്ക്. സൈനിക ആവശ്യങ്ങൾക്കായി അമേരിക്കൻ സേനയും ഉപയോഗിക്കുന്നു. പൈലറ്റ് ഉൾപ്പെടെ 15 പേർക്ക് യാത്ര ചെയ്യാം. ഇരട്ട എൻജിനും ഇരട്ട ബ്ളേഡും. 2268 കിലോഗ്രാം ഭാരശേഷി. പരമാവധി വേഗം മണിക്കൂറിൽ 223 കി. മീറ്റർ. നിർമ്മാണ കമ്പനിയുടെ ഇപ്പോഴത്തെ പേര്: ബെൽ ടെക്സ്ട്രോൺ.
സൈനിക ആവശ്യങ്ങൾക്കായാണ് രൂപകല്പന ചെയ്തതെങ്കിലും പിന്നീട് സിവിലിയൻ യാത്രാ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ പരിഷ്കരിച്ചു. ഇത്തരത്തിൽ പരിഷ്കരിക്കപ്പെട്ട കോപ്ടറാണ് അസർബൈജാനിൽ തകർന്നത്. നിലവിൽ, പോലീസ് സേനകൾക്ക് ഉപയോഗിക്കുന്നതിനായി പരിഷ്കരിച്ച മറ്റൊരു മോഡൽ കൂടിയുണ്ട്- സുബാരു ബെൽ 412. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനും, അഗ്നിശമന സേനകൾക്കും ഉപയോഗിക്കാം.
യുദ്ധമേഖലയിൽ അല്ലാതെ ബെൽ- 212 ഇപ്പോൾ ജപ്പാൻ, അമേരിക്ക, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. ജപ്പാനിൽ തീരസംരക്ഷണ സേനയും, അമേരിക്കയിൽ അഗ്നിശമന സേനയും, തായ്ലന്റിൽ പൊലീസും ഉപയോഗിക്കുന്നു. ഇറാന്റെ വ്യോമ- നാവിക സേനകൾക്ക് ഇത്തരം 10 കോപ്ടറുകളുണ്ട്.
1970-കളിൽ യു.എസിൽ നിന്നു വാങ്ങിയ ബെൽ-212 കോപ്ടറുകളാണ് അറ്റകുറ്റപ്പണി നടത്തിയും, സ്വന്തമായി ഘടകഭാഗങ്ങൾ നിർമ്മിച്ചും ഇറാൻ ഇപ്പോഴും ഉപയോഗിക്കുന്നത്. ഗുരുതരമായ ചില സാങ്കേതിക തകരാറുകളും അപകടസാദ്ധ്യതയും വ്യക്തമായതിനെ തുടർന്ന് കാനഡ 2021-ൽ ഈ ഇനം കോപ്ടറുകൾ സ്ഥിരമായി നിലത്തിറക്കി. മോശം കാലാവസ്ഥകളിൽ ഉപയോഗിക്കാൻ പറ്റുന്നതായിരുന്നില്ല ഇതിന്റെ സാങ്കേതികവിദ്യ.
യു.എ.ഇയിൽ കഴിഞ്ഞ വർഷം സെപ്തംബറിൽ തകർന്നുവീണതാണ് ബെൽ- 212 കോപ്ടറുകളുടേതായി റിപ്പോർട്ട് ചെയ്യപ്പെട്ട അവസാന അപകടം. ഇറാനിൽ ഇതിനു മുമ്പ് ബെൽ- 212 മൂലമുണ്ടായ അപകടം 2018-ൽ. അന്ന് നാലു പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |